“യൂ ബാസ്റ്റഡ്…!” ക്രെയ്ഗിന് രോഷം അടക്കാനായില്ല.
“ഇടയ്ക്കൊക്കെ ഒരു ബലിയാടിന്റെ
ആവശ്യം വരാറുണ്ട്, മൈ ഡിയർ ബോയ്… യുദ്ധത്തിന്റെ ദൂഷ്യവശങ്ങളാണ് അതൊക്കെയെന്ന് കൂട്ടിക്കോളൂ… ഇത്തവണ അത് ജെനവീവ് ട്രെവോൺസ് ആയിപ്പോയി എന്ന് മാത്രം…” ബ്രിഗേഡിയർ മൺറോ പറഞ്ഞു.
“ബട്ട് വൈ…?” ക്രെയ്ഗ് ചോദിച്ചു. “അറ്റ്ലാന്റിക്ക് വാൾ കോൺഫെറൻസ്, റോമൽ… എല്ലാം നുണകളായിരുന്നുവോ…?”
“ഒരിക്കലുമല്ല… നിങ്ങൾക്ക് തോന്നുന്നുണ്ടോ ഈ രംഗത്ത് ഒട്ടും പരിചയമില്ലാത്ത ജെനവീവിനെ
പോലെയൊരു പെൺകുട്ടിയ്ക്ക് അതെക്കുറിച്ചുള്ള രഹസ്യവിവരങ്ങളൊക്കെ ചോർത്തിക്കൊണ്ടു വരാനുള്ള
കഴിവുണ്ടെന്ന്…? ഇല്ല ക്രെയ്ഗ്… ഇനി നമ്മുടെ
മേൽക്കോയ്മയുടെ നാളുകളാണ് വരാനിരിക്കുന്നത്… D-Day അടുത്തുകൊണ്ടിരിക്കുന്നു… ചതി തന്നെയാണ് കളിയിലെ താരം… നമ്മൾ അധിനിവേശം നടത്താൻ പോകുന്നു എന്ന ഭയം ജർമ്മൻകാർക്ക്
ഉണ്ടായിരിക്കേണ്ടത് അവശ്യമാണ്… എന്നാൽ നമ്മൾ അധിനിവേശത്തിന് തുനിയുന്നില്ല എന്നതാണ്
വാസ്തവം… യഥാർത്ഥത്തിൽ ഈസ്റ്റ് ആംഗ്ലിയയിലെ ഒരു സാങ്കല്പിക
ആർമിയുടെ മേധാവിയാണ് പാറ്റൺ. പാസ് ഡി കലൈസ് തീരത്ത് ചെന്നിറങ്ങി ആക്രമിക്കുന്നു എന്നൊരു
തോന്നൽ അവരിൽ സൃഷ്ടിക്കുക എന്നതാണ് അദ്ദേഹത്തിൽ നിക്ഷിപ്തമായ ചുമതല… അതിന് ഉപോൽബലകമായി മറ്റു ചില ചെറിയ പ്രോജക്റ്റുകളും അണിയറയിൽ തയ്യാറാവുന്നുണ്ട്…”
“അതുകൊണ്ട്…?” ക്രെയ്ഗ് ചോദിച്ചു..
“അപ്പോഴാണ് എനിക്കൊരു
ആശയം തോന്നിയത്… അങ്ങനെയാണ് ആൻ മേരിയെ തിരികെ കൊണ്ടുവരുവാൻ തീരുമാനിക്കുന്നത്… അവൾക്ക് പകരമായി ജെനവീവിനെ അങ്ങോട്ട് അയക്കുമ്പോഴും ഞങ്ങളുടെ പദ്ധതിയിൽ
മാറ്റമൊന്നും വരുത്തിയില്ല… കോൾഡ് ഹാർബറിൽ വച്ച് എന്റെ മേശമേൽ കിടക്കുന്ന ഒരു
ഭൂപടം അബദ്ധത്തിലെന്ന പോലെ കാണുവാൻ അവളെ ഞാൻ അനുവദിച്ചു… പാസ് ഡി കലൈസ് പ്രദേശത്തിന്റെ മാപ്പ് ആയിരുന്നുവത്… D-Day യിൽ നമ്മൾ ആക്രമിക്കാൻ പോകുന്ന പ്രാഥമിക ടാർഗറ്റുകൾ അതിൽ അടയാളപ്പെടുത്തിയിരുന്നു… എന്നാൽ അവൾക്ക് അതിന്റെ പ്രാധാന്യമൊന്നും കാര്യമായി മനസ്സിലായില്ലെന്ന്
വേണം കരുതാൻ… ജർമ്മൻകാർ ജെനവീവിനെ പിടികൂടി കഠിനമായി ചോദ്യം
ചെയ്യുമ്പോൾ പാസ് ഡി കലൈസിന്റെ മാപ്പ് കണ്ട കാര്യമൊക്കെ അവളിൽ നിന്നും അവർക്ക് ലഭിക്കും… നാം അധിനിവേശത്തിന് ചെന്നിറങ്ങുന്നത് അവിടെയാണെന്ന് ശരിയ്ക്കും അവർ
തെറ്റിദ്ധരിക്കും… എന്തായാലും തൽക്കാലത്തേക്ക് ജെനവീവിന് അപകടമൊന്നുമില്ല… മാക്സ് പ്രീം എന്ന ആ കേണലിന് അവളോട് ഒരു പ്രത്യേക മമതയുണ്ടെന്നാണ്
അറിയാൻ കഴിഞ്ഞത്… അവൾ എവിടെ വരെ പോകുന്നു എന്ന് നോക്കിയിരിക്കുകയാണ്
അയാൾ… എന്റെ ആവശ്യവും അതുതന്നെയാണ്… അല്ലെങ്കിലും എങ്ങോട്ടും ഓടി രക്ഷപെടാനാവില്ലല്ലോ അവൾക്ക്…”
“ആൻ മേരിയോടും ഇതു തന്നെയാണല്ലേ
നിങ്ങൾ ചെയ്തത്…? അവളെയും നിങ്ങൾ അവർക്ക് വിറ്റു കാണുമല്ലോ…” ക്രെയ്ഗിന്റെ മുഖം കണ്ടാൽ ശരിയ്ക്കും ഭയം തോന്നുമായിരുന്നു അപ്പോൾ.
മൺറോയെ ആക്രമിക്കാനെന്ന പോലെ അദ്ദേഹം ഒരടി മുന്നോട്ട് വച്ചു.
കാർട്ടർ തന്റെ ബ്രൗണിങ്ങ്
റിവോൾവർ ഉയർത്തി. “ക്രെയ്ഗ്, അനങ്ങിപ്പോകരുത്…”
“നിങ്ങളപ്പോൾ എന്തും ചെയ്യും
അല്ലേ…? നിങ്ങളും ഗെസ്റ്റപ്പോയും തമ്മിൽ പിന്നെ എന്ത്
വ്യത്യാസം…?” ക്രെയ്ഗ് മൺറോയോട് ചോദിച്ചു.
“നമ്മൾ ഇപ്പോൾ യുദ്ധത്തിലാണ്
ക്രെയ്ഗ്… ചിലപ്പോഴെങ്കിലും ത്യാഗങ്ങൾ അനിവാര്യമാണ്… ആഴ്ച്ചകൾക്ക് മുമ്പല്ലേ നിങ്ങൾ ജനറൽ ഡൈട്രിച്ചിനെ വകവരുത്തിയത്…? ആ പ്രവൃത്തി കൊണ്ട് കുറെയേറെ നിരപരാധികളുടെ ജീവൻ നഷ്ടമാകുമെന്ന് നിങ്ങൾക്ക്
നേരത്തെ തന്നെ അറിയാമായിരുന്നല്ലോ… എന്നിട്ടും നിങ്ങൾ മുന്നോട്ട് പോയില്ലേ…? എത്ര പേരാണ് കൊല്ലപ്പെട്ടത്…? ഇരുപതോളം
ഫ്രഞ്ച് ബന്ദികളെയല്ലേ അവർ വെടിവച്ചു കൊന്നത്…?”
“പക്ഷേ, അതിലും എത്രയോ
അധികം പേരുടെ ജീവൻ രക്ഷിക്കാനായിരുന്നു അത്…” ക്രെയ്ഗ് പറഞ്ഞു.
“എക്സാക്റ്റ്ലി, ഡിയർ
ബോയ്… പിന്നെന്തിനാണ് നമ്മൾ ഇങ്ങനെ തർക്കിക്കുന്നത്…?” മുഷ്ടികൾ കൂട്ടിത്തിരുമ്മി നിൽക്കുന്ന ക്രെയ്ഗിനെ നോക്കി മൺറോ ഒരു
നെടുവീർപ്പിട്ടു. “ഇദ്ദേഹത്തെ പിടിച്ച് സെല്ലറിലേയ്ക്ക് കൊണ്ടുപോകൂ ജാക്ക്… തടവറയിൽ അടച്ചിട്ട്, പ്രത്യേക ശ്രദ്ധ വേണമെന്ന് ആർതറിനോട് പറഞ്ഞേക്കൂ… ബാക്കി കാര്യങ്ങൾ എന്താണ് വേണ്ടതെന്ന് ഞാൻ നാളെ രാവിലെ പറയാം…” ബ്രിഗേഡിയർ മൺറോ തിരിഞ്ഞ് പുറത്തേക്ക് പോയി.
“അദ്ദേഹത്തിന് കീഴിൽ വർക്ക്
ചെയ്യുന്നതിൽ ഇപ്പോൾ എന്ത് തോന്നുന്നു ജാക്ക്…?” ക്രെയ്ഗ്
ചോദിച്ചു.
ജാക്ക് കാർട്ടറുടെ മുഖം
അസ്വസ്ഥമായിരുന്നു. “കമോൺ ഓൾഡ് സൺ… എന്നെക്കൊണ്ട് കടുംകൈ ഒന്നും ചെയ്യിക്കരുത്…”
ക്രെയ്ഗ് മുന്നിലും കാർട്ടർ
പിന്നിലുമായി ബേസ്മെന്റിലേക്കുള്ള പടികൾ ഇറങ്ങി. വളരെ ശാന്തമായിരുന്നു അവിടെങ്ങും.
ആൻ മേരിയുടെ ശബ്ദമൊന്നും കേൾക്കാനില്ല. വെള്ള കോട്ട് ധരിച്ച, ബധിരനായ ആർതർ ഒരു പുസ്തകവും
വായിച്ചു കൊണ്ട് ഇടനാഴിയിലെ കസേരയിൽ ഇരിക്കുന്നുണ്ട്.
ക്രെയ്ഗിൽ നിന്നും സുരക്ഷിതമായ
അകലം പാലിച്ചുകൊണ്ട് കാർട്ടർ മറ്റൊരു സെല്ലറിന്റെ മുന്നിൽ ചെന്ന് നിന്നു. “നല്ല കുട്ടിയായി
ഉള്ളിലേക്ക് ചെല്ലൂ…” അയാൾ പറഞ്ഞു. എതിർപ്പൊന്നും പ്രകടിപ്പിക്കാതെ
ക്രെയ്ഗ് അതനുസരിച്ചു. ആർതർ എഴുന്നേറ്റ് അങ്ങോട്ട് വന്നു. ചുണ്ടനക്കം കൊണ്ട് മനസ്സിലാക്കാൻ
സാധിക്കും വിധം കാർട്ടർ അയാളോട് കാര്യങ്ങളൊക്കെ പറഞ്ഞു. “ആർതർ, മേജറിന്റെ മേൽ ഒരു കണ്ണ്
വേണം… ബ്രിഗേഡിയറും ഞാനും കൂടി നാളെ രാവിലെ വരാം… ഇയാളെ ശ്രദ്ധിച്ചോണം… അപകടകാരിയാണ്…”
ഇഷ്ടികമതിൽ പോലെ ഉറച്ച
ശരീരമുള്ള ആർതർ തന്റെ മസിൽ പെരുപ്പിച്ചു. ഇരുമ്പിന്റെ കാഠിന്യമുണ്ടായിരുന്നു അയാളുടെ
സ്വരത്തിന്. “അതിപ്പോൾ നമ്മളെല്ലാം അപകടകാരികൾ തന്നെയല്ലേ…?” അയാൾ തിരിഞ്ഞ് സെല്ലറിന്റെ വാതിൽ താഴിട്ട് പൂട്ടി.
അഴികൾക്കുള്ളിലൂടെ ക്രെയ്ഗ്
പുറത്തേക്ക് നോക്കി. “ജാക്ക്, നന്നായിട്ട് ഉറങ്ങാൻ പറ്റുമോയെന്ന് നോക്കൂ…”
“ഞാൻ ശ്രമിക്കുന്നതായിരിക്കും
മകനേ…”
അയാൾ തിരിഞ്ഞ് നടക്കാൻ
തുടങ്ങവെ ക്രെയ്ഗ് വിളിച്ചു. “ജാക്ക്, ഒരു കാര്യം കൂടി…”
“എന്താണ്…?”
“റിനേ ദിസ്സാർ… അയാളുടെ റോളെന്താണ് ഇതിൽ…?”
“ആൻ മേരിയുടെ മനോനില തെറ്റിയിരിക്കുകയാണെന്നാണ്
ഞങ്ങൾ അയാളോട് പറഞ്ഞിരിക്കുന്നത്… ആൻ മേരി ബലാൽസംഗത്തിനിരയായി എന്നത് ജെനവീവിന് ഒരു
മോട്ടിവേഷൻ നൽകാനായി ഞങ്ങൾ മെനഞ്ഞ ഒരു കഥ മാത്രമായിരുന്നു… ഈ ദൗത്യത്തിന്റെ വിജയത്തിന് ആ കഥയോടൊപ്പം അയാളും മുന്നോട്ട് പോകേണ്ടതിന്റെ
പ്രാധാന്യം ബ്രിഗേഡിയർ അയാൾക്ക് ബോദ്ധ്യപ്പെടുത്തി കൊടുത്തു…”
“അപ്പോൾ പഴയ സുഹൃത്ത്
റിനേയും ജെനവീവിനെ ചതിക്കുകയായിരുന്നു…”
“ഗുഡ്നൈറ്റ്, ക്രെയ്ഗ്…”
കാർട്ടറുടെ കാലടിശബ്ദം
അകന്നകന്ന് ഇല്ലാതായി. അഴികൾക്കരികിൽ നിന്നും തിരിഞ്ഞ് ക്രെയ്ഗ് തന്റെ തടവറ മൊത്തത്തിൽ
ഒന്ന് നോക്കി. ഒരു ഇരുമ്പ് കട്ടിലും കിടക്കയുമല്ലാതെ ഒന്നും തന്നെയില്ല. ജനലോ സാധാരണ
തടവറയിൽ കാണാറുള്ള ബക്കറ്റോ ബ്ലാങ്കറ്റോ പോലും ഉണ്ടായിരുന്നില്ല അവിടെ. അസാമാന്യ ഉറപ്പിലാണ്
വാതിലിന്റെ നിർമ്മിതി. പുറത്ത് കടക്കാൻ യാതൊരു മാർഗ്ഗവുമില്ല.
നിരാശയോടെ കട്ടിലിൽ ചെന്ന്
ഇരുന്നതും കിടക്ക താഴോട്ട് കുഴിഞ്ഞു പോയി. കിടക്ക അൽപ്പം പിറകോട്ട് മാറ്റിയപ്പോൾ അദ്ദേഹം
കണ്ടത് കാലപ്പഴക്കത്താൽ തുരുമ്പിച്ച കോയിൽ സ്പ്രിങ്ങുകളാണ്. അദ്ദേഹത്തിന്റെ മനസ്സിൽ
ഒരു പുത്തൻ ആശയം നാമ്പിട്ടു. പോക്കറ്റിൽ നിന്നും പേനാക്കത്തിയെടുത്ത് അദ്ദേഹം പണി തുടങ്ങി.
(തുടരും)
കോയിൽ സ്പ്രിംഗുകളിൽ ക്രെയ്ഗിന്റെ കത്തി കാര്യമായി പണിയെടുക്കേണ്ടി വരും!
ReplyDeleteആൻ മേരിയിൽ ഇത്തിരി ആശ്വാസം.
റിനെ, യു റ്റൂ!!?
ക്രെയ്ഗ് എന്ത് ചെയ്യുമെന്ന് നോക്കാം നമുക്ക്...
Deleteപിന്നെ, ആൻ മേരി... അവളുടെ ബ്രെയിൻ ഇർ-റിവേഴ്സെബ്ലി ഡാമേജ്ഡ് ആണ്... ഏത് നിമിഷവും മരണം സംഭവിക്കാം...
യെസ്... റിനേ റ്റൂ വാസ് പാർട്ട് ഓഫ് ഇറ്റ്...