അദ്ധ്യായം – രണ്ട്
അധിനിവേശ ഫ്രാൻസിലുള്ള
സെന്റ് മോറിസ് ഗ്രാമത്തിലെ ദേവാലയത്തിന് സമീപം എത്തിയ നേരത്താണ് ഒന്നിലധികം റൈഫിളുകളിൽ
നിന്നും ഒരേ സമയം വെടിയുതിരുന്ന ശബ്ദം ക്രെയ്ഗ് ഓസ്ബോൺ കേട്ടത്. ബീച്ച് മരങ്ങളുടെ ശാഖകളിൽ
നിന്നും ഒരു കൂട്ടം കാക്കകൾ കലപില ശബ്ദം കൂട്ടിക്കൊണ്ട് പറന്നുയർന്നു. ജീപ്പിന് സമാനമായി
ജർമ്മൻ ആർമി ഉപയോഗിച്ചു വരുന്ന ക്യൂബൽവാഗൺ ആയിരുന്നു അദ്ദേഹം ഡ്രൈവ് ചെയ്തിരുന്നത്.
ഏത് ദുർഘടമായ പ്രതലത്തിലൂടെയും ഓടിക്കാൻ പറ്റുന്ന വാഹനം. സെമിത്തേരിയുടെ കമാനാകൃതിയിലുള്ള
കവാടത്തിന് സമീപം പാർക്ക് ചെയ്തിട്ട് അദ്ദേഹം പുറത്തിറങ്ങി. SS സായുധസേനയിലെ സ്റ്റാൻഡർടൻഫ്യൂറർമാരുടെ
ഗ്രേ നിറത്തിലുള്ള പ്രൗഢഗംഭീരമായ ഫീൽഡ് യൂണിഫോം ആയിരുന്നു അദ്ദേഹത്തിന്റെ വേഷം.
ചെറിയ ചാറ്റൽമഴ ഉണ്ടായിരുന്നതിനാൽ
അദ്ദേഹം പിൻസീറ്റിൽ കിടന്നിരുന്ന ലെതറിന്റെ കറുത്ത ഗ്രേറ്റ് കോട്ട് എടുത്തണിഞ്ഞു. മുന്നിലുള്ള
ചത്വരത്തിൽ അസ്വാഭാവികമായി എന്തോ നടക്കുകയാണെന്ന് തോന്നുന്നു, ഏതാനും ഗ്രാമീണർ കൂട്ടം
കൂടി നിൽക്കുന്നുണ്ട്. കൈകൾ പിറകിൽ കൂട്ടിക്കെട്ടിയ നിലിയിൽ നിസ്സഹായരായ രണ്ട് തടവുകാരുമായി
നിൽക്കുന്ന ഒരു SS ഫയറിങ്ങ് സ്ക്വാഡിനെ അദ്ദേഹം ശ്രദ്ധിച്ചു. മൂന്നാമതൊരാൾ മതിലിനരികിൽ
കല്ലുപാകിയ നിലത്ത് കമഴ്ന്നു കിടക്കുന്നു. ഇതെല്ലാം വീക്ഷിച്ചു കൊണ്ട് തെല്ലകലെ നിൽക്കുന്ന
പൊലീസ് വേഷധാരിയായ ഗാർഡിനരികിലേക്ക് അദ്ദേഹം നടന്നു ചെന്നു. ഓസ്ബോൺ നോക്കി നിൽക്കവെ
SS സേനയിലെ ജനറൽ റാങ്കിലുള്ളവർ ഉപയോഗിക്കുന്ന തരം ഇറക്കമുള്ള ഗ്രേറ്റ്കോട്ട് ധരിച്ച
അല്പം പ്രായമുള്ള ഒരു ഓഫീസർ അവിടെയെത്തി. ശേഷം, ഉറയിൽ നിന്നും പിസ്റ്റൾ എടുത്ത് അല്പം
കുനിഞ്ഞ്, നിലത്ത് കിടക്കുന്നയാളുടെ തലയുടെ പിൻഭാഗത്തേക്ക് നിറയൊഴിച്ചു.
“അത് ജനറൽ ഡീട്രിച്ച്
ആണെന്ന് തോന്നുന്നു…?” ശുദ്ധമായ ഫ്രഞ്ച് ഭാഷയിൽ ഓസ്ബോൺ ആ ഗാർഡിനോട്
ചോദിച്ചു.
“അങ്ങേര് തന്നെ… എല്ലാവരെയും തന്റെ കൈ കൊണ്ട് തന്നെ തീർത്താലേ അങ്ങേർക്ക് തൃപ്തിയാകൂ…” മറുപടി പറഞ്ഞു കഴിഞ്ഞിട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്. ക്രെയ്ഗ് ഓസ്ബോണിന്റെ
യൂണിഫോം കണ്ടതും അയാൾ കാലുകൾ അമർത്തിച്ചവിട്ടി അറ്റൻഷനായി നിന്നു. “ക്ഷമിക്കണം കേണൽ,
ഞാൻ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല…”
“ഏയ്, അത് സാരമില്ല… ഒന്നുമില്ലെങ്കിലും നമ്മളൊക്കെ ഒരേ നാട്ടുകാരല്ലേ…” ഓസ്ബോൺ തന്റെ ഇടതു കൈയുടെ സ്ലീവ് ഉയർത്തിക്കാണിച്ചു. French
Charlemagne Brigade, Waffen-SS എന്ന് ആലേഖനം ചെയ്തിരിക്കുന്ന കഫ് ടൈറ്റ്ൽ അപ്പോഴാണ്
അയാൾ ശ്രദ്ധിച്ചത്.
“ഒരു സിഗരറ്റ് വലിക്കുന്നോ…?” ഓസ്ബോൺ വെള്ളി നിറമുള്ള സിഗരറ്റ് കെയ്സ് അയാൾക്ക് നേരെ നീട്ടി. നിർവ്വികാരനായി
അയാൾ അതിനുള്ളിൽ നിന്നും ഒരെണ്ണം എടുത്തു. ജർമ്മൻകാർക്ക് വേണ്ടി പ്രവർത്തിക്കുന്ന തന്റെ
സ്വന്തം നാട്ടുകാരെക്കുറിച്ച് ഉള്ളിലുള്ള വികാരം എന്തായിരുന്നാലും അയാളത് പുറത്തു കാണിച്ചില്ല.
“ഇത് ഇവിടെ പതിവുള്ളതാണോ…?” സിഗരറ്റിന് തീ കൊളുത്തിക്കൊടുത്തു കൊണ്ട് ഓസ്ബോൺ ചോദിച്ചു. തെല്ല്
സംശയത്തോടെ നോക്കിയ അയാളെ പ്രോത്സാഹിപ്പിക്കുന്ന മട്ടിൽ ഓസ്ബോൺ തല കുലുക്കി. “ഉള്ളിലുള്ളത്
എന്താണെന്ന് വച്ചാൽ പറയൂ സുഹൃത്തേ… ഒരു പക്ഷേ, എന്റെ ഈ വേഷം നിങ്ങൾക്ക് ദഹിക്കുന്നുണ്ടാവില്ല… എന്തൊക്കെയായാലും നമ്മൾ ഫ്രഞ്ചുകാരല്ലേ…”
അയാളുടെ മുഖത്ത് ദ്വേഷ്യവും
സങ്കടവും നിസ്സഹായതയും എല്ലാം തെളിഞ്ഞു വന്നു. “ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ… ഇവിടെ മാത്രമല്ല, മറ്റിടങ്ങളിലും… കാപാലികനാണയാൾ…”
ഊഴം കാത്തു നിന്നിരുന്നവരിൽ
ഒരാളെ ആ സൈനികർ മതിലിനോട് ചേർത്തു നിർത്തി. ഉച്ചത്തിലുള്ള കമാൻഡിനൊപ്പം തോക്ക് ഗർജ്ജിച്ചു.
“താങ്കൾ ശ്രദ്ധിച്ചില്ലേ കേണൽ, അവർക്ക് അന്ത്യകൂദാശ പോലും നിഷേധിച്ചിരിക്കുകയാണ്… ഒരു വൈദികൻ പോലും സന്നിഹിതനായിട്ടില്ല ഇവിടെ… എല്ലാം കഴിയുമ്പോൾ ഒരു നല്ല കത്തോലിക്കനെപ്പോലെ ഫാദർ പോളിന്റെയടുത്ത്
ചെന്ന് അയാൾ കുമ്പസരിക്കും… എന്നിട്ട് കഫേയിൽ നിന്ന് സുഭിക്ഷമായ ഉച്ചഭക്ഷണവും
കഴിച്ച് സ്ഥലം വിടും…”
“ശരിയാണ്, ഞാൻ കേട്ടിട്ടുണ്ട്…” ഓസ്ബോൺ പറഞ്ഞു.
അദ്ദേഹം തിരിഞ്ഞ് ദേവാലയത്തിന്
നേർക്ക് നടന്നു. അത് നോക്കി ആശ്ചര്യത്തോടെ നിന്ന ആ ഗാർഡ് തിരിഞ്ഞ് വീണ്ടും ചത്വരത്തിലേക്ക്
നോക്കി. അടുത്തയാളെ വധശിക്ഷയ്ക്ക് വിധേയനാക്കുവാനായി പിസ്റ്റളും കൊണ്ട് ജനറൽ ഡീട്രിച്ച്
മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു.
സ്മാരകശിലകൾക്കിടയിലെ
പാതയിലൂടെ മുന്നോട്ട് നടന്ന ക്രെയ്ഗ് ഓസ്ബോൺ ദേവാലയത്തിന്റെ വലിയ ഓക്ക് വാതിൽ തുറന്ന്
ഉള്ളിൽ പ്രവേശിച്ചു. ഇരുട്ടായിരുന്നു ഉള്ളിലെങ്ങും. പുരാതനമായ ജാലകങ്ങളുടെ കറപിടിച്ച
ചില്ലുകൾക്കിടയിലൂടെ അരിച്ചെത്തുന്ന നേരിയ വെട്ടം മാത്രം. കുന്തിരിക്കത്തിന്റെയും അൾത്താരയിൽ
മുനിഞ്ഞു കത്തുന്ന മെഴുകുതിരിയുടെയും ഗന്ധം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. ഓസ്ബോൺ
അൾത്താരയുടെ സമീപത്തേക്ക് അടുക്കവെ പൂജാവസ്തുക്കൾ സൂക്ഷിക്കുന്ന മുറിയുടെ വാതിൽ തുറന്ന്
തല മുഴുവനും നരച്ച ഒരു വൃദ്ധവൈദികൻ പുറത്തേക്ക് വന്നു. ശുഭ്രവർണ്ണത്തിലുള്ള ളോഹയും
വയലറ്റ് നിറമുള്ള അങ്കിയുമാണ് അദ്ദേഹത്തിന്റെ വേഷം. അപ്രതീക്ഷിതമായി ഒരാളെ മുന്നിൽ
കണ്ട അദ്ദേഹം അത്ഭുതഭാവത്തിൽ ഒരു നിമിഷം നിന്നു.
“എന്തെങ്കിലും സഹായം ഞാൻ
ചെയ്യേണ്ടതുണ്ടോ…?” അദ്ദേഹം ആരാഞ്ഞു.
“വേണ്ടി വന്നേക്കാം ഫാദർ… ഇവിടെയല്ല, ആ മുറിയ്ക്കുള്ളിൽ…” ഓസ്ബോൺ
പറഞ്ഞു.
ആ വൃദ്ധവൈദികൻ അമ്പരന്നു.
“ഇപ്പോൾ പറ്റില്ല കേണൽ… കുമ്പസാരം കേൾക്കുവാനുള്ള സമയമായി…”
വിജനമായ ആ ദേവാലയത്തിനുള്ളിലെ
ഒഴിഞ്ഞ കുമ്പസാരക്കൂടുകൾക്ക് നേരെ ഓസ്ബോൺ നോക്കി. “കുമ്പസാരത്തിനായി ഇപ്പോൾ ആരും വരാനില്ലല്ലോ
ഫാദർ… പ്രത്യേകിച്ചും ആ കാപാലികൻ ഡീട്രിച്ച് ഏതു നിമിഷവും
ഇവിടെ എത്താൻ സാദ്ധ്യതയുള്ളപ്പോൾ…” അദ്ദേഹം ആ വൈദികന്റെ നെഞ്ചിൽ കൈ വച്ചു. “മുറിയ്ക്കുള്ളിലേക്ക്,
പ്ലീസ്…”
അമ്പരപ്പോടെ ആ വൈദികൻ
പിറകോട്ട് ചുവട് വച്ച് മുറിയ്ക്കുള്ളിൽ കയറി. “ആരാണ് നിങ്ങൾ…?”
അദ്ദേഹത്തെ തള്ളി മേശയ്ക്കരികിലുള്ള
കസേരയിൽ ഇരുത്തിയിട്ട് ഓസ്ബോൺ തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചുരുൾ ചരട്
എടുത്തു. “കൂടുതൽ അറിയാതിരിക്കുന്നതാണ് താങ്കൾക്ക് നല്ലത് ഫാദർ…കാണുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ എന്ന് മാത്രം കരുതിയാൽ മതി… ഇനി കൈകൾ പിറകിലേക്ക് നീട്ടൂ…” ആ വൃദ്ധന്റെ
കൈകൾ അദ്ദേഹം കൂട്ടിക്കെട്ടി. “നോക്കൂ ഫാദർ, ഞാൻ താങ്കൾക്ക് പാപവിമുക്തി നൽകുകയാണ്… ഇവിടെ ഇനി നടക്കാൻ പോകുന്ന കാര്യത്തിൽ താങ്കൾക്ക് യാതൊരു പങ്കുമില്ല… ഞാൻ നമ്മുടെ ജർമ്മൻ സുഹൃത്തുക്കളുമായുള്ള ചില കണക്കുകൾ തീർക്കുകയാണ്… അത്ര മാത്രം…”
ഓസ്ബോൺ തന്റെ ഹാൻഡ്കർച്ചീഫ്
എടുത്തു.. “മകനേ, എന്താണ് നിങ്ങളുടെ ഉദ്ദേശ്യം എന്നെനിക്കറിയില്ല… ഇതൊരു ദേവാലയമാണെന്ന കാര്യം മറക്കരുത്…” ആ വൃദ്ധവൈദികൻ പറഞ്ഞു
“തീർച്ചയായും… ദൈവത്തിന്റെ അഭീഷ്ടപ്രകാരമുള്ള ഒരു പ്രവൃത്തിയാണ് ഞാൻ ചെയ്യാൻ പോകുന്നതെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്ടം…” ക്രെയ്ഗ് ഓസ്ബോൺ ആ കൈലേസ് അദ്ദേഹത്തിന്റെ വായ്ക്കുള്ളിൽ
തിരുകി.
ആ വൃദ്ധനെ അവിടെ വിട്ട്
ഓസ്ബോൺ വാതിൽ ചാരി കുമ്പസാരക്കൂടുകൾക്ക് നേരെ നീങ്ങി. ഒന്നാമത്തെ വാതിലിന് മുകളിലെ
ചെറിയ ലൈറ്റ് ഓൺ ചെയ്തിട്ട് അദ്ദേഹം അതിനുള്ളിലേക്ക് കയറി. ശേഷം വാൾട്ടർ പിസ്റ്റൾ എടുത്ത്
അതിന്റെ ബാരലിൽ സൈലൻസർ ഘടിപ്പിച്ച് സ്ക്രൂ മുറുക്കി. എന്നിട്ട് ദേവാലയത്തിന്റെ കവാടത്തിലൂടെ
ആരെങ്കിലും വരുന്നുണ്ടെങ്കിൽ കാണാൻ പാകത്തിൽ വാതിൽ അല്പം തുറന്ന് വച്ച് കാത്തിരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോൾ
ഒരു SS ക്യാപ്റ്റനോടൊപ്പം ജനറൽ ഡീട്രിച്ച് പോർച്ചിൽ നിന്നും ഉള്ളിലേക്ക് പ്രവേശിച്ചു.
ഒരു നിമിഷം തമ്മിൽ എന്തോ സംസാരിച്ചു നിന്നിട്ട് ആ ക്യാപ്റ്റൻ തിരികെ പുറത്തേക്ക് പോയി.
തന്റെ കോട്ടിന്റെ ബട്ടണുകൾ അഴിച്ചുകൊണ്ട് ജനറൽ ഡീട്രിച്ച് ചാരുബെഞ്ചുകൾക്കരികിലെ ഇടനാഴിയിലൂടെ
കുമ്പസാരക്കൂടുകൾക്ക് നേർക്ക് നീങ്ങി. ഒന്ന് നിന്നിട്ട് തലയിൽ നിന്നും ക്യാപ് എടുത്തു
മാറ്റി കുമ്പസാരക്കൂട്ടിനുള്ളിൽ കയറി അയാൾ ഇരുന്നു. ഓസ്ബോൺ ആ കൂട്ടിനുള്ളിലെ ലൈറ്റിന്റെ
സ്വിച്ച് ഓൺ ചെയ്തതോടെ ഗ്രില്ലിനപ്പുറം ആ ജർമ്മൻകാരന്റെ മുഖം പ്രകാശപൂരിതമായി. ഓസ്ബോൺ
ഇരിക്കുന്ന മുറിയിൽ അപ്പോഴും ഇരുട്ട് തന്നെയായിരുന്നു.
“ഗുഡ്മോണിങ്ങ് ഫാദർ…” വികലമായ ഫ്രഞ്ച് ഭാഷയിൽ ഡ്രീട്രിച്ച് പറഞ്ഞു. “ഞാൻ ചെയ്ത പാപങ്ങളിൽ
നിന്നും എന്നെ മോചിപ്പിച്ചാലും…”
“തീർച്ചയായും, ബാസ്റ്റർഡ്…” സൈലൻസർ ഘടിപ്പിച്ച ബാരൽ ഗ്രില്ലുകൾക്കിടയിലൂടെ കടത്തിയിട്ട് അയാളുടെ
ഇരുകണ്ണുകളുടെയും ഇടയിൽ നെറ്റിയിലേക്ക് അദ്ദേഹം നിറയൊഴിച്ചു.
മുറിയിൽ നിന്നും പുറത്തിറങ്ങിയ
ഓസ്ബോൺ കണ്ടത് ദേവാലയത്തിന്റെ വാതിൽ തുറന്ന് എത്തി നോക്കുന്ന SS ക്യാപ്റ്റനെയാണ്. തലച്ചോർ
ചിന്നിച്ചിതറിയ നിലയിൽ രക്തത്തിൽ കുളിച്ച് ഇരിക്കുന്ന ജനറൽ ഡീട്രിച്ചിനെയും അയാൾക്കരികിൽ
നിൽക്കുന്ന ഓസ്ബോണിനെയും കണ്ട ചെറുപ്പക്കാരനായ ആ ക്യാപ്റ്റൻ പിസ്റ്റൾ പുറത്തെടുത്ത്
അദ്ദേഹത്തിന് നേർക്ക് രണ്ടു തവണ വെടിയുതിർത്തു. കാതടപ്പിക്കുന്ന വെടിയൊച്ച അവിടെങ്ങും
പ്രകമ്പനം കൊണ്ടു. തിരികെ നിറയൊഴിച്ച ഒസ്ബോണിന്റെ വെടിയുണ്ട അയാളുടെ നെഞ്ചിലാണ് തുളഞ്ഞു
കയറിയത്. പിറകോട്ട് തെറിച്ച് അയാൾ ചാരുബെഞ്ചുകൾക്കിടയിലേക്ക് വീണു. ഒട്ടും സമയം കളയാതെ
ഓസ്ബോൺ ദേവാലയത്തിന്റെ കവാടം ലക്ഷ്യമാക്കി ഓടി.
ഗേറ്റിന് സമീപം ഡീട്രിച്ചിന്റെ
കാർ കിടക്കുന്നുണ്ട്. അതിനുമപ്പുറമാണ് തന്റെ ക്യൂബൽവാഗൺ പാർക്ക് ചെയ്തിരിക്കുന്നത്.
അങ്ങോട്ട് ഓടെയെത്താനുള്ള സമയമില്ല. ദേവാലയത്തിനുള്ളിൽ നിന്നും മുഴങ്ങിയ വെടിയൊച്ച
കേട്ട് SS സേനയുടെ ഒരു സ്ക്വാഡ് അങ്ങോട്ട് ഓടി വരുന്നുണ്ട്.
തിരിഞ്ഞോടിയ ഓസ്ബോൺ പൂജാവസ്തുക്കൾ
വയ്ക്കുന്ന മുറിയുടെ സമീപത്തുള്ള പിൻവാതിലിലൂടെ പുറത്ത് കടന്ന് സെമിത്തേരിയിലൂടെ പിറകുവശത്തെ
മതിലിനരികിലേക്ക് അതിവേഗം ഓടി. ഉയരം കുറഞ്ഞ ആ മതിൽ ചാടിക്കടന്ന് കുന്നിൻമുകളിലെ മരക്കൂട്ടം
ലക്ഷ്യമാക്കി നീങ്ങി.
പാതിദൂരം പിന്നിട്ടപ്പോഴേക്കും
അവർ വെടിയുതിർക്കുവാൻ തുടങ്ങിയിരുന്നു. അതിൽ നിന്നും രക്ഷപെടുവാനായി അദ്ദേഹം വളഞ്ഞ്
പുളഞ്ഞ് ഓടുവാൻ ശ്രമിച്ചു. മരക്കൂട്ടങ്ങൾക്കരികിൽ എത്താറായപ്പോഴാണ് ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ
ഇടതുകൈയിൽ വന്നു തട്ടിയത്. അതിന്റെ ആഘാതത്തിൽ അദ്ദേഹം ഒരു വശത്തേക്ക് ഇടറി മുട്ടുകുത്തി
വീണു. അടുത്ത നിമിഷം തന്നെ ചാടിയെഴുന്നേറ്റ് കുന്നിന്റെ മുകളിലേക്ക് കുതിച്ച ഓസ്ബോൺ
മറുവശത്തെ മരക്കൂട്ടങ്ങൾക്കിടയിലേക്ക് മറഞ്ഞു.
(തുടരും)
നമ്മുടെ കഥാനായകൻ രംഗപ്രവേശം ചെയ്യുന്നു... അമേരിക്കക്കാരനായ ക്രെയ്ഗ് ഓസ്ബോൺ SS സേനയിലെ കേണലിന്റെ വേഷത്തിൽ ഫ്രാൻസിൽ എത്തിയിരിക്കുകയാണ്, ജനറൽ ഡീട്രിച്ചിനെ വധിക്കുവാൻ...
ReplyDeleteചോര ചിന്തി, തലച്ചോർ ചിതറി, കണ്ണിൽ ചോരയില്ലാത്ത ആക്രമണങ്ങൾ
ReplyDeleteഇങ്ങനെയൊക്കെ ആയിരുന്നു സുകന്യാജീ അക്കാലം...
Deleteനായകൻ്റെ രംഗപ്രവേശം അടിപൊളി.
ReplyDeleteഇനിയും എത്ര വെടിയൊച്ചകൾ കേൾക്കാനിരിക്കുന്നു.
രണ്ടാം ലോകമഹായുദ്ധ കാലഘട്ടമല്ലേ... വെടിയൊച്ചകൾക്ക് ഒരു കുറവുമുണ്ടാകില്ല...
Deleteപഴയ ദേവാലയം.. വൃദ്ധനായ വൈദികൻ.. ജാക്കേട്ടൻ പതിവുകളൊന്നും തെറ്റിക്കുന്നില്ല!
ReplyDeleteഏതായാലും നായകന്റെ എൻട്രി പൊളിച്ചു.. തോക്കുകൾ കഥ പറയട്ടെ!!
ഒപ്പം മഴയും... ജാക്കേട്ടൻ ജാക്കേട്ടൻ തന്നെ...
Deleteപിന്നെ, പറന്നുയരുന്ന ആ കാക്കക്കൂട്ടവും...
Delete