അദ്ധ്യായം – ആറ്
കനത്ത മൂടൽമഞ്ഞിനൊപ്പം
അതിശക്തമായ മഴയും പെയ്യുന്നുണ്ടായിരുന്നു ക്രോയ്ഡണിൽ. ലണ്ടൻ നഗരത്തിന്റെ വ്യോമപ്രതിരോധത്തിൽ
സുപ്രധാന പങ്ക് വഹിക്കുന്ന ഫൈറ്റർ സ്റ്റേഷൻ എന്ന നിലയിൽ സദാസമയവും പ്രവർത്തനനിരതമാണ്
ക്രോയ്ഡൺ എയർപോർട്ട്. അവിടെ എത്തിയ ഉടൻ തന്നെ റൺവേയ്ക്ക് അരികിലുള്ള ഒരു താൽക്കാലിക
ഷെഡ്ഡിലേക്കാണ് അവരെ കൊണ്ടുപോയത്. ജെനവീവ് അതിന്റെ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി.
കാണാൻ ഒട്ടും ഭംഗിയില്ലാത്ത ഒരു സിംഗിൾ എഞ്ചിൻ ലൈസാൻഡർ വിമാനം പുറത്ത് കിടക്കുന്നുണ്ട്.
ഏതാനും RAF മെക്കാനിക്കുകൾ അതിന്മേൽ എന്തൊക്കെയോ ജോലികൾ ചെയ്തുകൊണ്ടിരിക്കുന്നു. ഇത്ര
നേരം ആയിട്ടും വിമാനങ്ങൾ ഒന്നും തന്നെ ലാൻഡ് ചെയ്യുന്നതോ ടേക്ക് ഓഫ് ചെയ്യുന്നതോ കണ്ടില്ല.
സ്റ്റൗവിന് അരികിൽ ഇരുന്ന്
ചായ കുടിച്ചുകൊണ്ടിരിക്കുകയാണ് റിനേ ദിസ്സാർ. ജെനവീവിന് അടുത്തേക്ക് വന്ന ഡോഗൽ മൺറോ
ജാലകത്തിൽ ചരൽ പോലെ വന്നു പതിക്കുന്ന മഴത്തുള്ളികളെ നോക്കി ശപിച്ചു. “എന്തൊരു നശിച്ച
കാലാവസ്ഥ…”
“തീരെ പ്രതീക്ഷ വേണ്ട
അല്ലേ…?” അവൾ ചോദിച്ചു.
“അങ്ങനെയല്ല, ഏതു തരം
കാലാവസ്ഥയിലും പറക്കാൻ സാധിക്കുന്ന വിമാനമാണത്…” പുറത്ത്
കിടക്കുന്ന ലൈസാൻഡറിനെ നോക്കി അദ്ദേഹം പറഞ്ഞു. “പൈലറ്റിനെ കൂടാതെ രണ്ട് പാസഞ്ചേഴ്സിന്
കൂടി യാത്ര ചെയ്യാൻ ഡിസൈൻ ചെയ്തിട്ടുള്ളതാണ്… എങ്കിലും അല്പം ഒതുങ്ങി ഇരിക്കുകയാണെങ്കിൽ നാല്
പാസഞ്ചേഴ്സിന് വരെ യാത്ര ചെയ്യാനാവും…”
റിനേ ഒരു ഇനാമൽ മഗ്ഗിൽ
ജെനവീവിനുള്ള ചായ കൊണ്ടുവന്നു. മഗ്ഗിൽ കൈപ്പടം ചേർത്തു പിടിച്ച് ചൂടു കാഞ്ഞു കൊണ്ടിരിക്കവെ
വാതിൽ തുറന്ന് ക്രെയ്ഗ് പ്രവേശിച്ചു. ഒപ്പം അവരുടെ പൈലറ്റും. RAF ബ്ലൂ നിറത്തിലുള്ള
ഫ്ലൈയിങ്ങ് ജാക്കറ്റും ബൂട്ട്സും അണിഞ്ഞ ഭംഗിയുള്ള മീശ വച്ച ഒരു ചെറുപ്പക്കാരൻ. തന്റെ
കൈയിലെ മാപ്പ് കെയ്സ് അയാൾ മേശപ്പുറത്ത് വച്ചു.
“ഫ്ലൈറ്റ് ലെഫ്റ്റനന്റ്
ഗ്രാന്റ്…” ക്രെയ്ഗ് അയാളെ അവൾക്ക് പരിചയപ്പെടുത്തി.
പുഞ്ചിരിച്ചുകൊണ്ട് ആ
ചെറുപ്പക്കാരൻ അവൾക്ക് ഹസ്തദാനം നൽകി. “ഇനിയും വൈകുമോ ഗ്രാന്റ്…?” അക്ഷമയോടെ മൺറോ അയാളോട് ചോദിച്ചു.
“ഇവിടുത്തെ കാലവസ്ഥയല്ല
പ്രശ്നം, ബ്രിഗേഡിയർ… ഏത് കാലാവസ്ഥയിലും നമുക്ക് ടേക്ക് ഓഫ് ചെയ്യാൻ
പറ്റും… പക്ഷേ, ലാൻഡ് ചെയ്യാനാണ് ബുദ്ധിമുട്ട്… കോൾഡ് ഹാർബറിൽ വിസിബിലിറ്റി തീരെ കുറവാണെന്നാണ് അവർ പറയുന്നത്… എന്തെങ്കിലും
പുരോഗതി ഉണ്ടെങ്കിൽ ഉടൻ അവർ അറിയാക്കാമെന്ന് പറഞ്ഞിട്ടുണ്ട്…”
“നാശം…!” ശപിച്ചിട്ട് വാതിൽ തുറന്ന് മൺറോ പുറത്തേക്ക് പോയി.
“ഇന്ന് രാവിലെ അദ്ദേഹത്തിന്റെ
മൂഡ് ശരിയല്ലെന്ന് തോന്നുന്നു…” സ്റ്റൗവിനടുത്ത് ചെന്ന് ഒരു മഗ് എടുത്ത് ചായ പകർന്നു
കൊണ്ട് ഗ്രാന്റ് പറഞ്ഞു.
“വ്യാഴാഴ്ച്ച രാത്രി നിങ്ങളെയും
കൊണ്ട് ഫ്രാൻസിലേക്ക് പറക്കാൻ പോകുന്നത് ഗ്രാന്റ് ആണ്…” ക്രെയ്ഗ് ജെനവീവിനോട് പറഞ്ഞു. “സുരക്ഷിതമായ കൈകളിലാണ് നിങ്ങൾ… നോർത്ത് സീയുടെ മുകളിലൂടെ പലവട്ടം പറന്നിട്ടുള്ളയാളാണ്…”
“ചട്ടങ്ങൾ അനുശാസിക്കും
വിധം പറക്കുകയാണെങ്കിൽ ഒരു ബുദ്ധിമുട്ടും കൂടാതെ അവിടെയെത്താം…” ഒരു സിഗരറ്റ് എടുത്ത് ചുണ്ടിന്റെ കോണിൽ തിരുകിയെങ്കിലും അതിന് തീ
കൊളുത്താൻ അയാൾ മുതിർന്നില്ല. “ഇതിനു മുമ്പ് വിമാനയാത്ര ചെയ്തിട്ടുണ്ടല്ലോ അല്ലേ…?” അയാൾ ജെനവീവിനോട് ചോദിച്ചു.
“യെസ്… പാരീസിലേക്ക്… യുദ്ധം തുടങ്ങുന്നതിന് മുമ്പ്…”
“ആ യാത്ര പോലെയല്ല ഇത്… തികച്ചും വ്യത്യസ്തമായിരിക്കും…” ഗ്രാന്റ്
പറഞ്ഞു.
“ടേക്ക് ഓഫിന് ഇനിയും
സമയമുണ്ടല്ലോ… എന്നാൽ പിന്നെ നമുക്ക് വ്യാഴാഴ്ച്ച രാത്രിയിലെ
ടൈം ടേബിളിനെക്കുറിച്ച് ചർച്ച ചെയ്താലോ…?” ക്രെയ്ഗ് ചോദിച്ചു. “അതിന്റെ വ്യക്തമായ പ്ലാൻ
നിങ്ങൾ വർക്കൗട്ട് ചെയ്തു കാണുമല്ലോ…”
“തീർച്ചയായും…” ഗ്രാന്റ് പറഞ്ഞു. “രാത്രി പതിനൊന്ന് മുപ്പതിനാണ് നാം കോൾഡ് ഹാർബറിൽ
നിന്ന് ടേക്ക് ഓഫ് ചെയ്യുക… എസ്റ്റിമേറ്റഡ് ടൈം ഓഫ് അറൈവൽ ബ്രിട്ടീഷ് സമയം
പുലർച്ചെ രണ്ടു മണിക്ക്… എങ്ങനെയൊക്കെയാണെന്ന് ഞാൻ വിശദീകരിക്കാം…” അയാൾ മാപ്പ് കെയ്സ് തുറന്ന് ഭൂപടം മേശമേൽ നിവർത്തിയിട്ട് കോൺവാളിൽ
നിന്നും ബ്രിറ്റനി വരെയുള്ള വ്യോമപഥം പെൻസിൽ കൊണ്ട് വരച്ചു കാണിച്ചു. ക്രെയ്ഗും ജെനവീവും
മേശയ്ക്കരികിലേക്ക് ചേർന്ന് നിന്ന് അത് വീക്ഷിച്ചു.
“മേജർ ഓസ്ബോണും നമ്മളോടൊപ്പം
വരുന്നതായിരിക്കും… ചെറിയ വിമാനമാണെങ്കിലും നാല് പേർക്ക് പോകാനാകും… ഇതുവരെ അവൻ നിരാശപ്പെടുത്തിയിട്ടില്ല അക്കാര്യത്തിൽ…”
“ചാനൽ ക്രോസ് ചെയ്യുന്നത്
എത്ര അടി ഉയരത്തിലൂടെയായിരിക്കും…?” ക്രെയ്ഗ് ആരാഞ്ഞു.
“വെൽ, ചില പൈലറ്റുമാർക്ക്
വളരെ താഴ്ന്ന് പറക്കാനാണ് ഇഷ്ടം… റഡാർ കവറേജിന് താഴെക്കൂടി… എന്നാൽ എനിക്കിഷ്ടം ആദ്യന്തം ഏതാണ്ട് എണ്ണായിരം അടി ഉയരത്തിൽ പറക്കാനാണ്… നമ്മുടെ ബോംബറുകൾ പറക്കുന്നതിലും വളരെ താഴെയാണത്… ജർമ്മൻ നൈറ്റ് ഫൈറ്ററുകൾ എപ്പോഴും അവയുടെ പിന്നാലെയായിരിക്കും…” ഗ്രാന്റ് പറഞ്ഞു.
വളരെ ശാന്തഭാവത്തിലാണ്
അയാൾ എല്ലാം വിശദീകരിക്കുന്നതെങ്കിലും തന്റെ ഉള്ളിന്റെയുള്ളിൽ ഭയം ഉടലെടുക്കുന്നത്
ജെനവീവ് അറിയുന്നുണ്ടായിരുന്നു. ആകെപ്പാടെ ഒരു വിറയൽ പോലെ.
“സെന്റ് മോറീസിൽ നിന്നും
ഏതാണ്ട് പതിനഞ്ച് മൈൽ ദൂരെയുള്ള ഒരു മൈതാനത്തിലാണ് നാം ലാൻഡ് ചെയ്യുക… സൈക്കിൾ ലാമ്പുകൾ കൊണ്ടായിരിക്കും റൺവേ മാർക്ക് ചെയ്തിട്ടുണ്ടാവുക… കാലാവസ്ഥ നല്ലതാണെങ്കിൽ തീർച്ചയായും നമുക്ക് കാണാൻ സാധിക്കും… ഷുഗർ നാൻ എന്നതായിരിക്കും നമ്മുടെ തിരിച്ചറിയൽ കോഡ്… റൺവേ കാണാമെങ്കിലും ഇല്ലെങ്കിലും മോഴ്സ് കോഡിലുള്ള ആ സന്ദേശം ലഭിച്ചില്ലെങ്കിൽ
നാം ലാൻഡ് ചെയ്യില്ല… സമ്മതിച്ചോ…?” അയാൾ
തിരിഞ്ഞ് ക്രെയ്ഗിന് നേർക്ക് നോക്കി.
“നിങ്ങളാണ് ബോസ്…” ക്രെയ്ഗ് തല കുലുക്കി.
“കഴിഞ്ഞ ആറ് ആഴ്ച്ചയ്ക്കുള്ളിൽ
ഞങ്ങൾക്ക് നഷ്ടപ്പെട്ടത് രണ്ട് ലൈസാൻഡറുകളും ഒരു ലിബറേറ്ററുമാണ്… ജർമ്മൻകാരുടെ മുന്നിലേക്കായിരുന്നു അവർ പോയി ലാൻഡ് ചെയ്തത്… ഏജന്റുമാരെ ഡ്രോപ്പ് ചെയ്യുമ്പോഴൊന്നും അവർ അനങ്ങില്ല… വീണ്ടും ടേക്ക് ഓഫ് ചെയ്യുമ്പോഴാണ് വിമാനത്തെ വെടിവച്ചിടുന്നത്… ആളെ ഡ്രോപ്പ് ചെയ്ത് അടുത്ത നിമിഷം തന്നെ തിരിച്ചു പറക്കാനാണ് ഈയിടെയായി
ഞങ്ങൾക്കുള്ള നിർദ്ദേശം… ഇത്തവണ ഞാൻ ആരെയും തിരിച്ചു കൊണ്ടുവരുന്നില്ല… അതുകൊണ്ട് ലാൻഡ് ചെയ്ത ഉടൻ ഞാൻ ടാക്സി ചെയ്ത് ഗ്രൗണ്ടിന്റെ അറ്റത്ത്
ചെല്ലും… എത്രയും പെട്ടെന്ന് വിമാനത്തിൽ നിന്നും ഇറങ്ങാൻ
മിസ്സ് ട്രെവോൺസിനെ നിങ്ങൾ സഹായിക്കണം… അടുത്ത സെക്കൻഡിൽത്തന്നെ നാം ടേക്ക് ഓഫ് ചെയ്യുന്നു…” അയാൾ ഭൂപടം മടക്കി വച്ചു. “വേറെ വഴിയില്ലാഞ്ഞിട്ടാണ്… ഇരുട്ടിന്റെ മറവിൽ ഒളിച്ചിരിക്കുന്നത് ആരാണെന്ന് നമുക്കറിയില്ലല്ലോ…”
സ്റ്റൗവിനടുത്ത് ചെന്ന്
അയാൾ തനിക്കുള്ള ചായ മഗ്ഗിലേക്ക് പകർന്നു. ക്രെയ്ഗ് ജെനവീവിന് നേർക്ക് തിരിഞ്ഞു. “അവിടെ
നിങ്ങളെ സ്വീകരിച്ച് കൂട്ടിക്കൊണ്ടു പോകാൻ ഉണ്ടാവുക ഗ്രാൻഡ് പിയർ എന്നൊരാളാണ്… അയാളുടെ കോഡ് നാമമാണത്… അയാൾ ഒരിക്കലും ആൻ മേരിയെ നേരിട്ട് കണ്ടിട്ടില്ല
എന്ന കാര്യം ഓർമ്മ വേണം… ഫോണിൽ കൂടിയുള്ള ബന്ധം മാത്രമേ അവർ തമ്മിൽ ഉണ്ടായിരുന്നുള്ളൂ… അവിടെ സംഭവിച്ച കാര്യങ്ങളൊന്നും തന്നെ അയാൾക്ക് അറിയില്ല… അതുകൊണ്ട് നിങ്ങൾ ഏതു രൂപത്തിലാണെന്നതിന് പ്രസക്തിയില്ല… അയാളുടെ മുന്നിൽ നിങ്ങളാണ് ആൻ മേരി…”
“അപ്പോൾ സെന്റ് മോറിസിലെ
സ്റ്റേഷൻ മാസ്റ്ററോ…?”
“ഹെൻട്രി ഡ്യൂബാ എന്നാണ്
അയാളുടെ പേര്… അയാളുടെ കാര്യവും ഈ പറഞ്ഞത് പോലെ തന്നെ… ആൻ മേരിയെ ഒരിക്കലും കണ്ടിട്ടില്ല… റിനേയും
രണ്ടു സഹപ്രവർത്തകരും മാത്രമാണ് അലഞ്ഞു നടക്കുന്ന ആൻ മേരിയെ കണ്ടെത്തിയത്… എന്താണ് സംഭവിച്ചതെന്ന് അവർക്ക് മാത്രമേ അറിയൂ… ആ രണ്ടു പേരും തിരികെ മലമുകളിലുള്ള അവരുടെ ഗ്രാമത്തിലേക്ക് പോയി… പ്രഭാതത്തിന് മുമ്പ് തന്നെ ഗ്രാൻഡ് പിയർ നിങ്ങളെ ഡ്യൂബായുടെ അരികിലെത്തിക്കും… ആൻ മേരിയുടെ സ്യൂട്ട്കെയ്സുകൾ അയാളുടെ കൈവശമാണുള്ളത്… പാർക്ക് ചെയ്തിരിക്കുന്ന കാർ റിനേ എടുത്തുകൊണ്ടു വരുമ്പോഴേക്കും നിങ്ങൾക്ക്
വേഷം മാറാൻ സാധിക്കും… പാരീസിൽ നിന്നുള്ള നൈറ്റ് ട്രെയിൻ എത്തുന്നത് രാവിലെ
ഏഴരയ്ക്കാണ്… അപ്പോഴും നേരം വെളുത്തിട്ടുണ്ടാവില്ല… മൂന്ന് മിനിറ്റ് മാത്രമേ ട്രെയിനിന് അവിടെ സ്റ്റോപ്പുള്ളൂ… നിങ്ങൾ ട്രെയിനിൽ നിന്നും ഇറങ്ങിയതാണോ അല്ലയോ എന്നതിലൊന്നും ആർക്കും
ഒരു സംശയവും തോന്നാനിടയില്ല… പ്രതിരോധ പ്രസ്ഥാനത്തിന് നല്ല വേരോട്ടമുള്ള പ്രദേശമാണത്…”
തികച്ചും ശാന്തനായി അവളുടെ
മുഖത്ത് പോലും നോക്കാതെ ഒറ്റശ്വാസത്തിലാണ് ഇത്രയും അദ്ദേഹം പറഞ്ഞു തീർത്തത്. എങ്കിലും
അദ്ദേഹത്തിന്റെ മുഖം ഉത്കണ്ഠയാൽ വലിഞ്ഞു മുറുകിയിരുന്നു.
“ഹേയ്…” അവൾ അദ്ദേഹത്തിന്റെ കരം കവർന്നു. “എന്നെക്കുറിച്ചോർത്ത് നിങ്ങൾ ടെൻഷനടിക്കുകയാണെന്ന്
മാത്രം പറയരുത്…”
എന്തെങ്കിലും മറുപടി അദ്ദേഹത്തിന്
പറയാൻ സാധിക്കുന്നതിന് മുമ്പ് വാതിൽ തള്ളിത്തുറന്ന് മൺറോ പ്രവേശിച്ചു. “സ്റ്റേഷൻ കമാൻഡറെ
ഞാൻ കണ്ടിരുന്നു…” അദ്ദേഹം ഗ്രാന്റിനോട് പറഞ്ഞു. “ടേക്ക് ഓഫ് ചെയ്യാനുള്ള
അനുമതി അദ്ദേഹം തന്നിട്ടുണ്ട്… അവിടെയെത്തി ലാൻഡ് ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ
നമുക്ക് തിരിച്ച് വരേണ്ടി വരും… അതിനുള്ള ഇന്ധനം ഉണ്ടല്ലോ അല്ലേ…?”
“തീർച്ചയായും സർ…” ഗ്രാന്റ് പറഞ്ഞു.
“എങ്കിൽ ശരി, നമുക്ക്
പുറപ്പെടാം…”
പിന്നെയെല്ലാം ധൃതഗതിയിലായിരുന്നു.
മഴയത്തു കൂടി ജെനവീവ് ആ ലൈസാൻഡറിനരികിലേക്ക് ഓടി. ക്യാബിന്റെ പിൻഭാഗത്ത് കയറുവാൻ ക്രെയ്ഗ്
അവളെ സഹായിച്ചു. ശേഷം റിനേയും അദ്ദേഹവും അവളുടെയരികിൽ ഞെങ്ങി ഞെരുങ്ങി ഇരുന്നു. പിന്നീട്
കയറിയ മൺറോ ഗ്രാന്റിന് പിറകിലുള്ള ഒബ്സർവേഴ്സ് സീറ്റിൽ ഇരുന്നു. സീറ്റ് ബെൽറ്റ് ഇടുന്ന
തിരക്കിലായിരുന്ന അവൾ അവിടെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും ബോധവതി ആയിരുന്നില്ല.
അടുത്ത നിമിഷം എഞ്ചിന്റെ ശബ്ദം ഉച്ചത്തിലായി. ഒരു കുലുക്കത്തോടെ മുന്നോട്ട് കുതിച്ച
വിമാനം പറന്നുയർന്നു.
***
ജെനവീവിനെ സംബന്ധിച്ചിടത്തോളം
ഒട്ടും സുഖകരമായ യാത്രയായിരുന്നില്ല അത്. എഞ്ചിന്റെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയിൽ
പറയുന്നത് കേൾക്കാനോ വല്ലതും തിരിച്ച് ചോദിക്കാനോ പോലും ബുദ്ധിമുട്ടായിരുന്നു. അവർ
ഇരിക്കുന്ന ക്യാബിന്റെ സുതാര്യമായ മേൽക്കൂരയിൽ പതിക്കുന്ന മഴ ചാരനിറത്തിൽ ആവരണം തീർത്തിരിക്കുന്നു.
ഇടയ്ക്കിടെ എയർപോക്കറ്റിൽ വീഴുമ്പോൾ വിമാനം ഒന്നാകെ ആടിയുലഞ്ഞു കൊണ്ടിരുന്നു.
അല്പനേരം കഴിഞ്ഞതോടെ അവൾ
വല്ലാതെ ക്ഷീണിതയായി. ഛർദ്ദിക്കാനുള്ള പ്രേരണ നിയന്ത്രിക്കാനാവുന്നില്ല. അത്തരം ഘട്ടങ്ങളിൽ
ഉപയോഗിക്കാനായി അവർ ഒരു ബാഗ് നൽകിയിട്ടുണ്ടായിരുന്നു. തൊട്ടു പിന്നാലെ റിനേയും അതേ
അവസ്ഥയിലെത്തി. ഛർദ്ദിച്ചു കഴിഞ്ഞതോടെ ഇരുവർക്കും അല്പം ആശ്വാസം ലഭിച്ചത് പോലെ തോന്നി.
ആരോ കുലുക്കി ഉണർത്തിയപ്പോഴാണ് കുറച്ചു നേരത്തേക്ക് താൻ ഉറങ്ങിപ്പോയിരുന്നു എന്ന വസ്തുത
അവൾ തിരിച്ചറിഞ്ഞത്. തന്റെ കാലുകളിൽ ആരോ ബ്ലാങ്കറ്റ് ഇട്ട് പുതപ്പിച്ചിരിക്കുന്നു.
ക്രെയ്ഗിന്റെ കൈയിൽ ഒരു
തെർമോസ്ഫ്ലാസ്ക് ഉണ്ടായിരുന്നു. “കോഫി കുടിക്കുന്നോ…? നല്ല
അമേരിക്കൻ കോഫിയാണ്…”
വല്ലാതെ തണുക്കുന്നുണ്ടായിരുന്നു
അവൾക്ക്. കാലുകൾ മരവിച്ചിരിക്കുന്നു. “ഇനിയും എത്ര നേരം ഇരിക്കണം…?”
“എല്ലാം ഓകെയാണെങ്കിൽ
വെറും പതിനഞ്ച് മിനിറ്റ്…”
അദ്ദേഹം നൽകിയ കോഫി അവൾ
സാവധാനം നുകർന്നു. കടുപ്പവും മധുരവുമുള്ള നല്ല ചൂട് കോഫി. ആ സമയത്ത് അത് നൽകിയ ഉന്മേഷം
ഒന്ന് വേറെ തന്നെയായിരുന്നു. കുടിച്ചു കഴിഞ്ഞ് തിരികെ നൽകിയ കപ്പ് വീണ്ടും നിറച്ചിട്ട്
ക്രെയ്ഗ് റിനേയ്ക്ക് നൽകി.
റേഡിയോയുടെ സ്പീക്കർ ഗ്രാന്റ്
ഓൺ ചെയ്തു. ഒരു ഇരമ്പൽ ശബ്ദത്തിനൊടുവിൽ അതിൽ നിന്നുമുള്ള സന്ദേശം കേൾക്കാറായി. “ലൈസാൻഡർ
ഷുഗർ നാൻ ടെയർ… സീലിങ്ങ് സിക്സ് ഹൺഡ്രഡ്… ഷുഡ് ഗീവ് യൂ നോ പ്രോബ്ലം…”
മൺറോ ആഹ്ലാദത്തോടെ ചോദിച്ചു.
“ഓൾറൈറ്റ് മൈ ഡിയർ…?”
“ഫൈൻ…” ഗ്രാന്റ് പറഞ്ഞു.
വിമാനത്തിന്റെ ആൾട്ടിറ്റ്യൂഡ്
കുറഞ്ഞു കൊണ്ടിരിക്കവെ ജെനവീവ് വീണ്ടും ഇല പോലെ വിറയ്ക്കുവാൻ തുടങ്ങി. പെട്ടെന്നാണ്
മേഘക്കൂട്ടങ്ങൾക്കിടയിൽ നിന്ന് പ്രത്യക്ഷപ്പെട്ട ഒരു വലിയ കറുത്ത വിമാനം
അവർക്കരികിലൂടെ പാഞ്ഞു പോയത്. അതിന്റെ ശക്തിയിൽ അവരുടെ ലൈസാൻഡർ ഒന്ന് ആടിയുലഞ്ഞു. തൊട്ടടുത്തു
കൂടി കടന്നു പോയ ആ വിമാനത്തിന്റെ വാലിലെ സ്വസ്തിക ചിഹ്നം അവളുടെ ശ്രദ്ധയിൽപ്പെടുക തന്നെ
ചെയ്തു.
“ബാങ്ങ് ബാങ്ങ്… നീ തീർന്നു മകനേ…!” സ്പീക്കറിൽ നിന്നും പുറത്തേക്ക് വന്ന ആ ശബ്ദം
ഗ്രാന്റ് തിരിച്ചറിഞ്ഞു. അപ്പോഴേക്കും ആ ജങ്കേഴ്സ്-88 ഫൈറ്റർ വന്ന വേഗതയിൽത്തന്നെ അപ്രത്യക്ഷമായിക്കഴിഞ്ഞിരുന്നു.
നെറ്റി ചുളിച്ചു കൊണ്ട്
ഗ്രാന്റ് പിറകോട്ട് തിരിഞ്ഞ് അവരെ നോക്കി. “സോറി എബൗട്ട് ദാറ്റ്… ജോ എഡ്ജ് ആയിരുന്നു അത്… അവന്റെ ഭ്രാന്ത് പതിവിലും അധികമായിരിക്കുന്നു…”
“സ്റ്റുപ്പിഡ് യങ്ങ് ഇഡിയറ്റ്…” മൺറോ പറഞ്ഞു. അപ്പോഴേക്കും അറുനൂറ് അടി ഉയരത്തിൽ എത്തിയ അവർ മേഘക്കൂട്ടങ്ങൾക്കിടയിൽ
നിന്നും മഞ്ഞിന്റെ ആവരണത്തിന് വെളിയിൽ കടന്നു കഴിഞ്ഞിരുന്നു. എന്താണ് സംഭവിച്ചതെന്ന്
ചോദിക്കാൻ അവസരം ലഭിക്കുന്നതിന് മുമ്പ് തന്നെ താഴെയുള്ള കാഴ്ച്ചകൾ ജെനവീവിന് തെളിഞ്ഞു
കാണാറായി. കോൾഡ് ഹാർബർ ഉൾക്കടലും തീരവും ചിതറിക്കിടക്കുന്ന കോട്ടേജുകളും ഹാർബറിൽ കിടക്കുന്ന
ഒരു E- ബോട്ടും എല്ലാം… ഗ്രാൻസെസ്റ്റർ ആബെയുടെയും തടാകത്തിന്റെയും മുകളിലൂടെ
അവർക്ക് മുന്നിൽ കടന്നു പോയ ആ ജങ്കേഴ്സ്-88 വിമാനം ഒരറ്റത്ത് കാറ്റിന്റെ ദിശയെ സൂചിപ്പിക്കുന്ന
വിൻഡ്സോക്ക് നാട്ടിയിട്ടുള്ള ആ ഗ്രാസ് റൺവേയിൽ ഇറങ്ങിക്കഴിഞ്ഞിരുന്നു.
“റൈറ്റ് ഓൺ ടാർഗറ്റ്…” പാതി തിരിഞ്ഞ് വിളിച്ചു പറഞ്ഞിട്ട് ഗ്രാന്റ് പൈൻ മരങ്ങളുടെ മുകളിലൂടെ
അവരുടെ ലൈസാൻഡറിനെ റൺവേയിലേക്ക് നയിച്ചു. നിലം തൊട്ട വിമാനം ടാക്സി ചെയ്ത് ഹാങ്കറിനരികിലെത്തി.
അവർക്ക് മുന്നിൽ ലാൻഡ് ചെയ്ത ആ ജങ്കേഴ്സ്-88 അപ്പോഴേക്കും മാർട്ടിൻ ഹെയറിനൊപ്പം കാത്തു
നിന്നിരുന്ന മെക്കാനിക്കുകളുടെ അരികിൽ ചെന്ന് നിന്നു. കോക്ക്പിറ്റിൽ നിന്നും പുറത്തിറങ്ങിയ
ജോ എഡ്ജ് അവരുടെ അടുത്തേക്ക് ചെന്നു.
“മൈഗ് ഗോഡ്…! അവരുടെ യൂണിഫോം നോക്കൂ…” ക്രെയ്ഗിന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ജെനവീവ്
പറഞ്ഞു.
“ഭയപ്പെടണ്ട…” അദ്ദേഹം അവളോട് പറഞ്ഞു. “നമ്മൾ ലാൻഡ് ചെയ്തിരിക്കുന്നത് ഇംഗ്ലീഷ്
ചാനലിന്റെ അപ്പുറത്തൊന്നുമല്ല… വിശദമായി ഞാൻ പറഞ്ഞു തരാം…”
(തുടരും)
2 അധ്യായവും ഒന്നിച്ച് വായിച്ചു.
ReplyDeleteജെനവീവ് പേടി കൊണ്ട് വിറക്കുന്നു. ദൗത്യം ഭംഗിയായി തീരുമോ ഇനി എന്തെല്ലാം ട്വിസ്റ്റ് ഉണ്ടാകും
കഴിഞ്ഞ ലക്കത്തിൽ കാണാതായപ്പോൾ വായന മതിയാക്കിയോ എന്ന് ശങ്കിച്ചു...
Deleteട്വിസ്റ്റുകൾ ഇല്ലാത്ത കഥ... അങ്ങനെയൊന്ന് നമ്മുടെ ജാക്കേട്ടൻ എഴുതുമെന്ന് തോന്നുന്നുണ്ടോ...?
അവിടെ ഹാജർ വെക്കാത്തവർക്ക് എന്നതാ വിനുവേട്ടാ ശിക്ഷ??
Deleteഎന്ത് ശിക്ഷ... ഈ വയസ്സുകാലത്ത് ഇനി ശിക്ഷിക്കാനൊന്നും വയ്യ... ഇഷ്ടമുള്ളവർ ഇവിടെ ഒപ്പം ഉണ്ടാവുമെന്നാണ് വിശ്വാസം...
Delete“മൈഗ് ഗോഡ്…! അവരുടെ യൂണിഫോം നോക്കൂ…”
ReplyDeleteപാവം ജെനി.. സംഗതികളുടെ കിടപ്പ് അവൾക്ക് ഇനിയും പിടികിട്ടിയിട്ടില്ല എന്ന് തോന്നുന്നു..
ബൈദുബായ്, Cold Harbour ന്റെ ആകാശക്കാഴ്ച എന്നെ മാടി വിളിക്കുന്നു .. ❤️
Deleteഅതെ... അവൾക്ക് കാര്യങ്ങളൊന്നും അത്ര പിടി കിട്ടിയിട്ടില്ല... ഇനി എന്തെല്ലാം കാണാനിരിക്കുന്നു...
Deleteഎന്നാൽ പിന്നെ ഒരു അവധി ദിനം നോക്കി നേരെ വിട്ടോ കോൺവാളിലെ കോൾഡ് ഹാർബറിലേക്ക്... അവിടെ ചെന്ന് Hanged Man പബ്ബിലെ ആതിഥ്യം സ്വീകരിച്ച് രണ്ടെണ്ണം വീശി തിരികെ പോരാം...
Delete