Sunday, August 31, 2025

കോൾഡ് ഹാർബർ - 54

സംഗീത പരിപാടികൾക്കായി ഉപയോഗിച്ചിരുന്ന ഒരു പഴയ ഹാളാണ് നൃത്തപരിപാടിക്ക് വേണ്ടി അവർ ഏർപ്പാടാക്കിയത്. അധികം ഉയരമില്ലാത്ത സ്റ്റേജിന്റെ ഒരു മൂലയ്ക്കായി വലിയ ഒരു പിയാനോ ഇടം പിടിച്ചിട്ടുണ്ട്. ലണ്ടനിൽ വച്ച് ക്രെയ്ഗ് ഓസ്ബോണിന് വേണ്ടി കഴിഞ്ഞ തവണ പിയാനോ വായിച്ചത് ജെനവീവിന് ഓർമ്മ വന്നു. അതിന് ശേഷം തന്നോട് പിയാനോ വായിക്കുവാൻ ആരെങ്കിലും ആവശ്യപ്പെടുമെന്ന് അവൾ വിചാരിച്ചതേയില്ലായിരുന്നു.

 

ഈ വിഷയത്തിൽ ആൻ മേരിയായിരുന്നു തന്നെക്കാൾ മിടുക്കി. വേണമെങ്കിൽ അവൾക്കൊരു പ്രൊഫഷണൽ പിയാനിസ്റ്റ് ആകാമായിരുന്നു. പക്ഷേ, എന്തുകൊണ്ടോ അങ്ങനെ ആകാതിരിക്കാൻ അവൾ ശ്രദ്ധിച്ചിരുന്നത് പോലെ തോന്നി. മികച്ചൊരു പിയാനിസ്റ്റ് ആയി അവളെ കാണുവാൻ ആഗ്രഹിച്ച സമൂഹത്തെ നിരാശപ്പെടുത്തുകയായിരുന്നു അവൾ. അതിന് അവൾക്ക് അവളുടേതായ കാരണങ്ങൾ ഉണ്ടായിരുന്നിരിക്കാം.

 

പ്രഭുകുടുംബത്തിന്റെ ആഢ്യത്വം ആ പരിപാടിയിൽ ഉടനീളം പ്രകടിപ്പിക്കുവാൻ ജെനവീവ് മനഃപൂർവ്വം ശ്രദ്ധിച്ചു. ആൻ മേരിയ്ക്ക് പരിചയമുള്ളവരിൽ നിന്നും അകലം പാലിച്ചുകൊണ്ട് തന്റെ നില സുരക്ഷിതമാക്കുവാൻ അവൾ കണ്ട മാർഗ്ഗമായിരുന്നു അത്. ടെറസിലേക്കുള്ള ജാലകം ആരോ തുറന്നതും തണുത്ത കാറ്റ് ഉള്ളിലേക്കെത്തി. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു അവിടെ. അന്ന് ഉച്ചയ്ക്കാണ് സൈൽഹൈമർ എന്ന ഒരു SS ബ്രിഗേഡിയർ ജനറലും ഭാര്യയും രണ്ട് പെൺമക്കളും പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയത്. ഒരു കൈ സ്ലിങ്ങിൽ ഇട്ട ഒരു ആർമി കേണലും അവർക്കൊപ്പം ഉണ്ടായിരുന്നു. ചെറുപ്പക്കാരായ ഓഫീസർമാർ എല്ലാവരും ഒരു വാർ ഹീറോയെപ്പോലെയാണ് അദ്ദേഹത്തിന് ചുറ്റും കൂടി സ്നേഹാന്വേഷണങ്ങൾ ആരാഞ്ഞത്. എങ്കിലും ജനറൽ സീംകായുടെയും ആ ബ്രിഗേഡിയറുടെയും സാന്നിദ്ധ്യം അവരുടെ സ്വാതന്ത്ര്യം കവരുന്നത് പോലെ തോന്നി. അത് മനസ്സിലാക്കിയിട്ടാവണം അവർ ഇരുവരും യുദ്ധകാര്യങ്ങൾ ചർച്ച ചെയ്യാനെന്ന മട്ടിൽ അവിടെ നിന്നും പുറത്തേക്ക് പോയി. അതോടെ സംഗീത പരിപാടിയ്ക്ക് ചടുലതയും ആവേശവും കൈവന്നു.

 

ചെറുപ്പക്കാരായ രണ്ട് ഓഫീസർമാരാണ് ഗ്രാമഫോൺ ഓപ്പറേറ്റ് ചെയ്തിരുന്നത്. എന്നാൽ ഏതാണ്ട് ഒരു മണിക്കൂർ കഴിഞ്ഞതോടെ ആ ജോലി ഒരു ഓർഡർലിയെ ഏല്പിച്ചിട്ട് അവർ ഇരുവരും ബ്രിഗേഡിയറുടെ പെൺ‌‌മക്കളുമായി സൗഹൃദം പങ്കിടുവാനായി അവരുടെ പിന്നാലെ കൂടി. ആ പെൺകുട്ടികളാകട്ടെ, യുവാക്കളിൽ നിന്നും തങ്ങൾക്ക് ലഭിക്കുന്ന പരിഗണന കണ്ട് നാണിച്ചു ചുവന്നു.

 

നൃത്തപരിപാടികൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു അവർ. ഒപ്പം അടുത്ത ദിവസം അവിടെയെത്തുന്ന ഫീൽഡ് മാർഷൽ ഇർവിൻ റോമലിനെ നേരിൽ കാണാമെന്ന സന്തോഷവും. ഇത്രയും സുമുഖരായ യുവാക്കളെ ഇതിന് മുമ്പ് കണ്ടിട്ടേയില്ലെന്ന് ഇളയ പെൺകുട്ടി കുലുങ്ങിച്ചിരിച്ചുകൊണ്ട് പറഞ്ഞു. മാക്സ് പ്രീമിന്റെ ആകർഷക വ്യക്തിത്വത്തെക്കുറിച്ചായിരുന്നു ജെനവീവ് അപ്പോൾ ചിന്തിച്ചത്. അവിടെയുണ്ടായിരുന്ന മിക്ക ജർമ്മൻകാരും ജെനവീവിനെപ്പോലെ തന്നെ ഫ്രഞ്ച് ഭാഷ സംസാരിക്കുവാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

 

കൈയിൽ കോന്യാക്ക് ഗ്ലാസുമായി ആ ആർമി കേണലുമായി സംസാരിച്ചു കൊണ്ടിരുന്ന പ്രീം ഇടയ്ക്ക് തന്റെ നീലക്കണ്ണുകൾ ജെനവീവിന് നേർക്ക് പായിച്ചു. ആ കണ്ണുകളിൽ ആഹ്ലാദം തിരതല്ലിയിരുന്നത് അവൾ ശ്രദ്ധിക്കുക തന്നെ ചെയ്തു.

 

താൻ മനസ്സിൽ കരുതിയിരുന്നത് പോലത്തെ ആളേയല്ല മാക്സ് പ്രീം. മിക്കവാറും എല്ലാ ജർമ്മൻകാരും റൈലിംഗെറെപ്പോലെ മുരടന്മാരും തെമ്മാടികളുമാണെന്നാണ് അവൾ കരുതിയിരുന്നത്. കാരണം, അങ്ങനെ വിശ്വസിക്കാനാണ് ബ്രിട്ടീഷുകാർ അവളെ പഠിപ്പിച്ചത്.

 

എന്നാൽ താൻ ഇതുവരെ പരിചയപ്പെട്ടിട്ടുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തനാണ് പ്രീം. ജന്മനാ സൈനികൻ എന്ന വിശേഷണത്തിന്റെ അർത്ഥം എന്താണെന്ന് അദ്ദേഹത്തെ കാണുമ്പോൾ അവൾ അറിയുകയായിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ നാട്ടുകാർ ചെയ്തുകൂട്ടിയിട്ടുള്ള ക്രൂരതകൾ ഒരു വസ്തുതയായിത്തന്നെ നിലകൊണ്ടു. കഴിഞ്ഞ ഏതാനും ദിനങ്ങളായി അത്തരം ചിലതെല്ലാം അവൾ കാണുകയും ചെയ്തിരുന്നു. ഉദാഹരണത്തിന് ലേബർ ക്യാമ്പുകൾ. അതേക്കുറിച്ച് ഓർത്തതും അവൾ നടുങ്ങി. ഇല്ല, അത്തരം ചിന്തകളിലേക്ക് പൊയ്ക്കൂടാ. ഒരു ലക്ഷ്യവുമായിട്ടാണ് താനിവിടെ എത്തിയിരിക്കുന്നത്. അതിൽ നിന്നും വ്യതിചലിക്കാൻ പാടില്ല.

 

ജർമ്മൻ ഭാഷയിൽ മാത്രമായിരുന്നില്ല ഗാനങ്ങൾ. ഫ്രഞ്ച് ഗാനങ്ങളും ചിലപ്പോഴെല്ലാം അമേരിക്കൻ ശൈലിയിലുള്ള നൃത്തവും ആ കൊച്ചുവേദിയിൽ അരങ്ങേറുന്നുണ്ടായിരുന്നു. നാളെ ഇതൊന്നുമായിരിക്കില്ല സ്ഥിതി. കണ്ണഞ്ചിക്കുന്ന ലൈറ്റുകളും കാതടപ്പിക്കുന്ന സംഗീതവും ഓർക്കസ്ട്രയും ഒക്കെയുണ്ടാവും. വോൺകോർട്ട് കൊട്ടാരത്തിലെ വെള്ളി ചഷകങ്ങളിൽ യഥേഷ്ടം ഷാംപെയ്ൻ യൂണിഫോമും വെളുത്ത ഗ്ലൗസും ധരിച്ച സൈനികർ അതിനായി വരി നിൽക്കുന്നുണ്ടാകും

 

തന്റെയടുത്തേക്ക് വന്ന് ഒപ്പം ചുവടു വച്ചോട്ടേ എന്ന് തെല്ല് ശങ്കയോടെ ചോദിച്ച ചെറുപ്പക്കാരനായ ഒരു ലെഫ്റ്റനന്റിനോട് അതിൽ സന്തോഷമേയുള്ളൂ എന്ന് പറഞ്ഞ ജെനവീവ് അയാൾക്ക് ആൻ മേരിയുടെ മനം മയക്കുന്ന പുഞ്ചിരി സമ്മാനിച്ചു. വളരെ മനോഹരമായിരുന്നു അയാളുടെ ചുവടുകൾ. ഒരു പക്ഷേ, അവിടെയുണ്ടായിരുന്നവരിൽ ഏറ്റവും നന്നായി നൃത്തം ചെയ്തത് അയാളായിരുന്നു എന്ന് വേണം പറയാൻ. അക്കാര്യം അവൾ സൂചിപ്പിച്ചതും അയാളുടെ മുഖം നാണത്താൽ ചുവന്നു.

 

അടുത്ത ഗാനത്തിനായി ഗ്രാമഫോൺ റെക്കോർഡ് മാറ്റുന്ന നേരത്ത് അയാളുമായി സംസാരിച്ചു കൊണ്ട് അവൾ ഹാളിന് നടുവിൽ നിന്നു. അപ്പോഴാണ് അരികിലായി ആരുടെയോ ശബ്ദം കേട്ടത്. “ഇനി എന്റെ ഊഴം

 

ആ ലെഫ്റ്റനന്റിന്റെയും ജെനവീവിന്റെയും ഇടയിലേക്ക് റൈലിംഗെർ ഇടിച്ചുകയറി വന്നത് പെട്ടെന്നായിരുന്നു. ആ ശക്തിയിൽ ആ ചെറുപ്പക്കാരന് പിറകോട്ട് മാറേണ്ടി വന്നു.

 

“ആരുടെ കൂടെ നൃത്തം വയ്ക്കണമെന്നത് എന്റെ തീരുമാനമാണ്” ജെനവീവ് പറഞ്ഞു.

 

“ഞാനും അങ്ങനെ തന്നെയാണ്

 

ഗാനം ആരംഭിച്ചതും റൈലിംഗെർ അവളുടെ അരക്കെട്ടിലും കൈയിലും കടന്നു പിടിച്ച് ചുവടു വയ്ക്കാൻ തുടങ്ങി. തന്റെ താൽക്കാലിക ആധിപത്യം ആസ്വദിച്ചുകൊണ്ട് നൃത്തം ചെയ്യുന്ന നേരമത്രയും അയാൾ പുഞ്ചിരിക്കുകയായിരുന്നു. ആ ഗാനം അവസാനിക്കുന്നത് വരെ അവൾക്ക് ഒന്നും ചെയ്യാനാവില്ല എന്നുറപ്പുണ്ടായിരുന്നു അയാൾക്ക്.

 

“ഒടുവിൽ നമ്മൾ കണ്ടപ്പോൾ നിങ്ങൾ പറഞ്ഞത് ഞാനൊരു ജെന്റിൽമാൻ അല്ലെന്നായിരുന്നു” റൈലിംഗെർ പറഞ്ഞു. “അപ്പോൾ പിന്നെ എങ്ങനെ ഒരു ജെന്റിൽമാൻ ആകാമെന്ന് പഠിക്കുകയും കാണിച്ചു തരികയും ചെയ്യണമല്ലോ

 

എന്തോ വലിയ തമാശ പറഞ്ഞത് പോലെ അയാൾ പൊട്ടിച്ചിരിച്ചു. അയാൾ ആവശ്യത്തിലധികം മദ്യപിച്ചിട്ടുണ്ടെന്ന് അവൾക്ക് മനസ്സിലായി. തുറന്നു കിടന്ന ഫ്രഞ്ച് ജാലകത്തിനരികിൽ എത്തിയപ്പോഴാണ് ആ ഗാനം അവസാനിച്ചത്. അയാൾ അവളെ ടെറസിലേക്ക് ബലമായി ഉന്തിത്തള്ളിയിറക്കി.

 

“നിങ്ങൾ അതിരു കടക്കുന്നു” അവൾ പറഞ്ഞു.

 

“ഒരിക്കലുമില്ല” അയാൾ അവളുടെ ഇരുകൈകളും കൂട്ടിപ്പിടിച്ച് ചുമരിലേക്ക് ചേർത്ത് നിർത്തി. മൽപ്പിടുത്തത്തിനിടയിലും അതെല്ലാം ആസ്വദിച്ചുകൊണ്ട് അയാൾ പൊട്ടിച്ചിരിക്കുന്നുണ്ടായിരുന്നു. പെട്ടെന്നാണ് ഷൂവിന്റെ ഹീൽ കൊണ്ട് അവൾ അയാളുടെ പാദത്തിന്റെ മുകൾഭാഗത്ത് ആഞ്ഞൊരു ചവിട്ട് കൊടുത്തത്.

 

“കൊടിച്ചിപ്പട്ടീ…!” വേദനകൊണ്ട് അയാൾ അലറി.

 

അവളെ അടിക്കാനായി അയാളുടെ കൈ ഉയർന്നു. അതേ നിമിഷം തന്നെ ആരോ അയാളുടെ ചുമലിൽ പിടിച്ച് അവളിൽ നിന്നും ദൂരേയ്ക്ക് വലിച്ചു മാറ്റി. “ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത് മാന്യതയുടെ ലക്ഷണമല്ലെന്ന് പറഞ്ഞിട്ടില്ലേ ഞാൻ?” കേണൽ മാക്സ് പ്രീം ചോദിച്ചു.

 

(തുടരും)

4 comments:

  1. ചിലർ അങ്ങനെയാണ്, എത്ര കിട്ടിയാലും പഠിക്കില്ല 🤦🏻‍♂️

    ReplyDelete
  2. ഇന്നും വല്യ മാറ്റം ഒന്നും ഇല്ല..ചവിട്ടി കൂട്ടണം ആ പുന്നാര തങ്ക മകനെ!

    ReplyDelete
    Replies
    1. കാം ഡൗൺ ഉണ്ടാപ്രീ കാം ഡൗൺ... 😄

      Delete