രാവിലെ ഏതാണ്ട് ആറു മണിയോടടുത്താണ്
ആൻ മേരി അലറിക്കരയുവാൻ തുടങ്ങിയത്. പതിവ് ചെക്കിങ്ങിന് ആർതർ എപ്പോഴെങ്കിലും എത്തുമെന്ന
പ്രതീക്ഷയോടെ കട്ടിലിൽത്തന്നെ കിടക്കുകയായിരുന്നു ക്രെയ്ഗ്. എന്നാൽ രാത്രിയിൽ ഒരിക്കൽപ്പോലും
അയാൾ വരികയുണ്ടായില്ല. ആൻ മേരിയുടെ കരച്ചിൽ കേട്ട് ചാടിയെഴുന്നേറ്റ അദ്ദേഹം കട്ടിലിൽ
നിന്ന് മുറിച്ചെടുത്ത കനമുള്ള കോയിൽ സ്പ്രിങ്ങുമായി അഴികൾക്കരികിലേക്ക് ചെന്നു. ഇടനാഴിയിൽ
ഇട്ടിരിക്കുന്ന ആർതറിന്റെ കസേര ശൂന്യമാണ്. ആൻ മേരിയുടെ അസഹനീയമായ നിലവിളി തുടർന്നുകൊണ്ടിരിക്കുന്നു.
ഏതാണ്ട് അഞ്ച് മിനിറ്റ് കഴിഞ്ഞതും ആരോ നടന്നടുക്കുന്ന ശബ്ദം കേൾക്കാറായി. ഇടനാഴിയുടെ
മറുഭാഗത്തു നിന്നും കൈയിൽ ഒരു മഗ്ഗുമായി ആർതർ നടന്നു വരുന്നുണ്ടായിരുന്നു.
ക്രെയ്ഗ് അഴികൾക്കിടയിലൂടെ
ഒരു കൈ പുറത്തേക്ക് നീട്ടി. ആർതർ തിരിഞ്ഞ് അദ്ദേഹത്തെ നോക്കി. “എനിക്ക് ടോയ്‌ലറ്റിൽ
പോകണം…” ക്രെയ്ഗ് പറഞ്ഞു. “ഇത്രയും നേരം ഞാൻ കാത്തിരിക്കുകയായിരുന്നു…”
അദ്ദേഹത്തിന്റെ അഭ്യർത്ഥനയെ
അവഗണിച്ചുകൊണ്ട് ആർതർ മുന്നോട്ട് നടന്നു. ക്രെയ്ഗിന്റെ പ്രതീക്ഷ മങ്ങി. എന്നാൽ ഏതാനും
നിമിഷങ്ങൾ കഴിഞ്ഞതും അയാൾ തിരികെയെത്തി. ഇത്തവണ അയാളുടെ ഒരു കൈയിൽ താക്കോലും മറുകൈയിൽ
വെബ്ലി സർവീസ് റിവോൾവറും ഉണ്ടായിരുന്നു.
“ഓൾറൈറ്റ്… പുറത്ത് വന്നോളൂ… പക്ഷേ, അതിബുദ്ധി എന്തെങ്കിലും കാണിക്കാൻ ഒരുമ്പെട്ടാൽ
നിങ്ങളുടെ വലതുകൈ ഞാൻ തകർത്തിരിക്കും…” ആർതർ പറഞ്ഞു.
“അത്ര വിഡ്ഢിയൊന്നുമല്ല
ഞാനതിന്…” ഇടനാഴിയിലേക്ക് ഇറങ്ങിക്കൊണ്ട് ക്രെയ്ഗ് പറഞ്ഞു.
രണ്ട് ചുവട് വച്ച അദ്ദേഹം ഒരു കാലിൽ ഒന്ന് തിരിഞ്ഞ് തന്റെ കൈവശമുള്ള കോയിൽ സ്പ്രിങ്ങ്
കൊണ്ട് തോക്ക് പിടിച്ച ആർതറിന്റെ കൈയിൽ ആഞ്ഞൊരു പ്രഹരം കൊടുത്തു. വേദനയാൽ അലറിക്കരഞ്ഞ
അയാളുടെ കൈയിൽ നിന്നും റിവോൾവർ താഴെ വീണു. ആർതറിന്റെ കഴുത്തിൽ സ്പ്രിങ്ങ് ചുറ്റിയ അദ്ദേഹം
അയാളുടെ വലതുകൈയിൽ പിടിച്ച് പിറകോട്ട് മടക്കി തിരികെ ആ സെല്ലാറിന്റെ മുന്നിൽ എത്തിച്ച്
ശക്തിയോടെ അതിനുള്ളിലേക്ക് പിടിച്ചു തള്ളി. ശേഷം വാതിൽ അടച്ച് താക്കോലിട്ട് ലോക്ക്
ചെയ്തു. ഇടനാഴിയിലൂടെ ക്രെയ്ഗ് പുറത്തേക്ക് നടക്കവെ ആർതർ ഉച്ചത്തിൽ അലറി വിളിക്കുന്നുണ്ടായിരുന്നു.
എന്നാൽ അതിനേക്കാൾ ഉച്ചത്തിലായിരുന്നു തൊട്ടപ്പുറത്തെ സെല്ലാറിലുള്ള ആൻ മേരിയുടെ നിലവിളിശബ്ദം.
സ്വാഭാവികമായും അയാളുടെ ശബ്ദം അതിനു മുന്നിൽ അലിഞ്ഞില്ലാതായി. ഇടനാഴിയുടെ അറ്റത്തുള്ള
ഇരുമ്പുവാതിൽ വലിച്ചടച്ചതോടെ ഉള്ളിൽ നിന്നുള്ള ശബ്ദം വെളിയിൽ കേൾക്കാൻ പറ്റാതായി. ഒരു
നിമിഷം അവിടെ നിന്നിട്ട് അദ്ദേഹം മുകളിലത്തെ നിലയിലേക്കുള്ള പടികൾ കയറി.
പക്ഷേ, ഇനിയെന്ത്…? അതായിരുന്നു അദ്ദേഹത്തെ മഥിയ്ക്കുന്ന ചോദ്യം. തികഞ്ഞ നിശ്ശബ്ദതയാണ്
ഇപ്പോൾ അവിടെങ്ങും. ഒരു നിമിഷം കാതോർത്തു നിന്നിട്ട് അദ്ദേഹം പതുക്കെ ഡോക്ടർ ബാമിന്റെ
ഓഫീസ് റൂമിലേക്ക് കയറി വാതിൽ ചാരി. ഡെസ്കിന് പിറകിലെ കസേരയിൽ ഇരുന്നിട്ട് ക്രെയ്ഗ്
റിസീവർ എടുത്ത് ഓപ്പറേറ്ററോട് കോൾഡ് ഹാർബറിലെ ഗ്രാൻസെസ്റ്റർ ആബിയിലേക്ക് കണക്റ്റ് ചെയ്യുവാൻ
ആവശ്യപ്പെട്ടു. ഏറെ നേരം റിങ്ങ് ചെയ്തതിന് ശേഷമാണ് മറുവശത്ത് ഫോൺ എടുത്തത്. ഉറക്കത്തിൽ
നിന്നെഴുന്നേറ്റത് പോലെയായിരുന്നു ജൂലിയുടെ സ്വരം.
“ഇത് ക്രെയ്ഗാണ്… ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്തിയതിൽ ക്ഷമിക്കണം… വളരെ അർജന്റായതു കൊണ്ടാണ്…”
“എന്തു പറ്റി…?” അവർ പെട്ടെന്ന് തന്നെ ജാഗരൂകയായി.
“എന്തോ അസ്വാഭാവികതയുണ്ടെന്ന്
അന്ന് നിങ്ങൾ പറഞ്ഞത് ശരിയായിരുന്നു… പക്ഷേ, എത്രത്തോളം എന്നത് നിങ്ങൾക്ക് സ്വപ്നം കാണാൻ
കഴിയുന്നതിനും അപ്പുറമായിരുന്നു… ഞാൻ പറയുന്നത് ശ്രദ്ധയോടെ കേൾക്കണം…” ക്രെയ്ഗ് പറഞ്ഞു.
എല്ലാം കേട്ടു കഴിഞ്ഞതും
ജൂലി ചോദിച്ചു. “നമ്മൾ എന്തു ചെയ്യാനാണ് പോകുന്നത്…?”
“ഉടൻ തന്നെ മാർട്ടിൻ ഹെയറിനെ
വിവരം അറിയിക്കുക… അദ്ദേഹത്തിന്റെ E-ബോട്ടിൽ എത്രയും പെട്ടെന്ന് എന്നെ
ഫ്രാൻസിലേക്ക് കൊണ്ടുപോകണമെന്ന് പറയുക… കാര്യങ്ങൾ അറിഞ്ഞു കഴിയുമ്പോൾ അദ്ദേഹം പറ്റില്ല
എന്ന് പറയുമെന്ന് തോന്നുന്നില്ല… കഴിയുന്നതും വേഗം ഞാനവിടെ എത്തുന്നതായിരിക്കും…”
“എങ്ങനെ വരാനാണ് നിങ്ങൾ
ഉദ്ദേശിക്കുന്നത്…? വിമാനത്തിലാണോ…?”
“അതു കൊള്ളാമല്ലോ… ഇങ്ങനെയൊരു ആശയം തന്നതിന് നന്ദി… സീ യൂ
സൂൺ…”
റിസീവർ ക്രാഡിലിൽ വച്ചിട്ട്
ക്രെയ്ഗ് തന്റെ വാലറ്റ് എടുത്ത് തുറന്നു. തന്റെ SOE സെക്യൂരിറ്റി കാർഡ് അതിനുള്ളിൽത്തന്നെയുണ്ട്.
അദ്ദേഹത്തിന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. പല കടമ്പകളും ഈ കാർഡ് ഉപയോഗിച്ച് താൻ കടന്നിട്ടുണ്ട്.
നഷ്ടപ്പെടാൻ ഒന്നും തന്നെയില്ല. ഫ്രഞ്ച് ജാലകത്തിലൂടെ പുറത്തിറങ്ങിയ അദ്ദേഹം ഗാർഡനിലേക്ക്
ഊർന്നിറങ്ങി കോമ്പൗണ്ട് വാളിന് മുകളിൽ കയറി അപ്പുറത്തെ കെട്ടിടത്തിന്റെ സ്റ്റെയർകെയ്സ്
ലാൻഡിങ്ങിലേക്ക് ഇറങ്ങി. ഇടുങ്ങിയ തെരുവിലൂടെ അതിവേഗം നടന്ന അദ്ദേഹം നിമിഷങ്ങൾക്കുള്ളിൽ
മെയിൻ റോഡിലെത്തി. ഭാഗ്യം അദ്ദേഹത്തോടൊപ്പം തന്നെയുണ്ടായിരുന്നു. അടുത്ത കോർണറിൽ എത്തിയതും
അന്നത്തെ ഷിഫ്റ്റ് തുടങ്ങാനായി ഇറങ്ങിയ ഒരു ടാക്സി ഡ്രൈവർ അദ്ദേഹത്തെ കണ്ട് അരികിൽ
വന്ന് വണ്ടി നിർത്തി.
“എങ്ങോട്ടാണ് പോകേണ്ടത്,
മേജർ…?” പുഞ്ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു. “കഴിഞ്ഞ
രാത്രി ആഘോഷിച്ചുവെന്ന് തോന്നുന്നു…? നിങ്ങൾ അമേരിക്കക്കാരുടെ ഒരു യോഗം…”
“ബേക്കർ സ്ട്രീറ്റ്…” ഡോർ തുറന്ന് ക്രെയ്ഗ് ഉള്ളിൽക്കയറി.
***
മൺറോയുമായുള്ള തന്റെ അഭിപ്രായ
വ്യത്യാസം ഇരുവർക്കും ഇടയിൽ മാത്രമുള്ളതായിരിക്കുമെന്ന ഊഹത്തിൽ ഒരു ഭാഗ്യപരീക്ഷണത്തിന്
മുതിരുകയായിരുന്നു ക്രെയ്ഗ്. ടാക്സികാർ പറഞ്ഞു വിട്ടിട്ട് അദ്ദേഹം ബേക്കർ സ്ട്രീറ്റിലെ
SOE ഹെഡ്ക്വാർട്ടേഴ്സിന്റെ കവാടത്തിലേക്കുള്ള പടികൾ ഓടിക്കയറി. അദ്ദേഹം നീട്ടിയ പാസ്
പരിശോധിച്ച സെക്യൂരിറ്റ് ഗാർഡ് വാതിൽ തുറന്നു കൊടുത്തു. രാപകൽ വ്യത്യാസമില്ലാതെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന
ഓഫീസ് ആയതിനാൽ എപ്പോഴും തിരക്കുള്ള ഇടം. പിന്നിലെ സ്റ്റെയർകെയ്സ് വഴി അദ്ദേഹം ട്രാൻസ്പോർട്ട്
ഓഫീസിലേക്ക് ഓടിക്കയറി. ഭാഗ്യം കൈവിട്ടിട്ടില്ല എന്ന് പറയാം. എട്ടു മണിയായിട്ടും നൈറ്റ്
ഡ്യൂട്ടിയിലുള്ള ഓഫീസർ അവിടെത്തന്നെയുണ്ട്. ഒരു റിട്ടയേർഡ് ഇൻഫന്ററി മേജർ ആയ വലേസ്
ആയിരുന്നു ഡ്യൂട്ടിയിൽ. യുദ്ധം നടക്കുന്നത് കൊണ്ട് സർവീസിൽ തുടരുന്ന അദ്ദേഹത്തെ നേരത്തേ
തന്നെ ക്രെയ്ഗിന് പരിചയമുണ്ടായിരുന്നു.
“ഹലോ ഓസ്ബോൺ…” വലേസ് അത്ഭുതം കൂറി. “എന്ത് പറ്റി അതിരാവിലെ തന്നെ ഈ വഴി വരാൻ…?”
“പ്രധാനപ്പെട്ട ഒരു ദൗത്യം… മൺറോയ്ക്ക് കോൾഡ് ഹാർബറിലേക്ക് പോകണമത്രെ… ക്രോയ്ഡൺ എയർപോർട്ടിൽ വച്ച് ഞാനും അദ്ദേഹത്തോടൊപ്പം ചേരും… പതിവ് പോലെ RAFനുള്ള ഒരു അനുമതിപത്രം തയ്യാറാക്കി തരൂ… എന്നിട്ട് ക്രോയ്ഡണിൽ വിളിച്ച് ഞങ്ങൾക്ക് വേണ്ടി ഒരു ലൈസാൻഡർ ഏർപ്പാടാക്കാനും
പറയണം… ഉടൻ തന്നെ ഞങ്ങൾ അവിടെ എത്തുന്നതായിരിക്കും…”
“തിടുക്കത്തിൽ യുദ്ധം
ജയിക്കാനുള്ള പുറപ്പാടിലാണ് നമ്മൾ അല്ലേ…?” വലേസ് ഫയൽ തുറന്ന് ക്രെയ്ഗിന് ആവശ്യമായ അനുമതിപത്രം
പൂരിപ്പിക്കുവാൻ തുടങ്ങി.
“സത്യം പറഞ്ഞാൽ മൺറോയ്ക്ക്
യുദ്ധത്തെക്കാൾ താല്പര്യം മീൻപിടിത്തത്തിലാണെന്നാണ് എനിക്ക് തോന്നുന്നത്…” ഡെസ്കിന്റെ മൂലയിൽ ഇരുന്നിട്ട് ക്രെയ്ഗ് ഒരു സിഗരറ്റിന് തീ കൊളുത്തി.
“ആഹ് പിന്നെ, ക്രോയ്ഡൺ വരെ പോകാൻ ഒരു വാഹനവും വേണം… അതിനുള്ള
പേപ്പറും കൂടി തയ്യാറാക്കിയേക്കൂ…”
“താങ്കൾക്ക് വേണ്ടി എന്തു
ചെയ്യാനും സന്തോഷമേയുള്ളൂ…” ആവശ്യമായ രേഖകൾ വലേസ് അദ്ദേഹത്തിന് കൈമാറി.
“മാർവലസ്… എന്നാൽ പിന്നെ ഞാൻ ഇറങ്ങുന്നു… ക്രോയ്ഡണിലേക്ക്
നിങ്ങൾ ഫോൺ ചെയ്ത് പറയുമല്ലോ അല്ലേ…?”
“തീർച്ചയായും…” ക്ഷമയോടെ പറഞ്ഞിട്ട് അയാൾ ഫോൺ എടുക്കവെ ക്രെയ്ഗ് പുറത്തേക്കിറങ്ങി.
***
ക്രോയ്ഡണിൽ മഴ കോരിച്ചൊരിഞ്ഞു
കൊണ്ടിരിക്കുകയാണ്. എങ്കിലും ദൂരക്കാഴ്ച്ച തരക്കേടില്ല. പാസഞ്ചർ സീറ്റിൽ ഇരിക്കുന്ന
ക്രെയ്ഗിനെയും കൊണ്ട് ആ ജീപ്പ് എയർപോർട്ടിന്റെ മെയിൻ ഗേറ്റിലൂടെ അകത്തേക്ക് പ്രവേശിച്ചു.
പതിവ് പോലെ അവർ നേരെ ഡിപ്പാർച്ചർ പോയിന്റിലേക്ക് ഓടിച്ചു പോയി. അവിടെ കാത്തു കിടന്നിരുന്ന
ലൈസാൻഡറിന് ചുറ്റും ഏതാനും മെക്കാനിക്കുമാർ നിൽക്കുന്നുണ്ടായിരുന്നു. ജീപ്പ് പറഞ്ഞു
വിട്ടിട്ട് ക്രെയ്ഗ് ഹാങ്കറിന് സമീപമുള്ള ഓഫീസിലേക്ക് കയറിച്ചെന്നു. ഫ്ലൈയിങ്ങ് ഡ്രെസ്സിലുള്ള
ഗ്രാന്റ് ഒരു ഓർഡർലി ഓഫീസറുമായി സംസാരിച്ചു കൊണ്ട് കോഫി നുകരുന്നുണ്ടായിരുന്നു.
“ഹലോ ഓൾഡ് സൺ…” ഗ്രാന്റ് അഭിവാദ്യം ചെയ്തു.
“ഇന്നെങ്കിലും ഒരു ഓഫ് കിട്ടുമെന്ന് ഞാൻ കരുതി… ആട്ടെ,
ബ്രിഗേഡിയർ എവിടെ…?”
“പ്ലാനിൽ ചെറിയൊരു മാറ്റം…” ക്രെയ്ഗ് പറഞ്ഞു. “അദ്ദേഹം യാത്ര നീട്ടിവച്ചു… ഇതാ, എനിക്കുള്ള അനുമതിപത്രം…”
അദ്ദേഹം നീട്ടിയ പേപ്പർ
ആ ഓർഡർലി ഓഫീസർ പരിശോധിച്ചു. “ഫൈൻ, ഓൾ ഇൻ ഓർഡർ…”
“ഓൾറൈറ്റ് ഓൾഡ് ബോയ്… എന്നാൽ പിന്നെ നമുക്ക് പുറപ്പെടാം…” ഗ്രാന്റ്
പറഞ്ഞു. ശേഷം ഇരുവരും പുറത്തിറങ്ങി മഴയത്തു കൂടി ലൈസാൻഡറിന് അടുത്തേക്ക് ഓടി.
(തുടരും)
അമ്മോ .. വൻ കളിയാണല്ലോ ക്രെയ്ഗ് നടത്തുന്നത്
ReplyDeleteയുദ്ധ കാലത്തു യാത്രയെല്ലാം ഇത്ര ഈസി ആണോ ..
ആ പണ്ടത്തെ കാലം അല്ലെ..
അനോണിയെ ഒഴിവാക്കിയോ 😄
Deleteആഹാ, അടിപൊളി!
ReplyDeleteക്രെയ്‌ഗിന്റെ ബുദ്ധി വിമാനമാണല്ലോ!!