Wednesday, August 21, 2024

കോൾഡ് ഹാർബർ - 05



താഴ്ന്ന് കിടക്കുന്ന മരച്ചില്ലകൾ മുഖത്ത് തട്ടാതിരിക്കാൻ ഇരുകൈകളും ഉയർത്തി മറയാക്കി പിടിച്ചു കൊണ്ട് ക്രെയ്ഗ് ഓസ്ബോൺ അതിവേഗം ഓടി. ഒന്നോർത്താൽ ഇങ്ങനെ ഓടിയിട്ടും വലിയ കാര്യമൊന്നുമില്ല. വാഹനമൊന്നും ഇല്ലാത്ത ഈ മലമ്പ്രദേശത്തു കൂടി ഓടിയിട്ട് എങ്ങോട്ട് എത്തിപ്പെടാൻ തന്നെ പിക്ക് ചെയ്യാനുള്ള ലൈസാൻഡർ വിമാനത്തിനടുത്ത് എത്താമെന്ന ഒരു പ്രതീക്ഷയുമില്ല ഇപ്പോൾ. ഒരു ഊരാക്കുടുക്കിലാണ് താൻ അകപ്പെട്ടിരിക്കുന്നതെന്ന് പറയാം. ഡീട്രിച്ചിനെ കൊലപ്പെടുത്താൻ സാധിച്ചു എന്നത് മാത്രമാണ് ഏക ആശ്വാസം.

 

താഴ്‌വാരത്ത് ഒരു റോഡ് കാണാനുണ്ട്. അതിനപ്പുറം വീണ്ടും വനം തന്നെ. മരക്കൂട്ടങ്ങൾക്ക് ഇടയിലൂടെ അതിവേഗം താഴോട്ടിറങ്ങിയ ഓസ്ബോൺ കാലിടറി ചെറിയൊരു കുഴിയിലേക്ക് വീണു. അവിടെ നിന്നും ചാടിയെഴുന്നേറ്റ അദ്ദേഹം ഓട്ടം തുടർന്നു. റോഡിനരികിലെത്തിയ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളവിനപ്പുറത്തു നിന്നും പാഞ്ഞെത്തിയ ഒരു റോൾസ് റോയ്സ് ലിമോസിൻ അരികിൽ വന്ന് ബ്രേക്ക് ചെയ്തു.

 

യൂണിഫോമണിഞ്ഞ്,  ഒരു കണ്ണിന് മേലെ കറുത്ത പാഡ് ധരിച്ച റിനേ ദിസ്സാർ ആയിരുന്നു ഡ്രൈവർ സീറ്റിൽ. പിന്നിലെ ഡോർ തുറന്ന് ആൻ മേരി പുറത്തേക്ക് എത്തി നോക്കി. “എന്താണിത് ക്രെയ്ഗ്, വീണ്ടും ഹീറോ കളിക്കുകയാണോ നിങ്ങൾ? നിങ്ങൾക്കൊരു മാറ്റവുമില്ല അല്ലേ? വന്ന് കാറിൽ കയറൂ പെട്ടെന്നിവിടെ നിന്ന് പുറത്ത് കടക്കാൻ നോക്കാം

 

                                                    ***

 

റോൾസ് റോയ്സ് മുന്നോട്ട് നീങ്ങവെ അദ്ദേഹത്തിന്റെ യൂണിഫോമിന്റെ കൈ രക്തത്തിൽ കുതിർന്നിരിക്കുന്നത് കണ്ട ആൻ മേരി ചോദിച്ചു. “വലിയ മുറിവാണോ?”

 

“എന്ന് തോന്നുന്നില്ല” ഓസ്ബോൺ കർച്ചീഫ് എടുത്ത് പരിക്കേറ്റ ഭാഗത്തേക്ക് തിരുകി വച്ചു. “അല്ല, നീ എന്തു ചെയ്യുകയാണ് ഇവിടെ?”

 

“ഗ്രാൻഡ് പിയർ വിളിച്ചിരുന്നു പതിവ് പോലെ ഫോണിൽ ഇതുവരെയും അയാളെ നേരിൽ കാണാൻ സാധിച്ചിട്ടില്ല

 

“ഞാൻ കണ്ടിട്ടുണ്ട്” ക്രെയ്ഗ് പറഞ്ഞു. “അയാളെ നേരിൽ കാണുമ്പോൾ ഞെട്ടാൻ തയ്യാറായി ഇരുന്നോളൂ

 

“അങ്ങനെയാണോ? നിങ്ങളെ പിക്ക് ചെയ്യാനുള്ള ലൈസാൻഡർ ഇനിയും പുറപ്പെട്ടിട്ടില്ല എന്നാണ് അയാൾ പറഞ്ഞത് അറ്റ്‌ലാന്റിക്കിൽ നിന്നും കനത്ത മഞ്ഞും മഴയും കരയിലേക്ക് നീങ്ങുന്നുണ്ടെന്നാണ് വെതർ സ്റ്റേഷന്റെ അറിയിപ്പ് ഇക്കാര്യം നിങ്ങളെ അറിയിക്കാനായി ഫാമിൽ കാത്തു നിൽക്കാനായിരുന്നു എനിക്ക് കിട്ടിയ നിർദ്ദേശം എന്തുകൊണ്ടോ, ഈ ദൗത്യം വിജയിക്കുമോയെന്ന് തുടക്കം മുതൽക്കേ എനിക്ക് ആശങ്കയുണ്ടായിരുന്നു അതുകൊണ്ട് തന്നെ ആ പരിസരത്ത് വന്ന് നേരിൽ കാണാൻ ഞാൻ തീരുമാനിച്ചു ഗ്രാമത്തിന്റെ മറുഭാഗത്ത് എത്തിയതേ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾ.  അപ്പോഴാണ് വെടിയൊച്ച കേട്ടതും കുന്നിൻമുകളിലേക്ക് നിങ്ങൾ ഓടിക്കയറുന്നത് കണ്ടതും

 

“എന്റെ ഭാഗ്യം” ഓസ്ബോൺ പറഞ്ഞു.

 

“അതെ കാരണം ഇത് എന്റെ തീരുമാനമായിരുന്നില്ല റിനേയാണ് പറഞ്ഞത് നിങ്ങൾ ഈ വഴി ഇറങ്ങി വരാൻ സാദ്ധ്യതയുണ്ടെന്ന്

 

ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അവൾ കാലിന്മേൽ കാൽ കയറ്റി വച്ച് ഇരുന്നു. അലുക്കുകളുള്ള വൈറ്റ് ബ്ലൗസും ബ്ലാക്ക് സ്യൂട്ടും സിൽക്ക് സ്റ്റോക്കിങ്ങ്സും അണിഞ്ഞ അവൾ പതിവ് പോലെ മനോഹരിയായി കാണപ്പെട്ടു. ഭംഗിയായി വെട്ടിയൊതുക്കി നെറ്റിത്തടത്തിലേക്ക് വീണുകിടക്കുന്ന കറുത്ത തലമുടി. ഉയർന്ന കവിളെല്ലുകളും അല്പം നീണ്ട താടിയെല്ലും ഒരു പ്രത്യേക ആകർഷണം തീർക്കുന്നു.

 

“എന്താണ് ഇത്ര തുറിച്ചു നോക്കാൻ?” തെല്ല് ശുണ്ഠിയോടെ അവൾ ചോദിച്ചു.

 

“നിന്നെത്തന്നെ” അദ്ദേഹം പറഞ്ഞു. “ലിപ്‌സ്റ്റിക്ക് അല്പം കൂടിപ്പോയി എന്നതൊഴിച്ചാൽ സുന്ദരി തന്നെ

 

“വായടച്ച് വച്ച് ആ സീറ്റിനടിയിൽ കയറി കിടക്കാൻ നോക്ക്” അവൾ പറഞ്ഞു.

 

അവൾ തന്റെ കാലുകൾ ഒരു വശത്തേക്ക് ഒതുക്കി വച്ചു. ക്രെയ്ഗ് സീറ്റിനടിയിലെ ഫ്ലാപ്പ് താഴോട്ട് വലിച്ച് താഴ്ത്തി. സീറ്റിനടിയിലേക്ക് വലിഞ്ഞ് കയറി കിടന്നതിന് ശേഷം അദ്ദേഹം ആ ഫ്ലാപ്പ് പൂർവ്വസ്ഥിതിയിലേക്ക് വലിച്ചു വച്ചു. ഒരു നിമിഷം കഴിഞ്ഞ് ഒരു വളവ് തിരിഞ്ഞ് അവരെത്തിയത് റോഡ് ബ്ലോക്ക് ചെയ്ത് കിടക്കുന്ന ഒരു ക്യൂബൽവാഗണിന്റെ മുന്നിലേക്കായിരുന്നു. അര ഡസനോളം SS സേനാംഗങ്ങൾ അതിനരികിൽ നിൽക്കുന്നുണ്ട്.

 

“സംശയം തോന്നാത്ത വിധത്തിൽ സ്ലോ ചെയ്ത് നിർത്തിക്കോളൂ റിനേ” അവൾ പറഞ്ഞു.

 

“എന്തെങ്കിലും പ്രശ്നമുണ്ടോ?” സീറ്റിനടിയിൽ നിന്നും പതിഞ്ഞ സ്വരത്തിൽ ക്രെയ്ഗ് ഓസ്ബോൺ ചോദിച്ചു.

 

“ഏയ്, ഒന്നും പേടിക്കാനില്ല ആ ഓഫീസറെ എനിക്ക് പരിചയമുണ്ട് കുറച്ചു കാലം ഞങ്ങളുടെ കൊട്ടാരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നയാളാണ്

 

അവർക്കരികിൽ എത്തിയതും റിനേ ദിസ്സാർ ആ റോൾസ് റോയ്സ് നിർത്തി. ചെറുപ്പക്കാരനായ ഒരു ലെഫ്റ്റനന്റ് കൈയിൽ പിസ്റ്റളുമായി മുന്നോട്ട് വന്നു. അവളെ കണ്ടതും പ്രസന്നവദനനായി അയാൾ പിസ്റ്റൾ ഉറയിലിട്ടു. “മദ്മോയ്സെൽ ട്രെവോൺസ് അപ്രതീക്ഷിതമായിട്ടാണല്ലോ കണ്ടതിൽ വളരെ സന്തോഷം

 

“ലെഫ്റ്റനന്റ് ഷുൾട്സ്” ഡോർ തുറന്ന് അവൾ നീട്ടിയ കൈയിൽ അയാൾ മുത്തം നൽകി. “എന്താണിവിടെ റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നത്?”

 

“ഒരു ഭീകരാക്രമണം നടന്നിരിക്കുന്നു അല്പം മുമ്പ് സെന്റ് മോറിസിൽ വച്ച് ജനറൽ ഡീട്രിച്ചിന് ഒരു തീവ്രവാദിയുടെ വെടിയേറ്റു

 

“വെടിയൊച്ച ഞാനും കേട്ടിരുന്നു ആ ഭാഗത്ത് നിന്ന്” അവൾ പറഞ്ഞു. “എന്നിട്ട്, ജനറലിന് ഇപ്പോൾ എങ്ങനെയുണ്ട്?”

 

“കൊല്ലപ്പെട്ടു, മദ്മോയ്സെൽ” ഷുൾട്സ് പറഞ്ഞു. “മൃതശരീരം ഞാൻ നേരിൽ കണ്ടു ഭീഭത്സം എന്നേ പറയാനാവൂ ദേവാലയത്തിൽ കുമ്പസരിക്കുമ്പോഴാണ് കൊലപ്പെടുത്തിയത്” അയാൾ തലയാട്ടി. “ഇതുപോലത്തെ മനുഷ്യരുമുണ്ടല്ലോ ഈ ലോകത്ത് എന്നോർക്കുമ്പോൾ വിശ്വസിക്കാനാവുന്നില്ല

 

“നിങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു” സഹതാപപൂർവ്വം അവൾ അയാളുടെ കൈയിൽ അമർത്തി. “സമയം കിട്ടുമ്പോൾ ഞങ്ങളുടെ കൊട്ടാരത്തിലേക്ക് വരൂ പ്രഭ്വിയ്ക്ക് നിങ്ങളെ ഏറെ ഇഷ്ടമായിരുന്നു നിങ്ങൾ പോയതിൽ ശരിയ്ക്കും സങ്കടമുണ്ടായിരുന്നു ഞങ്ങൾക്ക്

 

ഷുൾട്സിന്റെ മുഖം ചുവന്ന് തുടുത്തു. “പ്രഭ്വിയോട് എന്റെ അന്വേഷണം പറയൂ നിങ്ങളുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നു

 

അയാൾ തന്റെ സഹപ്രവർത്തകർക്ക് ഉച്ചത്തിൽ നിർദ്ദേശം നൽകി. അവരിലൊരാൾ ആ ക്യൂബൽവാഗൺ പിറകോട്ടെടുത്തു. ഷുൾട്സ് ആൻ മേരിയ്ക്ക് സല്യൂട്ട് നൽകി. റിനേ ദിസ്സാർ വാഹനം മുന്നോട്ടെടുത്ത് ഓടിച്ചുപോയി.

 

“പതിവ് പോലെ, എവിടെ പോയാലും ചെകുത്താന്റെ ഭാഗ്യമാണ് മദാമിനോടൊപ്പമുള്ളത്” റിനേ പറഞ്ഞു. ആൻ മേരി ട്രെവോൺസ് വീണ്ടും ഒരു സിഗരറ്റിന് തീ കൊളുത്തി. സീറ്റിനടിയിൽ നിന്നും ക്രെയ്ഗ് ഓസ്ബോൺ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “നിങ്ങൾക്ക് തെറ്റു പറ്റി സുഹൃത്തേ ഇവൾ തന്നെയാണ് ആ ചെകുത്താൻ

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



10 comments:

  1. "ഇവൾ തന്നെയാണ് ആ ചെകുത്താൻ…”

    ആൻ മേരി - ലവൾ പുലിയാണ് കേട്ടാ!!

    ReplyDelete
    Replies
    1. തീർച്ചയായും... ആൻ മേരി ട്രെവോൺസിനെക്കുറിച്ച് കൂടുതൽ അറിയാൻ കാത്തിരിക്കുക...

      Delete
  2. ഈ ചെകുത്താനി പെണ്ണൊരുത്തി കൊള്ളാലോ

    ReplyDelete
    Replies
    1. അതെയതെ... ക്രെയ്ഗ് ഓസ്ബോണിനെ കേട് കൂടാതെ രക്ഷിച്ചെടുത്തു...

      Delete
  3. ഇനിയിപ്പോ അടുത്തത്തിന് കാത്തിരിക്കുക തന്നെ

    ReplyDelete
    Replies
    1. അടുത്ത ബുധനാഴ്ച്ച വരെ...

      Delete
  4. ഞാനിത്തിരി ലേറ്റായി പോയി

    ReplyDelete
    Replies
    1. ഞാനും വിചാരിച്ചു എന്ത് പറ്റിയെന്ന്...

      Delete
  5. ശരിയാണല്ലോ? ആരേയും മയക്കിയെടുക്കാൻകഴിവുള്ള ചെകുത്താൻ!
    ആശംസകൾ🌷🌻🍁🌸🏵️🌼🪻🌹

    ReplyDelete
  6. ശരിയാണല്ലോ? ആരേയും മയക്കിയെടുക്കാൻകഴിവുള്ള ചെകുത്താൻ!
    ആശംകൾ🌷🌻🍁🌸🏵️🌼🪻🌹

    ReplyDelete