Sunday, July 6, 2025

കോൾഡ് ഹാർബർ - 46

അദ്ധ്യായം – പതിനൊന്ന്

 

മറ്റൊരു ലോകത്ത് എത്തിയ പ്രതീതിയായിരുന്നു ജെനവീവിന് അവളുടെ ആന്റിയുടെ സ്വീകരണ മുറിയിൽ പ്രവേശിച്ചപ്പോൾ. ഏതോ പ്രസിദ്ധ ചൈനീസ് ചിത്രകാരൻ വരച്ച മ്യൂറൽ പെയ്ന്റിങ്ങായിരുന്നു ഒരു ചുവരിൽ നിറയെ. ഇലകളാൽ സമൃദ്ധമായ മരങ്ങളും അവൾക്ക് അത്ര പരിചിതമല്ലാത്ത ക്ഷേത്രങ്ങളും ഉൾപ്പെടെ വിശദാംശങ്ങളാൽ ആ ചിത്രം മനോഹരമായിരിക്കുന്നു. സീലിങ്ങ് തൊട്ട് തറ വരെ അലങ്കരിക്കുന്ന കടുംനീല നിറമുള്ള സിൽക്ക് കർട്ടനുകൾ. ജാലകത്തിനരികിലെ സോഫയിൽ മുട്ടുകുത്തി നിന്നുകൊണ്ട് അവൾ താഴെ ഗാർഡനിലേക്ക് നോക്കി.

 

കഴിഞ്ഞ തവണ ഇവിടെ വന്നപ്പോൾ വേനൽ തുടങ്ങുന്നതേയുണ്ടായിരുന്നുള്ളൂ. ഇളംചൂടുള്ള കാലാവസ്ഥയായിരുന്നു അന്ന്. പൂന്തോട്ടത്തിലെ വീനസ് പ്രതിമയിലേക്ക് റോസാച്ചെടിയുടെ വള്ളികൾ പടർന്നു കയറിക്കിടന്നിരുന്നു അന്ന്. എന്നാൽ ഇപ്പോൾ അവിടെ പൂക്കൾ ഒന്നും തന്നെയില്ല. എങ്കിലും കല്ലിൽ തീർത്ത വലിയ ജലധാരയും പുൽത്തകിടിയ്ക്ക് നടുവിലെ ഡോൾഫിന് മുകളിൽ ഇരിക്കുന്ന ബാലന്റെ പ്രതിമയും പോലുള്ള പ്രധാനപ്പെട്ട വസ്തുക്കളെല്ലാം ഇപ്പോഴും അവിടെത്തന്നെയുണ്ട്.

 

വലതുഭാഗത്തുള്ള ഉയർന്ന മതിലിനരികിലെ ബെഞ്ചിൽ ഇരിക്കുന്ന ജനറൽ സീംകായെ അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്.  ഫോട്ടോയിൽ കണ്ടതിനെക്കാൾ നരച്ചിട്ടുണ്ട് അദ്ദേഹത്തിന്റെ തലമുടി. ദൂരക്കാഴ്ച്ചയിലാണെങ്കിലും ആ മുഖം വളരെ ആകർഷകമായി അവൾക്ക് തോന്നി. ഈ പ്രായത്തിലും യുവത്വം സ്ഫുരിക്കുന്ന മുഖം. രോമത്തിന്റെ കോളർ ഉള്ള നീളമുള്ള ഒരു ഓവർകോട്ട് മടക്കി ചുമലിൽ അലക്ഷ്യമായി ഇട്ടിട്ടുണ്ട് അദ്ദേഹം. ചുണ്ടിൽ വച്ചിട്ടുള്ള പൈപ്പിൽ നിന്നും പുകയെടുത്തുകൊണ്ടിരിക്കുന്ന അദ്ദേഹം ഗാഢമായ ചിന്തയിലാണെന്ന് തോന്നുന്നു. എങ്കിലും തന്റെ സുഖമില്ലാത്ത കാൽ ഇടയ്ക്കിടെ തടവി അതിന്റെ സ്പർശനശക്തി വീണ്ടെടുക്കുവാൻ ശ്രമിക്കുന്നുണ്ട്.

 

“എന്തു വേണം?”

 

ശബ്ദം കേട്ട് ജെനവീവ് തിരിഞ്ഞു. കഴിഞ്ഞ തവണ വന്നപ്പോൾ കണ്ടതിൽ നിന്നും ഒരു മാറ്റവുമില്ല അവർക്ക്. “ഷോണ്ടെലാ, നിങ്ങളെന്നെ പേടിപ്പിച്ചു കളഞ്ഞല്ലോ

 

വിരൂപയായ അവരുടെ മുഖത്തെ നീരസത്തിന് ഒട്ടും കുറവ് വന്നിട്ടില്ല. “എന്തു വേണം?” അവർ ചോദ്യം ആവർത്തിച്ചു.

 

“ഞാൻ എന്റെ ആന്റിയെ കാണാൻ വന്നതാണ് എന്തെങ്കിലും വിരോധമുണ്ടോ?”

 

“അവർ വിശ്രമിക്കുകയാണ് ഇപ്പോൾ അവരെ ശല്യപ്പെടുത്തുവാൻ ഞാൻ സമ്മതിക്കില്ല

 

കോടാലിമുഖി എന്നാണ് രഹസ്യമായി എല്ലാവരും അവരെ വിളിച്ചിരുന്നത്. ആരോടും ഒട്ടും അടുപ്പമില്ലാത്ത അവരുടെ സ്വഭാവത്തിന് എന്തെങ്കിലും മാറ്റം വരുത്തുവാൻ ആർക്കും സാധിച്ചിരുന്നുമില്ല.

 

“ഷോണ്ടെലാ, ഒരു വട്ടമെങ്കിലും ഞാൻ പറയുന്നതൊന്ന് കേൾക്കൂ എന്നെ കാണാൻ സൗകര്യമുണ്ടോയെന്ന് ഹോർടെൻസ് ആന്റിയോട് ഒന്ന് ചോദിച്ചു നോക്കൂ നിങ്ങൾക്ക് ചോദിക്കാൻ വയ്യെങ്കിൽ വേണ്ട, ഞാനെന്തായാലും ഉള്ളിൽ പോകുക തന്നെ ചെയ്യും” ശാന്തസ്വരത്തിൽ ജെനവീവ് പറഞ്ഞു.

 

“എന്റെ ശവത്തിൽ ചവിട്ടിയേ നിങ്ങൾക്ക് പോകാനാവൂ

 

“അതിന് അത്ര വലിയ ബുദ്ധിമുട്ടൊന്നുമില്ല” പെട്ടെന്നാണ് ജെനവീവിന്റെ നിയന്ത്രണം വിട്ടത്. ആൻ മേരി അവളിൽ ആവേശിച്ചത് പോലെ. “ഷോണ്ടെലാ, ദൈവത്തെയോർത്തെങ്കിലും ഇത്രയും വെറുപ്പിക്കുന്നവളാകരുത്

 

അവരുടെ കണ്ണുകളിൽ രോഷം ഉരുണ്ടുകൂടി. തികഞ്ഞ ദൈവവിശ്വാസിയായ തന്നെ ദൈവത്തിന്റെ പേരിൽ പരിഹസിച്ചത് അവർക്ക് സഹിക്കാനായില്ല. “മരണശേഷം എങ്ങോട്ടാണ് നിങ്ങൾ പോകുക എന്നറിയാമല്ലോ?”

 

“എന്തായാലും അവിടെ നിങ്ങൾ ഉണ്ടാവില്ല എന്നത് വലിയ ആശ്വാസം തന്നെയായിരിക്കും

 

പ്രഭ്വിയുടെ മുറിയുടെ വാതിൽ അല്പം തുറന്നാണ് കിടന്നിരുന്നത്. ജെനവീവ് അങ്ങോട്ട് തിരിഞ്ഞു. വർഷങ്ങൾക്ക് ശേഷമാണെങ്കിലും ആ പരിചിത സ്വരം കേട്ട് അവളുടെ വായ വരണ്ടു. ഹൃദയമിടിപ്പ് വർദ്ധിച്ചു.

 

“എന്നെ കാണണമെന്ന് ശാഠ്യം പിടിക്കുന്നുവെങ്കിൽ എന്തെങ്കിലും അത്യാവശ്യമുണ്ടായിരിക്കും അവൾ വന്നോട്ടെ

 

ഷോണ്ടെലാ വാതിൽ തുറന്നു കൊടുത്തു. തന്റെ കട്ടിലിൽ ഉയർത്തി വച്ച തലയിണയിൽ ചാരി പത്രം വായിച്ചുകൊണ്ടിരിക്കുന്ന ഹോർടെൻസ് ആന്റിയെ അവൾ കണ്ടു. ഷോണ്ടെലയെ നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് മുറിയ്ക്കുള്ളിലേക്ക് കയറവെ അവൾ പറഞ്ഞു. “നന്ദി, പ്രീയപ്പെട്ട ഷോണ്ടെലാ

 

എന്നാൽ മുറിയ്ക്കുള്ളിൽ എത്തിയതും എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി അവൾ. “എങ്ങനെ തുടങ്ങും ഞാൻ?” അവൾ ചിന്തിച്ചു. “ആൻ മേരിയാണെങ്കിൽ എന്തായിരിക്കും ഇപ്പോൾ സംസാരിക്കുക?” ഒരു ദീർഘശ്വാസമെടുത്തിട്ട് അവൾ മുന്നോട്ട് ചെന്നു. “ആന്റി എന്തിനാണവരെ ഇവിടെ വച്ചു പൊറുപ്പിക്കുന്നത്?” നെരിപ്പോടിനരികിലെ കസേരയിൽ ഇരുന്നു കൊണ്ട് അവൾ ചോദിച്ചു.

 

ഇങ്ങോട്ട് പോരുമ്പോൾ ആന്റിയെ കാണാമല്ലോ എന്ന ആവേശത്തിലായിരുന്നു അവൾ. ഇത് ഞാനാണ്, ജെനവീവ് ആന്റിയെ കാണാൻ വർഷങ്ങൾക്ക് ശേഷം എത്തിയിരിക്കുകയാണ് എന്നൊക്കെ പറയണമെന്ന് വിചാരിച്ചാണ് വന്നത് തന്നെ എന്നാൽ ഇപ്പോൾ………….

 

“എന്ന് മുതലാണ് നിനക്ക് എന്റെ കാര്യത്തിൽ ഇത്ര ശ്രദ്ധയൊക്കെ വന്നത്?” ന്യൂസ് പേപ്പറിന്റെ പിന്നിൽ നിന്നും അവരുടെ സ്വരം ഉയർന്നു. അവർ പത്രം താഴ്ത്തിയതും ജീവിതത്തിലെ ഏറ്റവും വലിയ ഷോക്കാണ് ജെനവീവിന് ഉണ്ടായത്. തന്റെ പ്രീയപ്പെട്ട ആന്റിയുടെ രൂപം അവിശ്വസനീയമാം വിധം മാറിപ്പോയിരിക്കുന്നു. കഴിഞ്ഞ തവണ കണ്ടതിലും വളരെയേറെ പ്രായം തോന്നിക്കുന്നു.

 

“ഒരു സിഗരറ്റ് തരൂ” അവർ വിരൽ ഞൊടിച്ചു.

 

ഹാൻഡ്ബാഗ് തുറന്ന് ജെനവീവ് സിൽവർ നിറമുള്ള സിഗരറ്റ് പാക്കറ്റും ലൈറ്ററും പുറത്തെടുത്ത് ബെഡ്ഡിലേക്ക് എറിഞ്ഞു കൊടുത്തു. “ഇത് പുതിയ ഇനമാണല്ലോ” ഹോർടെൻസ് പ്രഭ്വി സിഗരറ്റ് പാക്കറ്റ് തുറന്നു. “നല്ല ഭംഗിയുണ്ട് ഇതിന്

 

അവർ സിഗരറ്റിന് തീ കൊളുത്തി. ജെനവീവ് സിഗരറ്റ് പാക്കറ്റ് എടുത്ത് തിരികെ ബാഗിനുള്ളിൽ വച്ചു. പിന്നെ ലൈറ്ററിനായി കൈ നീട്ടിയപ്പോൾ അവളുടെ സിൽക്ക് ബ്ലൗസിന്റെ സ്ലീവ് അല്പം മുകളിലേക്ക് നീങ്ങി കൈത്തണ്ട അനാവൃതമായി. ഹോർടെൻസ് പ്രഭ്വിയുടെ മിഴികൾ സംശയത്തോടെ ആ കൈത്തണ്ടയിൽ ഒരു നിമിഷം ഉടക്കി നിന്നു. പിന്നെ ലൈറ്റർ അവൾക്ക് കൈമാറി.

 

“പാരീസ് തീർത്തും വിരസമായിരുന്നു” ജെനവീവ് പറഞ്ഞു.

 

“അക്കാര്യത്തിൽ യാതൊരു സംശയവുമില്ല എനിയ്ക്ക്” അവർ ദീർഘമായി ഒരു പുകയെടുത്തു. “ഞാൻ പുക വലിയ്ക്കാൻ പാടില്ലെന്നാണ് ഷോണ്ടെല പറയുന്നത് ഒരു പാക്കറ്റ് സിഗരറ്റ് തരാൻ പറഞ്ഞാൽ സൗകര്യപൂർവ്വം അവൾ മറന്നു പോകുന്നു

 

“എങ്കിൽ പിന്നെ അവളെ പറഞ്ഞു വിട്ടു കൂടേ?”

 

ഹോർടെൻസ് അത് കേട്ടതായി നടിച്ചില്ല. അവർ ഒന്ന് ഇളകി ഇരുന്നു. കഴിഞ്ഞ തവണ ജെനവീവ് അവരെ കണ്ടപ്പോൾ പ്രായമുണ്ടെങ്കിലും ഒരു നാല്പത് വയസ്സിൽ കൂടുതൽ തോന്നിച്ചിരുന്നതേയില്ല. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. നാലു വർഷം കൊണ്ട് വളരെയധികം മാറിപ്പോയിരിക്കുന്നു.

 

“ആട്ടെ, എന്തെങ്കിലും വേണോ നിനക്കിപ്പോൾ?” ഹോർടെൻസ് ചോദിച്ചു.

 

“എന്തെങ്കിലും വേണമെങ്കിലേ എനിയ്ക്കിവിടെ വരാൻ പാടുള്ളൂ എന്നുണ്ടോ?”

 

“അങ്ങനെയാണല്ലോ പതിവ്  ഒരു പുക കൂടി എടുത്തിട്ട് അവർ സിഗരറ്റ് ജെനവീവിന് കൊടുത്തു. “ബാക്കി നീ വലിച്ച് തീർത്തോളൂ ഷോണ്ടെലയ്ക്ക് സമാധാനമായിക്കോട്ടെ

 

“അവർ അത് വിശ്വസിക്കുകയൊന്നുമില്ല വല്ലാത്തൊരു സാധനം തന്നെയാണവർ

 

“ആഹ്, എന്തെങ്കിലും ആവട്ടെ” ഹോർടെൻസ് ചുമൽ വെട്ടിച്ചു. “വേറെ നേരമ്പോക്കൊന്നും ഇല്ലല്ലോ ഇവിടെ

 

“ജനറൽ സീംകാ എന്ത് പറയുന്നു?”

 

“അദ്ദേഹം ആൾ കുഴപ്പമില്ല ചുരുങ്ങിയത് ഒരു മാന്യൻ ആണെന്നെങ്കിലും പറയാം മറ്റുള്ളവരുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത് ഉദാഹരണത്തിന് ആ റൈലിംഗെർ യാതൊരു വെളിവും വിവരവും ഇല്ലാത്തവൻ

 

“ആ മാക്സ് പ്രീം ആൾ എങ്ങനെയുണ്ട്?”

 

“അയാളല്ലേ കാറിൽ നിന്നും നിന്റെ പെട്ടികൾ എടുത്തു കൊണ്ടു വന്നത്? അയാൾക്ക് നിന്നെ ഇഷ്ടമാണെന്ന് തോന്നുന്നു?”

 

“അത് എനിക്കെങ്ങനെ അറിയാം? നിങ്ങളറിയാതെ ഒരില പോലും ഇവിടെ അനങ്ങില്ലല്ലോ

 

തലയിണയിലേക്ക് ചാരിയിരുന്നുകൊണ്ട് അവർ ജെനവീവിനെ ഉറ്റുനോക്കി. “ഒരു കാര്യം എനിക്ക് മനസ്സിലായി ഔദ്യോഗിക കാര്യങ്ങളിൽ വളരെ കർക്കശക്കാരനാണയാൾ

 

“തീർച്ചയായും

 

“അയാളെ വിഡ്ഢിയാക്കാൻ എളുപ്പമല്ലെന്ന് കൂട്ടിക്കോളൂ നിന്റെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ അല്പം ദൂരം പാലിച്ച് നിന്നേനെ

 

“ഇത് എന്നോടുള്ള ഉപദേശമോ അതോ ആജ്ഞയോ?”

 

“ഒരിക്കലും പറഞ്ഞാൽ അനുസരിക്കുന്നവളല്ലല്ലോ നീ” അവർ പറഞ്ഞു. “നീ ഒരു അപകടത്തിൽ ചെന്ന് ചാടുന്നത് കാണാൻ എനിക്ക് താല്പര്യമില്ല ഇത്തരം വിഷയത്തിൽ എന്റെ ധാരണകൾ ഒരിക്കലും തെറ്റാറില്ല

 

ജെനവീവ് ആകെപ്പാടെ ധർമ്മസങ്കടത്തിലായി. ഈ കൊട്ടാരത്തിൽ നടക്കുന്ന സകല കാര്യവും അറിയുന്ന ഒരേയൊരു വ്യക്തിയെന്ന നിലയിൽ തനിയ്ക്ക് വേണ്ട ഏത് വിവരവും ഹോർടെൻസ് ആന്റിയിൽ നിന്ന് ലഭിക്കാവുന്നതേയുള്ളൂ. പക്ഷേ, തന്റെ ദൗത്യത്തിൽ അവരെ ഭാഗഭാക്കാക്കാനോ താൻ ജെനവീവ് ആണെന്ന യാഥാർത്ഥ്യം വെളിപ്പെടുത്താനോ അവൾക്ക് താല്പര്യമുണ്ടായിരുന്നില്ല. അതൊന്നും അറിയാതിരിക്കുന്നതായിരിക്കും ആന്റിയുടെ സുരക്ഷയ്ക്ക് നല്ലത്.

 

 എങ്കിലും അവൾ ചോദിച്ചു. “ഞാനിപ്പോൾ എന്തിനാണ് വന്നതെന്ന് പറയട്ടെ?”

 

“മിക്കവാറും നുണയായിരിക്കും നീ പറയാൻ പോകുന്നത്

 

“എന്നോട് കലശലായ പ്രേമത്തിലുള്ള ഒരു സ്വിസ് ബാങ്കറിന്റെ കാര്യം പറഞ്ഞിരുന്നില്ലേ?”

 

“ആൻ മേരീ, അവസാനം നീ ശരിയ്ക്കും പ്രേമത്തിൽ കുടുങ്ങിയെന്നോ?”

 

“ഞാൻ പറയുന്ന ഒരു വാക്ക് പോലും നിങ്ങൾ വിശ്വസിക്കില്ല അല്ലേ ആന്റീ?”

 

“അതല്ലേ നല്ലത്? അത് പോട്ടെ, നീ ഇപ്പോൾ വന്നത് എന്തിനാണെന്ന് പറയൂ ങ്ഹാ, നിന്റെ ആ സിഗരറ്റ് ഒരെണ്ണം കൂടി ഇങ്ങ് തരൂ” അവൾക്ക് തടയാൻ കഴിയുന്നതിന് മുമ്പ് തന്നെ അവർ തുറന്നു കിടന്നിരുന്ന അവളുടെ ഹാൻഡ്ബാഗിനുള്ളിൽ കൈ കടത്തി തിരഞ്ഞു. ഒരു നിമിഷം സംശയിച്ച് നിന്ന അവർ അതിനുള്ളിൽ നിന്നും ആ വാൾട്ടർ പിസ്റ്റൾ പുറത്തെടുത്തു.

 

“ശ്രദ്ധിച്ച്” ജെനവീവ് അത് വാങ്ങുവാനായി കൈ നീട്ടിയപ്പോൾ അവളുടെ ബ്ലൗസിന്റെ സ്ലീവ് വീണ്ടും മുകളിലേക്ക് നീങ്ങി.

 

പിസ്റ്റൾ ബെഡ്ഡിൽ ഇട്ടിട്ട് ഹോർടെൻസ് അവളുടെ വലതു കൈത്തണ്ടയിൽ പിടിച്ച് തന്നിലേക്ക് വലിച്ചടുപ്പിച്ചു. ശക്തിയോടെയുള്ള ആ വലിയിൽ മുന്നോട്ടാഞ്ഞ ജെനവീവ് ഹോർടെൻസിന്റെ മടിയിൽ വന്ന് വീണു.

 

“നിനക്ക് ഏതാണ്ട് എട്ടു വയസ്സുള്ളപ്പോൾ ഒരു ദിവസം ഗാർഡനിലെ ആ ഫൗണ്ടനിലേക്കിറങ്ങി അവിടെയുള്ള വെങ്കല പ്രതിമയുടെ വായിൽ നിന്നും ഒഴുകി വരുന്ന വെള്ളം കുടിക്കാനായിരുന്നു എന്നാണ് നീ പറഞ്ഞത്” ജെനവീവ് നിഷേധാർത്ഥത്തിൽ തലയാട്ടി. ഹോർടെൻസ് അവളുടെ കൈയിലെ പിടി മുറുക്കി. “ആ പ്രതിമയുടെ ഒരു വിരൽ ഒടിഞ്ഞിരിക്കുകയായിരുന്നു നിന്റെ കാൽ തെന്നി വീഴാൻ പോയപ്പോൾ ആ വിരലിലുടക്കി നിന്റെ കൈയിൽ വലിയ മുറിവേറ്റു പിന്നീട് ഡോക്ടർ മരിയാസ് വന്ന് ഈ മുറിയിൽ വച്ച് നിന്റെ കൈ ഡ്രെസ്സ് ചെയ്യുമ്പോൾ വേദന കൊണ്ട് നീ എന്നെ വരിഞ്ഞു മുറുക്കിപ്പിടിച്ചിരിക്കുകയായിരുന്നു എത്ര സ്റ്റിച്ചുണ്ടായിരുന്നു അന്ന്? അഞ്ച്?”

 

“അല്ല!” അവൾ ശക്തിയായി തലയാട്ടി. “നിങ്ങൾക്ക് തെറ്റു പറ്റി അത് ജെനവീവ് ആയിരുന്നു

 

“അതെ, ശരിയാണ്” ഹോർടെൻസ് അവളുടെ വലതു കൈത്തണ്ടയിൽ തെളിഞ്ഞു കാണുന്ന നേരിയ മുറിപ്പാടിലൂടെ തന്റെ വിരലോടിച്ചു. “നീ വരുന്നത് ഞാൻ കണ്ടിരുന്നു ഷെറീ” അവർ പറഞ്ഞു. “എന്റെ ജാലകവാതിലിലൂടെ” അവർ അവളുടെ കൈയിലെ പിടി അയച്ചു. എന്നിട്ട് അവളുടെ മുടിയിൽ തലോടി. “കാറിൽ നിന്നും നീ പുറത്തിറങ്ങിയ ആ നിമിഷം അതെ, ആ നിമിഷം തന്നെ നിന്നെ എനിക്ക് മനസ്സിലായിരുന്നു നീ എന്താണ് വിചാരിച്ചത്? നിന്നെ തിരിച്ചറിയാൻ എനിക്കാവില്ലെന്നോ?”

 

ജെനവീവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അവരെ വട്ടം ചുറ്റിപ്പിടിച്ച് ആലിംഗനം ചെയ്തു. ഹോർടെൻസ് അവളുടെ നെറ്റിത്തടത്തിൽ മൃദുവായി ചുംബിച്ചു. ഒരു നിമിഷം അവളെ ചേർത്തു പിടിച്ചിട്ട് അവർ പതുക്കെ പറഞ്ഞു. “ഇനി പറയൂ ഷെറീ, സത്യാവസ്ഥ എന്താണെന്ന്

 

(തുടരും)

4 comments:

  1. ശ്ശോ..അമ്മായി പാവം..കണ്ട് പിടിച്ച് കളഞ്ഞല്ലോ .. അത്രേം സ്നേഹം ഉള്ളത് കൊണ്ട് തന്നെ ആരോടും ഒന്നും പറയില്ലായിരിക്കും അല്ലെ...എന്നാലും അവരുടെ ജീവൻ അപകടത്തിൽ ആയല്ലോ

    ReplyDelete
    Replies
    1. ഇല്ല ഉണ്ടാപ്രീ, അവർ ആരോടും പറയില്ല... വിശ്വസിക്കാം...

      Delete
  2. "ഇനി പറയൂ ഷെറീ, സത്യാവസ്ഥ എന്താണെന്ന്…”

    പറയാനും പറയാതിക്കാനും പറ്റാത്ത അവസ്ഥ!

    ReplyDelete
    Replies
    1. പക്ഷേ, പറഞ്ഞല്ലേ പറ്റൂ...

      Delete