ഉയർന്ന മതിലുകളാൽ ചുറ്റപ്പെട്ട
വലിയൊരു കോമ്പൗണ്ടിനുള്ളിലായിരുന്നു ഹാംപ്‌സ്റ്റഡിലെ ആ കെട്ടിടം. ജോർജ്ജിയൻ ശൈലിയിൽ
നിർമ്മിതമായ ആ കെട്ടിടത്തിന്റെ ഇരുമ്പ് കവാടം നീലനിറത്തിലുള്ള യൂണിഫോമും പീക്ക് ക്യാപ്പും
ധരിച്ച ഒരാൾ തുറന്നു കൊടുത്തു. ഗേറ്റിൽ ഘടിപ്പിച്ചിരിക്കുന്ന ബോർഡിൽ റോസ്ഡെൻ നേഴ്സിങ്ങ്
ഹോം എന്ന് എഴുതിയിരിക്കുന്നു. ഇരുട്ട് വീണു കഴിഞ്ഞിരുന്നതിനാൽ കോമ്പൗണ്ടിനുള്ളിലെ കാഴ്ച്ചകൾ
അധികമൊന്നും അവൾക്ക് കാണാനായില്ല. തന്റെ കൈയിലെ ടോർച്ചിന്റെ വെട്ടത്തിൽ കെട്ടിടത്തിന്റെ
മുൻവാതിലിന് നേർക്ക് നടന്ന ക്രെയ്ഗ്, പഴയ ശൈലിയിലുള്ള കോളിങ്ങ് ബെല്ലിന്റെ ചെയിൻ ഒന്ന്
വലിച്ചിട്ട് കാത്തു നിന്നു.
ഉള്ളിൽ നിന്നും ആരോ നടന്നടുക്കുന്നതിന്റെ
ശബ്ദം അവൾ കേട്ടു. പിന്നെ വാതിലിലെ ചെയിൻ എടുത്തു മാറ്റി ടവർ ബോൾട്ട് നീക്കുന്നതിന്റെ
ശബ്ദവും. വാതിൽ തുറന്ന് മുഖം കാണിച്ചത് ചാര നിറത്തിൽ മുടിയുള്ള, വെള്ള ഡസ്റ്റ് കോട്ട്
ധരിച്ച ഒരു ചെറുപ്പക്കാരനായിരുന്നു. തുറന്ന കതകിനരികിൽ അയാൾ അല്പം പിറകോട്ട് നീങ്ങി
നിന്നു. ഒന്നും ഉരിയാടാതെ ഉള്ളിലേക്ക് കയറിയ ക്രെയ്ഗിനെ അവൾ അനുഗമിച്ചു.
അരണ്ട വെട്ടം മാത്രമാണ്
അതിനുള്ളിൽ ഉണ്ടായിരുന്നത്. ക്രീം നിറത്തിൽ പെയ്ന്റ് ചെയ്തിരിക്കുന്ന ചുമരുകളും പോളിഷ്
ചെയ്ത പലകയാൽ നിർമ്മിച്ചിരിക്കുന്ന തറയും. അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ആന്റിസെപ്റ്റിക്
ലോഷന്റെ ഗന്ധം ഹോസ്പിറ്റൽ വാർഡിന്റെ ഓർമ്മയാണ് അവളിൽ കൊണ്ടുവന്നത്. ശ്രദ്ധാപൂർവ്വം
വാതിലടച്ച് കുറ്റിയിട്ട് ആ ചെറുപ്പക്കാരൻ അവരോട് സംസാരിക്കാനായി തിരിഞ്ഞു.
“ഹെർ ഡോക്ടർ ബാം ഉള്ളിലുണ്ട്… ഇതിലേ വരൂ…” അയാളുടെ സ്വരം നിർവ്വികാരമായിരുന്നു.
ഹാളിന്റെ അറ്റത്തുള്ള
വാതിൽ തുറന്ന് അവരെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചിട്ട് മറ്റൊന്നും പറയാതെ അയാൾ കതകടച്ചു.
അഴുക്കു പുരണ്ട ഏതാനും കസേരകളും മാഗസിനുകളും ഒക്കെയായി ഒരു ദന്തഡോക്ടറുടെ വെയ്റ്റിങ്ങ്
റൂമിനെ ഓർമ്മിപ്പിച്ചു അവിടം. ഇലക്ട്രിക് ഹീറ്റർ
ഉണ്ടെങ്കിലും ഈർപ്പം തങ്ങി നിൽക്കുന്നു. അതിനെക്കാൾ അവൾ ശ്രദ്ധിച്ചത് ക്രെയ്ഗ് ഓസ്ബോണിന്റെ
പെരുമാറ്റത്തിലെ അസ്വാഭാവികതയാണ്. അസ്വസ്ഥതയും ഉത്ക്കണ്ഠയും അനുഭവിക്കുന്നത് പോലെ തോന്നിച്ച
അദ്ദേഹം ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് ജാലകത്തിനരികിലേക്ക് ചെന്ന് അല്പം തുറന്നു
കിടന്നിരുന്ന ബ്ലാക്കൗട്ട് കർട്ടൻ വലിച്ച് അടുപ്പിച്ചു വച്ചു.
“ഹെർ ബാം… പേര് കേട്ടിട്ട് ജർമ്മൻകാരനാണെന്ന് തോന്നുന്നു…? ജെനവീവ് ചോദിച്ചു.
“അല്ല, ഓസ്ട്രിയൻ…”
വാതിൽ തുറക്കപ്പെട്ടു.
ഡോക്ടർമാർ ഉപയോഗിക്കുന്ന വെളുത്ത ജാക്കറ്റ് ധരിച്ച ഒരു മെലിഞ്ഞ മനുഷ്യൻ ആ റൂമിൽ നിന്നും
പുറത്തേക്ക് വന്നു. കഷണ്ടിത്തലയുള്ള അയാളുടെ കഴുത്തിൽ ഒരു സ്റ്റെതസ്കോപ്പ് ഉണ്ടായിരുന്നു.
അയാളുടെ ശരീരത്തിന് ചേരാത്ത വിധം അളവിലും വലിയ വസ്ത്രങ്ങൾ.
“ഹലോ ബാം…” ക്രെയ്ഗ് ഓസ്ബോൺ പറഞ്ഞു. “ഇത് മിസ്സ് ട്രെവോൺസ്…”
ആ ചെറിയ കണ്ണുകളിലെ ആകാംക്ഷ
പെട്ടെന്നാണ് ഭീതിയായി മാറിയത്. തന്റെ പിതാവിന്റെയും പിന്നെ റിനേയുടെയും കണ്ണുകളിൽ
ദർശിച്ച അതേ ഭാവം. അടുത്ത നിമിഷം തന്റെ ഉണങ്ങിയ ചുണ്ടുകൾ നനച്ചിട്ട് ദയനീയമായി അയാൾ
അവളെ ഒന്നു കൂടി നോക്കി.
“ഫ്രോലീൻ…” തല കുനിച്ചിട്ട് അയാൾ അവൾക്ക് ഹസ്തദാനം നൽകി. അയാളുടെ കൈയിൽ ഈർപ്പമുണ്ടായിരുന്നു.
“ഒരു മിനിറ്റ്, ഞാൻ പെട്ടെന്ന്
വരാം… ഒരു ഫോൺ ചെയ്യാനുണ്ട്…” ക്രെയ്ഗ് പറഞ്ഞു.
പുറത്തേക്ക് പോയ അദ്ദേഹത്തിന്
പിന്നിൽ വാതിലടഞ്ഞു. ഒരു നീണ്ട മൗനം അവിടെങ്ങും നിറഞ്ഞു. വിയർത്തൊഴുകുന്ന ഡോക്ടർ ബാം
കർച്ചീഫ് എടുത്ത് നെറ്റി തുടച്ചു.
“എന്റെ സഹോദരിയുടെ ചില
വസ്തുവകകൾ ഇവിടെയുണ്ടെന്ന് മേജർ ഓസ്ബോൺ പറഞ്ഞു…”
“അതെ…… ശരിയാണ്……” അയാൾ ഒന്ന് പുഞ്ചിരിച്ചെങ്കിലും മുഖത്തെ ഭീതി
മാറിയിരുന്നില്ല. “അദ്ദേഹം വന്നിട്ട് സംസാരിക്കാം അതേക്കുറിച്ച്...” അയാൾ സംസാരിക്കാൻ
ബുദ്ധിമുട്ടുന്നത് പോലെ തോന്നി. “കുടിക്കാൻ എന്തെങ്കിലും എടുക്കട്ടെ…? ഷെറി ആയാലോ…?” മുറിയുടെ മൂലയിൽ ഉള്ള കബോർഡിൽ നിന്നും ഒരു ബോട്ട്‌ലും
ഗ്ലാസും എടുത്ത് അയാൾ തിരിഞ്ഞു. “അത്ര നല്ല ക്വാളിറ്റി എന്നൊന്നും പറയാനാവില്ല… യുദ്ധകാലമല്ലേ…”
അവിടെയുള്ള കൗണ്ടർ ടോപ്പിൽ
കറുത്ത ഫ്രെയിം ചെയ്ത ഒരു ഫോട്ടോ ഉണ്ടായിരുന്നു. പതിനാറോ പതിനേഴോ പ്രായം തോന്നിക്കുന്ന
ഒരു പെൺകുട്ടിയുടെ ചിത്രം. മുഖത്തെ മൃദുമന്ദഹാസം അവളുടെ അലൗകിക സൗന്ദര്യത്തിന് മാറ്റു
കൂട്ടുന്നത് പോലെ തോന്നി.
“നിങ്ങളുടെ മകളാണോ…?” ജെനവീവ് ചോദിച്ചു.
“അതെ…”
“സ്കൂളിൽ പഠിക്കുകയായിരിക്കും
അല്ലേ…?”
“നോ, മിസ്സ് ട്രെവോൺസ്… ഷീ ഈസ് ഡെഡ്…” ദുഃഖം നിഴലിച്ച ആ വാക്കുകൾ അവളുടെ കർണ്ണപുടങ്ങളിൽ
പ്രതിധ്വനിക്കുന്നത് പോലെ തോന്നി. മുറിയിലെ ശൈത്യം ഒന്നു കൂടി ഏറിയത് പോലെ. “ഗെസ്റ്റപ്പോയാണ്
അവളുടെ ജീവനെടുത്തത്… 1939 ൽ വിയന്നയിൽ വച്ച്… ഞാനൊരു ഓസ്ട്രിയൻ ജൂതനാണ്, മിസ്സ് ട്രെവോൺസ്… അവിടെ നിന്നും പുറത്ത് കടക്കാൻ ഭാഗ്യം ലഭിച്ച അപൂർവ്വം ചിലരിൽ ഒരുവൻ…”
“എന്നിട്ട് ഇപ്പോൾ…?”
“അവളുടെ ഘാതകർക്കെതിരെ
എന്നാലാവുന്നത് ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു…”
വളരെ നേർത്തതായിരുന്നു
അയാളുടെ സ്വരം. ആ കണ്ണുകളിലെ വേദന അവൾക്ക് കാണാൻ കഴിയുന്നുണ്ടായിരുന്നു. നമ്മൾ എല്ലാവരും
ഇരകൾ മാത്രമാണ്… എവിടെയോ വായിച്ച വാക്യം. ഒരിക്കൽ ഹോസ്പിറ്റലിലെ
കാഷ്വാൽറ്റി വാർഡിലേക്ക് കൊണ്ടുവന്ന ഒരു ലുഫ്ത്‌വാഫ് ഫൈറ്റർ പൈലറ്റിന്റെ കാര്യം അവൾക്ക്
ഓർമ്മ വന്നു. ഗുരുതരമായി പൊള്ളലേറ്റ് ബുള്ളറ്റ് ഇഞ്ചുറിയുമായി എത്തിയ അയാളുടെ മുഖത്ത്
പരിക്കൊന്നുമില്ലായിരുന്നു. പതിനാറാം വയസ്സിൽ സ്കൂളിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ താൻ
പ്രണയിച്ചിരുന്ന സമപ്രായക്കാരനായ യുവാവിന്റെ അതേ മുഖം. കടുത്ത വേദന അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും
പുഞ്ചിരിച്ചുകൊണ്ടിരുന്ന ഒരു പാവം യുവാവ്.
തന്റെ കൈ ചേർത്തു പിടിച്ച് പുഞ്ചിരിച്ചുകൊണ്ടാണ് അവൻ മരണത്തിന് കീഴടങ്ങിയത്.
വാതിൽ തുറന്ന് ക്രെയ്ഗ്
ഉള്ളിലേക്ക് വന്നു. “ഓകെ, ഫോൺ ചെയ്തു കഴിഞ്ഞു… നിങ്ങൾ
തുടങ്ങിക്കോളൂ ഡോക്ടർ… ഞാനിവിടെ ഇരിക്കാം…”
“എനിക്ക് മനസ്സിലാവുന്നില്ല…” ബാം ആകെപ്പാടെ അസ്വസ്ഥനായി കാണപ്പെട്ടു. “ഈ വിഷയം നിങ്ങൾ കൈകാര്യം
ചെയ്യുമെന്നാണ് ഞാൻ കരുതിയത്…”
ക്ഷീണവും വെറുപ്പും ഇടകലർന്നിരുന്നു
ക്രെയ്ഗിന്റെ മുഖത്ത്. കൂടുതൽ ഒന്നും പറയാൻ അയാൾക്ക് അവസരം കൊടുക്കാതെ അദ്ദേഹം കൈ ഉയർത്തി.
“ഓകെ, ബാം… ഓകെ…”
ക്രെയ്ഗ് വാതിൽ തുറന്ന്
ഒരു വശത്തേക്ക് മാറി നിന്നു.
“ഇനി എന്ത് ഗെയിമാണ് നിങ്ങൾ
എന്റെയടുത്ത് കളിക്കാൻ പോകുന്നത്…?” ജെനവീവ് ചോദിച്ചു.
“സംതിങ്ങ് യൂ ഷുഡ് സീ,
ഐ തിങ്ക്…”
“വാട്ട്…?”
“ഈ വഴി…” പരുക്കൻ മട്ടിൽ അദ്ദേഹം പറഞ്ഞു. “എന്റെയൊപ്പം വരൂ…”
അദ്ദേഹം പുറത്തേക്ക് നടന്നു.
മനസില്ലാ മനസോടെ അവൾ അദ്ദേഹത്തെ അനുഗമിച്ചു.
***
ഹാളിന്റെ അറ്റത്തുള്ള
വാതിൽ തുറന്ന് അദ്ദേഹം ഇരുണ്ട സ്റ്റെയർകെയ്സ് വഴി അണ്ടർഗ്രൗണ്ട് ഫ്ലോറിലേക്ക് ഇറങ്ങി.
നീണ്ട ഒരു ഇടനാഴിയിലേക്കാണ് അത് ചെന്നെത്തിയത്. വെള്ള നിറം പൂശിയ ചുമരുകളിൽ ഇരുവശത്തുമായി
വാതിലുകളുണ്ടായിരുന്നു. ആ ഇടനാഴി ഒരു വശത്തേക്ക് തിരിയുന്ന മൂലയിലുള്ള കസേരയിൽ ഇരുന്ന്
ഏതോ പുസ്തകം വായിച്ചുകൊണ്ടിരിക്കുന്ന ഒരാളെ അവൾ കണ്ടു. ഏതാണ്ട് അമ്പതിനോടടുത്ത് പ്രായം
തോന്നിക്കുന്ന തടിച്ച ശരീരപ്രകൃതിയുള്ള അയാളുടെ തല നരച്ചിരുന്നു. മൂക്കിന്മേൽ മുമ്പെങ്ങോ
സംഭവിച്ച മുറിവിന്റെ അടയാളം. കെട്ടിടത്തിന്റെ വാതിൽക്കൽ അവരെ ഉള്ളിലേക്ക് കടത്തിവിട്ട
ആ ചെറുപ്പക്കാരൻ ധരിച്ചിരുന്നതു പോലത്തെ വെള്ള ഡസ്റ്റ് കോട്ട് തന്നെയാണ് ഇയാളുടെയും
വേഷം. കൃത്യമായ ഇടവേളയിൽ കേൾക്കാനാവുന്ന പെരുമ്പറനാദം പോലുള്ള ശബ്ദം ആ ഇടനാഴിയുടെ മൂലയിൽ
എത്തിയപ്പോഴേക്കും അസഹനീയമായി മാറി. കസേരയിൽ ഇരിക്കുന്ന ആ മനുഷ്യൻ അവരെ ഒന്ന് നോക്കിയിട്ട്
വീണ്ടും പുസ്തകത്തിലേക്ക് തല താഴ്ത്തി.
“ബധിരനാണ് അയാൾ… അങ്ങനെ ആയല്ലേ പറ്റൂ…” ക്രെയ്ഗ് പറഞ്ഞു.
ഇടനാഴിയുടെ അറ്റത്തുള്ള
ഇരുമ്പ് വാതിലിന് മുന്നിൽ അദ്ദേഹം നടത്തം നിർത്തി. അസ്വസ്ഥത പകരുന്ന പെരുമ്പറനാദം ഇപ്പോൾ
നിലച്ചിരിക്കുന്നു. കനത്ത നിശ്ശബ്ദത മാത്രം. ആ വാതിലിലെ സ്ലൈഡിങ്ങ് പാനൽ ഒരു വശത്തേക്ക്
മാറ്റി ഉള്ളിലേക്കൊന്ന് നോക്കിയിട്ട് ക്രെയ്ഗ് ഒതുങ്ങി നിന്നു. ഹിപ്നോട്ടിസത്തിന് വിധേയയായത്
പോലെ യാന്ത്രികമായി ജെനവീവ് അങ്ങോട്ട് ചെന്നു.
ആ ഇരുമ്പഴികൾക്കിടയിലൂടെ
അവൾ ഉള്ളിലേക്ക് നോക്കി. ഇത്രയും അസഹനീയമായ ദുർഗന്ധം ആദ്യമായിട്ടായിരുന്നു അവൾ അനുഭവിക്കുന്നത്.
സീലിങ്ങ് ലൈറ്റിൽ നിന്നുമുള്ള വെട്ടം ഒട്ടും പര്യാപ്തമായിരുന്നില്ല ആ മുറിയ്ക്കുള്ളിൽ.
ബ്ലാങ്കറ്റ് പോലുമില്ലാത്ത ഒരു ചെറിയ കട്ടിലും അതിനരികിൽ ഇനാമലിന്റെ ഒരു എച്ചിൽ ബക്കറ്റും
ആ അരണ്ട വെട്ടത്തിൽ അവൾ കഷ്ടിച്ച് കണ്ടു. അപ്പോഴാണ് മുറിയുടെ മൂലയിൽ ഒരനക്കം പോലെ തോന്നി
അവൾ അങ്ങോട്ട് നോക്കിയത്.
കീറത്തുണി ധരിച്ച ഒരു
രൂപം ആ മൂലയിൽ നിലത്ത് ഇരിക്കുന്നുണ്ടായിരുന്നു. അത് സ്ത്രീയോ പുരുഷനോ എന്ന് പോലും
തിരിച്ചറിയാൻ സാധിക്കുന്നുണ്ടായിരുന്നില്ല. ഞരങ്ങുന്ന ശബ്ദം പുറപ്പെടുവിച്ചുകൊണ്ട്
ആ രൂപം ചുമരിൽ മാന്തിക്കൊണ്ടിരിക്കുന്നു. ആ ദൃശ്യത്തിന്റെ ഭീകരതയിൽ സ്തബ്ധയായി നിന്നുപോയി
ജെനവീവ്. ആരോ തന്നെ വീക്ഷിച്ചുകൊണ്ടിരിക്കുന്നു എന്ന തോന്നലിൽ ആവാം, ആ രൂപം പതുക്കെ
മുഖമുയർത്തി അവളെ നോക്കി. ഭയന്ന് വിറച്ചു പോയി ജെനവീവ്. അപഭ്രംശം സംഭവിച്ച ഒരു കണ്ണാടിയിലെന്ന
പോലെ വക്രവും ഉടഞ്ഞതുമായി കാണുന്നത് തന്റെ തന്നെ മുഖമല്ലേ എന്നവൾക്ക് തോന്നി.
ഭയം കൊണ്ട് ഒന്ന് നിലവിളിക്കാൻ
പോലും അവൾക്ക് ആയില്ല. ആ വികൃത രൂപവും ജെനവീവും കുറെയേറെ നേരം അന്യോന്യം തുറിച്ചു നോക്കി.
പിന്നെ അത് എഴുന്നേറ്റ് വന്ന് അവളെ മാന്തുവാനെന്ന പോലെ അഴികൾക്കിടയിലൂടെ കൈകൾ നീട്ടി.
ഒരടി പോലും പിറകോട്ട് മാറുവാനുള്ള ശക്തിയില്ലായിരുന്നു ജെനവീവിന്. അരികിൽ നിന്നിരുന്ന
ക്രെയ്ഗ് പെട്ടെന്നവളെ പിറകോട്ട് പിടിച്ചു മാറ്റി ആ സ്ലൈഡിങ്ങ് പാനൽ വലിച്ചടച്ചു. ആ
രൂപത്തിൽ നിന്നും ഉയർന്ന മൃഗീയമായ ആർത്തനാദം അതോടെ ഇല്ലാതായി.
സകല ശക്തിയുമെടുത്ത് ജെനവീവ്
കൈ മടക്കി അദ്ദേഹത്തിന്റെ മുഖത്ത് ആഞ്ഞടിച്ചു. ഒന്നല്ല, രണ്ടല്ല, പല തവണ. അദ്ദേഹത്തിന്റെ
ബലിഷ്ഠകരങ്ങൾ അവളെ പിടിച്ച് നിർത്തുന്നത് വരെ.
“ഇറ്റ്സ് ഓൾറൈറ്റ്…” ശാന്തസ്വരത്തിൽ അദ്ദേഹം പറഞ്ഞു. “വരൂ, നമുക്ക് തിരിച്ചു പോകാം…”
കസേരയിൽ ഇരുന്നിരുന്ന
ആ മനുഷ്യൻ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചിട്ട് തല കുലുക്കി. തിരികെ നടക്കവെ അവർക്ക്
പിന്നിൽ ആ പെരുമ്പറനാദം അതിന്റെ ഉച്ചസ്ഥായിയിലെത്തി. ഇടനാഴിയിലൂടെ പുറത്തേക്ക് നടക്കുമ്പോൾ
ക്രെയ്ഗ് ഓസ്ബോൺ തന്റെ ബലിഷ്ഠകരങ്ങളാൽ ചേർത്തു പിടിച്ചതുകൊണ്ട് മാത്രമായിരുന്നു അവൾ
കുഴഞ്ഞു വീഴാതിരുന്നത്.
(തുടരും)
No comments:
Post a Comment