Thursday, February 26, 2026

കോൾഡ് ഹാർബർ - 76

ലിലി മർലിൻ എത്താൻ ഇനി അധികം താമസമില്ലാത്തതിനാൽ മൺറോ ഉറങ്ങാൻ പോയില്ല. ലൈബ്രറിയിൽ ഇരുന്ന് ഫയലുകൾ പരിശോധിച്ചു കൊണ്ടിരിക്കവെയാണ് ഫ്രണ്ട് ഡോർ ആരോ വലിച്ചടയ്ക്കുന്ന ശബ്ദം കേട്ടത്. അദ്ദേഹം എഴുന്നേറ്റ് ജാലകത്തിനരികിൽ ചെന്ന് നോക്കി. പുറത്തു കിടന്നിരുന്ന ജീപ്പുകളിൽ ഒന്നിൽ കയറി പാഞ്ഞു പോകുന്ന ജോ എഡ്ജിനെയാണ് അദ്ദേഹം കണ്ടത്.

 

വാതിൽ തുറന്ന് ഒരു ട്രേയുമായി ജാക്ക് കാർട്ടർ പ്രവേശിച്ചു. “ചായ എടുക്കട്ടെ സർ?”

 

മൺറോ തന്റെ ഇരിപ്പിടത്തിനരികിലേക്ക് തിരിച്ചു വന്നു. “എഡ്ജ് ഇപ്പോൾ ജീപ്പുമായി പാഞ്ഞു പോകുന്നത് കണ്ടു ഇത്ര രാവിലെ എങ്ങോട്ടാണാവോ?”

 

Hanged Man ലേക്ക് ആയിരിക്കും സർ E-ബോട്ട് എത്താൻ ഇനി അധികം നേരമില്ലല്ലോ

 

“ശരിയാണ്” മൺറോ പറഞ്ഞു. “നമുക്കും ഇറങ്ങാറായി ചായ പകർന്നോളൂ ജാക്ക്

 

                                                          ***

 

സെർജന്റ് ഹെൻഡേഴ്സൻ ആ ജങ്കേഴ്സിനെ ഹാങ്കറിൽ നിന്നും പുറത്തിറക്കിക്കഴിഞ്ഞിരുന്നു. വിമാനത്തിൽ നിന്നും താഴേക്കിറങ്ങിയതും എഡ്ജിന്റെ ജീപ്പ് എയർസ്ട്രിപ്പിലേക്കെത്തി. ഹെൽമറ്റും ഗോഗ്‌ൾസും എടുത്തണിഞ്ഞ ശേഷം അവൻ ചിൻ‌സ്ട്രാപ്പ് അഡ്ജസ്റ്റ് ചെയ്തു. വിമാനത്തിനടുത്തേക്ക് നടന്നടുക്കവെ അവന്റെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല.

 

“എവ്‌രിതിങ്ങ് ഓൾറൈറ്റ്, സെർജന്റ്?” എഡ്ജ് ചോദിച്ചു.

 

“റെഡി റ്റു ഗോ, സർ

 

വേച്ച് വീഴാൻ പോയ എഡ്ജിനെ ഹെൻഡേഴ്സൻ താങ്ങി നിർത്തി. “യൂ ഓകേ, സർ?” ആ നിമിഷം തന്നെ ജിന്നിന്റെ രൂക്ഷഗന്ധം ഹെൻഡേഴ്സന്റെ മൂക്കിലേക്ക് അടിച്ചു കയറി.

 

“ഒഫ് കോഴ്സ് അയാം ഓകെ, യൂ ഇഡിയറ്റ്” അവനെ തട്ടി മാറ്റിയിട്ട് എഡ്ജ് പറഞ്ഞു. “ആ E-ബോട്ടിനെ ഒരു പാഠം പഠിപ്പിക്കാൻ പോകുകയാണ് ഞാൻ” അവൻ പൊട്ടിച്ചിരിച്ചു. “എല്ലാം കഴിയുമ്പോൾ ഹെയറിനും ഓസ്ബോണിനും മനസ്സിലാവും ആരാണ് ഇവിടുത്തെ യഥാർത്ഥ ഹീറോ എന്ന് മാത്രവുമല്ല, മൺറോ എന്നോട് എന്നും നന്ദിയുള്ളവനുമായിരിക്കും ശരിയല്ലേ?”

 

വിമാനത്തിലേക്ക് കയറാൻ പോയ എഡ്ജിനെ ഹെൻഡേഴ്സൺ തടഞ്ഞു. “ഒരു മിനിറ്റ് സർ ഈ അവസ്ഥയിൽ നിങ്ങൾക്ക് വിമാനം പറപ്പിക്കാനാവുമെന്ന് തോന്നുന്നില്ല

 

അവനെ ശക്തിയായി തള്ളി മാറ്റിയിട്ട് എഡ്ജ് തന്റെ സർവീസ് ഹോൾസ്റ്ററിൽ നിന്നും വാൾട്ടർ പുറത്തെടുത്തു.”ഗെറ്റ് എവേ ഫ്രം മീ!”

 

ഹെൻഡേഴ്സന്റെ കാൽപ്പാദങ്ങൾക്ക് സമീപം നിലത്താണ് പിസ്റ്റളിൽ നിന്നും ഉതിർന്ന വെടിയുണ്ട ചെന്ന് തറച്ചത്. ഭയന്നുപോയ അവൻ വിമാനത്തിന്റെ അടിഭാഗത്ത് കൂടി ഓടി മറുവശത്തെത്തി ഒളിച്ചു. പിറകെ, ഡോർ വലിച്ചടയ്ക്കുന്ന ശബ്ദം കേൾക്കാറായി. അടുത്ത നിമിഷം വിമാനത്തിന്റെ ഇരട്ട BMW റേഡിയൽ എഞ്ചിനുകൾക്ക് ജീവൻ വച്ചു. ഒട്ടും താമസിയാതെ വിമാനം മുന്നോട്ട് നീങ്ങാൻ തുടങ്ങി. ഹാങ്കറിനുള്ളിലേക്ക് ഓടിക്കയറിയ ഹെൻഡേഴ്സൻ ഓഫീസിലെ ടെലിഫോണിന് നേർക്ക് കുതിച്ചു.

 

                                                    ***

 

ഗ്രാൻസെസ്റ്റർ ആബേയിൽ ചായ കുടിച്ച് മഗ്ഗ് മേശപ്പുറത്ത് വയ്ക്കവെയാണ് മൺറോയും ജാക്ക് കാർട്ടറും മുകളിൽ വിമാനത്തിന്റെ ഇരമ്പൽ കേട്ടത്. “ഗുഡ് ഗോഡ്, വാട്ട് വാസ് ദാറ്റ്?” ബ്രിഗേഡിയർ അത്ഭുതപ്പെട്ടു.

 

ഫ്രഞ്ച് ജാലകത്തിനടുത്ത് ചെന്ന് കതക് തുറന്ന് ടെറസിലേക്ക് ഇറങ്ങിയ അദ്ദേഹം കണ്ടത് ഹാർബറിന് തൊട്ടു മുകളിലൂടെ ആ നരച്ച പ്രഭാതത്തിലേക്ക് പറന്നുയരുന്ന ജങ്കേഴ്സ്-88 വിമാനത്തെയാണ്.

 

“വാട്ട് ഇൻ ദി ഹെൽ ഈസ് ഗോയിങ്ങ് ഓൺ, ജാക്ക്?” അദ്ദേഹം ചോദിച്ചു.

 

ആ സമയത്താണ് ലൈബ്രറിയിലെ ഫോൺ റിങ്ങ് ചെയ്യാൻ തുടങ്ങിയത്. കാർട്ടർ ചെന്ന് റിസീവർ എടുത്തു. പറന്നകലുന്ന വിമാനത്തെ വീക്ഷിച്ചു കൊണ്ടു നിന്ന മൺറോ കാർട്ടറുടെ പതിഞ്ഞ സ്വരത്തിലുള്ള സംഭാഷണം കേട്ട് തിരിഞ്ഞു. റിസീവർ ക്രാഡിലിൽ വച്ചിട്ട് തലയുയർത്തിയ കാർട്ടറുടെ മുഖത്ത് പരിഭ്രാന്തിയുണ്ടായിരുന്നു.

 

“എന്താണ് സംഭവം, ജാക്ക്?”

 

“സെർജന്റ് ഹെൻഡേഴ്സൻ ആയിരുന്നു ഫോണിൽ അല്പം മുമ്പ് ജോ എഡ്ജ് അവനെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി ജങ്കേഴ്സിനെ ടേക്ക് ഓഫിന് റെഡിയാക്കി നിർത്താൻ പറഞ്ഞുവത്രെ എന്തോ എമർജൻസി കേസാണെന്നും

 

“എമർജൻസി? വാട്ട് ബ്ലഡി എമർജൻസി?”

 

“ഏതോ ഒരു E-ബോട്ടിനെ ഒരു പാഠം പഠിപ്പിക്കാൻ പോകുകയാണെന്ന് അവൻ പറഞ്ഞുവത്രെ എല്ലാം കഴിയുമ്പോൾ ആരാണ് യഥാർത്ഥ ഹീറോ എന്ന് ഹെയറും ഓസ്ബോണും മനസ്സിലാക്കും എന്നും മാത്രവുമല്ല താങ്കൾ അവനോട് എന്നും നന്ദിയുള്ളവനായിരിക്കുമെന്നും

 

മൺറോ അത്ഭുതം കൂറി. “അവന് ഭ്രാന്താണെന്നാണ് തോന്നുന്നത്

 

“അവൻ മദ്യപിച്ചിട്ടുമുണ്ട് സർ. അവനെ തടയാൻ ശ്രമിച്ച ഹെൻഡേഴ്സന്റെ കാൽചുവട്ടിലേക്ക് വെടിയുതിർക്കുകയും ചെയ്തുവത്രെ

 

“ഡിയർ ഗോഡ്!” മൺറോയുടെ മുഖം വിളറി വെളുത്തിരുന്നു. “ജാക്ക്, വാട്ട് ആർ വീ ഗോയിങ്ങ് റ്റു ഡൂ?”

 

“നത്തിങ്ങ് വീ ക്യാൻ ഡൂ, സർ ലിലി മർലിൻ ഒരിക്കലും അവരുടെ ഷിപ്പ് റ്റു ഷോർ റേഡിയോ ഉപയോഗിക്കാറില്ല അവർക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശമാണത് റോയൽ നേവിയോ കോസ്റ്റ്ഗാർഡോ അത്തരം സന്ദേശങ്ങൾ കേട്ട് ചിന്താക്കുഴപ്പത്തിൽ ആകാതിരിക്കാൻ വേണ്ടിയാണത് അവർക്ക് മുന്നറിയിപ്പ് കൊടുക്കാൻ ഒരു മാർഗ്ഗവുമില്ല ഒരു കാര്യം നമുക്ക് ചെയ്യാൻ പറ്റും കാറെടുത്ത് മുനമ്പ് വരെ ചെന്നാൽ ഹാർബറിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന ബോട്ട് നമുക്ക് കാണാൻ പറ്റും

 

“എന്നാൽ ശരി ജാക്ക്,  പെട്ടെന്ന് തന്നെ നീങ്ങാം നമുക്ക്

 

മൺറോ തന്റെ ബർബെറി കോട്ട് എടുത്തണിഞ്ഞ് തിടുക്കത്തിൽ പുറത്തേക്കിറങ്ങി.

 

                                                 ***

 

കാർട്ടർ ആണ് ജീപ്പ് ഡ്രൈവ് ചെയ്തത്. Hanged Man ന്റെ അടുത്ത് എത്തിയപ്പോഴേക്കും ജൂലി പുറത്തിറങ്ങി വന്നു. കാർട്ടർ വേഗത കുറച്ച് വാഹനം നിർത്തി.

 

“എന്താണ് സംഭവം? ജോ എങ്ങോട്ടാണ് പോയത്?” ജൂലി ചോദിച്ചു.

 

“വണ്ടിയിൽ കയറൂ” മൺറോ ആജ്ഞാപിച്ചു.

 

ജൂലി പിറകിലെ സീറ്റിൽ ചാടിക്കയറി ഇരുന്നു. കാർട്ടർ ജീപ്പ് മുന്നോട്ടെടുത്തു. “എഡ്ജിന് സമനില തെറ്റിയെന്നാണ് തോന്നുന്നത്

 

“ശരിയ്ക്കും അവന്റെ ഉദ്ദേശ്യം എന്താണെന്ന് നമുക്ക് അറിയില്ലല്ലോ ജാക്ക്” മൺറോ പറഞ്ഞു. “രാവിലെ തന്നെ അമിതമായി മദ്യപിച്ചിട്ടുണ്ടവൻ വേറൊന്നുമല്ല അതിന്റെ കെട്ടിറങ്ങുമ്പോൾ എല്ലാം ശരിയായിക്കോളും

 

“എന്താണ് സംഭവമെന്ന് പറയൂ” ജൂലി പറഞ്ഞു. മുനമ്പിലേക്ക് ഡ്രൈവ് ചെയ്യവെ, നടന്ന കാര്യമെല്ലാം കാർട്ടർ വിവരിച്ചു. എല്ലാം കേട്ടു കഴിഞ്ഞതും ജൂലി പറഞ്ഞു. “അല്ലെങ്കിലേ അവൻ അര വട്ടനാണ് ഇപ്പോൾ അത് പൂർണ്ണമായി ഇനിയെന്താണുണ്ടാവുക എന്ന് ദൈവത്തിന് മാത്രമറിയാം

 

റോഡിൽ നിന്നും പുൽത്തട്ടിലേക്ക് ഇറങ്ങിയ ജീപ്പ് കടലിന് തൊട്ടു മുകളിൽ മുനമ്പിന്റെ അറ്റത്തേക്ക് ചെന്നു. കാർട്ടർ ബ്രേക്ക് ചെയ്ത് വാഹനം നിർത്തി. “ഇതിനകത്ത് ഒരു ബൈനോക്കുലേഴ്സ് ഞാൻ ഇട്ടിരുന്നല്ലോ” അദ്ദേഹം ഡാഷ്ബോർഡിനുള്ളിൽ തിരഞ്ഞു. “യെസ്, കിട്ടിപ്പോയി, ഇവിടെയുണ്ട്

 

ജീപ്പിൽ നിന്നും പുറത്തിറങ്ങി അവർ മുന്നോട്ട് നടന്നു. വല്ലാത്തൊരു പ്രഭാതം തന്നെ. ചക്രവാളത്തിൽ വളരെ താഴ്ന്ന് കടലിനോട് മുട്ടിയുരുമ്മി നിരയായി നിൽക്കുന്ന ഇരുണ്ട മേഘങ്ങൾ. കടലിന് മേലെ മൂടൽമഞ്ഞ് വ്യാപിച്ചിട്ടുണ്ടെങ്കിലും നിർത്താതെ വീശുന്ന കാറ്റ് അവയ്ക്കിടയിൽ അങ്ങിങ്ങായി വലിയ വിടവുകൾ സൃഷ്ടിച്ചിട്ടുണ്ട്. കടൽ പ്രക്ഷുബ്ധമാണ്. ഉയർന്നു പൊങ്ങുന്ന തിരമാലകൾ താഴെ തീരത്ത് ആഞ്ഞടിക്കുന്നു.

 

ജൂലി പെട്ടെന്ന് ദൂരേയ്ക്ക് കൈ ചൂണ്ടി. “അതാ, അവർ

 

ഏതാണ്ട് ഒരു മൈൽ അകലെ, മൂടൽമഞ്ഞിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്നും ലിലി മർലിൻ പുറത്തേക്ക് വന്നു. കൊടിമരത്തിൽ പാറിക്കളിക്കുന്ന ക്രീഗ്സ്മറീൻ പതാകയുമായി സാമാന്യം നല്ല വേഗതയിൽ കോൾഡ് ഹാർബറിന് നേർക്ക് കുതിച്ചു കൊണ്ടിരിക്കുകയാണ് ആ ബോട്ട്. പെട്ടെന്നാണ് കാർമേഘക്കൂട്ടത്തിനിടയിൽ നിന്നും ആ ജങ്കേഴ്സ് വിമാനം പരുന്ത് തന്റെ ഇരയെ പിടിക്കാനെന്ന പോലെ ആ E-ബോട്ടിന് നേർക്ക് താഴ്ന്ന് പറന്നെത്തിയത്. അടുത്ത നിമിഷം പീരങ്കികൾ വെടിയുതിർക്കുന്ന ശബ്ദം കേൾക്കാറായി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Sunday, February 15, 2026

കോൾഡ് ഹാർബർ - 75

കോർണിഷ് തീരം ലക്ഷ്യമാക്കി, ഉയർന്നു പൊങ്ങുന്ന തിരമാലകൾക്ക് മുകളിലൂടെ അഴിച്ചുവിട്ട ഒരു വേട്ടനായയെ പോലെ നുര ചിന്തി ലിലി മർലിൻ കുതിക്കവെ മഴ ശക്തി പ്രാപിച്ചിരുന്നു. കിഴക്കൻ ചക്രവാളത്തിൽ അരുണോദയം ചായം ചാലിച്ചു തുടങ്ങിയിരിക്കുന്നു. ആ ചെറിയ റൂമിലെ ബങ്കിലിരുന്ന് കൊച്ചു ജാലകത്തിലൂടെ ജെനവീവ് പുറത്തേക്ക് നോക്കി. അങ്ങകലെ വിജനമായ തീരം കാണാനുണ്ട്.

 

എതിർവശത്തെ ബങ്കിൽ ഇരിക്കുന്ന ക്രെയ്ഗ് അപ്പോഴും ആ ഷീപ്‌സ്കിൻ ജാക്കറ്റ് ധരിച്ചിട്ടുണ്ടായിരുന്നു. ഷ്മിഡ്റ്റ് ചായയുമായി എത്തി. “ഇംഗ്ലണ്ടിന്റെ മനോഹാരിതയിലേക്ക് ഇനി അധിക ദൂരമില്ല” തന്റെ മഞ്ഞനിറമുള്ള ഓയിൽസ്കിൻ കോട്ടിന് മുകളിൽ ഒരു ലൈഫ് ജാക്കറ്റ് കൂടി അണിഞ്ഞിരുന്നു അയാൾ.

 

“എന്താണ്, ലൈഫ് ജാക്കറ്റൊക്കെ ധരിച്ചിട്ടുണ്ടല്ലോ?”

 

“ക്യാപ്റ്റന്റെ ഓർഡറാണ് ഒന്ന് കരുതിയിരിക്കുന്നത് നല്ലതാണെന്നാണ് അദ്ദേഹം പറഞ്ഞത്” ഷ്മിഡ്റ്റ് താൻ കൊണ്ടുവന്ന മഗ്ഗുകൾ മേശപ്പുറത്ത് വച്ചു. “നിങ്ങളുടെ ലൈഫ് ജാക്കറ്റുകൾ ബങ്കിനടിയിലുള്ള ലോക്കറിൽ ഉണ്ട്

 

അയാൾ പുറത്തേക്ക് പോയി. ജെനവീവ് കാലുകൾ ഉയർത്തി. ലോക്കർ തുറന്ന ക്രെയ്ഗ് അതിനുള്ളിൽ നിന്നും രണ്ട് ക്രീഗ്സ്മറീൻ ലൈഫ് ജാക്കറ്റുകൾ പുറത്തെടുത്തു. അത് ധരിക്കാൻ അവളെ സഹായിച്ചതിന് ശേഷം ഒരെണ്ണമെടുത്ത് അദ്ദേഹം സ്വയം അണിഞ്ഞു. ശേഷം അവൾക്ക് എതിർവശത്ത് ഇരുന്നിട്ട് അദ്ദേഹം ചായ എടുത്തു കുടിച്ചു.

 

അവൾ അദ്ദേഹത്തിന് ഒരു സിഗരറ്റ് നീട്ടി. “ഇതിന്റെ കാര്യത്തിൽ ഇത്തിരി ശ്രദ്ധ കൂടിയേ തീരൂ” അവൾ ആ സിഗരറ്റ് പാക്കറ്റ് ഉയർത്തിക്കാണിച്ചു. “വെള്ളത്തിൽ മുങ്ങി ഇതിനുള്ളിലെ ഫിലിം കേടുവരാൻ പാടില്ല

 

“അതേക്കുറിച്ചോർത്ത് ഭയപ്പെടേണ്ട” അദ്ദേഹം പറഞ്ഞു. “ജീനിയസുകളാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്

 

അല്പനേരത്തേക്ക് അവർക്കിടയിൽ മൗനം നിറഞ്ഞു. പിന്നെ അവൾ ചോദിച്ചു. “നമ്മുടെ കാര്യത്തിൽ ഇനി എന്താണ് സംഭവിക്കുക, ക്രെയ്ഗ്?”

 

“ആർക്കറിയാം സ്ഥിതിഗതികൾ ആകെ മാറിമറിഞ്ഞിരിക്കുന്നു നിന്റെ ദൗത്യം നീ നിറവേറ്റിക്കഴിഞ്ഞു അറ്റ്‌ലാന്റിക്ക് പ്രതിരോധനിരയെക്കുറിച്ചുള്ള രേഖകളുടെയെല്ലാം ഫോട്ടോ നീ എടുത്തിരിക്കുന്നു ഇതിൽ ഏറ്റവും പ്രധാനപ്പെട്ട വിഷയം ജർമ്മൻകാർക്ക് അക്കാര്യം അറിയില്ല എന്നതാണ് അതുകൊണ്ട് അവരുടെ പ്ലാനുകളിൽ ഒരു മാറ്റവും വരുത്താൻ പോകുന്നില്ല

 

“അതുകൊണ്ട്?”

 

“എന്നു വച്ചാൽ നീയിപ്പോൾ ഒരു ഹീറോയിനാണ് ശരിയല്ലേ? ഇനി അതല്ല, ഞാനും മാർട്ടിനും കൂടി നിന്നെ രക്ഷിക്കാൻ അങ്ങോട്ട് വന്നില്ലായിരുന്നെങ്കിലോ?” അദ്ദേഹം ചുമൽ വെട്ടിച്ചു. “കഴിവിന്റെ പരമാവധി പരിശ്രമിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല എന്ന് അദ്ദേഹം പറയും എന്തു തന്നെയായാലും അദ്ദേഹം അത് തനിക്ക് അനുകൂലമാക്കി മാറ്റും ഇനിയിപ്പോൾ ജനറൽ ഐസൻഹോവർ ആ ചിത്രങ്ങൾ എല്ലാം കാണും മൺറോ ഒരു മാന്ത്രികനാണെന്നായിരിക്കും അദ്ദേഹം പറയുക

 

“എന്നിട്ട്?”

 

“ഒന്ന് കഴിഞ്ഞിട്ട് അടുത്തതിനെക്കുറിച്ച് ആലോചിക്കാം” അദ്ദേഹം എഴുന്നേറ്റു. “വരൂ, നമുക്ക് ഡെക്കിൽ പോയി അല്പം ശുദ്ധവായു ശ്വസിക്കാം

 

ഡെക്കിലേക്ക് ചെല്ലുമ്പോൾ തൊട്ടുമുമ്പ് ആഞ്ഞടിച്ച തിരമാലയുടെ വെള്ളം ക്യാൻവാസ് ഷെയ്ഡിന് അടിയിൽ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. ബോട്ടിന്റെ മുൻഭാഗത്തെ 20mm ആന്റി എയർക്രാഫ്റ്റ് ഗണ്ണും പിൻഭാഗത്തെ ബോഫോഴ്സ് ഗണ്ണും പ്രവർത്തന സജ്ജമാക്കി രണ്ട് നാവികർ നിൽക്കുന്നുണ്ട്. ജെനവീവും തൊട്ടു പിന്നാലെ ക്രെയ്ഗും ലാഡർ വഴി ബ്രിഡ്ജിലേക്ക് കയറി. ലാങ്ങ്സ്ഡോർഫ് ആയിരുന്നു വീൽഹൗസിനുള്ളിൽ. മാർട്ടിൻ ഹെയർ ബോട്ടിന്റെ യാത്രാപഥം രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

 

“എങ്ങനെ പോകുന്നു കാര്യങ്ങൾ?” ക്രെയ്ഗ് ആരാഞ്ഞു.

 

“വളരെ നന്നായി പോകുന്നു ഏറിയാൽ ഒരു മണിക്കൂർ പക്ഷേ, കടൽ പ്രക്ഷുബ്ധമാണ്” അദ്ദേഹം പുറത്തേക്ക് നോക്കി. “ഇനിയും മോശമാകാനാണ് സാദ്ധ്യത അതിന് മുമ്പ് നമുക്കവിടെ എത്താനാകുമെന്ന് കരുതുന്നു

 

ക്രെയ്ഗ് അവളെ ചേർത്തു പിടിച്ചു. “എനിക്കൊരു ഐഡിയ ഇന്ന് രാത്രി ഡിന്നർ സാവോയ് ഹോട്ടലിൽ ഷാംപെയ്നും നൃത്തവും ഒക്കെയായി

 

അവൾക്ക് മറുപടി പറയാൻ കഴിയുന്നതിന് മുമ്പ് മാർട്ടിൻ ഹെയർ കൈ ഉയർത്തി. “അതിലും നല്ലൊരു ഐഡിയ ഞാൻ പറയാം” അദ്ദേഹം പോക്കറ്റിൽ നിന്നും ഒരു നാണയം പുറത്തെടുത്തു. “ഇതൊന്ന് ടോസ് ചെയ്ത് നോക്കട്ടെ, ആർക്കാണ് ജെനവീവിനൊപ്പം ചുവട് വയ്ക്കാൻ ആദ്യം അവസരം ലഭിക്കുന്നതെന്ന്

 

                                               ***

 

രാവിലെ അഞ്ചര മണിയായിരിക്കുന്നു. കോൾഡ് ഹാർബറിൽ ഇപ്പോഴും മഴ തുടരുകയാണ്. ഗ്രാൻസെസ്റ്റർ ആബേയിലെ റൂമിന്റെ ജാലകത്തിനരികിൽ ഇരുന്ന് ടിൻ മഗ്ഗിലെ ജിൻ കഴിച്ചു കൊണ്ടിരിക്കുകയാണ് ജോ എഡ്ജ്. ആ നരച്ച പ്രഭാതത്തിലേക്ക് അവൻ നീരസത്തോടെ നോക്കി. അരക്കുപ്പിയിലേറെ ഇതിനോടകം അകത്താക്കിയിരിക്കുന്നു. പക ഇപ്പോഴും ഉള്ളിൽ എരിഞ്ഞ് കത്തുകയാണ്. ഇനി അധികം താമസിയാതെ ലിലി മർലിൻ ഹാർബറിലേക്ക് എത്തിച്ചേരും. വീരനായകരുടെ മടങ്ങി വരവ് മാർട്ടിൻ ഹെയറും ജെനവീവ് ട്രെവോൺസ് എന്ന ആ കൊടിച്ചിപ്പട്ടിയും പിന്നെ ആ അമേരിക്കക്കാരൻ ക്രെയ്ഗ് തന്നെയും തന്റെ വംശത്തെയും അധിക്ഷേപിച്ചവൻ അവന്റെ രോഷം ആളിക്കത്തി. കുറേക്കൂടി ജിൻ അവൻ മഗ്ഗിലേക്കൊഴിച്ചു. അത് ചുണ്ടോടടുപ്പിക്കാൻ തുനിയവെ അവന്റെ മനസ്സിലൂടെ പെട്ടെന്ന് ഒരു ചിന്ത പാഞ്ഞു പോയി. അതെ ഇതു തന്നെ അവസരം എല്ലാത്തിനെയും ഒരു പാഠം പഠിപ്പിക്കാനുള്ള പറ്റിയ അവസരം

 

“മൈ ഗോഡ്, ഇറ്റ്സ് ബ്യൂട്ടിഫുൾ” അവൻ ആർത്തുചിരിച്ചു. “ഞാൻ ആരാണെന്ന് ആ ബാസ്റ്റർഡുകളെ ഒന്ന് കാണിച്ചു കൊടുത്തിട്ടു തന്നെ കാര്യം

 

ഫോൺ എടുത്ത് അവൻ ചീഫ് മെക്കാനിക്ക് സെർജന്റ് ഹെൻഡേഴ്സണ് ഡയൽ ചെയ്തു. ബാക്കിയുള്ള ഗ്രൗണ്ട് ക്രൂവിനൊപ്പം ഹാങ്കറിന് പിന്നിലെ കൂടാരത്തിലാണ് അവൻ തങ്ങുന്നത്. കുറേയേറെ നേരം റിങ്ങ് ചെയ്തതിന് ശേഷമാണ് അപ്പുറത്ത് റിസീവർ എടുത്തത്. ഹെൻഡേഴ്സന്റെ ഉറക്കച്ചടവോടെയുള്ള സ്വരം കാതിലെത്തി. “യെസ്, ആരാണിത്?”

 

“യൂ ഫൂൾ, ഇത് ഞാനാണ്” എഡ്ജ് പറഞ്ഞു. “അവിടെ കിടക്കുന്ന ജങ്കേഴ്സ് പത്ത് മിനിറ്റിനുള്ളിൽ ടേക്ക് ഓഫ് ചെയ്യാൻ റെഡിയായിരിക്കണം

 

“എന്തു പറ്റി സർ? എമർജൻസിയാണോ?” ഹെൻഡേഴ്സൺ പെട്ടെന്ന് തന്നെ ജാഗരൂകനായി.

 

“അതെ അവിടെ വന്നിട്ട് കാണാം നമുക്ക്” ഫോൺ താഴെ വച്ചിട്ട് എഡ്ജ് തന്റെ ഫ്ലൈയിങ്ങ് ബൂട്ട്സും ജാക്കറ്റും എടുത്തണിഞ്ഞു. ശേഷം പുറത്ത് കടന്ന് സ്റ്റെയർകെയ്സിലൂടെ താഴേക്ക് ഓടിയിറങ്ങി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, February 5, 2026

കോൾഡ് ഹാർബർ - 74

അദ്ധ്യായം – പതിനാറ്

 

പ്രിൻസ് ആൽബ്രസ്ട്രാസയിലെ തന്റെ ഓഫീസിനോട് തൊട്ടു ചേർന്ന ചെറിയ സ്റ്റഡീറൂമിലാണ് മിക്കപ്പോഴും രാത്രിയിൽ ഹെൻട്രിച്ച് ഹിംലർ തങ്ങിയിരുന്നത്. പുലർച്ചെ ഏതാണ്ട് നാലു മണി ആയപ്പോൾ ഹോപ്റ്റ്‌സ്റ്റംഫ്യൂറർ റോസ്മാൻ അതിന്റെ വാതിൽക്കൽ അങ്കലാപ്പോടെ എത്തി. ശേഷം തെല്ല് സംശയത്തോടെ കതകിൽ മുട്ടിയിട്ട് ഉള്ളിൽ കടന്നു. ബെഡ് ലാമ്പ് ഓൺ ചെയ്ത റൈഫ്യൂറർ അപ്പോഴേക്കും തന്റെ വീതി കുറഞ്ഞ ക്യാമ്പ് ബെഡ്ഡിൽ എഴുന്നേറ്റ് ഇരുന്നു.

 

“എന്തു പറ്റി റോസ്മാൻ?”

 

“ഒരു അശുഭ വാർത്തയുണ്ട്, റൈഫ്യൂറർ” റോസ്മാൻ തന്റെ കൈയിലെ സിഗ്നൽ പേപ്പർ ഉയർത്തി കാണിച്ചു. “വോൺകോർട്ട് കൊട്ടാരത്തെ സംബന്ധിച്ചാണ്

 

തന്റെ കണ്ണട എടുത്ത് മുഖത്ത് വച്ച് അഡ്ജസ്റ്റ് ചെയ്തിട്ട് ഹിംലർ കൈ നീട്ടി. “നോക്കട്ടെ

 

തിടുക്കത്തിൽ വായിച്ചിട്ട് അദ്ദേഹം അത് തിരികെ നൽകി. “ദേശദ്രോഹികളുടെ കൂടാരമാണ് അവിടം എന്റെ ഊഹം ശരിയായിരുന്നു റോസ്മാൻ പുറമെ കാണുന്നത് പോലെയായിരുന്നില്ല ഒന്നും പ്രീമിന്റെ ഒരു വിവരവുമില്ല എന്നാണോ?”

 

“അങ്ങനെയാണ് മനസ്സിലാവുന്നത്, റൈഫ്യൂറർ

 

“കൊല്ലപ്പെട്ടിരിക്കാം ഏതറ്റം വരെയും പോകുന്ന മൃഗങ്ങളാണ് ഈ ഫ്രഞ്ച് ഭീകര സംഘടനയിൽ ഉള്ളവർ

 

“പക്ഷേ, എന്താണിതിന്റെയൊക്കെ അർത്ഥം? എന്തായിരുന്നിരിക്കും അവരുടെ ഉദ്ദേശ്യം?”

 

“വളരെ വ്യക്തമല്ലേ അത് റോമൽ ആയിരുന്നു അവരുടെ ലക്ഷ്യം വലിയൊരു അട്ടിമറി ആകുമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം അത് ഉറങ്ങാൻ പോകുന്നതിന് മുമ്പ് നിങ്ങൾ തന്ന ആ റിപ്പോർട്ട് അനുസരിച്ച് അവിടുത്തെ കോൺഫറൻസ് കഴിഞ്ഞയുടൻ രാത്രിയിൽ തന്നെ റോമൽ പാരീസിലേക്ക് തിരിച്ചിരുന്നു അവരുടെ കണക്കുകൂട്ടൽ തെറ്റിപ്പോയി എന്നു മാത്രം

 

“ശരിയാണ്, റൈഫ്യൂറർ എല്ലാം വ്യക്തമാകുന്നു ആ പ്രദേശത്തുള്ള നമ്മുടെ ട്രൂപ്പുകൾ എല്ലാം ഫുൾ അലർട്ടിലാണ് ഇപ്പോൾ സകലയിടത്തും തിരച്ചിൽ നടത്തുകയാണവർ പുതിയ ഓർഡറുകൾ എന്തെങ്കിലും കൊടുക്കാനുണ്ടോ റൈഫ്യൂറർ?”

 

“ഉണ്ട് ഗ്രാമങ്ങളിൽ നിന്നും പിടികൂടിയ നൂറോളം പേരുണ്ട് അവരുടെയെല്ലാം വധശിക്ഷ മദ്ധ്യാഹ്നത്തോടെ നടപ്പാക്കിയിരിക്കണം ഈ മനുഷ്യരെ ഒരു പാഠം പഠിപ്പിച്ചേ മതിയാകൂ” തന്റെ കണ്ണട ഊരി അദ്ദേഹം മേശപ്പുറത്ത് വച്ചു.

 

“താങ്കളുടെ ആജ്ഞ പോലെ, റൈഫ്യൂറർ

 

“ആറു മണിയ്ക്ക് എന്നെ വിളിക്കണം...” തികച്ചും ശാന്തനായി പറഞ്ഞിട്ട് ഹെൻട്രിച്ച് ഹിംലർ ലൈറ്റിന്റെ സ്വിച്ച് ഓഫ് ചെയ്തു.

 

                                                         ***

 

നേരം പുലരാൻ ഇനിയും സമയമുണ്ട്. ഇരുട്ട് മാറിയിട്ടില്ല. ബ്രിഗേഡിയർ ഡോഗൽ മൺറോ ഗ്രാൻസെസ്റ്റർ ആബേയിൽ നിന്നും ഇറങ്ങി കോൾഡ് ഹാർബറിലേക്ക് നടന്നു. മഴ ചാറുന്നുണ്ട്. പഴയൊരു തുണിത്തൊപ്പി ധരിച്ചിരിക്കുന്ന അദ്ദേഹം തണുപ്പിൽ നിന്നും ആശ്വാസത്തിനായി ഒരു കൈ കൊണ്ട് തന്റെ കോട്ടിന്റെ കോളർ തൊണ്ടയോട് ചേർത്ത് പിടിച്ചിട്ടുണ്ട്. നിവർത്തിപ്പിടിച്ച കുടയുമായി നീങ്ങവെ അദ്ദേഹം Hanged Man പബ്ബിലേക്ക് ഒന്ന് നോക്കി. കാറ്റിൽ ഇളകുന്ന കർട്ടന്റെ വിടവിലൂടെ ഉള്ളിലെ ലൈറ്റിന്റെ പ്രകാശം കാണാനുണ്ട്.

 

വാതിൽ തുറന്ന് അദ്ദേഹം ഉള്ളിലേക്ക് കയറി. കൈയിൽ ഒരു ഗ്ലാസുമായി ജൂലി ലെഗ്രാൻഡ് നെരിപ്പോടിനരികിൽ ഇരിക്കുന്നുണ്ടായിരുന്നു.

 

“ആഹ്, ഇവിടെയുണ്ടായിരുന്നോ?” വെള്ളം കുടഞ്ഞു കളഞ്ഞിട്ട് അദ്ദേഹം കുട ഒരു മൂലയ്ക്ക് വച്ചു. “ഉറങ്ങാൻ പറ്റുന്നില്ല ഇല്ലേ? എന്നെപ്പോലെ തന്നെ

 

“വാർത്ത എന്തെങ്കിലും?” അവർ ചോദിച്ചു.

 

“ഇതു വരെയില്ല ജാക്ക് റേഡിയോ റൂമിൽത്തന്നെയുണ്ട്” ഹാറ്റും കോട്ടും അഴിച്ചു മാറ്റി അദ്ദേഹം കൈകൾ നെരിപ്പോടിന് മുകളിൽ പിടിച്ച് തീ കാഞ്ഞു. “ഈ നേരത്ത് എന്താണ് നിങ്ങൾ കഴിച്ചു കൊണ്ടിരിക്കുന്നത്?”

 

“വിസ്കി” അവർ പറഞ്ഞു. “അല്പം നാരങ്ങ നീര്, പഞ്ചസാര, പിന്നെ തിളപ്പിച്ച വെള്ളം കുട്ടിക്കാലത്ത് ജലദോഷം വരുമ്പോൾ മുത്തശ്ശി പറഞ്ഞു തന്ന മരുന്നാണ് ഇപ്പോഴും അത് തുടരുന്നു

 

“പക്ഷേ, ഈ പുലർച്ചയ്ക്ക് തന്നെ?”

 

“എന്തു ചെയ്യാം ഇന്നത്തെ ദിനം സംഭവ ബഹുലമായിരിക്കുമല്ലോ ബ്രിഗേഡിയർ

 

“ആ വിഷയത്തെക്കുറിച്ച് ഇനിയുമൊരു ചർച്ച വേണ്ട ജൂലീ നിങ്ങളെല്ലാം കൂടി നടത്തിയ ഈ വൃത്തികെട്ട കളിയിലെ നിങ്ങളുടെ പങ്ക് മറക്കാൻ ഞാൻ തയ്യാറാണെന്ന് പറഞ്ഞല്ലോ ആരോപണ പ്രത്യാരോപണങ്ങൾ ഇനി വേണ്ട നമുക്കത് മറക്കാം ഒരു ചായ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ?”

 

“തീർച്ചയായും കിച്ചണിൽ സ്റ്റൗവിന് മുകളിൽ കെറ്റിൽ ഉണ്ട് ചായപ്പാത്രവും പാലും അതിനടുത്ത് കാണും

 

“ഓ, ഡിയർ അങ്ങനെയാണോ?”

 

ബാറിന് പിറകിലൂടെ അദ്ദേഹം കിച്ചണിലേക്ക് നടന്നു. നെരിപ്പോടിലെ തീക്കനലുകൾ ഒന്ന് ഇളക്കിയിട്ടതിന് ശേഷം ജൂലി ജാലകത്തിനരികിലേക്ക് ചെന്ന് കർട്ടൻ വകഞ്ഞു മാറ്റി പുറത്തേക്ക് എത്തി നോക്കി. ചക്രവാളത്തിൽ അരുണോദയത്തിന്റെ ലാഞ്ഛന കാണാനുണ്ട്. കർട്ടൻ വലിച്ചിട്ട് അവർ തിരികെ നെരിപ്പോടിനരികിലേക്ക് വന്നു. കപ്പിലെ ചായ സ്പൂൺ കൊണ്ട് ഇളക്കിക്കൊണ്ട് മൺറോയും എത്തി. അപ്പോഴാണ് പുറത്ത് ഒരു വാഹനം വന്ന് ബ്രേക്ക് ചെയ്യുന്ന ശബ്ദം കേട്ടത്. അടുത്ത നിമിഷം തുറക്കപ്പെട്ട വാതിലിലൂടെ കാറ്റ് അകത്തേക്ക് അടിച്ചു കയറി. പിന്നാലെ ജാക്ക് കാർട്ടറും ജോ എഡ്ജും ഉള്ളിലേക്ക് പ്രവേശിച്ചു.

 

അല്പം പ്രയാസപ്പെട്ട് എഡ്ജ് വാതിൽ ചേർത്തടച്ചു. അവരെ നോക്കി മൺറോ ചോദിച്ചു. “എന്തെങ്കിലും വിവരങ്ങൾ?”

 

കാർട്ടർ പുഞ്ചിരിച്ചു. അവിശ്വസനീയ ഭാവമായിരുന്നു ആ മുഖത്ത്. “ഹീ ഡിഡ് ഇറ്റ് സർ ക്രെയ്ഗ് അവളെ അവിടെ നിന്നും പുറത്തെത്തിച്ചു

 

ജൂലി ചാടിയെഴുന്നേറ്റു. “ഉറപ്പാണോ നിങ്ങൾക്ക്?”

 

“തീർച്ചയായും” കാർട്ടർ തന്റെ ട്രെഞ്ച്കോട്ടിന്റെ ബട്ടനുകൾ അഴിച്ചു. “പതിനഞ്ച് മിനിറ്റ് മുമ്പ് ഗ്രാൻഡ് പിയറിന്റെ മെസേജ് ഉണ്ടായിരുന്നു ക്രെയ്ഗ് കൊട്ടാരത്തിലേക്ക് പോയ സമയത്ത് മാർട്ടിൻ ഹെയർ ലിലി മർലിനുമായി ഗ്രോസ്നെസിൽ കാത്തുകിടന്നു പാതിരാത്രി കഴിഞ്ഞയുടൻ അവർ ഗ്രോസ്നെസിൽ നിന്നും തിരിച്ചു ഭാഗ്യം തുണച്ചാൽ ഏതാണ്ട് ഒന്നര മണിക്കൂറിനുള്ളിൽ അവർ ഇവിടെയെത്തും

 

ജൂലി അദ്ദേഹത്തിന്റെ കഴുത്തിലൂടെ കൈ ചുറ്റി ആലിംഗനം ചെയ്തു.

 

“ഞാൻ പറയാറില്ലേ, ഈ ക്രെയ്ഗ് ഹൂഡിനിയെ പോലെയാണെന്ന്” മൺറോ പറഞ്ഞു. “ഏത് നരകത്തിൽ കൊണ്ടു ചെന്നിട്ടാലും ചങ്ങല പൊട്ടിച്ച് പുറത്ത് വരും നമുക്ക് പണി തരാനായിട്ട്

 

എഡ്ജ് തന്റെ ലുഫ്ത്‌വാഫ് യൂണിഫോമിന് മുകളിൽ ഒരു കറുത്ത മിലിട്ടറി ട്രെഞ്ച്കോട്ട് ധരിച്ചിട്ടുണ്ടായിരുന്നു. സാവധാനം അത് അഴിച്ചു വച്ചിട്ട് അയാൾ ബാർ കൗണ്ടറിന് പിന്നിൽ ചെന്ന് ഒരു ലാർജ് ജിൻ ഗ്ലാസിലേക്ക് പകർന്നു. അയാളുടെ മുഖം ശാന്തമായിരുന്നുവെങ്കിലും ഉള്ളിലുള്ള രോഷം മുഴുവനും ആ കണ്ണുകളിൽ കാണാമായിരുന്നു. ഭ്രാന്തു പിടിച്ച അവസ്ഥ.

 

“മഹാത്ഭുതം എന്ന് തന്നെ പറയാം, അല്ലേ സർ?” കാർട്ടർ മൺറോയോട് ചോദിച്ചു.

 

“തികച്ചും നാടകീയം, ജാക്ക് പക്ഷേ, വിപരീത ഫലം ഉളവാക്കുന്നതാണെന്ന് മാത്രം” ബ്രിഗേഡിയർ പറഞ്ഞു.

 

പരിഹാസഭാവത്തിൽ ജൂലി പൊട്ടിച്ചിരിച്ചു. “നിങ്ങളുടെ സകല കുതന്ത്രങ്ങളും ക്രെയ്ഗ് പൊളിച്ചടുക്കി അല്ലേ? അദ്ദേഹമെന്നല്ല, അവർ ആരും തിരിച്ചു വരാതിരിക്കുകയായിരുന്നു നിങ്ങൾക്ക് നല്ലത് അല്ലേ?”

 

“നിങ്ങൾക്ക് എന്ത് വേണമെങ്കിലും ചിന്തിക്കാമല്ലോ പക്ഷേ, അത് അല്പം ഹിസ്റ്റീരിക്കൽ ആണെന്ന് മാത്രം” മൺറോ തന്റെ കോട്ട് എടുത്ത് അണിഞ്ഞു. “എനിക്ക് ധാരാളം ജോലിയുണ്ട് ചെയ്തു തീർക്കാൻ ജാക്ക്, എന്നെ റൂമിലേക്കൊന്ന് കൊണ്ടുവിടണം” അദ്ദേഹം എഡ്ജിന് നേർക്ക് തിരിഞ്ഞു. “ഞങ്ങളോടൊപ്പം വരുന്നോ?”

 

“നോ, താങ്ക്സ് സർ ഞാൻ നടന്നു വന്നോളാം അല്പം ശുദ്ധവായു ശ്വസിക്കണം

 

അവർ പുറത്തേക്കിറങ്ങി. ജൂലിയുടെ രോഷം അപ്പോഴും ശമിച്ചിരുന്നില്ല. അവർ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു. “ആ ബ്രിഗേഡിയർ ഇങ്ങനെയൊരു നശിച്ച മനുഷ്യൻ

 

“അത് നിങ്ങൾ അദ്ദേഹത്തോട് നേരിട്ട് തന്നെ പറയുകയും ചെയ്തല്ലോ” എഡ്ജ് ബാർ കൗണ്ടറിന് പിറകിൽ നിന്നും ഒരു ജിൻ ബോട്ട്‌ൽ എടുത്ത് പോക്കറ്റിൽ നിക്ഷേപിച്ചു. “എനി വേ, എനിക്കല്പം ഉറങ്ങണം ഒരു നീണ്ട രാത്രിയായിരുന്നു ഇന്നലെ

 

അയാൾ പുറത്തേക്കിറങ്ങി. കാറ്റിന് ശക്തിയേറുന്നുണ്ട്. ജെട്ടിയുടെ അറ്റത്ത് ചെന്ന് നിന്ന് അയാൾ ദൂരെ കടലിലേക്ക് നോക്കി. പിന്നെ, ബോട്ട്‌ൽ തുറന്ന് കുറെയേറെ ജിൻ അകത്താക്കി.

 

“ഡാംൻ യൂ, ഓസ്ബോൺ” അയാൾ മന്ത്രിച്ചു. “ഡാംൻ യൂ ആൻഡ് യുവർ ബിച്ച് റ്റു ഹെൽ! നശിച്ചു പോകട്ടെ രണ്ടും

 

ബോട്ട്‌ൽ തിരികെ പോക്കറ്റിൽ നിക്ഷേപിച്ചിട്ട് അയാൾ തിരിഞ്ഞ് കല്ല് പാകിയ പാതയിലൂടെ ഗ്രാൻസെസ്റ്റർ ആബേയുടെ നേർക്ക് നടന്നു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...