Friday, October 10, 2025

കോൾഡ് ഹാർബർ - 58

ഹാംപ്‌സ്റ്റഡിലെ നേഴ്സിങ്ങ് ഹോമിന് മുന്നിൽ ക്രെയ്ഗ് എത്തുമ്പോൾ സമയം രാത്രി പത്തു മണി കഴിഞ്ഞിരുന്നു. മഴ കോരിച്ചൊരിയുകയാണ്. തെരുവിന്റെ അങ്ങേയറ്റത്ത് സികാമർ മരങ്ങളുടെ ചുവട്ടിൽ നിന്നുകൊണ്ട് അദ്ദേഹം ഗേറ്റും പരിസരവും കുറേ നേരം നിരീക്ഷിച്ചു. അതിലൂടെ ഉള്ളിൽ കടക്കാമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. ഭയന്നുപോയ ഡോക്ടർ ബാം, തന്നെ അങ്ങോട്ട് പ്രവേശിപ്പിക്കരുതെന്ന് ഓർഡർ കൊടുത്തിട്ടുണ്ടാവുമെന്നത് ഉറപ്പാണ്.

 

നേഴ്സിങ്ങ് ഹോമിന്റെ മതിലിനരികിലൂടെ അദ്ദേഹം മുന്നോട്ട് നടന്നു. ടെറസോടു കൂടിയ കോട്ടേജുകളുള്ള ഒരു ചെറിയ തെരുവിലേക്ക് അദ്ദേഹം തിരിഞ്ഞു. തെരുവിനറ്റത്ത് നേഴ്സിങ്ങ് ഹോമിന്റെ മതിൽ അവസാനിക്കുന്നിടത്ത് ഒരു രണ്ടുനില കെട്ടിടമാണുള്ളത്. കണ്ടിട്ട് ഒരു വർക്ക്ഷോപ്പ് പോലെ തോന്നുന്നു. മുകളിലത്തെ നിലയിലേക്ക് ചുമരിനോട് ചേർന്ന് ഒരു ഇരുമ്പുകോണി ഘടപ്പിച്ചിട്ടുണ്ട്. ശബ്ദമുണ്ടാക്കാതെ പടികൾ കയറി ടെറസ്സിൽ എത്തിയ അദ്ദേഹം ചുറ്റും നോക്കി. നേഴ്സിങ്ങ്ഹോമിന്റെ ചുമരും ടെറസും തമ്മിൽ ഏറിയാൽ മൂന്ന് അടി ദൂരമേയുള്ളൂ. കൈവരികൾക്കപ്പുറത്തേക്ക് കാലെടുത്തു വച്ച് ആ ചുമരിലൂടെ നേഴ്സിങ്ങ്ഹോമിന്റെ ഗാർഡനിലേക്ക് ഊർന്നിറങ്ങാൻ വളരെ എളുപ്പം.

 

ഗാർഡനിൽ എത്തിയ അദ്ദേഹം ഫ്രണ്ട് ഡോർ ഒഴിവാക്കി ശ്രദ്ധയോടെ നേഴ്സിങ്ങ്ഹോമിന് നേർക്ക് നടന്നു. താഴത്തെ നിലയിൽ എവിടെയും വെട്ടം കാണാനില്ല. മുകളിലത്തെ നിലയിൽ ഏതാനും മുറികളിൽ അവിടവിടെയായി മങ്ങിയ വെട്ടം കാണുന്നുണ്ട്. സാവധാനം അദ്ദേഹം കെട്ടിടത്തിന്റെ പിൻഭാഗത്തേക്ക് നീങ്ങി. ടെറസിലേക്ക് വാതിലുള്ള ഒരു മുറിയുടെ കർട്ടൻ വിടവിലൂടെ പ്രകാശവീചികൾ പുറത്തേക്ക് വരുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു.

 

ടെറസിലേക്കുള്ള പടികൾ കയറി അദ്ദേഹം ആ കർട്ടന്റെ വിടവിലൂടെ ഉള്ളിലേക്ക് നോക്കി. പുസ്തകങ്ങൾ അലങ്കരിക്കുന്ന ഒരു ചെറിയ ഓഫീസ് റൂം ആയിരുന്നു അത്. കൈയിൽ മുഖം താങ്ങി ഇരിക്കുന്ന ഡോക്ടർ ബാമിന്റെ മേശമേൽ ഒരു സ്കോച്ച് കുപ്പിയും ഗ്ലാസുമുണ്ട്. ക്രെയ്ഗ് ശബ്ദമുണ്ടാക്കാതെ ഫ്രഞ്ച് ജാലകത്തിന്റെ പിടി പതുക്കെ തിരിച്ചു നോക്കി. ഉള്ളിൽ നിന്നും ലോക്ക് ചെയ്തിരിക്കുന്നു. ഒരു നിമിഷം ആലോചിച്ചിട്ട് അദ്ദേഹം ആ വാതിലിൽ പതുക്കെ മുട്ടി. ആശ്ചര്യത്തോടെ ഡോക്ടർ ബാം തലയുയർത്തി നോക്കി.

 

“ഡോക്ടർ ബാം, ഇത് ഞാനാണ് സെക്യൂരിറ്റി ഗാർഡ്” കഴിയുന്നതും ബ്രിട്ടീഷ് ചുവയുള്ള ഇംഗ്ലീഷിൽ ക്രെയ്ഗ് വിളിച്ചു പറഞ്ഞു. എന്നിട്ട് പിറകോട്ട് മാറി കാത്തുനിന്നു.

 

ഒരു നിമിഷം കഴിഞ്ഞതും ഫ്രഞ്ച് ജാലകം തുറന്ന് ബാം പുറത്തേക്ക് എത്തി നോക്കി. “ജോൺസൻ, നിങ്ങളാണോ അത്?”

 

പെട്ടെന്ന് മുന്നോട്ട് കുതിച്ച ക്രെയ്ഗ് ഒരു കൈ അയാളുടെ കഴുത്തിലൂടെ ചുറ്റി തിരികെ മുറിക്കുള്ളിലേക്ക് ഉന്തിക്കയറ്റി. അമ്പരപ്പോടെ അയാളുടെ കണ്ണുകൾ തുറിച്ചു. ക്രെയ്ഗ് അയാളെ അവിടെയുള്ള കസേരയിലേക്ക് ഇരുത്തി.

 

“എന്താണിതെല്ലാം?” ക്രെയ്ഗ് കഴുത്തിൽ നിന്നും കൈ എടുത്തതും പരുഷസ്വരത്തിൽ അയാൾ ചോദിച്ചു. “ആർ യൂ ക്രെയ്സി?”

 

“നോ” ക്രെയ്ഗ് മേശയുടെ മൂലയിൽ ചാരി ഇരുന്നിട്ട് ഒരു സിഗരറ്റ് എടുത്തു. “എനിക്ക് ഭ്രാന്തില്ല പക്ഷേ, കുറച്ചു നാളായി ഇവിടെ വിചിത്രമായ ചില കാര്യങ്ങളൊക്കെ സംഭവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു അതുകൊണ്ട് നമുക്ക് രണ്ടുപേർക്കുമിടയിലുള്ള ഒരു ചോദ്യോത്തര വേളയാണിതെന്ന് കൂട്ടിക്കോളൂ

 

“എനിക്ക് യാതൊന്നും പറയാനില്ല” ഡോക്ടർ ബാമിന്റെ സ്വരമിടറി. “നിങ്ങൾക്ക് ഭ്രാന്താണ്ബ്രിഗേഡിയർ ഇക്കാര്യം അറിയാനിടയാൽ നിങ്ങളുടെ ജോലിയായിരിക്കും തെറിക്കുന്നത്

 

“ഫൈൻ” ക്രെയ്ഗ് പറഞ്ഞു. “എങ്കിൽ കുറേക്കൂടി സൗകര്യമായേനെ സ്വതന്ത്രമായി എനിക്ക് ജോലി ചെയ്യാൻ സാധിക്കും” അദ്ദേഹം തന്റെ ഇടതു കൈ ഉയർത്തിക്കാണിച്ചു. “നിങ്ങൾ ഈ വിരലുകൾ കണ്ടോ? പാരീസിൽ വച്ച് ഗെസ്റ്റപ്പോയാണ് ഈ വിധത്തിലാക്കിയത് വിരലുകൾ ഓരോന്നായി അവർ തല്ലിച്ചതച്ചു എന്നിട്ട് ചവണ കൊണ്ട് നഖങ്ങൾ എല്ലാം പിഴുതെടുത്തു പിന്നെ വെള്ളത്തിൽ മുക്കിയുള്ള ശിക്ഷാരീതിയായിരുന്നു ശ്വാസം മുട്ടി പിടയുന്നത് വരെ തല വെള്ളത്തിൽ മുക്കിപ്പിടിക്കും എന്നിട്ട് അവസാന നിമിഷം പുറത്തെടുക്കും വീണ്ടും അതു തന്നെ ആവർത്തിക്കും ബൂട്ട്സ് ഇട്ട കാലുകൊണ്ട് അടിവയറ്റിൽ കിട്ടിയ ചവിട്ടുകൾക്ക് കണക്കില്ല അവസാനം ഏതാണ്ട് ഒമ്പത് ഇഞ്ച് നീളത്തിലാണ് എന്റെ അടിവയർ ചതഞ്ഞത്

 

“മൈ ഗോഡ്!” ബാം മന്ത്രിച്ചു.

 

“എന്ത് ദൈവം! നിർഭാഗ്യവശാൽ മറ്റെവിടെയോ തിരക്കിലായിരുന്നുവെന്ന് തോന്നുന്നു ആ സമയത്തയാൾ സകല ക്രൂരതകളും അനുഭവിച്ചറിഞ്ഞവനാണ് ഞാൻ, ഡോക്ടർ ബാം അതുകൊണ്ട് തന്നെ സഹാനുഭൂതിയൊക്കെ പണ്ടേ ഞാൻ ഉപേക്ഷിച്ചു” ക്രെയ്ഗ് അയാളുടെ കീഴ്ത്താടിയിൽ കടന്നു പിടിച്ച് ഞെരിച്ചു. “നിങ്ങളെക്കാൾ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ് എനിക്ക് ജെനവീവ് ട്രെവോൺസ് ആസ് സിംപിൾ ആസ് ദാറ്റ് നിങ്ങളെക്കൊണ്ട് സംസാരിപ്പിക്കാൻ എന്ത് മൂന്നാം മുറയും പ്രയോഗിക്കാൻ ഞാൻ തയ്യാറാണ് അതുകൊണ്ട് വെറുതേ ബലം പിടിക്കാതെ നല്ല കുട്ടിയായി എന്റെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതല്ലേ നല്ലത്?”

 

ബാം ശരിയ്ക്കും ഭയന്നു പോയിരുന്നു. “യെസ്” അയാൾ ജല്പിച്ചു. “എല്ലാം ഞാൻ പറയാം

 

“നിങ്ങൾ നാസികളിൽ നിന്ന് രക്ഷപെടുകയായിരുന്നില്ല നിങ്ങളുടെ മകളെ അവർ തടങ്കലിലാക്കി എന്നിട്ട് നാസികൾ നിങ്ങളുടെ മകളെ കൊന്നു എന്ന് പറഞ്ഞ് ബ്രിട്ടനിൽ രാഷ്ട്രീയ അഭയം തേടുവാൻ നിർദ്ദേശിച്ചു മാത്രമല്ല, വേണമെങ്കിൽ ബ്രിട്ടീഷ് ഇന്റലിജൻസിന് വേണ്ടി പ്രവർത്തിച്ചുകൊള്ളാമെന്നും പറയാൻ പറഞ്ഞു

 

“അതെ ശരിയാണ്” ബാം സമ്മതിച്ചു.

 

“എങ്ങനെയായിരുന്നു നിങ്ങളുടെ കമ്യൂണിക്കേഷൻ?”

 

“സ്പാനിഷ് എംബസിയിൽ എനിക്ക് ഒരു കോണ്ടാക്റ്റ് ഉണ്ടായിരുന്നു ഡിപ്ലോമാറ്റിക്ക് പൗച്ചിലാണ് അയാൾ എനിക്ക് സന്ദേശങ്ങൾ കൈമാറിയിരുന്നത് ബോംബിങ്ങിനെ തുടർന്നുള്ള നാശനഷ്ടങ്ങൾ, ട്രൂപ്പുകളുടെ മൂവ്‌മെന്റ്സ് തുടങ്ങിയ വിവരങ്ങളൊക്കെ അത്യാവശ്യ ഘട്ടങ്ങളിൽ മറ്റൊരു ഏജന്റ്  കൂടിയുണ്ടായിരുന്നു റോംനി മാർഷ് എന്ന ഗ്രാമത്തിൽ വസിക്കുന്ന ഒരു വനിത അവരുടെ പക്കൽ ഒരു റേഡിയോ ഉണ്ട്

 

“അങ്ങനെ നിങ്ങൾ ഒരു ഡബിൾ ഏജന്റായി ജോലി ചെയ്തുകൊണ്ടിരുന്നു നിങ്ങളുടെ മകൾ ശരിയ്ക്കും കൊല്ലപ്പെട്ടിരുന്നു എന്ന് ജൂത അധോലോകത്തിൽ നിന്നും ആറു മാസം മുമ്പ് വിവരം ലഭിക്കുന്നത് വരെ?”

 

“ശരിയാണ്” ബാം തന്റെ മുഖത്തെ വിയർപ്പ് തുടച്ചു.

 

“അങ്ങനെ സ്വന്തം ഇഷ്ടപ്രകാരം നിങ്ങൾ മൺറോയുടെ അടുത്ത് ചെന്ന് എല്ലാം തുറന്നു പറഞ്ഞു?”

 

“അതെ” ബാം തല കുലുക്കി. “ഒന്നും സംഭവിക്കാത്തത് പോലെ ചെയ്തുകൊണ്ടിരുന്ന ജോലി തുടരുവാനാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത് റോംനി മാർഷിൽ താമസിക്കുന്ന ആ വനിതയെയും അവർ നിലനിർത്തി

 

“എന്താണവരുടെ പേര്?”

 

“ഫിറ്റ്സ്ജെറാൾഡ്. റൂത്ത് ഫിറ്റ്സ്ജെറാൾഡ് വിധവയാണവർ ഒരു ഐറിഷ് ഡോക്ടർ ആയിരുന്നു അവരുടെ ഭർത്താവ് പക്ഷേ, സൗത്ത് ആഫ്രിക്കൻ വംശജൻ ഇംഗ്ലീഷുകാരോട് എന്നും വെറുപ്പായിരുന്നു അയാൾക്ക്

 

ക്രെയ്ഗ് എഴുന്നേറ്റ് മേശയുടെ മറുവശത്തേക്ക് നടന്നു. “ഇനി പറയൂ, ആൻ മേരി ട്രെവോൺസിന് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്?”

 

ഡോക്ടർ ബാം അസ്വസ്ഥതയോടെ തനിക്ക് ചുറ്റും നോക്കി. മറുപടി പറയാൻ വൈമനസ്യമുള്ളത് പോലെ. ക്രെയ്ഗ് മേശപ്പുറത്ത് കണ്ട മഹാഗണി റൂളർ കൈയിലെടുത്ത് അയാൾക്ക് നേരെ തിരിഞ്ഞു. “ബാം, നിങ്ങളുടെ വലതുകൈയിലെ വിരലുകളായിരിക്കും ഞാൻ ആദ്യം തല്ലിച്ചതച്ചു തുടങ്ങുക ഓരോന്നോരോന്നായി അത്ര സുഖമൊന്നും ഉണ്ടാവില്ല

 

“ദൈവത്തെയോർത്ത്, അത് എന്റെ കുറ്റമായിരുന്നില്ല” ബാം പറഞ്ഞു. “ഞാനവൾക്ക് ഒരു ഇഞ്ചക്ഷൻ കൊടുത്തു, അത്ര മാത്രം മൺറോയുടെ ആജ്ഞ അനുസരിക്കുക മാത്രമേ ഞാൻ ചെയ്തുള്ളൂ

 

ക്രെയ്ഗ് സ്തബ്ധനായി നിന്നു പോയി. “എന്ത് ഇഞ്ചക്ഷനായിരുന്നു അത്?”

 

“സത്യം പറയാനുള്ള മരുന്ന് എന്ന് വേണമെങ്കിൽ പറയാം തിരികെയെത്തുന്ന ഏജന്റുമാരിൽ ഈയിടെയായി പരീക്ഷിച്ചു തുടങ്ങിയ ഒരു മരുന്നാണ് അവർ ഡബിൾ ഏജന്റായി പ്രവർത്തിച്ചിരുന്നോ എന്ന് പറയാൻ പറ്റില്ലല്ലോ ചോദ്യം ചെയ്യുമ്പോൾ അവർക്ക് നുണ പറയാനാവില്ല മിക്കവരിലും ആ മരുന്ന് നന്നായി പ്രവർത്തിക്കുന്നതായിട്ടാണ് അനുഭവം

 

“പക്ഷേ, അവളുടെ കാര്യത്തിൽ അത് നേരാംവണ്ണം പ്രവർത്തിച്ചില്ല?” രോഷത്തോടെ ക്രെയ്ഗ് ചോദിച്ചു.

 

വളരെ പതിഞ്ഞ സ്വരത്തിലാണ് ബാം മറുപടി നൽകിയത്. “നിർഭാഗ്യകരമായ പാർശ്വഫലം എന്ന് പറയാം തലച്ചോറിന് സംഭവിച്ച കേടുപാട് ഒരിക്കലും നേരെയാക്കാൻ സാധിക്കില്ല അധികം താമസിയാതെ എപ്പോൾ വേണമെങ്കിലും അവൾ മരണത്തിന് കീഴടങ്ങും എന്നത് മാത്രമാണ് ഒരു ആശ്വാസം

 

“ഇതല്ലാതെ വേറെയെന്തിങ്കിലും?”

 

“യെസ്” ബാം പറഞ്ഞു. “ജെനവീവ് ട്രെവോൺസിന് നമ്മൾ നൽകിയിരുന്ന പരിരക്ഷ അവസാനിപ്പിക്കുവാനും എന്നോട് പറഞ്ഞു

 

ക്രെയ്ഗ് അയാളെ തുറിച്ചു നോക്കി. “അങ്ങനെ ചെയ്യുവാൻ മൺറോ നിങ്ങളോട് പറഞ്ഞുവോ?”

 

“യെസ് മൂന്ന് ദിവസം മുമ്പാണ് റോംനി മാർഷിലുള്ള ആ വനിതയോട് സന്ദേശം ട്രാൻസ്മിറ്റ് ചെയ്യാൻ ഞാൻ നിർദ്ദേശം നൽകിയത് ജെനവീവ് ആരാണെന്ന കാര്യം ജർമ്മൻകാർ അറിയണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്” ആ സമയത്താണ് ക്രെയ്ഗിന് പിന്നിലുള്ള വാതിൽ സാവധാനം തുറക്കപ്പെട്ടത്. എന്നാൽ ഡോക്ടർ ബാം അത് കാണുകയുണ്ടായില്ല. “അവൾ പിടിക്കപ്പെടണമെന്നാണ് ബ്രിഗേഡിയർ മൺറോ ആഗ്രഹിക്കുന്നത്, മേജർ അത് എന്തു കൊണ്ടാണെന്ന് എനിക്കറിയില്ല, അവളെ അവർ പിടികൂടി കൊണ്ടു പോകട്ടെ എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്

 

“ഓ, ഡിയർ മീ നിങ്ങളുടെ നാവിന് ഒരു നിയന്ത്രണവുമില്ലല്ലോ” ക്രെയ്ഗിന് പിന്നിൽ നിന്നും മൺറോയുടെ ശബ്ദം ഉയർന്നു.

 

തിരിഞ്ഞു നോക്കിയ ക്രെയ്ഗ് കണ്ടത് കോട്ടിന്റെ ഇരു പോക്കറ്റുകളിലും കൈകൾ തിരുകി നിൽക്കുന്ന ബ്രിഗേഡിയർ ഡോഗൽ മൺറോയെയാണ്. അദ്ദേഹത്തിനരികിൽ വാക്കിങ്ങ് സ്റ്റിക്കിൽ ചാരി നിൽക്കുന്ന ജാക്ക് കാർട്ടറുടെ വലതു കൈയിൽ ബ്രൗണിങ്ങ് റിവോൾവറും ഉണ്ടായിരുന്നു.

 

(തുടരും)

No comments:

Post a Comment