Wednesday, December 25, 2024

കോൾഡ് ഹാർബർ - 22

Hanged Man പബ്ബിലെ ബാറിനുള്ളിൽ പ്രവേശിച്ച ജെനവീവിന് ആകെപ്പാടെ അത്ഭുതമായിരുന്നു. ജാലകത്തിനരികിലെ മേശയ്ക്ക് ചുറ്റുമായി അവളും ബ്രിഗേഡിയറും ക്രെയ്ഗും മാർട്ടിൻ ഹെയറും ഇരുന്നു. ജൂലി ലെഗ്രാൻഡ് പാചകം ചെയ്ത പോർക്കിറച്ചിയും കോഴിമുട്ടയും ഷ്മിഡ്റ്റ് ആണ് അടുക്കളയിൽ നിന്നും കൊണ്ടുവന്ന് വച്ചത്. ലിലി മർലിൻ കപ്പലിന്റെ ക്രൂവിലെ അംഗങ്ങളിൽ ചിലരെല്ലാം നെരിപ്പോടിനരികിൽ ഇരുന്ന് പതിഞ്ഞ സ്വരത്തിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. മറ്റു ചിലരാകട്ടെ ചീട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്.

 

“ഇന്ന് വളരെ മര്യാദക്കാരാണല്ലോ എല്ലാവരും” മൺറോ അത്ഭുതപ്പെട്ടു.

 

“അത് ഇന്നത്തെ നമ്മുടെ അതിഥിയുടെ ഗുണമാണ് സർ” അടുക്കളയിൽ നിന്നും കുറച്ച് ബ്രെഡ് ടോസ്റ്റ് കൊണ്ടുവന്ന് മേശപ്പുറത്ത് വച്ചുകൊണ്ട് ഷ്മിഡ്റ്റ് പറഞ്ഞു. “വിരോധമില്ലെങ്കിൽ ഒരു കാര്യം പറയട്ടെ സർ? വസന്തകാലം വന്നെത്തിയ പ്രതീതിയാണ് മിസ്സ് ട്രെവോൺസിന്റെ സാന്നിദ്ധ്യം എല്ലാവരിലും സൃഷ്ടിച്ചിരിക്കുന്നത്

 

“റാസ്കൽ മുഖസ്തുതി പറയാൻ നീ മിടുക്കൻ തന്നെ പോകാൻ നോക്ക്” തമാശരൂപേണ മൺറോ പറഞ്ഞു.

 

ചമ്മലോടെ ഷ്മിഡ്റ്റ് പതുക്കെ ഉള്ളിലേക്ക് വലിഞ്ഞു. മാർട്ടിൻ ഹെയർ ജെനവീവിന്റെ കപ്പിൽ വീണ്ടും ചായ നിറച്ചു. “ഇതെല്ലാം കണ്ടിട്ട് വിചിത്രമായി തോന്നുന്നുണ്ടായിരിക്കുമല്ലേ നിങ്ങൾക്ക്?”

 

“ഒരു സംശയവും വേണ്ട” എയർഫീൽഡിൽ വച്ച് ആദ്യം സന്ധിച്ചപ്പോൾ തന്നെ മാർട്ടിൻ ഹെയറിന്റെ പെരുമാറ്റം അവൾക്ക് ഇഷ്ടപ്പെട്ടിരുന്നു. അതേ സമയം, ജോ എഡ്ജിനോട് കടുത്ത അനിഷ്ടവും തോന്നിയിരുന്നു. “വല്ലപ്പോഴും കണ്ണാടിയിൽ സ്വന്തം രൂപം കാണുമ്പോൾ നിങ്ങൾക്ക് വിചിത്രമായി തോന്നാറില്ലേ? പ്രത്യേകിച്ചും നിങ്ങളുടെ യൂണിഫോം കാണുമ്പോൾ?” അവൾ ചോദിച്ചു.

 

“ഷീ ഈസ് റൈറ്റ്, മാർട്ടിൻ” മൺറോ പറഞ്ഞു. “യഥാർത്ഥത്തിൽ ഏത് ഭാഗത്താണ് ജോലി ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും സംശയിച്ചിട്ടുണ്ടോ നിങ്ങൾ?”

 

“സത്യം പറഞ്ഞാൽ ചിലപ്പോഴെങ്കിലും അങ്ങനെ തോന്നിയിട്ടുണ്ട്” ഹെയർ ഒരു സിഗരറ്റിന് തീ കൊളുത്തി. “ജോ എഡ്ജിനോടൊപ്പം ജോലി ചെയ്യേണ്ടി വരുമ്പോൾ ആ യൂണിഫോമിന് തന്നെ അപമാനമാണവൻ

 

“അതിപ്പോൾ ഏത് യൂണിഫോം ആയാലും” ക്രെയ്ഗ് പറഞ്ഞു. “എന്റെയഭിപ്രായത്തിൽ ഒട്ടും തന്നെ പക്വതയില്ല അവന് അത് സാധൂകരിക്കുന്ന ഒരു സംഭവം ഒരിക്കൽ ഗ്രാന്റ് എന്നോട് പറയുകയുണ്ടായി ബാറ്റ്‌ൽ ഓഫ് ബ്രിട്ടന്റെ സമയത്താണത്രെ ഒരു എഞ്ചിന് തകരാറ് സംഭവിച്ചതിനെ തുടർന്ന് നമ്മുടെ രണ്ട് സ്പിറ്റ്ഫയറുകൾക്ക് മുന്നിൽ കീഴടങ്ങിയ ഒരു ജങ്കേഴ്സ്-88 നെ തൊട്ടടുത്ത എയർഫീൽഡിൽ ഇറക്കുവാനായി ഇരുവശവും അകമ്പടി സേവിച്ചുകൊണ്ട് വരികയായിരുന്നു ജർമ്മൻ വ്യോമസേനയുടെ ഒരു യുദ്ധവിമാനം പിടിച്ചെടുക്കുക എന്നത് വലിയൊരു സംഭവമായേനെ

 

“എന്നിട്ടെന്തു സംഭവിച്ചു?” ജെനവീവ് ചോദിച്ചു.

 

“അവർക്ക് പിന്നാലെ എത്തിയ എഡ്ജ് ഒരു ഭ്രാന്തനെപ്പോലെ അലറി ചിരിക്കുന്നത് റേഡിയോയിലൂടെ കേൾക്കാമായിരുന്നുവെന്നാണ് സ്പിറ്റ്ഫയറുകളുടെ പൈലറ്റുമാർ പറഞ്ഞത് എന്നിട്ടവൻ ആ ജങ്കേഴ്സിനെ വെടിവെച്ച് തകർത്തു കളഞ്ഞു” ക്രെയ്ഗ് പറഞ്ഞു.

 

“ടെറിബ്‌ൾ” അവൾ പറഞ്ഞു. “അയാളുടെ കമാൻഡിങ്ങ് ഓഫീസർ അയാൾക്കെതിരെ കോർട്ട്-മാർഷൽ നടപടികൾ എടുത്തുകാണുമെന്നത് തീർച്ച

 

“അദ്ദേഹം ശ്രമിച്ചിരുന്നു പക്ഷേ, അത് ഓവർറൂൾ ചെയ്യപ്പെട്ടു ബാറ്റ്‌ൽ ഓഫ് ബ്രിട്ടനിലെ സേവനത്തിന് രണ്ട് DFC മെഡലുകൾ കരസ്ഥമാക്കിയ മിടുക്കനായ പൈലറ്റായിരുന്നു അവൻ അങ്ങനെയൊരാളെ കോർട്ട്-മാർഷൽ ചെയ്യുന്നത് ഭംഗികേടായിരിക്കുമെന്ന് മേലധികാരികൾ കരുതി” ക്രെയ്ഗ് ഹെയറിന് നേർക്ക് തിരിഞ്ഞു. “ഞാൻ പറഞ്ഞില്ലേ, മാനസിക രോഗിയായ ഒരു വാർ ഹീറോ

 

“ആ കഥ ഞാനും കേട്ടിട്ടുണ്ട്” ഹെയർ ക്രെയ്ഗിനോട് പറഞ്ഞു. “നിങ്ങൾ പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട് എഡ്ജിന്റെ കമാൻഡിങ്ങ് ഓഫീസർ ഒരു അമേരിക്കക്കാരനായിരുന്നു ഈഗ്‌ൾ സ്ക്വാഡ്രണിൽ വർക്ക് ചെയ്തിരുന്ന ആൾ തനിക്കെതിരെ നടപടിക്ക് മുതിർന്ന അയാളോട് ക്ഷമിക്കുവാൻ എഡ്ജ് ഒരുക്കമായിരുന്നില്ല അതിന് ശേഷമാണ് അവൻ അമേരിക്കക്കാരെ ഒന്നടങ്കം വെറുക്കുവാനാരംഭിച്ചത്

 

“അതൊക്കെ ശരിയായിരിക്കാം എങ്കിലും ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മിടുക്കനായ പൈലറ്റാണ് അവൻ” മൺറോ പറഞ്ഞു.

 

“അങ്ങനെയാണെങ്കിൽ പിന്നെ എന്തുകൊണ്ടാണ് വ്യാഴാഴ്ച്ച രാത്രിയിലെ ഡ്രോപ്പിങ്ങിന് ഗ്രാന്റിന് പകരം അയാളെ നിയോഗിക്കാത്തത്...?” ജെനവീവ് ചോദിച്ചു.

 

“കാരണം, അവൻ ലൈസാൻഡർ പറത്താറില്ല ജർമ്മൻ വിമാനമായ ഫീസ്‌ലർ സ്റ്റോർക്ക് ആണ് അവൻ അത്തരം ആവശ്യങ്ങൾക്കായി പറത്താറുള്ളത് അതും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം” മൺറോ അവളോട് പറഞ്ഞു. “വ്യാഴാഴ്ച്ചത്തേത് ഏതാണ്ട് ഒരു പതിവ് ഫ്ലൈറ്റ് ആണെന്ന് പറയാം

 

വാതിൽ തള്ളിത്തുറന്ന് എഡ്ജ് ഉള്ളിലേക്ക് പ്രവേശിച്ചു. പതിവ് പോലെ കത്തിക്കാത്ത ഒരു സിഗരറ്റ് അവന്റെ ചുണ്ടിന്റെ ഒരു കോണിൽ ഉണ്ടായിരുന്നു. “എല്ലാവരും ഹാപ്പിയല്ലേ?” അവൻ മേശയ്ക്കരികിലേക്ക് നടന്നടുക്കവെ എല്ലാവരും നിശ്ശബ്ദരായി. “ഗ്രാന്റ് കുഴപ്പമൊന്നും കൂടാതെ ടേക്ക് ഓഫ് ചെയ്തിട്ടുണ്ട് സർ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് തിരികെയെത്തും” അവൻ മൺറോയോട് പറഞ്ഞു.

 

“ഗുഡ്” മൺറോ പറഞ്ഞു.

 

മേശയ്ക്കരികിൽ വന്ന എഡ്ജ് മുന്നോട്ടാഞ്ഞ് ജെനവീവിനോട് തൊട്ടുചേർന്ന് നിന്നു. അയാളുടെ നിശ്വാസം തന്റെ കാതിൽ പതിയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. “പുതിയ സ്ഥലമൊക്കെ എങ്ങനെ? ഓകെയല്ലേ സ്വീറ്റീ? എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ മതിഏതു സമയത്തും ഞാൻ റെഡി

 

ദ്വേഷ്യത്തോടെ അകന്നു മാറിയിട്ട് അവൾ എഴുന്നേറ്റു. “ഞാൻ കിച്ചണിലേക്ക് പോകുന്നു മദാം ലെഗ്രാൻഡിന് എന്തെങ്കിലും സഹായം വേണോ എന്ന് നോക്കട്ടെ

 

അവൾ നടന്നു നീങ്ങവെ എഡ്ജ് പൊട്ടിച്ചിരിച്ചു. ഹെയർ പുരികം ചുളിച്ച് ക്രെയ്ഗിന് നേരെ നോക്കി. “സാമാന്യമര്യാദ എന്നത് തൊട്ടുതീണ്ടിയിട്ടില്ലാത്തവൻ, ശരിയല്ലേ?”

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Friday, December 20, 2024

കോൾഡ് ഹാർബർ - 21

അദ്ധ്യായം – ആറ്

 

കനത്ത മൂടൽമഞ്ഞിനൊപ്പം അതിശക്തമായ മഴയും പെയ്യുന്നുണ്ടായിരുന്നു ക്രോയ്ഡണിൽ. ലണ്ടൻ നഗരത്തിന്റെ വ്യോമപ്രതിരോധത്തിൽ സുപ്രധാന പങ്ക് വഹിക്കുന്ന ഫൈറ്റർ സ്റ്റേഷൻ എന്ന നിലയിൽ സദാസമയവും പ്രവർത്തനനിരതമാണ് ക്രോയ്ഡൺ എയർപോർട്ട്. അവിടെ എത്തിയ ഉടൻ തന്നെ റൺവേയ്ക്ക് അരികിലുള്ള ഒരു താൽക്കാലിക ഷെഡ്ഡിലേക്കാണ് അവരെ കൊണ്ടുപോയത്. ജെനവീവ് അതിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി. കാണാൻ ഒട്ടും ഭംഗിയില്ലാത്ത ഒരു സിംഗിൾ എഞ്ചിൻ ലൈസാൻഡർ വിമാനം പുറത്ത് കിടക്കുന്നുണ്ട്. ഏതാനും RAF മെക്കാനിക്കുകൾ അതിന്മേൽ എന്തൊക്കെയോ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നു. ഇത്ര നേരം ആയിട്ടും വിമാനങ്ങൾ ഒന്നും തന്നെ ലാൻഡ് ചെയ്യുന്നതോ ടേക്ക് ഓഫ് ചെയ്യുന്നതോ കണ്ടില്ല.

 

സ്റ്റൗവിന് അരികിൽ ഇരുന്ന് ചായ കുടിച്ചുകൊണ്ടിരിക്കുകയാണ് റിനേ ദിസ്സാർ. ജെനവീവിന് അടുത്തേക്ക് വന്ന ഡോഗൽ മൺറോ ജാലകത്തിൽ ചരൽ പോലെ വന്നു പതിക്കുന്ന മഴത്തുള്ളികളെ നോക്കി ശപിച്ചു. “എന്തൊരു നശിച്ച കാലാവസ്ഥ

 

“തീരെ പ്രതീക്ഷ വേണ്ട അല്ലേ?” അവൾ ചോദിച്ചു.

 

“അങ്ങനെയല്ല, ഏതു തരം കാലാവസ്ഥയിലും പറക്കാൻ സാധിക്കുന്ന വിമാനമാണത്” പുറത്ത് കിടക്കുന്ന ലൈസാൻഡറിനെ നോക്കി അദ്ദേഹം പറഞ്ഞു. “പൈലറ്റിനെ കൂടാതെ രണ്ട് പാസഞ്ചേഴ്സിന് കൂടി യാത്ര ചെയ്യാൻ ഡിസൈൻ ചെയ്തിട്ടുള്ളതാണ് എങ്കിലും അല്പം ഒതുങ്ങി ഇരിക്കുകയാണെങ്കിൽ നാല് പാസഞ്ചേഴ്സിന് വരെ യാത്ര ചെയ്യാനാവും

 

റിനേ ഒരു ഇനാമൽ മഗ്ഗിൽ ജെനവീവിനുള്ള ചായ കൊണ്ടുവന്നു. മഗ്ഗിൽ കൈപ്പടം ചേർത്തു പിടിച്ച് ചൂടു കാഞ്ഞു കൊണ്ടിരിക്കവെ വാതിൽ തുറന്ന് ക്രെയ്ഗ് പ്രവേശിച്ചു. ഒപ്പം അവരുടെ പൈലറ്റും. RAF ബ്ലൂ നിറത്തിലുള്ള ഫ്ലൈയിങ്ങ് ജാക്കറ്റും ബൂട്ട്സും അണിഞ്ഞ ഭംഗിയുള്ള മീശ വച്ച ഒരു ചെറുപ്പക്കാരൻ. തന്റെ കൈയിലെ മാപ്പ് കെയ്സ് അയാൾ മേശപ്പുറത്ത് വച്ചു.

 

“ഫ്ലൈറ്റ് ലെഫ്റ്റനന്റ് ഗ്രാന്റ്” ക്രെയ്ഗ് അയാളെ അവൾക്ക് പരിചയപ്പെടുത്തി.

 

പുഞ്ചിരിച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ അവൾക്ക് ഹസ്തദാനം നൽകി. “ഇനിയും വൈകുമോ ഗ്രാന്റ്?” അക്ഷമയോടെ മൺറോ അയാളോട് ചോദിച്ചു.

 

“ഇവിടുത്തെ കാലവസ്ഥയല്ല പ്രശ്നം, ബ്രിഗേഡിയർ ഏത് കാലാവസ്ഥയിലും നമുക്ക് ടേക്ക് ഓഫ് ചെയ്യാൻ പറ്റും പക്ഷേ, ലാൻഡ് ചെയ്യാനാണ് ബുദ്ധിമുട്ട് കോൾഡ് ഹാർബറിൽ വിസിബിലിറ്റി തീരെ കുറവാണെന്നാണ്  അവർ പറയുന്നത് എന്തെങ്കിലും പുരോഗതി ഉണ്ടെങ്കിൽ ഉടൻ അവർ അറിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്

 

“നാശം!” ശപിച്ചിട്ട് വാതിൽ തുറന്ന് മൺറോ പുറത്തേക്ക് പോയി.

 

“ഇന്ന് രാവിലെ അദ്ദേഹത്തിന്റെ മൂഡ് ശരിയല്ലെന്ന് തോന്നുന്നു” സ്റ്റൗവിനടുത്ത് ചെന്ന് ഒരു മഗ് എടുത്ത് ചായ പകർന്നു കൊണ്ട് ഗ്രാന്റ് പറഞ്ഞു.

 

“വ്യാഴാഴ്ച്ച രാത്രി നിങ്ങളെയും കൊണ്ട് ഫ്രാൻസിലേക്ക് പറക്കാൻ പോകുന്നത് ഗ്രാന്റ് ആണ്” ക്രെയ്ഗ് ജെനവീവിനോട് പറഞ്ഞു. “സുരക്ഷിതമായ കൈകളിലാണ് നിങ്ങൾ നോർത്ത് സീയുടെ മുകളിലൂടെ പലവട്ടം പറന്നിട്ടുള്ളയാളാണ്

 

“ചട്ടങ്ങൾ അനുശാസിക്കും വിധം പറക്കുകയാണെങ്കിൽ ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെയെത്താം” ഒരു സിഗരറ്റ് എടുത്ത് ചുണ്ടിന്റെ കോണിൽ തിരുകിയെങ്കിലും അതിന് തീ കൊളുത്താൻ അയാൾ മുതിർന്നില്ല. “ഇതിനു മുമ്പ് വിമാനയാത്ര ചെയ്തിട്ടുണ്ടല്ലോ അല്ലേ?” അയാൾ ജെനവീവിനോട് ചോദിച്ചു.

 

“യെസ് പാരീസിലേക്ക് യുദ്ധം തുടങ്ങുന്നതിന് മുമ്പ്

 

“ആ യാത്ര പോലെയല്ല ഇത് തികച്ചും വ്യത്യസ്തമായിരിക്കും” ഗ്രാന്റ് പറഞ്ഞു.

 

“ടേക്ക് ഓഫിന് ഇനിയും സമയമുണ്ടല്ലോ എന്നാൽ പിന്നെ നമുക്ക് വ്യാഴാഴ്ച്ച രാത്രിയിലെ ടൈം ടേബിളിനെക്കുറിച്ച് ചർച്ച ചെയ്താലോ?” ക്രെയ്ഗ് ചോദിച്ചു. “അതിന്റെ വ്യക്തമായ പ്ലാൻ നിങ്ങൾ വർക്കൗട്ട് ചെയ്തു കാണുമല്ലോ

 

“തീർച്ചയായും” ഗ്രാന്റ് പറഞ്ഞു. “രാത്രി പതിനൊന്ന് മുപ്പതിനാണ് നാം കോൾഡ് ഹാർബറിൽ നിന്ന് ടേക്ക് ഓഫ് ചെയ്യുക എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവൽ ബ്രിട്ടീഷ് സമയം പുലർച്ചെ രണ്ടു മണിക്ക് എങ്ങനെയൊക്കെയാണെന്ന് ഞാൻ വിശദീകരിക്കാം” അയാൾ മാപ്പ് കെയ്സ് തുറന്ന് ഭൂപടം മേശമേൽ നിവർത്തിയിട്ട് കോൺവാളിൽ നിന്നും ബ്രിറ്റനി വരെയുള്ള വ്യോമപഥം പെൻസിൽ കൊണ്ട് വരച്ചു കാണിച്ചു. ക്രെയ്ഗും ജെനവീവും മേശയ്ക്കരികിലേക്ക് ചേർന്ന് നിന്ന് അത് വീക്ഷിച്ചു.

 

“മേജർ ഓസ്ബോണും നമ്മളോടൊപ്പം വരുന്നതായിരിക്കും ചെറിയ വിമാനമാണെങ്കിലും നാല് പേർക്ക് പോകാനാകും ഇതുവരെ അവൻ നിരാശപ്പെടുത്തിയിട്ടില്ല അക്കാര്യത്തിൽ

 

“ചാനൽ ക്രോസ് ചെയ്യുന്നത് എത്ര അടി ഉയരത്തിലൂടെയായിരിക്കും?” ക്രെയ്ഗ് ആരാഞ്ഞു.

 

“വെൽ, ചില പൈലറ്റുമാർക്ക് വളരെ താഴ്ന്ന് പറക്കാനാണ് ഇഷ്ടം റഡാർ കവറേജിന് താഴെക്കൂടി എന്നാൽ എനിക്കിഷ്ടം ആദ്യന്തം ഏതാണ്ട് എണ്ണായിരം അടി ഉയരത്തിൽ പറക്കാനാണ് നമ്മുടെ ബോംബറുകൾ പറക്കുന്നതിലും വളരെ താഴെയാണത് ജർമ്മൻ നൈറ്റ് ഫൈറ്ററുകൾ എപ്പോഴും അവയുടെ പിന്നാലെയായിരിക്കും” ഗ്രാന്റ് പറഞ്ഞു.

 

വളരെ ശാന്തഭാവത്തിലാണ് അയാൾ എല്ലാം വിശദീകരിക്കുന്നതെങ്കിലും തന്റെ ഉള്ളിന്റെയുള്ളിൽ ഭയം ഉടലെടുക്കുന്നത് ജെനവീവ് അറിയുന്നുണ്ടായിരുന്നു. ആകെപ്പാടെ ഒരു വിറയൽ പോലെ.

 

“സെന്റ് മോറീസിൽ നിന്നും ഏതാണ്ട് പതിനഞ്ച് മൈൽ ദൂരെയുള്ള ഒരു മൈതാനത്തിലാണ് നാം ലാൻഡ് ചെയ്യുക സൈക്കിൾ ലാമ്പുകൾ കൊണ്ടായിരിക്കും റൺ‌വേ മാർക്ക് ചെയ്തിട്ടുണ്ടാവുക കാലാവസ്ഥ നല്ലതാണെങ്കിൽ തീർച്ചയായും നമുക്ക് കാണാൻ സാധിക്കും ഷുഗർ നാൻ എന്നതായിരിക്കും നമ്മുടെ തിരിച്ചറിയൽ കോഡ് റൺവേ കാണാമെങ്കിലും ഇല്ലെങ്കിലും മോഴ്സ് കോഡിലുള്ള ആ സന്ദേശം ലഭിച്ചില്ലെങ്കിൽ നാം ലാൻഡ് ചെയ്യില്ല സമ്മതിച്ചോ?” അയാൾ തിരിഞ്ഞ് ക്രെയ്ഗിന് നേർക്ക് നോക്കി.

 

“നിങ്ങളാണ് ബോസ്” ക്രെയ്ഗ് തല കുലുക്കി.

 

“കഴിഞ്ഞ ആറ് ആഴ്ച്ചയ്ക്കുള്ളിൽ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് രണ്ട് ലൈസാൻഡറുകളും ഒരു ലിബറേറ്ററുമാണ് ജർമ്മൻകാരുടെ മുന്നിലേക്കായിരുന്നു അവർ പോയി ലാൻഡ് ചെയ്തത് ഏജന്റുമാരെ ഡ്രോപ്പ് ചെയ്യുമ്പോഴൊന്നും അവർ അനങ്ങില്ല വീണ്ടും ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് വിമാനത്തെ വെടിവച്ചിടുന്നത്ആളെ ഡ്രോപ്പ് ചെയ്ത് അടുത്ത നിമിഷം തന്നെ തിരിച്ചു പറക്കാനാണ് ഈയിടെയായി ഞങ്ങൾക്കുള്ള നിർദ്ദേശം ഇത്തവണ ഞാൻ ആരെയും തിരിച്ചു കൊണ്ടുവരുന്നില്ല അതുകൊണ്ട് ലാൻഡ് ചെയ്ത ഉടൻ ഞാൻ ടാക്സി ചെയ്ത് ഗ്രൗണ്ടിന്റെ അറ്റത്ത് ചെല്ലും എത്രയും പെട്ടെന്ന് വിമാനത്തിൽ നിന്നും ഇറങ്ങാൻ മിസ്സ് ട്രെവോൺസിനെ നിങ്ങൾ സഹായിക്കണം അടുത്ത സെക്കൻഡിൽത്തന്നെ നാം ടേക്ക് ഓഫ് ചെയ്യുന്നു” അയാൾ ഭൂപടം മടക്കി വച്ചു. “വേറെ വഴിയില്ലാഞ്ഞിട്ടാണ് ഇരുട്ടിന്റെ മറവിൽ ഒളിച്ചിരിക്കുന്നത് ആരാണെന്ന് നമുക്കറിയില്ലല്ലോ

 

സ്റ്റൗവിനടുത്ത് ചെന്ന് അയാൾ തനിക്കുള്ള ചായ മഗ്ഗിലേക്ക് പകർന്നു. ക്രെയ്ഗ് ജെനവീവിന് നേർക്ക് തിരിഞ്ഞു. “അവിടെ നിങ്ങളെ സ്വീകരിച്ച് കൂട്ടിക്കൊണ്ടു പോകാൻ ഉണ്ടാവുക ഗ്രാൻഡ് പിയർ എന്നൊരാളാണ് അയാളുടെ കോഡ് നാമമാണത് അയാൾ ഒരിക്കലും ആൻ മേരിയെ നേരിട്ട് കണ്ടിട്ടില്ല എന്ന കാര്യം ഓർമ്മ വേണം ഫോണിൽ കൂടിയുള്ള ബന്ധം മാത്രമേ അവർ തമ്മിൽ ഉണ്ടായിരുന്നുള്ളൂ അവിടെ സംഭവിച്ച കാര്യങ്ങളൊന്നും തന്നെ അയാൾക്ക് അറിയില്ല അതുകൊണ്ട് നിങ്ങൾ ഏതു രൂപത്തിലാണെന്നതിന് പ്രസക്തിയില്ല അയാളുടെ മുന്നിൽ നിങ്ങളാണ് ആൻ മേരി

 

“അപ്പോൾ സെന്റ് മോറിസിലെ സ്റ്റേഷൻ മാസ്റ്ററോ?”

 

“ഹെൻട്രി ഡ്യൂബാ എന്നാണ് അയാളുടെ പേര് അയാളുടെ കാര്യവും ഈ പറഞ്ഞത് പോലെ തന്നെ ആൻ മേരിയെ ഒരിക്കലും കണ്ടിട്ടില്ല റിനേയും രണ്ടു സഹപ്രവർത്തകരും മാത്രമാണ് അലഞ്ഞു നടക്കുന്ന ആൻ മേരിയെ കണ്ടെത്തിയത് എന്താണ് സംഭവിച്ചതെന്ന് അവർക്ക് മാത്രമേ അറിയൂ ആ രണ്ടു പേരും തിരികെ മലമുകളിലുള്ള അവരുടെ ഗ്രാമത്തിലേക്ക് പോയി പ്രഭാതത്തിന് മുമ്പ് തന്നെ ഗ്രാൻഡ് പിയർ നിങ്ങളെ ഡ്യൂബായുടെ അരികിലെത്തിക്കും ആൻ മേരിയുടെ സ്യൂട്ട്കെയ്സുകൾ അയാളുടെ കൈവശമാണുള്ളത് പാർക്ക് ചെയ്തിരിക്കുന്ന കാർ റിനേ എടുത്തുകൊണ്ടു വരുമ്പോഴേക്കും നിങ്ങൾക്ക് വേഷം മാറാൻ സാധിക്കും പാരീസിൽ നിന്നുള്ള നൈറ്റ് ട്രെയിൻ എത്തുന്നത് രാവിലെ ഏഴരയ്ക്കാണ് അപ്പോഴും നേരം വെളുത്തിട്ടുണ്ടാവില്ല മൂന്ന് മിനിറ്റ് മാത്രമേ ട്രെയിനിന് അവിടെ സ്റ്റോപ്പുള്ളൂ നിങ്ങൾ ട്രെയിനിൽ നിന്നും ഇറങ്ങിയതാണോ അല്ലയോ എന്നതിലൊന്നും ആർക്കും ഒരു സംശയവും തോന്നാനിടയില്ല പ്രതിരോധ പ്രസ്ഥാനത്തിന് നല്ല വേരോട്ടമുള്ള പ്രദേശമാണത്

 

തികച്ചും ശാന്തനായി അവളുടെ മുഖത്ത് പോലും നോക്കാതെ ഒറ്റശ്വാസത്തിലാണ് ഇത്രയും അദ്ദേഹം പറഞ്ഞു തീർത്തത്. എങ്കിലും അദ്ദേഹത്തിന്റെ മുഖം ഉത്കണ്ഠയാൽ വലിഞ്ഞു മുറുകിയിരുന്നു.

 

“ഹേയ്” അവൾ അദ്ദേഹത്തിന്റെ കരം കവർന്നു. “എന്നെക്കുറിച്ചോർത്ത് നിങ്ങൾ ടെൻഷനടിക്കുകയാണെന്ന് മാത്രം പറയരുത്

 

എന്തെങ്കിലും മറുപടി അദ്ദേഹത്തിന് പറയാൻ സാധിക്കുന്നതിന് മുമ്പ് വാതിൽ തള്ളിത്തുറന്ന് മൺറോ പ്രവേശിച്ചു. “സ്റ്റേഷൻ കമാൻഡറെ ഞാൻ കണ്ടിരുന്നു” അദ്ദേഹം ഗ്രാന്റിനോട് പറഞ്ഞു. “ടേക്ക് ഓഫ് ചെയ്യാനുള്ള അനുമതി അദ്ദേഹം തന്നിട്ടുണ്ട് അവിടെയെത്തി ലാൻഡ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ നമുക്ക് തിരിച്ച് വരേണ്ടി വരും അതിനുള്ള ഇന്ധനം ഉണ്ടല്ലോ അല്ലേ?”

 

“തീർച്ചയായും സർ” ഗ്രാന്റ് പറഞ്ഞു.

 

“എങ്കിൽ ശരി, നമുക്ക് പുറപ്പെടാം

 

പിന്നെയെല്ലാം ധൃതഗതിയിലായിരുന്നു. മഴയത്തു കൂടി ജെനവീവ് ആ ലൈസാൻഡറിനരികിലേക്ക് ഓടി. ക്യാബിന്റെ പിൻഭാഗത്ത് കയറുവാൻ ക്രെയ്ഗ് അവളെ സഹായിച്ചു. ശേഷം റിനേയും അദ്ദേഹവും അവളുടെയരികിൽ ഞെങ്ങി ഞെരുങ്ങി ഇരുന്നു. പിന്നീട് കയറിയ മൺറോ ഗ്രാന്റിന് പിറകിലുള്ള ഒബ്സർവേഴ്സ് സീറ്റിൽ ഇരുന്നു. സീറ്റ് ബെൽറ്റ് ഇടുന്ന തിരക്കിലായിരുന്ന അവൾ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും ബോധവതി ആയിരുന്നില്ല. അടുത്ത നിമിഷം എഞ്ചിന്റെ ശബ്ദം ഉച്ചത്തിലായി. ഒരു കുലുക്കത്തോടെ മുന്നോട്ട് കുതിച്ച വിമാനം പറന്നുയർന്നു.

 

                                              ***

 

ജെനവീവിനെ സംബന്ധിച്ചിടത്തോളം ഒട്ടും സുഖകരമായ യാത്രയായിരുന്നില്ല അത്. എഞ്ചിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയിൽ പറയുന്നത് കേൾക്കാനോ വല്ലതും തിരിച്ച് ചോദിക്കാനോ പോലും ബുദ്ധിമുട്ടായിരുന്നു. അവർ ഇരിക്കുന്ന ക്യാബിന്റെ സുതാര്യമായ മേൽക്കൂരയിൽ പതിക്കുന്ന മഴ ചാരനിറത്തിൽ ആവരണം തീർത്തിരിക്കുന്നു. ഇടയ്ക്കിടെ എയർപോക്കറ്റിൽ വീഴുമ്പോൾ വിമാനം ഒന്നാകെ ആടിയുലഞ്ഞു കൊണ്ടിരുന്നു.

 

അല്പനേരം കഴിഞ്ഞതോടെ അവൾ വല്ലാതെ ക്ഷീണിതയായി. ഛർദ്ദിക്കാനുള്ള പ്രേരണ നിയന്ത്രിക്കാനാവുന്നില്ല. അത്തരം ഘട്ടങ്ങളിൽ ഉപയോഗിക്കാനായി അവർ ഒരു ബാഗ് നൽകിയിട്ടുണ്ടായിരുന്നു. തൊട്ടു പിന്നാലെ റിനേയും അതേ അവസ്ഥയിലെത്തി. ഛർദ്ദിച്ചു കഴിഞ്ഞതോടെ ഇരുവർക്കും അല്പം ആശ്വാസം ലഭിച്ചത് പോലെ തോന്നി. ആരോ കുലുക്കി ഉണർത്തിയപ്പോഴാണ് കുറച്ചു നേരത്തേക്ക് താൻ ഉറങ്ങിപ്പോയിരുന്നു എന്ന വസ്തുത അവൾ തിരിച്ചറിഞ്ഞത്. തന്റെ കാലുകളിൽ ആരോ ബ്ലാങ്കറ്റ് ഇട്ട് പുതപ്പിച്ചിരിക്കുന്നു.

 

ക്രെയ്ഗിന്റെ കൈയിൽ ഒരു തെർമോസ്ഫ്ലാസ്ക് ഉണ്ടായിരുന്നു. “കോഫി കുടിക്കുന്നോ? നല്ല അമേരിക്കൻ കോഫിയാണ്

 

വല്ലാതെ തണുക്കുന്നുണ്ടായിരുന്നു അവൾക്ക്. കാലുകൾ മരവിച്ചിരിക്കുന്നു. “ഇനിയും എത്ര നേരം ഇരിക്കണം?”

 

“എല്ലാം ഓകെയാണെങ്കിൽ വെറും പതിനഞ്ച് മിനിറ്റ്

 

അദ്ദേഹം നൽകിയ കോഫി അവൾ സാവധാനം നുകർന്നു. കടുപ്പവും മധുരവുമുള്ള നല്ല ചൂട് കോഫി. ആ സമയത്ത് അത് നൽകിയ ഉന്മേഷം ഒന്ന് വേറെ തന്നെയായിരുന്നു. കുടിച്ചു കഴിഞ്ഞ് തിരികെ നൽകിയ കപ്പ് വീണ്ടും നിറച്ചിട്ട് ക്രെയ്ഗ് റിനേയ്ക്ക് നൽകി.

 

റേഡിയോയുടെ സ്പീക്കർ ഗ്രാന്റ് ഓൺ ചെയ്തു. ഒരു ഇരമ്പൽ ശബ്ദത്തിനൊടുവിൽ അതിൽ നിന്നുമുള്ള സന്ദേശം കേൾക്കാറായി. “ലൈസാൻഡർ ഷുഗർ നാൻ ടെയർ സീലിങ്ങ് സിക്സ് ഹൺഡ്രഡ് ഷുഡ് ഗീവ് യൂ നോ പ്രോബ്ലം

 

മൺറോ ആഹ്ലാദത്തോടെ ചോദിച്ചു. “ഓൾറൈറ്റ് മൈ ഡിയർ?”

 

“ഫൈൻ” ഗ്രാന്റ് പറഞ്ഞു.

 

വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ് കുറഞ്ഞു കൊണ്ടിരിക്കവെ ജെനവീവ് വീണ്ടും ഇല പോലെ വിറയ്ക്കുവാൻ തുടങ്ങി. പെട്ടെന്നാണ് മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് പ്രത്യക്ഷപ്പെട്ട ഒരു വലിയ കറുത്ത വിമാനം അവർക്കരികിലൂടെ പാഞ്ഞു പോയത്. അതിന്റെ ശക്തിയിൽ അവരുടെ ലൈസാൻഡർ ഒന്ന് ആടിയുലഞ്ഞു. തൊട്ടടുത്തു കൂടി കടന്നു പോയ ആ വിമാനത്തിന്റെ വാലിലെ സ്വസ്തിക ചിഹ്നം അവളുടെ ശ്രദ്ധയിൽപ്പെടുക തന്നെ ചെയ്തു.

 

“ബാങ്ങ് ബാങ്ങ് നീ തീർന്നു മകനേ!” സ്പീക്കറിൽ നിന്നും പുറത്തേക്ക് വന്ന ആ ശബ്ദം ഗ്രാന്റ് തിരിച്ചറിഞ്ഞു. അപ്പോഴേക്കും ആ ജങ്കേഴ്സ്-88 ഫൈറ്റർ വന്ന വേഗതയിൽത്തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.

 

നെറ്റി ചുളിച്ചു കൊണ്ട് ഗ്രാന്റ് പിറകോട്ട് തിരിഞ്ഞ് അവരെ നോക്കി. “സോറി എബൗട്ട് ദാറ്റ് ജോ എഡ്ജ് ആയിരുന്നു അത് അവന്റെ ഭ്രാന്ത് പതിവിലും അധികമായിരിക്കുന്നു

 

“സ്റ്റുപ്പിഡ് യങ്ങ് ഇഡിയറ്റ്” മൺറോ പറഞ്ഞു. അപ്പോഴേക്കും അറുനൂറ് അടി ഉയരത്തിൽ എത്തിയ അവർ മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്നും മഞ്ഞിന്റെ ആവരണത്തിന് വെളിയിൽ കടന്നു കഴിഞ്ഞിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിക്കാൻ അവസരം ലഭിക്കുന്നതിന് മുമ്പ് തന്നെ താഴെയുള്ള കാഴ്ച്ചകൾ ജെനവീവിന് തെളിഞ്ഞു കാണാറായി. കോൾഡ് ഹാർബർ ഉൾക്കടലും തീരവും ചിതറിക്കിടക്കുന്ന കോട്ടേജുകളും ഹാർബറിൽ കിടക്കുന്ന ഒരു E- ബോട്ടും എല്ലാം ഗ്രാൻസെസ്റ്റർ ആബെയുടെയും തടാകത്തിന്റെയും മുകളിലൂടെ അവർക്ക് മുന്നിൽ കടന്നു പോയ ആ ജങ്കേഴ്സ്-88 വിമാനം ഒരറ്റത്ത് കാറ്റിന്റെ ദിശയെ സൂചിപ്പിക്കുന്ന വിൻഡ്സോക്ക് നാട്ടിയിട്ടുള്ള ആ ഗ്രാസ് റൺവേയിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു.

 

“റൈറ്റ് ഓൺ ടാർഗറ്റ്” പാതി തിരിഞ്ഞ് വിളിച്ചു പറഞ്ഞിട്ട് ഗ്രാന്റ് പൈൻ മരങ്ങളുടെ മുകളിലൂടെ അവരുടെ ലൈസാൻഡറിനെ റൺവേയിലേക്ക് നയിച്ചു. നിലം തൊട്ട വിമാനം ടാക്സി ചെയ്ത് ഹാങ്കറിനരികിലെത്തി. അവർക്ക് മുന്നിൽ ലാൻഡ് ചെയ്ത ആ ജങ്കേഴ്സ്-88 അപ്പോഴേക്കും മാർട്ടിൻ ഹെയറിനൊപ്പം കാത്തു നിന്നിരുന്ന മെക്കാനിക്കുകളുടെ അരികിൽ ചെന്ന് നിന്നു. കോക്ക്പിറ്റിൽ നിന്നും പുറത്തിറങ്ങിയ ജോ എഡ്ജ് അവരുടെ അടുത്തേക്ക് ചെന്നു.

 

“മൈഗ് ഗോഡ്! അവരുടെ യൂണിഫോം നോക്കൂ” ക്രെയ്ഗിന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ജെനവീവ് പറഞ്ഞു.

 

“ഭയപ്പെടണ്ട” അദ്ദേഹം അവളോട് പറഞ്ഞു. “നമ്മൾ ലാൻഡ് ചെയ്തിരിക്കുന്നത് ഇംഗ്ലീഷ് ചാനലിന്റെ അപ്പുറത്തൊന്നുമല്ല വിശദമായി ഞാൻ പറഞ്ഞു തരാം

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Thursday, December 12, 2024

കോൾഡ് ഹാർബർ - 20

അവർ നൽകിയ ബ്രാണ്ടി ഗ്ലാസുമായി ഇലക്ട്രിക്ക് ഹീറ്ററിനരികിൽ ഇരിക്കുന്ന ജെനവീവ് ഇല പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. ഗ്ലാസിൽ മുറുകെ പിടിച്ച് സ്വബോധത്തിലേക്ക് തിരികെ വരാൻ പരിശ്രമിക്കുന്ന അവളെ നോക്കിക്കൊണ്ട് ഡോക്ടർ ബാം ആകാംക്ഷയോടെ നിന്നു.

 

“മുൻനിശ്ചയ പ്രകാരം ആൻ മേരി തന്റെ കാർ റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തു” ക്രെയ്ഗ് പറഞ്ഞു. “ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ പ്രവർത്തകരുമായി സന്ധിക്കാൻ റിനേ പുറത്തേക്ക് പോയി നിങ്ങളുടെ സഹോദരി വസ്ത്രങ്ങൾ മാറ്റി പിക്കപ്പ് പോയിന്റിലേക്ക് കാൽനടയായി പുറപ്പെടുകയും ചെയ്തു

 

“എന്നിട്ടെന്ത് സംഭവിച്ചു?” പതിഞ്ഞ സ്വരത്തിൽ അവൾ ആരാഞ്ഞു.

 

“പ്രതിരോധ പ്രവർത്തകരെ പിടികൂടാൻ റോന്തു ചുറ്റുന്ന ഒരു SS സംഘത്തിന്റെ മുന്നിലാണ് അവൾ ചെന്നു പെട്ടത് വ്യാജമാണെങ്കിലും അവളുടെ രേഖകളെല്ലാം കൃത്യമായിരുന്നു പക്ഷേ, അവരെ സംബന്ധിച്ചിടത്തോളം അവൾ സുന്ദരിയായ വെറുമൊരു ഗ്രാമീണ പെൺകൊടി മാത്രമായിരുന്നു അടുത്തുള്ള ഒരു ധാന്യപ്പുരയിലേക്ക് അവർ അവളെ വലിച്ചിഴച്ചു കൊണ്ടുപോയി

 

“എത്രപേരുണ്ടായിരുന്നു അവർ?”

 

“അതിന് ഇനി എന്ത് പ്രാധാന്യം? അവരുടെ കാമഭ്രാന്തിൽ പിച്ചിച്ചീന്തപ്പെട്ട അവളെ ഗ്രാമത്തിൽ അലഞ്ഞു തിരിയുന്ന അവസ്ഥയിലാണ് റിനേയും ഏതാനും പ്രതിരോധ പ്രവർത്തകരും കണ്ടെത്തിയത്ആ രൂപത്തെയാണ് രണ്ട് ദിവസം മുമ്പ് ലൈസാൻഡറിൽ ഇവിടെയെത്തിച്ചത്

 

“അപ്പോൾ നിങ്ങൾ നുണ പറയുകയായിരുന്നു” ജെനവീവ് പറഞ്ഞു. “നിങ്ങളെല്ലാവരും റിനേ പോലും

 

“ഇതുപോലൊരു ഷോക്ക് ഒഴിവാക്കാൻ വേണ്ടിയായിരുന്നു പക്ഷേ, നിങ്ങളുടെ കടുംപിടുത്തം കാരണം ഞങ്ങൾക്ക് സത്യം വെളിപ്പെടുത്തേണ്ടി വന്നു അതല്ലാതെ വേറെ വഴിയില്ലായിരുന്നു

 

“എന്തെങ്കിലും ചെയ്യാൻ പറ്റുമോ? ആ വൃത്തികെട്ട മുറിയിൽത്തന്നെ കഴിഞ്ഞു കൂടേണ്ടി വരുമോ അവൾക്കിനി?”

 

ഡോക്ടർ ബാം ആണ് അതിനുത്തരം പറഞ്ഞത്. “ഇല്ല ആക്രമണോത്സുകത കുറയ്ക്കാനുള്ള മരുന്നുകൾ കൊടുത്തുകൊണ്ടിരിക്കുകയാണ് ഞങ്ങൾ പൂർണ്ണമായും അതിന്റെ ഫലം കണ്ടു തുടങ്ങണമെങ്കിൽ രണ്ടാഴ്ച്ചയെങ്കിലും വേണ്ടി വരും അതിന് ശേഷം തീർച്ചയായും അവളെ അനുയോജ്യമായ ഇടത്തേക്ക് മാറ്റുവാനുള്ള ഏർപ്പാട് ഞങ്ങൾ ചെയ്യുന്നതായിരിക്കും

 

“എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ?”

 

നെറ്റിയിൽ നിന്നും വിയർപ്പ് വടിച്ചു മാറ്റിയിട്ട് അയാൾ ഹാൻഡ്കെർച്ചീഫിൽ കൈ തുടച്ചു. അയാളുടെ മുഖത്ത് അസ്വസ്ഥത തെളിഞ്ഞു കാണാമായിരുന്നു. “ഫ്രോലീൻ, പ്ലീസ് ഞാനിപ്പോൾ എന്താണ് നിങ്ങളോട് പറയുക?”

 

അവൾ ഒരു ദീർഘ ശ്വാസമെടുത്തു. “ഒരു കാരണവശാലും എന്റെ പിതാവ് ഇതേക്കുറിച്ച് ഒന്നും തന്നെ അറിയാനിട വരരുത് പിന്നെ അദ്ദേഹം ജീവനോടെയുണ്ടാവില്ല മനസ്സിലായോ?”

 

“തീർച്ചയായും” ക്രെയ്ഗ് തല കുലുക്കി. “അവൾ ഇല്ല എന്ന അദ്ദേഹത്തിന്റെ ധാരണ അങ്ങനെ തന്നെയിരിക്കട്ടെ അതിലൊരു മാറ്റവും വരുത്തേണ്ട

 

അവൾ തന്റെ കൈയിലെ ബ്രാണ്ടി ഗ്ലാസിലേക്ക് തുറിച്ചു നോക്കി. “എന്റെ മുന്നിൽ രണ്ടാമതൊരു മാർഗ്ഗമുണ്ടായിരുന്നില്ല തുടക്കം മുതൽ തന്നെ നിങ്ങൾക്കതറിയാമായിരുന്നു ശരിയല്ലേ?”

 

“യെസ്” ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു.

 

“റൈറ്റ്, ദെൻ” അവൾ അല്പം ബ്രാണ്ടി അകത്താക്കി. തൊണ്ട മുഴുവൻ എരിയുന്നത് പോലെ തോന്നി അവൾക്ക്. ശ്രദ്ധാപൂർവ്വം ഗ്ലാസ് താഴെ വച്ചിട്ട് അവൾ ക്രെയ്ഗിനെ നോക്കി. “ഇനി എന്താണ്?”

 

“തിരികെ മൺറോയുടെ അടുത്തേക്ക്

 

“എങ്കിൽ ശരി, അങ്ങനെ” തിരിഞ്ഞ് അവൾ പുറത്തേക്ക് നടന്നു.

 

                                                ***

 

ഹേസ്റ്റൻ പ്ലെയ്സിലുള്ള ഫ്ലാറ്റിലെ സ്വീകരണ മുറിയിലേക്ക് അവരെ ആനയിക്കുമ്പോൾ ജാക്ക് കാർട്ടറിന്റെ മുഖത്ത് തികഞ്ഞ ഗൗരവഭാവമായിരുന്നു. മേശപ്പുറത്തെ ഫയലുകൾ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്ന ബ്രിഗേഡിയർ ഡോഗൽ മൺറോ എഴുന്നേറ്റ് അവൾക്കരികിലേക്ക് വന്നു.

 

“സോ, നൗ യൂ നോ എവ്‌രിതിങ്ങ്?”

 

“യെസ്” അവൾ ഇരിക്കാൻ തുനിഞ്ഞില്ല.

 

“അയാം സോറി, മൈ ഡിയർ

 

“എനിക്കൊന്നും കേൾക്കണ്ട, ബ്രിഗേഡിയർ” അവൾ കൈ ഉയർത്തി. “എനിക്ക് താങ്കളെ ഇഷ്ടമല്ല, താങ്കളുടെ പ്രവർത്തന രീതികളെയും ഇനി ഞാൻ എന്ത് ചെയ്യണമെന്ന് പറയൂ

 

“താഴത്തെ നിലയിലെ ഫ്ലാറ്റ് ഞങ്ങൾ അതിഥികൾക്ക് വേണ്ടി മാറ്റി വച്ചിട്ടുള്ളതാണ് ഇന്ന് രാത്രി നിങ്ങൾക്കവിടെ തങ്ങാം” അദ്ദേഹം ക്രെയ്ഗിനെ നോക്കി. “നിങ്ങൾക്ക് ബേസ്മെന്റിലുള്ള റൂമിൽ ജാക്കിനോടൊപ്പം തങ്ങാം

 

“നാളത്തെ കാര്യം എങ്ങനെയാണ്?” ജെനവീവ് ചോദിച്ചു.

 

“ക്രോയ്ഡണിൽ നിന്നും ഫ്ലൈറ്റിൽ നിങ്ങളെ കോൾഡ് ഹാർബറിലേക്ക് കയറ്റി വിടും കോൺവാളിലാണത് ലൈസാൻഡറിൽ ഒരു മണിക്കൂർ യാത്രയേയുള്ളൂ അവിടെ ഞങ്ങൾക്ക് ഒരു ബംഗ്ലാവുണ്ട് ഗ്രാൻസെസ്റ്റർ ആബീ ഞങ്ങളുടെ ദൗത്യത്തിനുള്ള ആൾക്കാരുടെ ഇടത്താവളമാണത് മേജർ ഓസ്ബോണും ഞാനും നിങ്ങളോടൊപ്പം വരുന്നുണ്ട്” അദ്ദേഹം കാർട്ടറുടെ നേർക്ക് തിരിഞ്ഞു. “ജാക്ക്, ഇവിടുത്തെ കാര്യങ്ങൾ നിങ്ങൾ വേണം നോക്കാൻ

 

“എത്ര മണിക്കാണ് പോകുന്നത് സർ?” കാർട്ടർ ചോദിച്ചു.

 

“ക്രോയ്ഡണിൽ നിന്നും രാവിലെ പതിനൊന്നരയ്ക്ക് മേജർ ഓസ്ബോണിന്റെ പരിപാടിയിൽ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്

 

“അതെന്താണ് സർ?” ക്രെയ്ഗ് ചോദിച്ചു.

 

“ഡിയർ ബോയ്, നിങ്ങൾക്ക് ഒരു മിലിട്ടറി ക്രോസ് ബഹുമതി നൽകുവാൻ ആരോ ശിപാർശ ചെയ്തിരിക്കുന്നു OSS ലേക്ക് മാറ്റം ലഭിക്കുന്നതിന് മുമ്പ് SOE യ്ക്ക് വേണ്ടി നിങ്ങൾ ചെയ്ത സേവനങ്ങളെ മാനിച്ചുകൊണ്ട് മെഡൽ താൻ തന്നെ പിൻ ചെയ്ത് കൊടുക്കണമെന്നത് നമ്മുടെ രാജാവിന് നിർബന്ധമുണ്ട് അതുകൊണ്ട് രാവിലെ കൃത്യം പത്തു മണിയ്ക്ക് തന്നെ ബക്കിങ്ങ്ഹാം പാലസിൽ നിങ്ങൾ ഹാജരായിരിക്കണം

 

“ഓ, മൈ ഗോഡ്!” ക്രെയ്ഗ് മന്ത്രിച്ചു.

 

“അപ്പോൾ, ശുഭരാത്രി നേരുന്നു” അവർ വാതിൽക്കലേക്ക് തിരിഞ്ഞതും മൺറോ കൂട്ടിച്ചേർത്തു. “ക്രെയ്ഗ്, ഒരു കാര്യം കൂടി

 

“സർ?”

 

“നിങ്ങളുടെ ഈ യൂണിഫോമിലെ ചെളി നാളത്തേക്ക് എന്തെങ്കിലും ചെയ്തേ തീരൂ

 

അവർ പുറത്ത് ലാൻഡിങ്ങിലേക്കിറങ്ങി. “മിസ്സ് ട്രെവോൺസ്, നിങ്ങൾക്കുള്ള റൂമിന്റെ വാതിൽ തുറന്നു കിടക്കുകയാണ് ആവശ്യമുള്ളതെല്ലാം അതിനകത്തുണ്ട് അപ്പോൾ നാളെ രാവിലെ കാണാം” അവളോട് പറഞ്ഞിട്ട് കാർട്ടർ സ്റ്റെയർകെയ്സ് ഇറങ്ങി താഴോട്ട് പോയി.

 

ജെനവീവും ക്രെയ്ഗും പടികളിറങ്ങി ഗ്രൗണ്ട് ഫ്ലോറിൽ എത്തി. ജെനവീവിന് നൽകിയിരിക്കുന്ന മുറിയുടെ മുന്നിൽ വന്ന് അവർ ഇരുവരും നിന്നു.

 

“നിങ്ങൾക്കുള്ള റൂം ബേസ്മെന്റിലാണല്ലേ അത് കഷ്ടമായിപ്പോയി” അവൾ പറഞ്ഞു.

 

“വാസ്തവം പറഞ്ഞാൽ നല്ല റൂമാണ് മുമ്പ് ഞാനവിടെ തങ്ങിയിട്ടുണ്ട്

 

“ബക്കിങ്ങ്ഹാം പാലസ് ബഹുമതി കൊള്ളാമല്ലോ

 

“അതത്ര വലിയ കാര്യമൊന്നുമല്ല പലർക്കുമൊപ്പം ഞാനും അത്ര മാത്രം” താഴേക്ക് പോകാൻ തുനിഞ്ഞ അദ്ദേഹം ഒരു നിമിഷം നിന്നു. “ഇത്തരം ചടങ്ങുകളിൽ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൂടെ കൊണ്ടുപോകുന്ന പതിവുണ്ട് പക്ഷേ, എന്റെ കൂടെ വരാൻ ആരുമില്ല ഞാൻ ആലോചിക്കുകയായിരുന്നു…………….”

 

അവൾ പുഞ്ചിരിച്ചു. “ഞാൻ ഇതുവരെ രാജാവിനെ നേരിൽ കണ്ടിട്ടില്ല ക്രോയ്ഡണിലേക്ക് പോകുന്ന വഴിയിൽ ആണല്ലോ കൊട്ടാരവും

 

“അതെ പുറത്ത് കാറിൽ വെറുതെ വെയ്റ്റ് ചെയ്യുന്നതിൽ അർത്ഥമൊന്നുമില്ല താനും” അദ്ദേഹം പറഞ്ഞു.

 

അവൾ അദ്ദേഹത്തിന്റെ ഷർട്ടിലൂടെ വിരലോടിച്ചു. “ഞാൻ ഒരു കാര്യം പറയട്ടെ? നിങ്ങൾ റൂമിൽ ചെന്ന് ഈ യൂണിഫോം അഴിച്ച് എനിക്ക് തരൂ ചെളിയെല്ലാം കഴുകിക്കളഞ്ഞ് ഇസ്തിരിയിട്ട് തരാം ഞാൻ

 

“യെസ്, മാഡം” തമാശരൂപേണ അവളെ സല്യൂട്ട് ചെയ്തിട്ട് തിടുക്കത്തിൽ അദ്ദേഹം ബേസ്മെന്റിലേക്ക് നടന്നു.

 

തന്റെ റൂമിൽ കയറി വാതിലടച്ച് അവൾ അല്പനേരം അതിൽ ചാരി നിന്നു. ആ മുഖത്ത് ഒട്ടും തെളിച്ചമുണ്ടായിരുന്നില്ല അപ്പോൾ. ഒരു കാര്യം എന്തായാലും ഉറപ്പായി. ക്രെയ്ഗിനെ ഇഷ്ടപ്പെടാതിരിക്കാനാവുന്നില്ല തനിയ്ക്ക് അല്ല, അതിൽ എന്താണിത്ര കുഴപ്പം? വളരെ ലളിതം ഇരുട്ടിൽ നിന്നും ഒരു മോചനം തന്റെ സഹോദരിയുടെ ആ ഭീഭത്സ മുഖം മനസ്സിൽ നിന്നും അകറ്റി നിർത്തുവാൻ സഹായകമാവുന്ന ഒരു പിടിവള്ളി

 

                                                    ***

 

ബക്കിങ്ങ്ഹാം പാലസിലേക്ക് തിരിച്ച ആ ലിമോസിൻ പാൾ മാൾ കഴിഞ്ഞ് സെന്റ് ജെയിംസ് പാർക്കിന് സമീപം എത്തുമ്പോൾ മഴ ശക്തി പ്രാപിച്ചിരുന്നു. എമ്പാടും കനത്ത മൂടൽമഞ്ഞിന്റെ ആവരണം. ഡോഗൽ മൺറോയും ജെനവീവും പിറകിലെ സീറ്റിലാണ് ഇരുന്നത്. ആചാരപ്രകാരം ഇത്തരം ചടങ്ങുകളിൽ ഹാറ്റ് ധരിക്കേണ്ടതാണ്. പക്ഷേ, അത് ഇല്ലാത്തതിനാൽ സ്യൂട്ട്കെയ്സിൽ ഉണ്ടായിരുന്ന ഒരു കറുത്ത വെൽവെറ്റ് തൊപ്പിയാണ് അവൾ തലയിൽ വച്ചിരിക്കുന്നത്. കറുത്ത ബെൽറ്റുള്ള ഒരു റെയിൻകോട്ടും തന്റെ കൈയിൽ അവശേഷിച്ചിരുന്ന അവസാന ജോഡി സ്റ്റോക്കിങ്ങ്സുമാണ് അവൾ ധരിച്ചിരിക്കുന്നത്.

 

“എന്റെ വേഷം തീരെ മോശമാണെന്നൊരു തോന്നൽ” അവൾ വേവലാതി പ്രകടിപ്പിച്ചു.

 

“നോൺസെൻസ് യൂ ലുക്ക് മാർവെലസ്” മൺറോ അവൾക്ക് ധൈര്യം കൊടുത്തു.

 

എതിർവശത്ത് തങ്ങൾക്ക് അഭിമുഖമായിട്ടുള്ള ജമ്പ് സീറ്റിലാണ് ക്രെയ്ഗ് ഓസ്ബോൺ ഇരുന്നിരുന്നത്. ചട്ടങ്ങൾ അനുശാസിക്കും വിധം തന്റെ ഫോറേജ് ക്യാപ് ഒരു വശത്തേക്ക് ചെരിച്ചു വച്ചിരിക്കുന്നു. ഒലിവ് നിറമുള്ള മിലിട്ടറി യൂണിഫോം ജെനവീവ് കഴുകിയുണക്കി ഇസ്തിരിയിട്ട് കൊടുത്തിരുന്നു. പാന്റിസിന്റെയറ്റം പോളീഷ് ചെയ്ത ജമ്പ് ബൂട്ട്സിനുള്ളിലേക്ക് ടക്ക് ചെയ്തിരിക്കുന്നു. ടൈയ്ക്ക് പകരം ഒരു വൈറ്റ് സ്കാർഫാണ് അദ്ദേഹം കഴുത്തിൽ അണിഞ്ഞിരിക്കുന്നത്. ചില OSS ഓഫീസർമാർക്ക് അതിനോടൊരു പ്രത്യേക അഭിനിവേശമുണ്ട്.

 

“ഈ വേഷത്തിൽ നമ്മുടെ പയ്യൻ നല്ല ഗ്ലാമറുണ്ട് അല്ലേ?” ആഹ്ലാദത്തോടെ മൺറോ അവളോട് ചോദിച്ചു.

 

“താങ്കൾക്ക് അങ്ങനെ തോന്നുന്നുവെന്നറിഞ്ഞതിൽ വളരെ സന്തോഷം പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഒരു തൃപ്തിയുമില്ല എനിക്ക് ഈ വേഷത്തിൽ” ക്രെയ്ഗ് പറഞ്ഞു.

 

വിക്ടോറിയാ സ്മാരകത്തെ ചുറ്റി ആ ലിമോസിൻ കൊട്ടാരത്തിലേക്കുള്ള പ്രധാന കവാടത്തിന്  മുന്നിൽ ചെന്ന് നിന്നു. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഗാർഡുകൾ അവരെ കൊട്ടാരത്തിന്റെ അങ്കണത്തിലേക്ക് പോകാൻ അനുവദിച്ചു.

 

കൊട്ടാരത്തിന്റെ വാതിലിന് മുന്നിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. വിവിധ സർവീസുകളിൽ ജോലി ചെയ്യുന്നവരായി വ്യത്യസ്തമായ യൂണിഫോമുകൾ ധരിച്ചവരാണ് എമ്പാടും. സിവിലിയൻ വേഷധാരികളിൽ അധികവും അവരുടെ ഭാര്യമാരോ ബന്ധുക്കളോ ആണെന്നത് വ്യക്തം. മഴയത്ത് നിന്ന് ഉള്ളിൽ കയറാനുള്ള തത്രപ്പാടിലാണ് എല്ലാവരും.

 

ആഹ്ലാദഭരിതമായ ഒരു അന്തരീക്ഷമായിരുന്നു അവിടെങ്ങും. പിക്ച്ചർ ഗാലറിയുടെ പടികൾ കയറവെ എല്ലാ മുഖങ്ങളിലും ആകാംക്ഷയും പ്രതീക്ഷയും കാണാമായിരുന്നു. അവിടെയായിരുന്നു ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർക്ക് ഇരിക്കുവാനുള്ള കസേരകൾ ഇട്ടിരുന്നത്. മറുഭാഗത്ത് RAF ന്റെ ഒരു ബാൻഡ് സംഘം ലളിതസംഗീതം വായിച്ചുകൊണ്ടിരിക്കുന്നു.

 

പൊടുന്നനെ ആ ബാൻഡ് സംഘം ‘ഗോഡ് സേവ് ദി കിങ്ങ്’ എന്ന ഗാനം ആലപിക്കുവാൻ തുടങ്ങി. അടുത്ത നിമിഷം ജോർജ്ജ് രാജാവും എലിസബത്ത് രാജ്ഞിയും വേദിയിലേക്ക് പ്രവേശിച്ചു. കാണികൾ എല്ലാവരും ആദരവോടെ എഴുന്നേറ്റ് നിന്നു. രാജദമ്പതികൾ ആസനസ്ഥരായതും എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ അമർന്നു.

 

ബഹുമതിയ്ക്ക് അർഹരായവരെ അക്ഷരമാല ക്രമത്തിലാണ് വേദിയിലേക്ക് വിളിച്ചത്. തന്റെ ഉള്ളിൽ തുടികൊട്ടുന്ന പരിഭ്രമം ക്രെയ്ഗ് ഓസ്ബോൺ അറിയുന്നുണ്ടായിരുന്നു. ഒന്നിന് പിറകെ ഒന്നായി വിളിച്ചുകൊണ്ടിരിക്കുന്ന പേരുകൾ ശ്രദ്ധിച്ചുകൊണ്ടിരിക്കവെ തന്റെ ഊഴവും കാത്ത് അദ്ദേഹം ഒരു ദീർഘശ്വാസം എടുത്തു. ജെനവീവിന്റെ ഗ്ലൗസ് അണിഞ്ഞ കരം തന്റെ കൈയിൽ കോർക്കുന്നത് അറിഞ്ഞ അദ്ദേഹം ആശ്ചര്യത്തോടെ തിരിഞ്ഞു നോക്കി. പ്രോത്സാഹന രൂപേണ അവൾ പുഞ്ചിരിച്ചു. ഒപ്പം മൺറോയും. അതേ നിമിഷം തന്നെ അദ്ദേഹത്തിന്റെ പേർ വിളിക്കപ്പെട്ടു.

 

“മേജർ ക്രെയ്ഗ് ഓസ്ബോൺ, ഓഫീസ് ഓഫ് സ്ട്രാറ്റജിക് സർവീസസ്

 

ഞൊടിയിടയിൽ അദ്ദേഹം വേദിയിൽ എത്തിക്കഴിഞ്ഞിരുന്നു. പുഞ്ചിരിച്ചുകൊണ്ട് രാജാവ് വൈറ്റ് പർപ്പിൾ റിബ്ബണും സിൽവർ ക്രോസും അദ്ദേഹത്തിന്റെ യൂണിഫോമിൽ പിൻ ചെയ്തു കൊടുത്തു. രാജ്ഞിയും അദ്ദേഹത്തിന് ഒരു പുഞ്ചിരി സമ്മാനിച്ചു.

 

“വീ ആർ വെരി ഗ്രേറ്റ്ഫുൾ, മേജർ

 

“താങ്ക് യൂ, യുവർ മെജസ്റ്റി

 

തിരിഞ്ഞ് വേദി വിട്ടിറങ്ങവെ അടുത്തയാളുടെ പേർ വിളിക്കുന്നത് അദ്ദേഹം കേട്ടു.

 

                                              ***

 

പടികളിറങ്ങി താഴെയെത്തുമ്പോൾ മഴ പെയ്യുക തന്നെയായിരുന്നു. ഫോട്ടോകൾ എടുക്കുന്ന തിരക്കിലാണെല്ലാവരും. ചിരിയും കളിയുമായി എങ്ങും ആഹ്ലാദത്തിന്റെ അന്തരീക്ഷം മാത്രം.

 

“അദ്ദേഹം എന്താണ് പറഞ്ഞത്?” കാറിനരികിലേക്ക് നടക്കവെ ജെനവീവ് ക്രെയ്ഗിനോട് ചോദിച്ചു.

 

“എന്റെ സേവനത്തിന് നന്ദിയുള്ളവനായിരിക്കും എന്ന്

 

“യൂ ലുക്ക്ഡ് മാർവെലസ്” അവൾ കൈ ഉയർത്തി അദ്ദേഹത്തിന്റെ കഴുത്തിലെ സ്കാർഫ് ചെറുതായി അഡ്ജസ്റ്റ് ചെയ്തുകൊടുത്തു. “ബ്രിഗേഡിയർ, താങ്കൾക്കെന്ത് തോന്നി?”

 

“ഓ, തീർച്ചയായും വെരി ഹാൻഡ്സം” പ്രത്യേകിച്ചൊരു വികാരവുമില്ലാത്ത മട്ടിൽ അദ്ദേഹം പറഞ്ഞു.

 

കാറിനരികിലെത്തിയ ജെനവീവ് തിരിഞ്ഞ് ആ ആൾക്കൂട്ടത്തിന് നേർക്ക് ദൃഷ്ടി പായിച്ചു. “നോക്കൂ, വളരെ സന്തോഷത്തിലാണ് അവരെല്ലാം കണ്ടാൽ, യുദ്ധം നടന്നുകൊണ്ടിരിക്കുകയാണെന്ന് തോന്നുക പോലുമില്ല

 

“വെൽ, യുദ്ധം ഇപ്പോഴും തുടരുക തന്നെയാണ്” കാറിന്റെ ഡോർ തുറന്നുകൊണ്ട് മൺറോ പറഞ്ഞു. “വരൂ, നമുക്ക് നീങ്ങാം

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Tuesday, December 3, 2024

കോൾഡ് ഹാർബർ - 19

ഉയർന്ന മതിലുകളാൽ ചുറ്റപ്പെട്ട വലിയൊരു കോമ്പൗണ്ടിനുള്ളിലായിരുന്നു ഹാംപ്‌സ്റ്റഡിലെ ആ കെട്ടിടം. ജോർജ്ജിയൻ ശൈലിയിൽ നിർമ്മിതമായ ആ കെട്ടിടത്തിന്റെ ഇരുമ്പ് കവാടം നീലനിറത്തിലുള്ള യൂണിഫോമും പീക്ക് ക്യാപ്പും ധരിച്ച ഒരാൾ തുറന്നു കൊടുത്തു. ഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ബോർഡിൽ റോസ്ഡെൻ നേഴ്സിങ്ങ് ഹോം എന്ന് എഴുതിയിരിക്കുന്നു. ഇരുട്ട് വീണു കഴിഞ്ഞിരുന്നതിനാൽ കോമ്പൗണ്ടിനുള്ളിലെ കാഴ്ച്ചകൾ അധികമൊന്നും അവൾക്ക് കാണാനായില്ല. തന്റെ കൈയിലെ ടോർച്ചിന്റെ വെട്ടത്തിൽ കെട്ടിടത്തിന്റെ മുൻവാതിലിന് നേർക്ക് നടന്ന ക്രെയ്ഗ്, പഴയ ശൈലിയിലുള്ള കോളിങ്ങ് ബെല്ലിന്റെ ചെയിൻ ഒന്ന് വലിച്ചിട്ട് കാത്തു നിന്നു.

 

ഉള്ളിൽ നിന്നും ആരോ നടന്നടുക്കുന്നതിന്റെ ശബ്ദം അവൾ കേട്ടു. പിന്നെ വാതിലിലെ ചെയിൻ എടുത്തു മാറ്റി ടവർ ബോൾട്ട് നീക്കുന്നതിന്റെ ശബ്ദവും. വാതിൽ തുറന്ന് മുഖം കാണിച്ചത് ചാര നിറത്തിൽ മുടിയുള്ള, വെള്ള ഡസ്റ്റ് കോട്ട് ധരിച്ച ഒരു ചെറുപ്പക്കാരനായിരുന്നു. തുറന്ന കതകിനരികിൽ അയാൾ അല്പം പിറകോട്ട് നീങ്ങി നിന്നു. ഒന്നും ഉരിയാടാതെ ഉള്ളിലേക്ക് കയറിയ ക്രെയ്ഗിനെ അവൾ അനുഗമിച്ചു.

 

അരണ്ട വെട്ടം മാത്രമാണ് അതിനുള്ളിൽ ഉണ്ടായിരുന്നത്. ക്രീം നിറത്തിൽ പെയ്ന്റ് ചെയ്തിരിക്കുന്ന ചുമരുകളും പോളിഷ് ചെയ്ത പലകയാൽ നിർമ്മിച്ചിരിക്കുന്ന തറയും. അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ആന്റിസെപ്റ്റിക് ലോഷന്റെ ഗന്ധം ഹോസ്പിറ്റൽ വാർഡിന്റെ ഓർമ്മയാണ് അവളിൽ കൊണ്ടുവന്നത്. ശ്രദ്ധാപൂർവ്വം വാതിലടച്ച് കുറ്റിയിട്ട് ആ ചെറുപ്പക്കാരൻ അവരോട് സംസാരിക്കാനായി തിരിഞ്ഞു.

 

“ഹെർ ഡോക്ടർ ബാം ഉള്ളിലുണ്ട് ഇതിലേ വരൂ” അയാളുടെ സ്വരം നിർവ്വികാരമായിരുന്നു.

 

ഹാളിന്റെ അറ്റത്തുള്ള വാതിൽ തുറന്ന് അവരെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചിട്ട് മറ്റൊന്നും പറയാതെ അയാൾ കതകടച്ചു. അഴുക്കു പുരണ്ട ഏതാനും കസേരകളും മാഗസിനുകളും ഒക്കെയായി ഒരു ദന്തഡോക്ടറുടെ വെയ്റ്റിങ്ങ് റൂമിനെ ഓർമ്മിപ്പിച്ചു അവിടം.  ഇലക്ട്രിക് ഹീറ്റർ ഉണ്ടെങ്കിലും ഈർപ്പം തങ്ങി നിൽക്കുന്നു. അതിനെക്കാൾ അവൾ ശ്രദ്ധിച്ചത് ക്രെയ്ഗ് ഓസ്ബോണിന്റെ പെരുമാറ്റത്തിലെ അസ്വാഭാവികതയാണ്. അസ്വസ്ഥതയും ഉത്ക്കണ്ഠയും അനുഭവിക്കുന്നത് പോലെ തോന്നിച്ച അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ജാലകത്തിനരികിലേക്ക് ചെന്ന് അല്പം തുറന്നു കിടന്നിരുന്ന ബ്ലാക്കൗട്ട് കർട്ടൻ വലിച്ച് അടുപ്പിച്ചു വച്ചു.

 

“ഹെർ ബാം പേര് കേട്ടിട്ട് ജർമ്മൻകാരനാണെന്ന് തോന്നുന്നു? ജെനവീവ് ചോദിച്ചു.

 

“അല്ല, ഓസ്ട്രിയൻ

 

വാതിൽ തുറക്കപ്പെട്ടു. ഡോക്ടർമാർ ഉപയോഗിക്കുന്ന വെളുത്ത ജാക്കറ്റ് ധരിച്ച ഒരു മെലിഞ്ഞ മനുഷ്യൻ ആ റൂമിൽ നിന്നും പുറത്തേക്ക് വന്നു. കഷണ്ടിത്തലയുള്ള അയാളുടെ കഴുത്തിൽ ഒരു സ്റ്റെതസ്കോപ്പ് ഉണ്ടായിരുന്നു. അയാളുടെ ശരീരത്തിന് ചേരാത്ത വിധം അളവിലും വലിയ വസ്ത്രങ്ങൾ.

 

“ഹലോ ബാം” ക്രെയ്ഗ് ഓസ്ബോൺ പറഞ്ഞു. “ഇത് മിസ്സ് ട്രെവോൺസ്

 

ആ ചെറിയ കണ്ണുകളിലെ ആകാംക്ഷ പെട്ടെന്നാണ് ഭീതിയായി മാറിയത്. തന്റെ പിതാവിന്റെയും പിന്നെ റിനേയുടെയും കണ്ണുകളിൽ ദർശിച്ച അതേ ഭാവം. അടുത്ത നിമിഷം തന്റെ ഉണങ്ങിയ ചുണ്ടുകൾ നനച്ചിട്ട് ദയനീയമായി അയാൾ അവളെ ഒന്നു കൂടി നോക്കി.

 

“ഫ്രോലീൻ” തല കുനിച്ചിട്ട് അയാൾ അവൾക്ക് ഹസ്തദാനം നൽകി. അയാളുടെ കൈയിൽ ഈർപ്പമുണ്ടായിരുന്നു.

 

“ഒരു മിനിറ്റ്, ഞാൻ പെട്ടെന്ന് വരാം ഒരു ഫോൺ ചെയ്യാനുണ്ട്” ക്രെയ്ഗ് പറഞ്ഞു.

 

പുറത്തേക്ക് പോയ അദ്ദേഹത്തിന് പിന്നിൽ വാതിലടഞ്ഞു. ഒരു നീണ്ട മൗനം അവിടെങ്ങും നിറഞ്ഞു. വിയർത്തൊഴുകുന്ന ഡോക്ടർ ബാം കർച്ചീഫ് എടുത്ത് നെറ്റി തുടച്ചു.

 

“എന്റെ സഹോദരിയുടെ ചില വസ്തുവകകൾ ഇവിടെയുണ്ടെന്ന് മേജർ ഓസ്ബോൺ പറഞ്ഞു

 

“അതെ…… ശരിയാണ്……” അയാൾ ഒന്ന് പുഞ്ചിരിച്ചെങ്കിലും മുഖത്തെ ഭീതി മാറിയിരുന്നില്ല. “അദ്ദേഹം വന്നിട്ട് സംസാരിക്കാം അതേക്കുറിച്ച്...” അയാൾ സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് പോലെ തോന്നി. “കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ? ഷെറി ആയാലോ?” മുറിയുടെ മൂലയിൽ ഉള്ള കബോർഡിൽ നിന്നും ഒരു ബോട്ട്‌ലും ഗ്ലാസും എടുത്ത് അയാൾ തിരിഞ്ഞു. “അത്ര നല്ല ക്വാളിറ്റി എന്നൊന്നും പറയാനാവില്ല യുദ്ധകാലമല്ലേ

 

അവിടെയുള്ള കൗണ്ടർ ടോപ്പിൽ കറുത്ത ഫ്രെയിം ചെയ്ത ഒരു ഫോട്ടോ ഉണ്ടായിരുന്നു. പതിനാറോ പതിനേഴോ പ്രായം തോന്നിക്കുന്ന ഒരു പെൺകുട്ടിയുടെ ചിത്രം. മുഖത്തെ മൃദുമന്ദഹാസം അവളുടെ അലൗകിക സൗന്ദര്യത്തിന് മാറ്റു കൂട്ടുന്നത് പോലെ തോന്നി.

 

“നിങ്ങളുടെ മകളാണോ?” ജെനവീവ് ചോദിച്ചു.

 

“അതെ

 

“സ്കൂളിൽ പഠിക്കുകയായിരിക്കും അല്ലേ?”

 

“നോ, മിസ്സ് ട്രെവോൺസ് ഷീ ഈസ് ഡെഡ്” ദുഃഖം നിഴലിച്ച ആ വാക്കുകൾ അവളുടെ കർണ്ണപുടങ്ങളിൽ പ്രതിധ്വനിക്കുന്നത് പോലെ തോന്നി. മുറിയിലെ ശൈത്യം ഒന്നു കൂടി ഏറിയത് പോലെ. “ഗെസ്റ്റപ്പോയാണ് അവളുടെ ജീവനെടുത്തത് 1939 ൽ വിയന്നയിൽ വച്ച് ഞാനൊരു ഓസ്ട്രിയൻ ജൂതനാണ്, മിസ്സ് ട്രെവോൺസ് അവിടെ നിന്നും പുറത്ത് കടക്കാൻ ഭാഗ്യം ലഭിച്ച അപൂർവ്വം ചിലരിൽ ഒരുവൻ

 

“എന്നിട്ട് ഇപ്പോൾ?”

 

“അവളുടെ ഘാതകർക്കെതിരെ എന്നാലാവുന്നത് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു

 

വളരെ നേർത്തതായിരുന്നു അയാളുടെ സ്വരം. ആ കണ്ണുകളിലെ വേദന അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു. നമ്മൾ എല്ലാവരും ഇരകൾ മാത്രമാണ് എവിടെയോ വായിച്ച വാക്യം. ഒരിക്കൽ ഹോസ്പിറ്റലിലെ കാഷ്വാൽറ്റി വാർഡിലേക്ക് കൊണ്ടുവന്ന ഒരു ലുഫ്ത്‌വാഫ് ഫൈറ്റർ പൈലറ്റിന്റെ കാര്യം അവൾക്ക് ഓർമ്മ വന്നു. ഗുരുതരമായി പൊള്ളലേറ്റ് ബുള്ളറ്റ് ഇഞ്ചുറിയുമായി എത്തിയ അയാളുടെ മുഖത്ത് പരിക്കൊന്നുമില്ലായിരുന്നു. പതിനാറാം വയസ്സിൽ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ താൻ പ്രണയിച്ചിരുന്ന സമപ്രായക്കാരനായ യുവാവിന്റെ അതേ മുഖം. കടുത്ത വേദന അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും പുഞ്ചിരിച്ചുകൊണ്ടിരുന്ന ഒരു പാവം യുവാവ്.  തന്റെ കൈ ചേർത്തു പിടിച്ച് പുഞ്ചിരിച്ചുകൊണ്ടാണ് അവൻ മരണത്തിന് കീഴടങ്ങിയത്.

 

വാതിൽ തുറന്ന് ക്രെയ്ഗ് ഉള്ളിലേക്ക് വന്നു. “ഓകെ, ഫോൺ ചെയ്തു കഴിഞ്ഞു നിങ്ങൾ തുടങ്ങിക്കോളൂ ഡോക്ടർ ഞാനിവിടെ ഇരിക്കാം

 

“എനിക്ക് മനസ്സിലാവുന്നില്ല” ബാം ആകെപ്പാടെ അസ്വസ്ഥനായി കാണപ്പെട്ടു. “ഈ വിഷയം നിങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് ഞാൻ കരുതിയത്

 

ക്ഷീണവും വെറുപ്പും ഇടകലർന്നിരുന്നു ക്രെയ്ഗിന്റെ മുഖത്ത്. കൂടുതൽ ഒന്നും പറയാൻ അയാൾക്ക് അവസരം കൊടുക്കാതെ അദ്ദേഹം കൈ ഉയർത്തി. “ഓകെ, ബാം ഓകെ

 

ക്രെയ്ഗ് വാതിൽ തുറന്ന് ഒരു വശത്തേക്ക് മാറി നിന്നു.

 

“ഇനി എന്ത് ഗെയിമാണ് നിങ്ങൾ എന്റെയടുത്ത് കളിക്കാൻ പോകുന്നത്?” ജെനവീവ് ചോദിച്ചു.

 

“സംതിങ്ങ് യൂ ഷുഡ് സീ, ഐ തിങ്ക്

 

“വാട്ട്?”

 

“ഈ വഴി” പരുക്കൻ മട്ടിൽ അദ്ദേഹം പറഞ്ഞു. “എന്റെയൊപ്പം വരൂ

 

അദ്ദേഹം പുറത്തേക്ക് നടന്നു. മനസില്ലാ മനസോടെ അവൾ അദ്ദേഹത്തെ അനുഗമിച്ചു.

 

                                                ***

 

ഹാളിന്റെ അറ്റത്തുള്ള വാതിൽ തുറന്ന് അദ്ദേഹം ഇരുണ്ട സ്റ്റെയർകെയ്സ് വഴി അണ്ടർഗ്രൗണ്ട് ഫ്ലോറിലേക്ക് ഇറങ്ങി. നീണ്ട ഒരു ഇടനാഴിയിലേക്കാണ് അത് ചെന്നെത്തിയത്. വെള്ള നിറം പൂശിയ ചുമരുകളിൽ ഇരുവശത്തുമായി വാതിലുകളുണ്ടായിരുന്നു. ആ ഇടനാഴി ഒരു വശത്തേക്ക് തിരിയുന്ന മൂലയിലുള്ള കസേരയിൽ ഇരുന്ന് ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ഒരാളെ അവൾ കണ്ടു. ഏതാണ്ട് അമ്പതിനോടടുത്ത് പ്രായം തോന്നിക്കുന്ന തടിച്ച ശരീരപ്രകൃതിയുള്ള അയാളുടെ തല നരച്ചിരുന്നു. മൂക്കിന്മേൽ മുമ്പെങ്ങോ സംഭവിച്ച മുറിവിന്റെ അടയാളം. കെട്ടിടത്തിന്റെ വാതിൽക്കൽ അവരെ ഉള്ളിലേക്ക് കടത്തിവിട്ട ആ ചെറുപ്പക്കാരൻ ധരിച്ചിരുന്നതു പോലത്തെ വെള്ള ഡസ്റ്റ് കോട്ട് തന്നെയാണ് ഇയാളുടെയും വേഷം. കൃത്യമായ ഇടവേളയിൽ കേൾക്കാനാവുന്ന പെരുമ്പറനാദം പോലുള്ള ശബ്ദം ആ ഇടനാഴിയുടെ മൂലയിൽ എത്തിയപ്പോഴേക്കും അസഹനീയമായി മാറി. കസേരയിൽ ഇരിക്കുന്ന ആ മനുഷ്യൻ അവരെ ഒന്ന് നോക്കിയിട്ട് വീണ്ടും പുസ്തകത്തിലേക്ക് തല താഴ്ത്തി.

 

“ബധിരനാണ് അയാൾ അങ്ങനെ ആയല്ലേ പറ്റൂ” ക്രെയ്ഗ് പറഞ്ഞു.

 

ഇടനാഴിയുടെ അറ്റത്തുള്ള ഇരുമ്പ് വാതിലിന് മുന്നിൽ അദ്ദേഹം നടത്തം നിർത്തി. അസ്വസ്ഥത പകരുന്ന പെരുമ്പറനാദം ഇപ്പോൾ നിലച്ചിരിക്കുന്നു. കനത്ത നിശ്ശബ്ദത മാത്രം. ആ വാതിലിലെ സ്ലൈഡിങ്ങ് പാനൽ ഒരു വശത്തേക്ക് മാറ്റി ഉള്ളിലേക്കൊന്ന് നോക്കിയിട്ട് ക്രെയ്ഗ് ഒതുങ്ങി നിന്നു. ഹിപ്നോട്ടിസത്തിന് വിധേയയായത് പോലെ യാന്ത്രികമായി ജെനവീവ് അങ്ങോട്ട് ചെന്നു.

 

ആ ഇരുമ്പഴികൾക്കിടയിലൂടെ അവൾ ഉള്ളിലേക്ക് നോക്കി. ഇത്രയും അസഹനീയമായ ദുർഗന്ധം ആദ്യമായിട്ടായിരുന്നു അവൾ അനുഭവിക്കുന്നത്. സീലിങ്ങ് ലൈറ്റിൽ നിന്നുമുള്ള വെട്ടം ഒട്ടും പര്യാപ്തമായിരുന്നില്ല ആ മുറിയ്ക്കുള്ളിൽ. ബ്ലാങ്കറ്റ് പോലുമില്ലാത്ത ഒരു ചെറിയ കട്ടിലും അതിനരികിൽ ഇനാമലിന്റെ ഒരു എച്ചിൽ ബക്കറ്റും ആ അരണ്ട വെട്ടത്തിൽ അവൾ കഷ്ടിച്ച് കണ്ടു. അപ്പോഴാണ് മുറിയുടെ മൂലയിൽ ഒരനക്കം പോലെ തോന്നി അവൾ അങ്ങോട്ട് നോക്കിയത്.

 

കീറത്തുണി ധരിച്ച ഒരു രൂപം ആ മൂലയിൽ നിലത്ത് ഇരിക്കുന്നുണ്ടായിരുന്നു. അത് സ്ത്രീയോ പുരുഷനോ എന്ന് പോലും തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഞരങ്ങുന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ട് ആ രൂപം ചുമരിൽ മാന്തിക്കൊണ്ടിരിക്കുന്നു. ആ ദൃശ്യത്തിന്റെ ഭീകരതയിൽ സ്തബ്ധയായി നിന്നുപോയി ജെനവീവ്. ആരോ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന തോന്നലിൽ ആവാം, ആ രൂപം പതുക്കെ മുഖമുയർത്തി അവളെ നോക്കി. ഭയന്ന് വിറച്ചു പോയി ജെനവീവ്. അപഭ്രംശം സംഭവിച്ച ഒരു കണ്ണാടിയിലെന്ന പോലെ വക്രവും ഉടഞ്ഞതുമായി കാണുന്നത് തന്റെ തന്നെ മുഖമല്ലേ എന്നവൾക്ക് തോന്നി.

 

ഭയം കൊണ്ട് ഒന്ന് നിലവിളിക്കാൻ പോലും അവൾക്ക് ആയില്ല. ആ വികൃത രൂപവും ജെനവീവും കുറെയേറെ നേരം അന്യോന്യം തുറിച്ചു നോക്കി. പിന്നെ അത് എഴുന്നേറ്റ് വന്ന് അവളെ മാന്തുവാനെന്ന പോലെ അഴികൾക്കിടയിലൂടെ കൈകൾ നീട്ടി. ഒരടി പോലും പിറകോട്ട് മാറുവാനുള്ള ശക്തിയില്ലായിരുന്നു ജെനവീവിന്. അരികിൽ നിന്നിരുന്ന ക്രെയ്ഗ് പെട്ടെന്നവളെ പിറകോട്ട് പിടിച്ചു മാറ്റി ആ സ്ലൈഡിങ്ങ് പാനൽ വലിച്ചടച്ചു. ആ രൂപത്തിൽ നിന്നും ഉയർന്ന മൃഗീയമായ ആർത്തനാദം അതോടെ ഇല്ലാതായി.

 

സകല ശക്തിയുമെടുത്ത് ജെനവീവ് കൈ മടക്കി അദ്ദേഹത്തിന്റെ മുഖത്ത് ആഞ്ഞടിച്ചു. ഒന്നല്ല, രണ്ടല്ല, പല തവണ. അദ്ദേഹത്തിന്റെ ബലിഷ്ഠകരങ്ങൾ അവളെ പിടിച്ച് നിർത്തുന്നത് വരെ.

 

“ഇറ്റ്സ് ഓൾറൈറ്റ്” ശാന്തസ്വരത്തിൽ അദ്ദേഹം പറഞ്ഞു. “വരൂ, നമുക്ക് തിരിച്ചു പോകാം

 

കസേരയിൽ ഇരുന്നിരുന്ന ആ മനുഷ്യൻ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചിട്ട് തല കുലുക്കി. തിരികെ നടക്കവെ അവർക്ക് പിന്നിൽ ആ പെരുമ്പറനാദം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുമ്പോൾ ക്രെയ്ഗ് ഓസ്ബോൺ തന്റെ ബലിഷ്ഠകരങ്ങളാൽ ചേർത്തു പിടിച്ചതുകൊണ്ട് മാത്രമായിരുന്നു അവൾ കുഴഞ്ഞു വീഴാതിരുന്നത്.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...