Friday, October 3, 2025

കോൾഡ് ഹാർബർ - 57

ഹേസ്റ്റൻ പ്ലേസ് ഫ്ലാറ്റിന്റെ പടികൾ കയറി ക്രെയ്ഗ് ഓസ്ബോൺ കോളിങ്ങ് ബെൽ അമർത്തുമ്പോൾ സമയം രാത്രി ഒമ്പതരയായിരുന്നു. “ജാക്ക്, ഇത് ക്രെയ്ഗ് ആണ്” അദ്ദേഹം വോയ്സ് ബോക്സിലേക്ക് മുഖം ചേർത്ത് വച്ച് പറഞ്ഞു.

 

വാതിൽ തുറന്നതും ഉള്ളിൽ കയറിയ അദ്ദേഹം ഇടനാഴിയിലൂടെ മുന്നോട്ട് ചെന്ന് ബേസ്മെന്റിലേക്കുള്ള പടികൾക്ക് മുന്നിലെത്തി. പടികൾക്ക് താഴെ ജാക്ക് കാർട്ടർ നിൽക്കുന്നുണ്ടായിരുന്നു.

 

“OSS ൽ പോയിട്ട് എങ്ങനെയുണ്ടായിരുന്നു?” ജാക്ക് കാർട്ടർ ചോദിച്ചു.

 

“ഏതാണ്ട് ദിവസം മുഴുവൻ പോയിക്കിട്ടി എന്ന് പറയാം

 

“വരൂ” കാർട്ടർ തിരിഞ്ഞ് തന്റെ ഫ്ലാറ്റിലേക്ക് കയറി. ക്രെയ്ഗ് അദ്ദേഹത്തെ അനുഗമിച്ചു.

 

“ഡ്രിങ്ക്സ് എടുക്കട്ടെ?” കാർട്ടർ ചോദിച്ചു.

 

“നോ, താങ്ക്സ് വിരോധമില്ലെങ്കിൽ ഞാനൊരു പുകയെടുത്തോട്ടെ?” അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തി. “ഡോക്ടർ ബാമിന്റെയടുത്ത് ഫോൺ ചെയ്ത് പറഞ്ഞതിന് നന്ദി

 

“അയാളെ കാണാൻ സാധിച്ചുവോ?” തന്റെ ഗ്ലാസിലേക്ക് സ്കോച്ച് പകർന്നു കൊണ്ട് കാർട്ടർ ചോദിച്ചു.

 

“കണ്ടോ എന്ന് ചോദിച്ചാൽ കണ്ടു എന്ന് പറയാം നേഴ്സിങ്ങ് ഹോമിൽ വച്ചല്ല അവിടുത്തെ ഒരു ലോക്കൽ പബ്ബിൽ വച്ച് ഒരു നിയന്ത്രണവുമില്ലാത്ത മദ്യപാനമാണത്രെ ഈയിടെയായിട്ട്

 

“അതെനിക്കറിയില്ലായിരുന്നു” കാർട്ടർ പറഞ്ഞു.

 

“ആറു മാസം മുമ്പ് തുടങ്ങിയതാണത്രെ ഈ സ്വഭാവം ജൂതരാഷ്ട്രത്തിനായി പോരാടുന്നവരിൽ നിന്ന് തന്റെ മകളുടെ മരണവാർത്ത അറിഞ്ഞ നിമിഷം മുതൽ ജർമ്മൻ തടങ്കൽപ്പാളയത്തിൽ വച്ചാണ് അവൾ കൊല്ലപ്പെട്ടത്

 

“ആ ഒരു കാരണം മതി, ആരായാലും മദ്യപാനം തുടങ്ങുവാൻ” കാർട്ടർ പറഞ്ഞു.

 

“പക്ഷേ, ഒരു കാര്യം മാത്രം ഇവിടെ യോജിക്കുന്നില്ല” ക്രെയ്ഗ് പറഞ്ഞു. “യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് തന്റെ മകൾ നാസി ക്യാമ്പി വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെ ഡോക്ടർ ബാം ഓസ്ട്രിയയിൽ നിന്നും സാഹസികമായി രക്ഷപെടുകയായിരുന്നുവെന്നാണ് ഞാൻ മനസ്സിലാക്കിയത് കോൾഡ് ഹാർബറിൽ വച്ച് ഒരുമിച്ച് മദ്യപിക്കുന്നതിനിടയിൽ ബ്രിഗേഡിയർ മൺറോ അങ്ങനെയാണ് എന്നോട് പറഞ്ഞത് റോസ്ഡെൻ നേഴ്സിങ്ങ് ഹോമിൽ ഒരിക്കൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എനിക്ക് അതിൽ എന്തോ ഒരു പ്രത്യേക താല്പര്യം തോന്നി പിന്നെയാണല്ലോ ആൻ മേരിയുടെ വിഷയവും വരുന്നത്

 

“അതുകൊണ്ട്?” ശാന്തസ്വരത്തിൽ കാർട്ടർ ചോദിച്ചു.

 

“നാസികളോട് പ്രതികാരം ചെയ്യുവാനായി ബ്രിട്ടീഷ് ഇന്റലിജൻസിനു വേണ്ടി പ്രവർത്തിക്കുവാൻ ഡോക്ടർ ബാം താല്പര്യം പ്രകടിപ്പിച്ചുവത്രെ അയാളുടെ പശ്ചാത്തലം വിശദമായി പരിശോധിച്ച ഇന്റലിജൻസ് ആ ജോലിയ്ക്ക് അയാൾ അനുയോജ്യനല്ല എന്ന് തീരുമാനിക്കുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്

 

“യെസ് ശരിയാണ്” കാർട്ടർ പറഞ്ഞു.

 

“ഏതാണ് ശരി, ഏതാണ് തെറ്റ്, ജാക്ക്? അയാളുടെ മകൾ എന്നാണ് കൊല്ലപ്പെട്ടത്? 1939 ലോ അതോ വെറും ആറു മാസം മുമ്പോ?”

 

“നോക്കൂ ക്രെയ്ഗ് നിങ്ങളറിയാത്ത പല കാര്യങ്ങളുമുണ്ട് ഈ വിഷയത്തിൽ

 

“പറയൂ ജാക്ക് അല്ലെങ്കിൽ വേണ്ട, ഞാൻ തന്നെ പറയാം” ക്രെയ്ഗ് പറഞ്ഞു. “ഈ ഒരു സാദ്ധ്യത എങ്ങനെയുണ്ട്? ഡോക്ടർ ബാമിന്റെ മകളെ നാസികൾ തടങ്കലിലാക്കുന്നു അവൾ ജീവനോടെയിരിക്കണമെങ്കിൽ അവിടെ നിന്നും പലായനം ചെയ്ത് ബ്രിട്ടീഷ് ഇന്റലിജൻസിൽ ചേർന്ന് തങ്ങൾക്ക് വേണ്ടി ഡബിൾ ഏജന്റായി പ്രവർത്തിക്കണമെന്ന് നാസികൾ അയാളോട് ആവശ്യപ്പെടുന്നു അല്ലെങ്കിൽ മകളെ മറന്നേക്കൂ എന്നും

 

“ഈയിടെയായി നിങ്ങൾ കുറേയേറെ ചാരക്കഥകൾ വായിക്കുന്നുണ്ടെന്ന് തോന്നുന്നു” കാർട്ടർ പറഞ്ഞു.

 

“അപ്പോഴാണ് കണക്കുകൂട്ടലുകൾ തെറ്റുന്നത് തടങ്കൽപ്പാളയത്തിൽ വച്ച് ആ പെൺകുട്ടി മരിക്കുന്നു ഡോക്ടർ ബാമിന്റെ മേലുദ്യോഗസ്ഥർ ആ വിവരം മറച്ചു വയ്ക്കുന്നു പക്ഷേ, ജൂത സംഘടനകളിൽ നിന്ന് അയാൾ ആ വിവരം അറിയുന്നു തന്റെ മകൾക്ക് വേണ്ടി നാസികളുടെ ആജ്ഞാനുവർത്തിയായി പ്രവർത്തിച്ചിരുന്ന അയാൾക്ക് ഇപ്പോൾ മനംമാറ്റം സംഭവിച്ചിരിക്കുന്നു പ്രതികാരം ചെയ്യണമെന്ന വാശിയിലാണ് അയാളിപ്പോൾ

 

“എങ്ങനെയാണ് അയാൾ പ്രതികാരം ചെയ്യാൻ പോകുന്നത്?”

 

“ബ്രിഗേഡിയർ മൺറോയുടെ അടുത്ത് ചെന്ന് കുറ്റസമ്മതം ചെയ്യുക വഴി യാതൊരു വിധ ചോദ്യമോ ശിക്ഷാനടപടികളോ ഉണ്ടാവുകയില്ല കാരണം, ഒരു ഡബിൾ ഏജന്റ് എന്ന നിലയിൽ വളരെ വിലപ്പെട്ടവനായിരിക്കും അയാൾ” ക്രെയ്ഗ് പറഞ്ഞു.

 

കാർട്ടർ ഒന്നും ഉരിയാടിയില്ല. ക്രെയ്ഗ് തലയാട്ടി. “പക്ഷേ, ഇതല്ലാതെ വേറെയും ചിലതു കൂടിയുണ്ട് ആൻ മേരിയും ജെനവീവും പ്രത്യക്ഷത്തിൽ കാണുന്നതിനപ്പുറം എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട് അതിൽ എന്താണത് ജാക്ക്?”

 

ഒരു നെടുവീർപ്പിട്ട ജാക്ക് വാതിൽ തുറന്നു. “മൈ ഡിയർ ക്രെയ്ഗ്, നിങ്ങൾ വല്ലാതെ ക്ഷീണിതനാണ് ഒട്ടും വിശ്രമം കിട്ടിയില്ലല്ലോ ഇന്ന്? ഗ്രൗണ്ട് ഫ്ലോറിലുള്ള ആ ഫ്ലാറ്റ് ഉപയോഗിച്ചോളൂ നല്ലൊരു ഉറക്കം കഴിഞ്ഞ് നാളെ രാവിലെ ആകുമ്പോഴേക്കും എല്ലാം ശരിയാവും

 

“ജാക്ക്, നല്ലൊരു മനുഷ്യനാണ് നിങ്ങൾ ഡോക്ടർ ബാമിനെ പോലെ” ക്രെയ്ഗ് തലയാട്ടി. പക്ഷേ, മുകളിലത്തെ നിലയിലുള്ള ആ മനുഷ്യൻ അദ്ദേഹത്തെ എനിക്ക് മനസ്സിലാവുന്നില്ല ലക്ഷ്യം മാർഗ്ഗത്തെ സാധൂകരിക്കും എന്ന് വിശ്വസിക്കുന്നവനാണ് അദ്ദേഹം

 

“എന്താ, നിങ്ങൾ അങ്ങനെ വിശ്വസിക്കുന്നില്ലേ?” കാർട്ടർ ചോദിച്ചു.

 

“ഇല്ലേയില്ല അങ്ങനെയാണെങ്കിൽ പിന്നെ നമ്മളും നാസികളും തമ്മിൽ എന്ത് വ്യത്യാസം? ഗുഡ്നൈറ്റ് ജാക്ക്

 

അദ്ദേഹം മുകളിലേക്കുള്ള പടികൾ കയറിയതും കാർട്ടർ വാതിലിനരികിലെ ഇന്റർകോം റിസീവർ എടുത്ത് മൺറോയുടെ ഫ്ലാറ്റിലേക്ക് ഡയൽ ചെയ്തു. “ബ്രിഗേഡിയർ, എനിക്ക് അത്യാവശ്യമായി താങ്കളെ ഒന്ന് കാണണം ക്രെയ്ഗ് ഓസ്ബോണിന് ചില സംശയങ്ങളൊക്കെയുണ്ട് ഡോക്ടർ ബാമിന്റെ കാര്യത്തിൽ ഞാൻ അങ്ങോട്ട് വരുന്നു

 

പാതി മാത്രം ചാരിയിരുന്ന വാതിലിലൂടെ ആ സംഭാഷണം അത്രയും പടികൾക്ക് തൊട്ടു മുകളിലെ ഇടനാഴിയിൽ ഇരുട്ടിൽ മറഞ്ഞു നിൽക്കുകയായിരുന്ന ക്രെയ്ഗ് കേട്ടു. കാർട്ടർ മുകളിലത്തെ നിലയിലേക്ക് കയറിപ്പോയതും ശബ്ദമുണ്ടാക്കാതെ ഫ്രണ്ട് ഡോറിനരികിൽ എത്തിയ ക്രെയ്ഗ് പതുക്കെ പുറത്തിറങ്ങി.

 

(തുടരും)