Tuesday, August 27, 2024

കോൾഡ് ഹാർബർ - 06


കൃഷിയിടത്തിലെ ധാന്യപ്പുരയുടെയുള്ളിൽ റോൾസ് റോയ്സ് പാർക്ക് ചെയ്തിട്ട് കാര്യങ്ങൾ അന്വേഷിക്കാനായി റിനേ പുറത്തേക്ക് പോയി. ഓസ്ബോൺ തന്റെ കോട്ട് ഊരി മാറ്റിയിട്ട് ഷർട്ടിന്റെ രക്തത്തിൽ കുതിർന്നിരുന്ന കൈ വലിച്ചു കീറിക്കളഞ്ഞു.

 

ആൻ മേരി അദ്ദേഹത്തിന്റെ കൈയിലെ മുറിവ് പരിശോധിച്ചു. “അത്ര ഗുരുതരമല്ല ഭാഗ്യത്തിന് വെടിയുണ്ട തുളഞ്ഞ് കയറിയിട്ടില്ല മാംസം ചീന്തിപ്പോയതേയുള്ളൂ എന്തായാലും ഡോക്ടറെ കാണിക്കണം, അത് മറക്കണ്ട

 

ഒരു ചെറിയ കെട്ട് തുണിയുമായി റിനേ തിരിച്ചെത്തി. വെളുത്ത ഒരു തുണിയെടുത്ത് അയാൾ ഏതാണ്ട് നാലിഞ്ച് വീതിയിൽ കീറുവാൻ തുടങ്ങി.

 

“ഇതുകൊണ്ട് അദ്ദേഹത്തിന്റെ കൈയിൽ ബാൻഡേജിട്ടോളൂ” അയാൾ ആൻ മേരിയോട് പറഞ്ഞു.

 

ആൻ മേരി ആ ജോലിയിലേക്ക് കടക്കവെ ഓസ്ബോൺ റിനേയോട് ചോദിച്ചു. “പോയ കാര്യം എന്തായി?”

 

“ആ ജൂൾ മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പുറത്തു കടക്കാനാണ് അയാൾ പറയുന്നത്” റിനേ പറഞ്ഞു. “ഈ ഡ്രസ്സ് അണിഞ്ഞിട്ട് ആ യൂണിഫോം ഇങ്ങ് തരൂ അയാളുടെ അടുപ്പിലിട്ട് കത്തിച്ചു കളഞ്ഞോളും പിന്നെ, ഗ്രാൻഡ് പിയറിന്റെ സന്ദേശമുണ്ടായിരുന്നു ലണ്ടനുമായി റേഡിയോ ബന്ധം പുലർത്തിയിരുന്നു അദ്ദേഹം ഇന്ന് രാത്രി ലിയോൺ തീരത്ത് പുറം‌കടലിൽ നിന്നും ഒരു ടോർപിഡോ ബോട്ടിൽ താങ്കളെ പിക്ക് ചെയ്യാനാണത്രെ പദ്ധതി പക്ഷേ, അദ്ദേഹത്തിന് വരാൻ സാധിക്കില്ലെന്നും പകരം തന്റെ സഹപ്രവർത്തകൻ ബ്ലേരിയോയെ അയയ്ക്കാമെന്നുമാണ് പറഞ്ഞത് എനിക്ക് പരിചയമുണ്ട് അയാളെ നല്ല മനുഷ്യനാണ്

 

ഓസ്ബോൺ കാറിന്റെ മറുഭാഗത്തേക്ക് ചെന്ന് യൂണിഫോം അഴിച്ചു മാറ്റി റിനേ കൊണ്ടുവന്ന വസ്ത്രങ്ങൾ അണിഞ്ഞു. ഒരു തുണിത്തൊപ്പിയും പഴക്കം ചെന്ന ഒരു കോർഡുറോയ് ജാക്കറ്റും ട്രൗസേഴ്സും പൊളിഞ്ഞു തുടങ്ങിയ ബൂട്ട്സും ആയിരുന്നു വേഷം. തന്റെ വാൾട്ടർ പിസ്റ്റൾ പോക്കറ്റിൽ തിരുകിയിട്ട്, അഴിച്ചു മാറ്റിയ യൂണിഫോം റിനേയുടെ കൈയിൽ കൊടുത്തു. അയാൾ അതുമായി തിരികെ പോയി.

 

“ഈ വേഷത്തിൽ എങ്ങനെ? കൊള്ളാമോ?” ഓസ്ബോൺ ആൻ മേരിയോട് ചോദിച്ചു.

 

അവൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചുപോയി. “മൂന്നു നാൾ വളർച്ചയുള്ള താടിരോമവും ഒക്കെയായി ഈ വേഷത്തിൽ കൊള്ളാമോയെന്ന് പക്ഷേ, സത്യം പറയാമല്ലോ, എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും നിങ്ങൾക്കൊരു ആഢ്യൻ ലുക്ക് ഒക്കെയുണ്ട്

 

“അതു മതി ആശ്വാസമായി

 

തിരിച്ചെത്തിയ റിനേ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു. “നമുക്ക് പോകാൻ നോക്കാം മദാം ഒരു മണിക്കൂറെങ്കിലും വേണം അവിടെയെത്താൻ

 

അവൾ സീറ്റിനടിയിലെ ഫ്ലാപ്പ് താഴോട്ട് വലിച്ചു. “നല്ല കുട്ടിയായി ഇതിനടിയിൽ കയറിക്കിടക്കൂ” അവൾ ഓസ്ബോണിനോട് പറഞ്ഞു.

 

സീറ്റിനടിയിലേക്ക് കയറിക്കിടന്നിട്ട് ക്രെയ്ഗ് അവൾക്ക് നേരെ എത്തി നോക്കി. “അങ്ങനെ എന്റെ ഈ ദൗത്യം പൂർണ്ണമാകുന്നു നാളെ രാത്രി ലണ്ടനിൽ സവോയ് ഹോട്ടലിൽ ഡിന്നർ കരോൾ ഗിബ്സൺസിന്റെ ഗാനവും ഒപ്പം ചുവട് വയ്ക്കുന്ന പെൺകിടാങ്ങളും

 

സീറ്റിന്റെ ഫ്ലാപ്പ് വലിച്ച് മുകളിലേക്ക് കൊളുത്തിയിട്ട് അവൾ കാറിനുള്ളിൽ കയറി. റിനേ കാർ മുന്നോട്ടെടുത്തു.

 

                                                         ***

 

ചെറിയ ഒരു തീരദേശ ഗ്രാമമായിരുന്നു ലിയോൺ. മത്സ്യബന്ധനമാണ് തദ്ദേശീയരുടെ പ്രധാന തൊഴിൽ. ഒരു കടൽപ്പാലം പോലുമില്ലാത്തതിനാൽ ബീച്ചിൽത്തന്നെ കയറ്റിയിട്ടിരിക്കുകയാണ് അവരുടെ ബോട്ടുകൾ. ചെറിയൊരു ബാറിൽ നിന്നും ഒഴുകിയെത്തുന്ന അക്കോഡിയൻ സംഗീതത്തിന്റെ നേർത്ത അലകൾ മാത്രമാണ് അവിടെ ആൾപ്പെരുമാറ്റം ഉണ്ടെന്നതിന്റെ ഏക സൂചന. ഉപയോഗശൂന്യമായി നിലകൊള്ളുന്ന ലൈറ്റ്‌ഹൗസിന് അരികിലൂടെയുള്ള പരുക്കൻ പാതയിലൂടെ ആ ചെറിയ ബീച്ച് ലക്ഷ്യമാക്കി റിനേ ഡ്രൈവ് ചെയ്തു. കനത്ത മൂടൽമഞ്ഞ് കടലിൽ നിന്നും കരയിലേക്ക് കയറി വരുന്നുണ്ടായിരുന്നു. ഏതോ കപ്പലിന്റെ ഏകാന്തമായ ഫോഗ്‌ഹോൺ ദൂരെയെവിടെയോ മുഴങ്ങി. കാർ നിർത്തി കൈയിൽ ഒരു ടോർച്ചുമായി റിനേ ദിസ്സാർ പുറത്തിറങ്ങി കടൽത്തീരത്തേക്ക് നടന്നു.

 

“നീ അങ്ങോട്ട് വരണമെന്നില്ല ഷൂവിൽ ചെളിയാകും കാറിൽത്തന്നെ ഇരുന്നോളൂ” ക്രെയ്ഗ് ഓസ്ബോൺ ആൻ മേരിയോട് പറഞ്ഞു.

 

ഷൂസ് ഊരി കാറിനുള്ളിൽ ഇട്ടിട്ട് അവൾ പുറത്തിറങ്ങി. “നിങ്ങൾ പറഞ്ഞത് ശരിയാണ് എന്തായാലും എന്റെ നാസി സുഹൃത്തുക്കളോട് നന്ദി പറയാതിരിക്കാനാവില്ല ആവശ്യത്തിലധികം സിൽക്ക് സ്റ്റോക്കിങ്ങ്സ് എനിക്ക് എത്തിച്ചു തന്നിട്ടുണ്ടവർ നമ്മുടെ സൗഹൃദത്തിന് വേണ്ടി അതിലൊന്ന് ചീത്തയാക്കുന്നതിൽ ഒരു നഷ്ടവുമില്ല

 

റിനേ പോയ ഇടം ലക്ഷ്യമാക്കി നടന്നു തുടങ്ങിയ ഓസ്ബോണിനൊപ്പമെത്തി അവൾ അദ്ദേഹത്തിന്റെ കരം കവർന്നു. “സൗഹൃദം?” ക്രെയ്ഗ് ചോദിച്ചു. “എന്റെ ഓർമ്മ ശരിയാണെങ്കിൽ, നമ്മൾ പാരീസിൽ ആയിരുന്നപ്പോൾ അതിനുമപ്പുറം ആയിരുന്നല്ലോ

 

“അതൊക്കെ ഒരു കാലം മറക്കുന്നതാണ് നല്ലത്, ഡാർലിങ്ങ്

 

അവൾ അദ്ദേഹത്തിന്റെ കൈയിലെ പിടി മുറുക്കി. മുറിവിന്റെ വേദനയാൽ അദ്ദേഹം ചെറുതായൊന്നു ഞരങ്ങി. ആൻ മേരി തല ചരിച്ച് അദ്ദേഹത്തെ നോക്കി. “ആർ യൂ ഓൾറൈറ്റ്?”

 

“നാശം, ഈ കൈ വേദനിച്ചു തുടങ്ങിയിട്ടുണ്ട്

 

പതിഞ്ഞ സംസാരം കേട്ട് ഇരുവരും നടത്തം നിർത്തി. റിനേയും ഒരു അപരിചിതനും കൂടി ചെറിയ ഒരു ഡിങ്കിബോട്ടിന് സമീപം നിൽക്കുന്നുണ്ടായിരുന്നു. അതിന്റെ പിൻഭാഗത്ത് ഒരു ഔട്ട്ബോർഡ് എഞ്ചിനും വച്ചിട്ടുണ്ട്.

 

“ഇതാണ് ഞാൻ നേരത്തെ പറഞ്ഞ ബ്ലേരിയോ” റിനേ പറഞ്ഞു.

 

“മദാം” സല്യൂട്ട് നൽകി അയാൾ ആൻ മേരിയെ അഭിവാദ്യം ചെയ്തു.

 

“ഇതാണല്ലേ ആ ബോട്ട്?” ക്രെയ്ഗ് ചോദിച്ചു. “ഇതും കൊണ്ട് ഞാൻ എന്ത് ചെയ്യണമെന്നാണ് പറയുന്നത്?”

 

“പിക്കപ്പ് പോയിന്റിന് അടുത്തെത്തുമ്പോൾ താങ്കൾക്ക് ഗ്രോസ്നെസ് ലൈറ്റ് കാണുവാൻ സാധിക്കും മൊസ്യേ

 

“ഈ മൂടൽമഞ്ഞിലോ?”

 

“മഞ്ഞ് കടൽനിരപ്പിൽ മാത്രമേയുള്ളൂ” ബ്ലേരിയോ ചുമൽ വെട്ടിച്ചു. “മാത്രമല്ല, ഞാനിതിൽ ഒരു സിഗ്നലിങ്ങ് ലാമ്പും ഘടിപ്പിച്ചിട്ടുണ്ട് കൂടാതെ, ഇതും കൂടിയുണ്ട്” പോക്കറ്റിൽ നിന്നും ഒരു ലൂമിനസ് സിഗ്നൽ ബോൾ എടുത്തു കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു. “SOE യുടെ സപ്ലൈ ആണിത് വെള്ളത്തിൽ വീണാലും പ്രവർത്തിക്കും

 

“കാലാവസ്ഥ കണ്ടിട്ട് ഞാൻ കടലിൽ മുങ്ങുന്ന ലക്ഷണമാണ് കാണുന്നത്” ആക്രാന്തത്തോടെ കരയിലേക്കടിച്ചു കയറുന്ന തിരമാലകളെ നോക്കിക്കൊണ്ട് ക്രെയ്ഗ് പറഞ്ഞു.

 

ബ്ലേരിയോ ഡിങ്കിയിൽ നിന്നും ഒരു ലൈഫ്ജാക്കറ്റ് എടുത്ത് അദ്ദേഹത്തെ അണിയുവാൻ സഹായിച്ചു. “താങ്കൾക്ക് മുന്നിൽ വേറെ മാർഗ്ഗമില്ല മൊസ്യേ പോയേ തീരൂ താങ്കളെ പിടികൂടാനായി ഈ ബ്രിറ്റനി മുഴുവൻ അവർ സെർച്ച് ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് ഗ്രാൻഡ് പിയർ പറഞ്ഞത്

 

ബ്ലേരിയോ അദ്ദേഹത്തിന്റെ ലൈഫ്ജാക്കറ്റിന്റെ സ്ട്രാപ്പ് കെട്ടിക്കൊടുത്തു. “ആരെയെങ്കിലും അവർ തടവുകാരായി പിടികൂടിയിട്ടുണ്ടോ?” ക്രെയ്ഗ് ഓസ്ബോൺ ചോദിച്ചു.

 

“തീർച്ചയായും മേയറെയും ഫാദർ പോളിനെയും അടക്കം സെന്റ് മോറിസിൽ നിന്നും പത്തു പേരെ പിടിച്ചുകൊണ്ടുപോയി പിന്നെ കൃഷിയിടങ്ങളുടെ പരിസരത്ത് നിന്നും വേറെ പത്തു പേരെയും

 

“മൈ ഗോഡ്!” ക്രെയ്ഗ് മന്ത്രിച്ചു.

 

ഒരു സിഗരറ്റിന് തീ കൊളുത്തി ആൻ മേരി അദ്ദേഹത്തിന് നൽകി. “ദി നെയിം ഓഫ് ദി ഗെയിം, ലവർ അത് നമുക്ക് രണ്ടുപേർക്കും അറിയാം നിങ്ങളെ സംബന്ധിക്കുന്ന വിഷയമേയല്ല അത്

 

“നീ പറഞ്ഞത് ഉൾക്കൊള്ളാനായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു” അദ്ദേഹം അവളോട് പറഞ്ഞു. റിനേയും ബ്ലേരിയോയും ചേർന്ന് ആ ഡിങ്കി തള്ളി വെള്ളത്തിലേക്കിറക്കി. ശേഷം ബ്ലേരിയോ അതിനുള്ളിൽ കയറി ഔട്ട്ബോർഡ് എഞ്ചിൻ സ്റ്റാർട്ട് ചെയ്തിട്ട് പുറത്തിറങ്ങി.

 

ക്രെയ്ഗിന് ഒരു ചുടുചുംബനം നൽകിയിട്ട് ആൻ മേരി പറഞ്ഞു. “ഒരു നല്ല കുട്ടിയായി പെട്ടെന്ന് പോകാൻ നോക്കൂ അവിടെ ചെന്നിട്ട് കരോൾ ഗിബ്സൺസിനോട് എന്റെ അന്വേഷണവും പറഞ്ഞേക്കൂ

 

ഡിങ്കിയ്ക്കുള്ളിൽ കയറി എഞ്ചിന്റെ റഡ്ഡറിൽ കൈ വച്ചിട്ട് ക്രെയ്ഗ് തിരിഞ്ഞു. “പിക്ക് ചെയ്യാൻ മോട്ടോർ ടോർപിഡോ ബോട്ട് വരുമെന്നല്ലേ പറഞ്ഞത്?” അദ്ദേഹം ബ്ലേരിയോയോട് ചോദിച്ചു.

 

“അല്ലെങ്കിൽ ഗൺബോട്ട് ബ്രിട്ടീഷ് നേവിയുടെ അല്ലെങ്കിൽ സ്വതന്ത്ര ഫ്രഞ്ച് സേനയുടെയോ  ഏതെങ്കിലും ഒന്ന് അവരവിടെ ഉണ്ടാവും മൊസ്യേ ഒരിക്കലും അവർ ഞങ്ങളെ നിരാശപ്പെടുത്തിയിട്ടില്ല

 

“റിനേ, ആൻ മേരിയെ നോക്കിക്കൊള്ളണേ” ഇരുവരും ചേർന്ന് ആ ഡിങ്കിയെ ആഞ്ഞടിക്കുന്ന തിരമാലകൾക്ക് മുകളിലേക്ക് തള്ളി വിടവെ ക്രെയ്ഗ് വിളിച്ചു പറഞ്ഞു. ആ ചെറിയ ഔട്ട്ബോർഡ് എഞ്ചിന്റെ ശക്തിയിൽ ഡിങ്കി പുറംകടലിലേക്ക് കുതിച്ചു.  

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



6 comments:

  1. അങ്ങിനെ വന്ന ദൗത്യം പൂർത്തിയാക്കി.

    ReplyDelete
    Replies
    1. ദൗത്യം പൂർത്തിയാക്കി... ഇനി സുരക്ഷിതമായി ബ്രിട്ടനിൽ തിരിച്ചെത്തുക എന്നൊരു കടമ്പ കൂടി ബാക്കിയുണ്ട്... എന്താകുമെന്ന് നോക്കാം നമുക്ക്...

      Delete
  2. ആ ഡിങ്കിരി ഡിങ്കിയുടെ പോക്ക് കണ്ടിട്ട് നേരെ ചൊവ്വേ പോകുന്ന മട്ടില്ല!

    "റിനേ, ആൻ മേരിയെ നോക്കിക്കൊള്ളണേ.. "

    ReplyDelete
    Replies
    1. ങ്ഹെ...!!! അതെങ്ങനെ മനസ്സിലായി ജിമ്മാ...?

      Delete
  3. ക്രെയ്ഗിനെ യാത്രയാക്കി മേരി. മേരിയെ നോക്കാൻ ഏൽപ്പിച്ച് ക്രെയ്ഗ്.

    ReplyDelete
    Replies
    1. അതെ... അത്ര ഗാഢമാണ് അവരുടെ ബന്ധം...

      Delete