Hanged Man പബ്ബിലെ ബാറിനുള്ളിൽ പ്രവേശിച്ച ജെനവീവിന് ആകെപ്പാടെ
അത്ഭുതമായിരുന്നു. ജാലകത്തിനരികിലെ മേശയ്ക്ക് ചുറ്റുമായി അവളും ബ്രിഗേഡിയറും ക്രെയ്ഗും
മാർട്ടിൻ ഹെയറും ഇരുന്നു. ജൂലി ലെഗ്രാൻഡ് പാചകം ചെയ്ത പോർക്കിറച്ചിയും കോഴിമുട്ടയും
ഷ്മിഡ്റ്റ് ആണ് അടുക്കളയിൽ നിന്നും കൊണ്ടുവന്ന് വച്ചത്. ലിലി മർലിൻ കപ്പലിന്റെ
ക്രൂവിലെ അംഗങ്ങളിൽ ചിലരെല്ലാം നെരിപ്പോടിനരികിൽ ഇരുന്ന് പതിഞ്ഞ സ്വരത്തിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു.
മറ്റു ചിലരാകട്ടെ ചീട്ട് കളിച്ചുകൊണ്ടിരിക്കുകയാണ്.
“ഇന്ന് വളരെ മര്യാദക്കാരാണല്ലോ
എല്ലാവരും…” മൺറോ അത്ഭുതപ്പെട്ടു.
“അത് ഇന്നത്തെ നമ്മുടെ
അതിഥിയുടെ ഗുണമാണ് സർ…” അടുക്കളയിൽ നിന്നും കുറച്ച് ബ്രെഡ് ടോസ്റ്റ് കൊണ്ടുവന്ന്
മേശപ്പുറത്ത് വച്ചുകൊണ്ട് ഷ്മിഡ്റ്റ് പറഞ്ഞു. “വിരോധമില്ലെങ്കിൽ ഒരു കാര്യം പറയട്ടെ
സർ…? വസന്തകാലം വന്നെത്തിയ പ്രതീതിയാണ് മിസ്സ് ട്രെവോൺസിന്റെ
സാന്നിദ്ധ്യം എല്ലാവരിലും സൃഷ്ടിച്ചിരിക്കുന്നത്…”
“റാസ്കൽ… മുഖസ്തുതി പറയാൻ നീ മിടുക്കൻ തന്നെ… പോകാൻ
നോക്ക്…” തമാശരൂപേണ മൺറോ പറഞ്ഞു.
ചമ്മലോടെ ഷ്മിഡ്റ്റ് പതുക്കെ
ഉള്ളിലേക്ക് വലിഞ്ഞു. മാർട്ടിൻ ഹെയർ ജെനവീവിന്റെ കപ്പിൽ വീണ്ടും ചായ നിറച്ചു. “ഇതെല്ലാം
കണ്ടിട്ട് വിചിത്രമായി തോന്നുന്നുണ്ടായിരിക്കുമല്ലേ നിങ്ങൾക്ക്…?”
“ഒരു സംശയവും വേണ്ട…” എയർഫീൽഡിൽ വച്ച് ആദ്യം സന്ധിച്ചപ്പോൾ തന്നെ മാർട്ടിൻ ഹെയറിന്റെ പെരുമാറ്റം
അവൾക്ക് ഇഷ്ടപ്പെട്ടിരുന്നു. അതേ സമയം, ജോ എഡ്ജിനോട് കടുത്ത അനിഷ്ടവും തോന്നിയിരുന്നു.
“വല്ലപ്പോഴും കണ്ണാടിയിൽ സ്വന്തം രൂപം കാണുമ്പോൾ നിങ്ങൾക്ക് വിചിത്രമായി തോന്നാറില്ലേ…? പ്രത്യേകിച്ചും നിങ്ങളുടെ യൂണിഫോം കാണുമ്പോൾ…?” അവൾ ചോദിച്ചു.
“ഷീ ഈസ് റൈറ്റ്, മാർട്ടിൻ…” മൺറോ പറഞ്ഞു. “യഥാർത്ഥത്തിൽ ഏത് ഭാഗത്താണ് ജോലി ചെയ്യുന്നതെന്ന് എപ്പോഴെങ്കിലും
സംശയിച്ചിട്ടുണ്ടോ നിങ്ങൾ…?”
“സത്യം പറഞ്ഞാൽ ചിലപ്പോഴെങ്കിലും
അങ്ങനെ തോന്നിയിട്ടുണ്ട്…” ഹെയർ ഒരു സിഗരറ്റിന് തീ കൊളുത്തി. “ജോ എഡ്ജിനോടൊപ്പം
ജോലി ചെയ്യേണ്ടി വരുമ്പോൾ… ആ യൂണിഫോമിന് തന്നെ അപമാനമാണവൻ…”
“അതിപ്പോൾ ഏത് യൂണിഫോം
ആയാലും…” ക്രെയ്ഗ് പറഞ്ഞു. “എന്റെയഭിപ്രായത്തിൽ ഒട്ടും
തന്നെ പക്വതയില്ല അവന്… അത് സാധൂകരിക്കുന്ന ഒരു സംഭവം ഒരിക്കൽ ഗ്രാന്റ്
എന്നോട് പറയുകയുണ്ടായി… ബാറ്റ്‌ൽ ഓഫ് ബ്രിട്ടന്റെ സമയത്താണത്രെ… ഒരു എഞ്ചിന് തകരാറ് സംഭവിച്ചതിനെ തുടർന്ന് നമ്മുടെ രണ്ട് സ്പിറ്റ്ഫയറുകൾക്ക്
മുന്നിൽ കീഴടങ്ങിയ ഒരു ജങ്കേഴ്സ്-88 നെ തൊട്ടടുത്ത എയർഫീൽഡിൽ ഇറക്കുവാനായി ഇരുവശവും
അകമ്പടി സേവിച്ചുകൊണ്ട് വരികയായിരുന്നു… ജർമ്മൻ വ്യോമസേനയുടെ ഒരു യുദ്ധവിമാനം പിടിച്ചെടുക്കുക
എന്നത് വലിയൊരു സംഭവമായേനെ…”
“എന്നിട്ടെന്തു സംഭവിച്ചു…?” ജെനവീവ് ചോദിച്ചു.
“അവർക്ക് പിന്നാലെ എത്തിയ
എഡ്ജ് ഒരു ഭ്രാന്തനെപ്പോലെ അലറി ചിരിക്കുന്നത് റേഡിയോയിലൂടെ കേൾക്കാമായിരുന്നുവെന്നാണ്
സ്പിറ്റ്ഫയറുകളുടെ പൈലറ്റുമാർ പറഞ്ഞത്… എന്നിട്ടവൻ ആ ജങ്കേഴ്സിനെ വെടിവെച്ച് തകർത്തു കളഞ്ഞു…” ക്രെയ്ഗ് പറഞ്ഞു.
“ടെറിബ്‌ൾ…” അവൾ പറഞ്ഞു. “അയാളുടെ കമാൻഡിങ്ങ് ഓഫീസർ അയാൾക്കെതിരെ കോർട്ട്-മാർഷൽ
നടപടികൾ എടുത്തുകാണുമെന്നത് തീർച്ച…”
“അദ്ദേഹം ശ്രമിച്ചിരുന്നു… പക്ഷേ, അത് ഓവർറൂൾ ചെയ്യപ്പെട്ടു… ബാറ്റ്‌ൽ
ഓഫ് ബ്രിട്ടനിലെ സേവനത്തിന് രണ്ട് DFC മെഡലുകൾ കരസ്ഥമാക്കിയ മിടുക്കനായ പൈലറ്റായിരുന്നു
അവൻ… അങ്ങനെയൊരാളെ കോർട്ട്-മാർഷൽ ചെയ്യുന്നത് ഭംഗികേടായിരിക്കുമെന്ന്
മേലധികാരികൾ കരുതി…” ക്രെയ്ഗ് ഹെയറിന് നേർക്ക് തിരിഞ്ഞു. “ഞാൻ പറഞ്ഞില്ലേ,
മാനസിക രോഗിയായ ഒരു വാർ ഹീറോ…”
“ആ കഥ ഞാനും കേട്ടിട്ടുണ്ട്…” ഹെയർ ക്രെയ്ഗിനോട് പറഞ്ഞു. “നിങ്ങൾ പറയാൻ വിട്ടുപോയ ഒരു കാര്യമുണ്ട്… എഡ്ജിന്റെ കമാൻഡിങ്ങ് ഓഫീസർ ഒരു അമേരിക്കക്കാരനായിരുന്നു… ഈഗ്‌ൾ സ്ക്വാഡ്രണിൽ വർക്ക് ചെയ്തിരുന്ന ആൾ… തനിക്കെതിരെ നടപടിക്ക് മുതിർന്ന അയാളോട് ക്ഷമിക്കുവാൻ എഡ്ജ് ഒരുക്കമായിരുന്നില്ല… അതിന് ശേഷമാണ് അവൻ അമേരിക്കക്കാരെ ഒന്നടങ്കം വെറുക്കുവാനാരംഭിച്ചത്…”
“അതൊക്കെ ശരിയായിരിക്കാം… എങ്കിലും ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മിടുക്കനായ പൈലറ്റാണ്
അവൻ…” മൺറോ പറഞ്ഞു.
“അങ്ങനെയാണെങ്കിൽ പിന്നെ
എന്തുകൊണ്ടാണ് വ്യാഴാഴ്ച്ച രാത്രിയിലെ ഡ്രോപ്പിങ്ങിന് ഗ്രാന്റിന് പകരം അയാളെ നിയോഗിക്കാത്തത്...?”
ജെനവീവ് ചോദിച്ചു.
“കാരണം, അവൻ ലൈസാൻഡർ പറത്താറില്ല… ജർമ്മൻ വിമാനമായ ഫീസ്‌ലർ സ്റ്റോർക്ക് ആണ് അവൻ അത്തരം ആവശ്യങ്ങൾക്കായി
പറത്താറുള്ളത്… അതും അത്യാവശ്യ ഘട്ടങ്ങളിൽ മാത്രം…” മൺറോ അവളോട് പറഞ്ഞു. “വ്യാഴാഴ്ച്ചത്തേത് ഏതാണ്ട് ഒരു പതിവ് ഫ്ലൈറ്റ്
ആണെന്ന് പറയാം…”
വാതിൽ തള്ളിത്തുറന്ന്
എഡ്ജ് ഉള്ളിലേക്ക് പ്രവേശിച്ചു. പതിവ് പോലെ കത്തിക്കാത്ത ഒരു സിഗരറ്റ് അവന്റെ ചുണ്ടിന്റെ
ഒരു കോണിൽ ഉണ്ടായിരുന്നു. “എല്ലാവരും ഹാപ്പിയല്ലേ…?” അവൻ
മേശയ്ക്കരികിലേക്ക് നടന്നടുക്കവെ എല്ലാവരും നിശ്ശബ്ദരായി. “ഗ്രാന്റ് കുഴപ്പമൊന്നും
കൂടാതെ ടേക്ക് ഓഫ് ചെയ്തിട്ടുണ്ട് സർ… വ്യാഴാഴ്ച്ച ഉച്ചയ്ക്ക് തിരികെയെത്തും…” അവൻ മൺറോയോട് പറഞ്ഞു.
“ഗുഡ്…” മൺറോ പറഞ്ഞു.
മേശയ്ക്കരികിൽ വന്ന എഡ്ജ്
മുന്നോട്ടാഞ്ഞ് ജെനവീവിനോട് തൊട്ടുചേർന്ന് നിന്നു. അയാളുടെ നിശ്വാസം തന്റെ കാതിൽ പതിയുന്നത്
അവൾ അറിയുന്നുണ്ടായിരുന്നു. “പുതിയ സ്ഥലമൊക്കെ എങ്ങനെ…? ഓകെയല്ലേ സ്വീറ്റീ…? എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നോട് ചോദിച്ചാൽ
മതി… ഏതു സമയത്തും ഞാൻ റെഡി…”
ദ്വേഷ്യത്തോടെ അകന്നു
മാറിയിട്ട് അവൾ എഴുന്നേറ്റു. “ഞാൻ കിച്ചണിലേക്ക് പോകുന്നു… മദാം ലെഗ്രാൻഡിന് എന്തെങ്കിലും സഹായം വേണോ എന്ന് നോക്കട്ടെ…”
അവൾ നടന്നു നീങ്ങവെ എഡ്ജ്
പൊട്ടിച്ചിരിച്ചു. ഹെയർ പുരികം ചുളിച്ച് ക്രെയ്ഗിന് നേരെ നോക്കി. “സാമാന്യമര്യാദ എന്നത്
തൊട്ടുതീണ്ടിയിട്ടില്ലാത്തവൻ, ശരിയല്ലേ…?”
(തുടരും)
എഡ്ജിൻ്റെ കാര്യം തൽക്കാലം അവധിക്ക് വെക്കാം. എന്നാലും നോയമ്പിൽ ഇരിക്കുന്ന എൻടൂടെ പന്നിയിറച്ചിയും കോഴിമുട്ടയും എന്ന് പറഞ്ഞല്ലോ നിങ്ങള് .
ReplyDeleteക്ഷമി ഉണ്ടാപ്രീ ക്ഷമി... പോർക്കിറച്ചീം മുട്ടയും കൊണ്ടു വയ്ക്കുമ്പോൾ പിന്നെ ഇഡ്‌ലിയും സാമ്പാറും എന്ന് പറയാൻ പറ്റില്ലല്ലോ...😛😛😛
Deleteഎഡ്ജ് വെറുപ്പിക്കും
ReplyDeleteഒരു സംശയവും വേണ്ട അക്കാര്യത്തിൽ... ഒട്ടും മര്യാദയില്ലാത്തവൻ...
Delete