Thursday, December 12, 2024

കോൾഡ് ഹാർബർ - 20

അവർ നൽകിയ ബ്രാണ്ടി ഗ്ലാസുമായി ഇലക്ട്രിക്ക് ഹീറ്ററിനരികിൽ ഇരിക്കുന്ന ജെനവീവ് ഇല പോലെ വിറയ്ക്കുന്നുണ്ടായിരുന്നു. ഗ്ലാസിൽ മുറുകെ പിടിച്ച് സ്വബോധത്തിലേക്ക് തിരികെ വരാൻ പരിശ്രമിക്കുന്ന അവളെ നോക്കിക്കൊണ്ട് ഡോക്ടർ ബാം ആകാംക്ഷയോടെ നിന്നു.

 

“മുൻനിശ്ചയ പ്രകാരം ആൻ മേരി തന്റെ കാർ റെയിൽവേ സ്റ്റേഷന് സമീപം പാർക്ക് ചെയ്തു” ക്രെയ്ഗ് പറഞ്ഞു. “ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ പ്രവർത്തകരുമായി സന്ധിക്കാൻ റിനേ പുറത്തേക്ക് പോയി നിങ്ങളുടെ സഹോദരി വസ്ത്രങ്ങൾ മാറ്റി പിക്കപ്പ് പോയിന്റിലേക്ക് കാൽനടയായി പുറപ്പെടുകയും ചെയ്തു

 

“എന്നിട്ടെന്ത് സംഭവിച്ചു?” പതിഞ്ഞ സ്വരത്തിൽ അവൾ ആരാഞ്ഞു.

 

“പ്രതിരോധ പ്രവർത്തകരെ പിടികൂടാൻ റോന്തു ചുറ്റുന്ന ഒരു SS സംഘത്തിന്റെ മുന്നിലാണ് അവൾ ചെന്നു പെട്ടത് വ്യാജമാണെങ്കിലും അവളുടെ രേഖകളെല്ലാം കൃത്യമായിരുന്നു പക്ഷേ, അവരെ സംബന്ധിച്ചിടത്തോളം അവൾ സുന്ദരിയായ വെറുമൊരു ഗ്രാമീണ പെൺകൊടി മാത്രമായിരുന്നു അടുത്തുള്ള ഒരു ധാന്യപ്പുരയിലേക്ക് അവർ അവളെ വലിച്ചിഴച്ചു കൊണ്ടുപോയി

 

“എത്രപേരുണ്ടായിരുന്നു അവർ?”

 

“അതിന് ഇനി എന്ത് പ്രാധാന്യം? അവരുടെ കാമഭ്രാന്തിൽ പിച്ചിച്ചീന്തപ്പെട്ട അവളെ ഗ്രാമത്തിൽ അലഞ്ഞു തിരിയുന്ന അവസ്ഥയിലാണ് റിനേയും ഏതാനും പ്രതിരോധ പ്രവർത്തകരും കണ്ടെത്തിയത്ആ രൂപത്തെയാണ് രണ്ട് ദിവസം മുമ്പ് ലൈസാൻഡറിൽ ഇവിടെയെത്തിച്ചത്

 

“അപ്പോൾ നിങ്ങൾ നുണ പറയുകയായിരുന്നു” ജെനവീവ് പറഞ്ഞു. “നിങ്ങളെല്ലാവരും റിനേ പോലും

 

“ഇതുപോലൊരു ഷോക്ക് ഒഴിവാക്കാൻ വേണ്ടിയായിരുന്നു പക്ഷേ, നിങ്ങളുടെ കടുംപിടുത്തം കാരണം ഞങ്ങൾക്ക് സത്യം വെളിപ്പെടുത്തേണ്ടി വന്നു അതല്ലാതെ വേറെ വഴിയില്ലായിരുന്നു

 

“എന്തെങ്കിലും ചെയ്യാൻ പറ്റുമോ? ആ വൃത്തികെട്ട മുറിയിൽത്തന്നെ കഴിഞ്ഞു കൂടേണ്ടി വരുമോ അവൾക്കിനി?”

 

ഡോക്ടർ ബാം ആണ് അതിനുത്തരം പറഞ്ഞത്. “ഇല്ല ആക്രമണോത്സുകത കുറയ്ക്കാനുള്ള മരുന്നുകൾ കൊടുത്തുകൊണ്ടിരിക്കുകയാണ് ഞങ്ങൾ പൂർണ്ണമായും അതിന്റെ ഫലം കണ്ടു തുടങ്ങണമെങ്കിൽ രണ്ടാഴ്ച്ചയെങ്കിലും വേണ്ടി വരും അതിന് ശേഷം തീർച്ചയായും അവളെ അനുയോജ്യമായ ഇടത്തേക്ക് മാറ്റുവാനുള്ള ഏർപ്പാട് ഞങ്ങൾ ചെയ്യുന്നതായിരിക്കും

 

“എന്തെങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ?”

 

നെറ്റിയിൽ നിന്നും വിയർപ്പ് വടിച്ചു മാറ്റിയിട്ട് അയാൾ ഹാൻഡ്കെർച്ചീഫിൽ കൈ തുടച്ചു. അയാളുടെ മുഖത്ത് അസ്വസ്ഥത തെളിഞ്ഞു കാണാമായിരുന്നു. “ഫ്രോലീൻ, പ്ലീസ് ഞാനിപ്പോൾ എന്താണ് നിങ്ങളോട് പറയുക?”

 

അവൾ ഒരു ദീർഘ ശ്വാസമെടുത്തു. “ഒരു കാരണവശാലും എന്റെ പിതാവ് ഇതേക്കുറിച്ച് ഒന്നും തന്നെ അറിയാനിട വരരുത് പിന്നെ അദ്ദേഹം ജീവനോടെയുണ്ടാവില്ല മനസ്സിലായോ?”

 

“തീർച്ചയായും” ക്രെയ്ഗ് തല കുലുക്കി. “അവൾ ഇല്ല എന്ന അദ്ദേഹത്തിന്റെ ധാരണ അങ്ങനെ തന്നെയിരിക്കട്ടെ അതിലൊരു മാറ്റവും വരുത്തേണ്ട

 

അവൾ തന്റെ കൈയിലെ ബ്രാണ്ടി ഗ്ലാസിലേക്ക് തുറിച്ചു നോക്കി. “എന്റെ മുന്നിൽ രണ്ടാമതൊരു മാർഗ്ഗമുണ്ടായിരുന്നില്ല തുടക്കം മുതൽ തന്നെ നിങ്ങൾക്കതറിയാമായിരുന്നു ശരിയല്ലേ?”

 

“യെസ്” ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു.

 

“റൈറ്റ്, ദെൻ” അവൾ അല്പം ബ്രാണ്ടി അകത്താക്കി. തൊണ്ട മുഴുവൻ എരിയുന്നത് പോലെ തോന്നി അവൾക്ക്. ശ്രദ്ധാപൂർവ്വം ഗ്ലാസ് താഴെ വച്ചിട്ട് അവൾ ക്രെയ്ഗിനെ നോക്കി. “ഇനി എന്താണ്?”

 

“തിരികെ മൺറോയുടെ അടുത്തേക്ക്

 

“എങ്കിൽ ശരി, അങ്ങനെ” തിരിഞ്ഞ് അവൾ പുറത്തേക്ക് നടന്നു.

 

                                                ***

 

ഹേസ്റ്റൻ പ്ലെയ്സിലുള്ള ഫ്ലാറ്റിലെ സ്വീകരണ മുറിയിലേക്ക് അവരെ ആനയിക്കുമ്പോൾ ജാക്ക് കാർട്ടറിന്റെ മുഖത്ത് തികഞ്ഞ ഗൗരവഭാവമായിരുന്നു. മേശപ്പുറത്തെ ഫയലുകൾ പരിശോധിച്ചു കൊണ്ടിരിക്കുകയായിരുന്ന ബ്രിഗേഡിയർ ഡോഗൽ മൺറോ എഴുന്നേറ്റ് അവൾക്കരികിലേക്ക് വന്നു.

 

“സോ, നൗ യൂ നോ എവ്‌രിതിങ്ങ്?”

 

“യെസ്” അവൾ ഇരിക്കാൻ തുനിഞ്ഞില്ല.

 

“അയാം സോറി, മൈ ഡിയർ

 

“എനിക്കൊന്നും കേൾക്കണ്ട, ബ്രിഗേഡിയർ” അവൾ കൈ ഉയർത്തി. “എനിക്ക് താങ്കളെ ഇഷ്ടമല്ല, താങ്കളുടെ പ്രവർത്തന രീതികളെയും ഇനി ഞാൻ എന്ത് ചെയ്യണമെന്ന് പറയൂ

 

“താഴത്തെ നിലയിലെ ഫ്ലാറ്റ് ഞങ്ങൾ അതിഥികൾക്ക് വേണ്ടി മാറ്റി വച്ചിട്ടുള്ളതാണ് ഇന്ന് രാത്രി നിങ്ങൾക്കവിടെ തങ്ങാം” അദ്ദേഹം ക്രെയ്ഗിനെ നോക്കി. “നിങ്ങൾക്ക് ബേസ്മെന്റിലുള്ള റൂമിൽ ജാക്കിനോടൊപ്പം തങ്ങാം

 

“നാളത്തെ കാര്യം എങ്ങനെയാണ്?” ജെനവീവ് ചോദിച്ചു.

 

“ക്രോയ്ഡണിൽ നിന്നും ഫ്ലൈറ്റിൽ നിങ്ങളെ കോൾഡ് ഹാർബറിലേക്ക് കയറ്റി വിടും കോൺവാളിലാണത് ലൈസാൻഡറിൽ ഒരു മണിക്കൂർ യാത്രയേയുള്ളൂ അവിടെ ഞങ്ങൾക്ക് ഒരു ബംഗ്ലാവുണ്ട് ഗ്രാൻസെസ്റ്റർ ആബീ ഞങ്ങളുടെ ദൗത്യത്തിനുള്ള ആൾക്കാരുടെ ഇടത്താവളമാണത് മേജർ ഓസ്ബോണും ഞാനും നിങ്ങളോടൊപ്പം വരുന്നുണ്ട്” അദ്ദേഹം കാർട്ടറുടെ നേർക്ക് തിരിഞ്ഞു. “ജാക്ക്, ഇവിടുത്തെ കാര്യങ്ങൾ നിങ്ങൾ വേണം നോക്കാൻ

 

“എത്ര മണിക്കാണ് പോകുന്നത് സർ?” കാർട്ടർ ചോദിച്ചു.

 

“ക്രോയ്ഡണിൽ നിന്നും രാവിലെ പതിനൊന്നരയ്ക്ക് മേജർ ഓസ്ബോണിന്റെ പരിപാടിയിൽ ചെറിയൊരു മാറ്റം വന്നിട്ടുണ്ട്

 

“അതെന്താണ് സർ?” ക്രെയ്ഗ് ചോദിച്ചു.

 

“ഡിയർ ബോയ്, നിങ്ങൾക്ക് ഒരു മിലിട്ടറി ക്രോസ് ബഹുമതി നൽകുവാൻ ആരോ ശിപാർശ ചെയ്തിരിക്കുന്നു OSS ലേക്ക് മാറ്റം ലഭിക്കുന്നതിന് മുമ്പ് SOE യ്ക്ക് വേണ്ടി നിങ്ങൾ ചെയ്ത സേവനങ്ങളെ മാനിച്ചുകൊണ്ട് മെഡൽ താൻ തന്നെ പിൻ ചെയ്ത് കൊടുക്കണമെന്നത് നമ്മുടെ രാജാവിന് നിർബന്ധമുണ്ട് അതുകൊണ്ട് രാവിലെ കൃത്യം പത്തു മണിയ്ക്ക് തന്നെ ബക്കിങ്ങ്ഹാം പാലസിൽ നിങ്ങൾ ഹാജരായിരിക്കണം

 

“ഓ, മൈ ഗോഡ്!” ക്രെയ്ഗ് മന്ത്രിച്ചു.

 

“അപ്പോൾ, ശുഭരാത്രി നേരുന്നു” അവർ വാതിൽക്കലേക്ക് തിരിഞ്ഞതും മൺറോ കൂട്ടിച്ചേർത്തു. “ക്രെയ്ഗ്, ഒരു കാര്യം കൂടി

 

“സർ?”

 

“നിങ്ങളുടെ ഈ യൂണിഫോമിലെ ചെളി നാളത്തേക്ക് എന്തെങ്കിലും ചെയ്തേ തീരൂ

 

അവർ പുറത്ത് ലാൻഡിങ്ങിലേക്കിറങ്ങി. “മിസ്സ് ട്രെവോൺസ്, നിങ്ങൾക്കുള്ള റൂമിന്റെ വാതിൽ തുറന്നു കിടക്കുകയാണ് ആവശ്യമുള്ളതെല്ലാം അതിനകത്തുണ്ട് അപ്പോൾ നാളെ രാവിലെ കാണാം” അവളോട് പറഞ്ഞിട്ട് കാർട്ടർ സ്റ്റെയർകെയ്സ് ഇറങ്ങി താഴോട്ട് പോയി.

 

ജെനവീവും ക്രെയ്ഗും പടികളിറങ്ങി ഗ്രൗണ്ട് ഫ്ലോറിൽ എത്തി. ജെനവീവിന് നൽകിയിരിക്കുന്ന മുറിയുടെ മുന്നിൽ വന്ന് അവർ ഇരുവരും നിന്നു.

 

“നിങ്ങൾക്കുള്ള റൂം ബേസ്മെന്റിലാണല്ലേ അത് കഷ്ടമായിപ്പോയി” അവൾ പറഞ്ഞു.

 

“വാസ്തവം പറഞ്ഞാൽ നല്ല റൂമാണ് മുമ്പ് ഞാനവിടെ തങ്ങിയിട്ടുണ്ട്

 

“ബക്കിങ്ങ്ഹാം പാലസ് ബഹുമതി കൊള്ളാമല്ലോ

 

“അതത്ര വലിയ കാര്യമൊന്നുമല്ല പലർക്കുമൊപ്പം ഞാനും അത്ര മാത്രം” താഴേക്ക് പോകാൻ തുനിഞ്ഞ അദ്ദേഹം ഒരു നിമിഷം നിന്നു. “ഇത്തരം ചടങ്ങുകളിൽ സുഹൃത്തുക്കളെയോ ബന്ധുക്കളെയോ കൂടെ കൊണ്ടുപോകുന്ന പതിവുണ്ട് പക്ഷേ, എന്റെ കൂടെ വരാൻ ആരുമില്ല ഞാൻ ആലോചിക്കുകയായിരുന്നു…………….”

 

അവൾ പുഞ്ചിരിച്ചു. “ഞാൻ ഇതുവരെ രാജാവിനെ നേരിൽ കണ്ടിട്ടില്ല ക്രോയ്ഡണിലേക്ക് പോകുന്ന വഴിയിൽ ആണല്ലോ കൊട്ടാരവും

 

“അതെ പുറത്ത് കാറിൽ വെറുതെ വെയ്റ്റ് ചെയ്യുന്നതിൽ അർത്ഥമൊന്നുമില്ല താനും” അദ്ദേഹം പറഞ്ഞു.

 

അവൾ അദ്ദേഹത്തിന്റെ ഷർട്ടിലൂടെ വിരലോടിച്ചു. “ഞാൻ ഒരു കാര്യം പറയട്ടെ? നിങ്ങൾ റൂമിൽ ചെന്ന് ഈ യൂണിഫോം അഴിച്ച് എനിക്ക് തരൂ ചെളിയെല്ലാം കഴുകിക്കളഞ്ഞ് ഇസ്തിരിയിട്ട് തരാം ഞാൻ

 

“യെസ്, മാഡം” തമാശരൂപേണ അവളെ സല്യൂട്ട് ചെയ്തിട്ട് തിടുക്കത്തിൽ അദ്ദേഹം ബേസ്മെന്റിലേക്ക് നടന്നു.

 

തന്റെ റൂമിൽ കയറി വാതിലടച്ച് അവൾ അല്പനേരം അതിൽ ചാരി നിന്നു. ആ മുഖത്ത് ഒട്ടും തെളിച്ചമുണ്ടായിരുന്നില്ല അപ്പോൾ. ഒരു കാര്യം എന്തായാലും ഉറപ്പായി. ക്രെയ്ഗിനെ ഇഷ്ടപ്പെടാതിരിക്കാനാവുന്നില്ല തനിയ്ക്ക് അല്ല, അതിൽ എന്താണിത്ര കുഴപ്പം? വളരെ ലളിതം ഇരുട്ടിൽ നിന്നും ഒരു മോചനം തന്റെ സഹോദരിയുടെ ആ ഭീഭത്സ മുഖം മനസ്സിൽ നിന്നും അകറ്റി നിർത്തുവാൻ സഹായകമാവുന്ന ഒരു പിടിവള്ളി

 

                                                    ***

 

ബക്കിങ്ങ്ഹാം പാലസിലേക്ക് തിരിച്ച ആ ലിമോസിൻ പാൾ മാൾ കഴിഞ്ഞ് സെന്റ് ജെയിംസ് പാർക്കിന് സമീപം എത്തുമ്പോൾ മഴ ശക്തി പ്രാപിച്ചിരുന്നു. എമ്പാടും കനത്ത മൂടൽമഞ്ഞിന്റെ ആവരണം. ഡോഗൽ മൺറോയും ജെനവീവും പിറകിലെ സീറ്റിലാണ് ഇരുന്നത്. ആചാരപ്രകാരം ഇത്തരം ചടങ്ങുകളിൽ ഹാറ്റ് ധരിക്കേണ്ടതാണ്. പക്ഷേ, അത് ഇല്ലാത്തതിനാൽ സ്യൂട്ട്കെയ്സിൽ ഉണ്ടായിരുന്ന ഒരു കറുത്ത വെൽവെറ്റ് തൊപ്പിയാണ് അവൾ തലയിൽ വച്ചിരിക്കുന്നത്. കറുത്ത ബെൽറ്റുള്ള ഒരു റെയിൻകോട്ടും തന്റെ കൈയിൽ അവശേഷിച്ചിരുന്ന അവസാന ജോഡി സ്റ്റോക്കിങ്ങ്സുമാണ് അവൾ ധരിച്ചിരിക്കുന്നത്.

 

“എന്റെ വേഷം തീരെ മോശമാണെന്നൊരു തോന്നൽ” അവൾ വേവലാതി പ്രകടിപ്പിച്ചു.

 

“നോൺസെൻസ് യൂ ലുക്ക് മാർവെലസ്” മൺറോ അവൾക്ക് ധൈര്യം കൊടുത്തു.

 

എതിർവശത്ത് തങ്ങൾക്ക് അഭിമുഖമായിട്ടുള്ള ജമ്പ് സീറ്റിലാണ് ക്രെയ്ഗ് ഓസ്ബോൺ ഇരുന്നിരുന്നത്. ചട്ടങ്ങൾ അനുശാസിക്കും വിധം തന്റെ ഫോറേജ് ക്യാപ് ഒരു വശത്തേക്ക് ചെരിച്ചു വച്ചിരിക്കുന്നു. ഒലിവ് നിറമുള്ള മിലിട്ടറി യൂണിഫോം ജെനവീവ് കഴുകിയുണക്കി ഇസ്തിരിയിട്ട് കൊടുത്തിരുന്നു. പാന്റിസിന്റെയറ്റം പോളീഷ് ചെയ്ത ജമ്പ് ബൂട്ട്സിനുള്ളിലേക്ക് ടക്ക് ചെയ്തിരിക്കുന്നു. ടൈയ്ക്ക് പകരം ഒരു വൈറ്റ് സ്കാർഫാണ് അദ്ദേഹം കഴുത്തിൽ അണിഞ്ഞിരിക്കുന്നത്. ചില OSS ഓഫീസർമാർക്ക് അതിനോടൊരു പ്രത്യേക അഭിനിവേശമുണ്ട്.

 

“ഈ വേഷത്തിൽ നമ്മുടെ പയ്യൻ നല്ല ഗ്ലാമറുണ്ട് അല്ലേ?” ആഹ്ലാദത്തോടെ മൺറോ അവളോട് ചോദിച്ചു.

 

“താങ്കൾക്ക് അങ്ങനെ തോന്നുന്നുവെന്നറിഞ്ഞതിൽ വളരെ സന്തോഷം പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം ഒരു തൃപ്തിയുമില്ല എനിക്ക് ഈ വേഷത്തിൽ” ക്രെയ്ഗ് പറഞ്ഞു.

 

വിക്ടോറിയാ സ്മാരകത്തെ ചുറ്റി ആ ലിമോസിൻ കൊട്ടാരത്തിലേക്കുള്ള പ്രധാന കവാടത്തിന്  മുന്നിൽ ചെന്ന് നിന്നു. സുരക്ഷാ പരിശോധനകൾക്ക് ശേഷം ഗാർഡുകൾ അവരെ കൊട്ടാരത്തിന്റെ അങ്കണത്തിലേക്ക് പോകാൻ അനുവദിച്ചു.

 

കൊട്ടാരത്തിന്റെ വാതിലിന് മുന്നിൽ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. വിവിധ സർവീസുകളിൽ ജോലി ചെയ്യുന്നവരായി വ്യത്യസ്തമായ യൂണിഫോമുകൾ ധരിച്ചവരാണ് എമ്പാടും. സിവിലിയൻ വേഷധാരികളിൽ അധികവും അവരുടെ ഭാര്യമാരോ ബന്ധുക്കളോ ആണെന്നത് വ്യക്തം. മഴയത്ത് നിന്ന് ഉള്ളിൽ കയറാനുള്ള തത്രപ്പാടിലാണ് എല്ലാവരും.

 

ആഹ്ലാദഭരിതമായ ഒരു അന്തരീക്ഷമായിരുന്നു അവിടെങ്ങും. പിക്ച്ചർ ഗാലറിയുടെ പടികൾ കയറവെ എല്ലാ മുഖങ്ങളിലും ആകാംക്ഷയും പ്രതീക്ഷയും കാണാമായിരുന്നു. അവിടെയായിരുന്നു ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവർക്ക് ഇരിക്കുവാനുള്ള കസേരകൾ ഇട്ടിരുന്നത്. മറുഭാഗത്ത് RAF ന്റെ ഒരു ബാൻഡ് സംഘം ലളിതസംഗീതം വായിച്ചുകൊണ്ടിരിക്കുന്നു.

 

പൊടുന്നനെ ആ ബാൻഡ് സംഘം ‘ഗോഡ് സേവ് ദി കിങ്ങ്’ എന്ന ഗാനം ആലപിക്കുവാൻ തുടങ്ങി. അടുത്ത നിമിഷം ജോർജ്ജ് രാജാവും എലിസബത്ത് രാജ്ഞിയും വേദിയിലേക്ക് പ്രവേശിച്ചു. കാണികൾ എല്ലാവരും ആദരവോടെ എഴുന്നേറ്റ് നിന്നു. രാജദമ്പതികൾ ആസനസ്ഥരായതും എല്ലാവരും അവരവരുടെ ഇരിപ്പിടങ്ങളിൽ അമർന്നു.

 

ബഹുമതിയ്ക്ക് അർഹരായവരെ അക്ഷരമാല ക്രമത്തിലാണ് വേദിയിലേക്ക് വിളിച്ചത്. തന്റെ ഉള്ളിൽ തുടികൊട്ടുന്ന പരിഭ്രമം ക്രെയ്ഗ് ഓസ്ബോൺ അറിയുന്നുണ്ടായിരുന്നു. ഒന്നിന് പിറകെ ഒന്നായി വിളിച്ചുകൊണ്ടിരിക്കുന്ന പേരുകൾ ശ്രദ്ധിച്ചുകൊണ്ടിരിക്കവെ തന്റെ ഊഴവും കാത്ത് അദ്ദേഹം ഒരു ദീർഘശ്വാസം എടുത്തു. ജെനവീവിന്റെ ഗ്ലൗസ് അണിഞ്ഞ കരം തന്റെ കൈയിൽ കോർക്കുന്നത് അറിഞ്ഞ അദ്ദേഹം ആശ്ചര്യത്തോടെ തിരിഞ്ഞു നോക്കി. പ്രോത്സാഹന രൂപേണ അവൾ പുഞ്ചിരിച്ചു. ഒപ്പം മൺറോയും. അതേ നിമിഷം തന്നെ അദ്ദേഹത്തിന്റെ പേർ വിളിക്കപ്പെട്ടു.

 

“മേജർ ക്രെയ്ഗ് ഓസ്ബോൺ, ഓഫീസ് ഓഫ് സ്ട്രാറ്റജിക് സർവീസസ്

 

ഞൊടിയിടയിൽ അദ്ദേഹം വേദിയിൽ എത്തിക്കഴിഞ്ഞിരുന്നു. പുഞ്ചിരിച്ചുകൊണ്ട് രാജാവ് വൈറ്റ് പർപ്പിൾ റിബ്ബണും സിൽവർ ക്രോസും അദ്ദേഹത്തിന്റെ യൂണിഫോമിൽ പിൻ ചെയ്തു കൊടുത്തു. രാജ്ഞിയും അദ്ദേഹത്തിന് ഒരു പുഞ്ചിരി സമ്മാനിച്ചു.

 

“വീ ആർ വെരി ഗ്രേറ്റ്ഫുൾ, മേജർ

 

“താങ്ക് യൂ, യുവർ മെജസ്റ്റി

 

തിരിഞ്ഞ് വേദി വിട്ടിറങ്ങവെ അടുത്തയാളുടെ പേർ വിളിക്കുന്നത് അദ്ദേഹം കേട്ടു.

 

                                              ***

 

പടികളിറങ്ങി താഴെയെത്തുമ്പോൾ മഴ പെയ്യുക തന്നെയായിരുന്നു. ഫോട്ടോകൾ എടുക്കുന്ന തിരക്കിലാണെല്ലാവരും. ചിരിയും കളിയുമായി എങ്ങും ആഹ്ലാദത്തിന്റെ അന്തരീക്ഷം മാത്രം.

 

“അദ്ദേഹം എന്താണ് പറഞ്ഞത്?” കാറിനരികിലേക്ക് നടക്കവെ ജെനവീവ് ക്രെയ്ഗിനോട് ചോദിച്ചു.

 

“എന്റെ സേവനത്തിന് നന്ദിയുള്ളവനായിരിക്കും എന്ന്

 

“യൂ ലുക്ക്ഡ് മാർവെലസ്” അവൾ കൈ ഉയർത്തി അദ്ദേഹത്തിന്റെ കഴുത്തിലെ സ്കാർഫ് ചെറുതായി അഡ്ജസ്റ്റ് ചെയ്തുകൊടുത്തു. “ബ്രിഗേഡിയർ, താങ്കൾക്കെന്ത് തോന്നി?”

 

“ഓ, തീർച്ചയായും വെരി ഹാൻഡ്സം” പ്രത്യേകിച്ചൊരു വികാരവുമില്ലാത്ത മട്ടിൽ അദ്ദേഹം പറഞ്ഞു.

 

കാറിനരികിലെത്തിയ ജെനവീവ് തിരിഞ്ഞ് ആ ആൾക്കൂട്ടത്തിന് നേർക്ക് ദൃഷ്ടി പായിച്ചു. “നോക്കൂ, വളരെ സന്തോഷത്തിലാണ് അവരെല്ലാം കണ്ടാൽ, യുദ്ധം നടന്നുകൊണ്ടിരിക്കുകയാണെന്ന് തോന്നുക പോലുമില്ല

 

“വെൽ, യുദ്ധം ഇപ്പോഴും തുടരുക തന്നെയാണ്” കാറിന്റെ ഡോർ തുറന്നുകൊണ്ട് മൺറോ പറഞ്ഞു. “വരൂ, നമുക്ക് നീങ്ങാം

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


4 comments:

  1. എന്നാലും ആൻ മേരി നൊമ്പരമായി അവശേഷിക്കുന്നു.. 😔

    അപ്പോ ചലോ കോൾഡ് ഹാർബർ..

    ReplyDelete
    Replies
    1. അതെ... വല്ലാത്തൊരു നൊമ്പരമായി അത്...

      Delete
    2. അതെ.. ആ ചുറുചുറുക്കും ക്യൂട്ടിനെസ്സ്ഉം ഒക്കെ കണ്ട മാത്രയിൽ
      ഇഷ്ടമായിരുന്നു .. കണ്ണ് കിട്ടിയതാവും .. പാവം .. തിരികെ ജീവിതത്തിലേക്ക് വരുമെന്ന് കരുതാം .
      ജെനി ചേച്ചിയും ഓസ്ബോൺ ചേട്ടനും കൂടെ ആരോടെങ്കിലും പകരം ചോദിക്കും എന്നും പ്രതീക്ഷിക്കുന്നു

      Delete
    3. കാത്തിരിക്കാം ഉണ്ടാപ്രീ നമുക്ക്...

      Delete