കരുതിയത് പോലെ എളുപ്പമല്ല
കാര്യങ്ങൾ എന്ന് പുറംകടലിലേക്ക് എത്തിയതോടെ ക്രെയ്ഗ് ഓസ്ബോണിന് മനസ്സിലായി. കാറ്റിന്
ശക്തി കൂടിക്കൊണ്ടിരുന്നു. വെൺനുര ചിന്നി ഉയർന്നു പൊങ്ങുന്ന തിരമാലകൾ. വശങ്ങളിൽ നിന്നും
വെള്ളം അടിച്ചു കയറി കണങ്കാലിനൊപ്പം ഉയർന്നിരിക്കുന്നു. ബ്ലേരിയോ പറഞ്ഞത് ശരിയായിരുന്നു.
കാറ്റ് വീശുമ്പോൾ അങ്ങിങ്ങായി അകന്നു മാറുന്ന മൂടൽമഞ്ഞിന്റെ വിടവിലൂടെ ഗ്രോസ്നെസ് പോയിന്റിലെ
ലൈറ്റ് കാണാൻ സാധിക്കുന്നുണ്ട്. അതിന് നേർക്ക് നീങ്ങിക്കൊണ്ടിരിക്കവെയാണ് പൊടുന്നനെ
അത് സംഭവിച്ചത്. ബോട്ടിന്റെ ഔട്ട്ബോർഡ് എഞ്ചിൻ നിശ്ചലമായി. എഞ്ചിൻ സ്റ്റാർട്ട് ചെയ്യാനുപയോഗിക്കുന്ന
ചരടിൽ പരിഭ്രാന്തിയോടെ പലവട്ടം ആഞ്ഞു വലിച്ചെങ്കിലും ഫലം കണ്ടില്ല. ഒഴുക്കിൽപ്പെട്ട് ലക്ഷ്യമില്ലാതെ ആ ഡിങ്കി അലയുവാൻ
തുടങ്ങി.
ഭീമാകാരമായ ഒരു തിരമാല
ഉയർന്നു വന്ന് ഡിങ്കിയുടെ ഉള്ളിലേക്ക് പതിച്ചത് അപ്പോഴായിരുന്നു. അതിന്റെ ആഘാതത്തിൽ
മുകളിലേക്ക് തെറിച്ചു പോയ ഡിങ്കി ഒരു സ്ലോമോഷൻ ചിത്രത്തിലെന്ന പോലെ ഒരു നിമിഷം അന്തരീക്ഷത്തിൽ
തങ്ങി നിന്നിട്ട് വലിയ ഒരു കല്ല് കണക്കെ വീണ്ടും വെള്ളത്തിലേക്ക് പതിച്ചു. ഡിങ്കിയിൽ
നിന്നും പുറത്തേക്ക് തെറിച്ച ക്രെയ്ഗ് ഓസ്ബോൺ ലൈഫ് ജാക്കറ്റിന്റെ ബലത്തിൽ വെള്ളത്തിൽ
പൊന്തിക്കിടന്നു.
അതികഠിനമായ തണുപ്പായിരുന്നു
വെള്ളത്തിന്. കൈകളുടെയും കാലുകളുടെയും അസ്ഥികൾക്കുള്ളിലേക്ക് അരിച്ചു കയറുന്ന തണുപ്പ്.
കുറച്ച് നേരത്തേക്ക് തന്റെ കൈയിലെ പരിക്കിന്റെ വേദന പോലും അദ്ദേഹം മറന്നുപോയി. ഉയർന്നു
വന്ന മറ്റൊരു തിരമാല അദ്ദേഹത്തെ എടുത്തു പൊക്കി താരതമ്യേന ശാന്തമായ മറുവശത്തേക്കിട്ടു.
“നോട്ട് ഗുഡ്, മൈ ബോയ്… നോട്ട് ഗുഡ് അറ്റ് ഓൾ…” അദ്ദേഹം മന്ത്രിച്ചു. പൊടുന്നനെ വീശിയെത്തിയ കാറ്റ്
മൂടൽമഞ്ഞിന്റെ തിരശ്ശീലയിൽ ചെറിയൊരു വിടവുണ്ടാക്കി. ഗ്രോസ്നെസ് പോയിന്റിലെ ലൈറ്റ് ഹൗസ്
വീണ്ടും അദ്ദേഹത്തിന്റെ ദൃഷ്ടിയിൽപ്പെട്ടു. അടുത്തെവിടെ നിന്നോ ഒരു എഞ്ചിന്റെ പതിഞ്ഞ
ശബ്ദവും കേൾക്കാനാവുന്നുണ്ട്. സൂക്ഷിച്ചു നോക്കിയപ്പോൾ കപ്പലിന്റേതെന്ന് തോന്നിക്കുന്ന
ഒരു കറുത്ത രൂപം അവിടെ കാണുവാനായി.
“ഇവിടെ… ഇവിടെ…!” ശബ്ദമുയർത്തി അദ്ദേഹം വിളിച്ചു കൂവാൻ തുടങ്ങി.
അപ്പോഴാണ് ബ്ലേരിയൊ തനിക്ക് നൽകിയ ആ ഫ്ലൂറസെന്റ് സിഗ്നൽ ബോളിനെക്കുറിച്ച് ഓസ്ബോൺ ഓർത്തത്.
പെട്ടെന്ന് പോക്കറ്റിൽ നിന്നും അത് പുറത്തെടുത്ത് അദ്ദേഹം വലതു കൈയിൽ ഉയർത്തിപ്പിടിച്ചു.
മൂടൽമഞ്ഞിന്റെ തിരശ്ശീല
വീണ്ടും താഴോട്ട് വീണു. ലൈറ്റ് ഹൗസ് അപ്രത്യക്ഷമായിരിക്കുന്നു. എഞ്ചിന്റെ പതിഞ്ഞ ശബ്ദം
രാത്രിയുടെ വിജനതയിൽ അലിഞ്ഞില്ലാതായി.
“നാശം…! ഞാൻ ഇവിടെയുണ്ട്…” ഒസ്ബോൺ അലറി വിളിച്ചു. പൊടുന്നനെയാണ് മഞ്ഞിന്റെ
മറയ്ക്കുള്ളിൽ നിന്നും ആ ടോർപിഡോ ബോട്ട് ഒരു പ്രേതയാനം കണക്കെ പുറത്തേക്ക് വന്നത്.
അതിൽ നിന്നും തെളിഞ്ഞ
സെർച്ച് ലൈറ്റിന്റെ വെട്ടം അദ്ദേഹത്തിന്റെ മേൽ പതിഞ്ഞു. ജീവിതത്തിൽ ഇത്രയും ആശ്വാസം തോന്നിയ നിമിഷങ്ങളില്ല
എന്ന് പറയാം. തന്റെ കൈയിലെ വേദനയെ മറന്ന് അതിനരികിലേക്ക് നീന്തുവാൻ തുടങ്ങിയ ക്രെയ്ഗ്
ഓസ്ബോൺ പൊടുന്നനെ നിന്നു. എന്തോ ഒരു പിശക് പോലെ… ആ ബോട്ടിന്റെ
പെയിന്റ്… ഹരിതവർണ്ണത്തിലേക്ക് ഇഴുകിച്ചേരുന്ന അഴുക്ക് പിടിച്ച
വെള്ള നിറം. കാമൂഫ്ലാഷ് ഡിസൈന് മേൽ റീപെയിന്റ് ചെയ്തതായിരിക്കാം. പക്ഷേ, അതിന്റെ കൊടിമരത്തിൽ
പാറിക്കളിക്കുന്ന പതാകയിലെ സ്വസ്തിക ചിഹ്നം… അത് അദ്ദേഹം വ്യക്തമായും കണ്ടു. അതിന്റെ ഇടതുഭാഗത്ത്
മുകളിലത്തെ മൂലയിൽ കടുംചുവപ്പും കറുപ്പും നിറങ്ങൾ ചേർന്ന കുരിശടയാളം ക്രീഗ്സ്മറീനിന്റെയാണ്…! ഇത് ബ്രിട്ടീഷ് മോട്ടോർ ടോർപിഡോ ബോട്ട് അല്ല… ഒരു ജർമ്മൻ E- ബോട്ട് ആണ്…! അതിന്റെ മുൻഭാഗത്ത് എഴുതിയിരിക്കുന്ന പേർ അദ്ദേഹം ശ്രദ്ധിച്ചു. ലിലി
മർലീൻ…
ആ E- ബോട്ട് സാവധാനം നിശ്ചലമായി.
ഇപ്പോൾ എഞ്ചിന്റെ പതിഞ്ഞ മുരൾച്ച മാത്രം. തന്നെ
നോക്കിക്കൊണ്ട് ഡെക്കിൽ നിൽക്കുന്ന രണ്ട് ജർമ്മൻ നാവികരുടെ നേർക്ക് ദൃഷ്ടി പായിച്ച്,
തന്റെ ദുർവിധിയോർത്ത് വിങ്ങുന്ന ഹൃദയവുമായി ക്രെയ്ഗ് ഓസ്ബോൺ വെള്ളത്തിൽ അനങ്ങാതെ കിടന്നു.
അവരിലൊരാൾ കൈവരികൾക്ക് മുകളിലൂടെ ഒരു കയറേണി താഴോട്ടിട്ടു കൊടുത്തു.
“ഓൾറൈറ്റ് മൈ ഓൾഡ് സൺ…” കോക്നീ ചുവയുള്ള ഇംഗ്ലീഷിൽ അയാൾ വിളിച്ചു പറഞ്ഞു. “ലെറ്റ്സ് ബീ ഹാവിങ്ങ്
യൂ…”
***
കൈവരികൾക്ക് മുകളിലൂടെ
ഡെക്കിലേക്ക് കയറുവാൻ അവർ അദ്ദേഹത്തെ സഹായിച്ചു. ക്ഷീണിതനായി ഡെക്കിൽ കുത്തിയിരുന്നതും
അദ്ദേഹം ചെറുതായി ഛർദ്ദിച്ചു. തന്റെ മുന്നിൽ നിൽക്കുന്ന ആ ജർമ്മൻ നാവികരെ ഓസ്ബോൺ തെല്ല്
ആശങ്കയോടെ നോക്കി. “മേജർ ഓസ്ബോൺ, ഈസ് ഇറ്റ്…?” കോക്നീ ചുവയുള്ള ഇംഗ്ലീഷിൽ അവരിലൊരുവൻ ചോദിച്ചു.
“ദാറ്റ്സ് റൈറ്റ്…” ഓസ്ബോൺ പറഞ്ഞു.
ആ ജർമ്മൻകാരൻ അദ്ദേഹത്തിന്റെയടുത്തേക്ക്
കുനിഞ്ഞു. “താങ്കളുടെ കൈയിൽ നിന്നും രക്തം വാർന്നു കൊണ്ടിരിക്കുന്നുണ്ട്… ആദ്യം അത് നിർത്തേണ്ടിയിരിക്കുന്നു… ഞാൻ ഇവിടുത്തെ
മെഡിക്കൽ അറ്റൻഡന്റ് ആണ്…”
“എന്താണിതെല്ലാം…? എനിക്കൊന്നും മനസ്സിലാവുന്നില്ല…” ഓസ്ബോൺ
പറഞ്ഞു.
“അത് ഞാനല്ല പറയേണ്ടത്
സർ… അത് കപ്പിത്താന്റെ ഡിപ്പാർട്ട്മെന്റാണ്… ഫ്രെഗാറ്റൻ കപ്പിറ്റാൻ ബെർഗർ, സർ… അദ്ദേഹം
ബ്രിഡ്ജിലുണ്ട്…”
ക്രെയ്ഗ് ഓസ്ബോൺ ശ്രദ്ധയോടെ
എഴുന്നേറ്റ് അല്പം ബുദ്ധിമുട്ടിയിട്ടാണെങ്കിലും ലൈഫ് ജാക്കറ്റ് അഴിച്ചുമാറ്റി. പിന്നെ
ചെറിയ കോണി വഴി മുകളിലേക്ക് കയറി വീൽ ഹൗസിലേക്ക് കടന്നു ചെന്നു. വീൽ നിയന്ത്രിച്ചിരുന്നത്
ഒരു ഓബർസ്റ്റീർമാൻ ആണെന്ന് അയാളുടെ റാങ്ക് സൂചിപ്പിക്കുന്ന ബാഡ്ജുകളിൽ നിന്നും അദ്ദേഹം
ഊഹിച്ചു. സമീപത്തുള്ള കറങ്ങുന്ന കസേരയിൽ ഇരിക്കുന്നയാൾ ഒരു ക്രീഗ്സ്മറീൻ ക്യാപ്പ് ആണ്
തലയിൽ ധരിച്ചിരിക്കുന്നത്. അതിന്റെ മുകൾ ഭാഗത്തെ വെള്ള നിറത്തിൽ നിന്നും അയാളൊരു
U- ബോട്ട് കമാൻഡർ ആയിരുന്നു എന്ന് മനസ്സിലാക്കാം. ക്രീഗ്സ്മറീനിലെ ക്യാപ്റ്റന്മാരിൽ
അത്തരക്കാർക്ക് ഒരു പ്രത്യേക ബഹുമാനവും ലഭിച്ചിരുന്നുവെന്ന് വേണം പറയാൻ. റീഫർകോട്ടിനടിയിൽ
വെള്ള നിറമുള്ള ഒരു പഴയ പോളോ നെക്ക് സ്വെറ്റർ ആണ് ധരിച്ചിരുന്നത്. കസേര തിരിച്ച് നിർവ്വികാരമായ
മുഖത്തോടെ അയാൾ ഓസ്ബോണിനെ നോക്കി.
“മേജർ ഓസ്ബോൺ, ഗ്ലാഡ്
റ്റു ഹാവ് യൂ എബോർഡ്…” അമേരിക്കൻ ചുവയുള്ള ഇംഗ്ലീഷിൽ അയാൾ പറഞ്ഞു. “ഒരു
മിനിറ്റ് വെയ്റ്റ് ചെയ്യണേ, ആദ്യം നമുക്ക് ഇവിടെ നിന്ന് പുറത്തു കടക്കേണ്ടതുണ്ട്…”
അയാൾ വീൽ നിയന്ത്രിക്കുന്ന
നാവികന് നേർക്ക് തിരിഞ്ഞ് ജർമ്മൻ ഭാഷയിൽ നിർദ്ദേശം നൽകി. “ലാങ്ങ്സ്ഡോർഫ്,
ഒരു അഞ്ച് മൈൽ പുറംകടലിൽ എത്തുന്നത് വരെ സൈലൻസർ ഓണായിത്തന്നെ ഇരിക്കട്ടെ… കോഴ്സ് റ്റൂ-വൺ-ഓ… ഞാൻ പറയുന്നത് വരെ ട്വന്റിഫൈവ് നോട്ട്സ് സ്പീഡിൽ
പോകട്ടെ…”
“കോഴ്സ് റ്റൂ-വൺ-ഓ, സ്പീഡ്
ട്വന്റിഫൈവ് നോട്ട്സ്, ഹെർ കപ്പിറ്റാൻ…” വേഗത വർദ്ധിച്ച് മുന്നോട്ട് കുതിക്കുന്ന E- ബോട്ടിനെ
പുറംകടലിലേക്ക് തിരിച്ചുകൊണ്ട് ആ നാവികൻ പറഞ്ഞു.
“ഹെയർ…?” ഓസ്ബോൺ തെല്ല് സംശയത്തോടെ ചോദിച്ചു. “പ്രൊഫസർ മാർട്ടിൻ ഹെയർ…?”
ബെൻസൻ & ഹെഡ്ജസിന്റെ
ടിന്നിൽ നിന്നും ഒരു സിഗരറ്റ് എടുത്ത് അയാൾ ഓസ്ബോണിന് നേർക്ക് നീട്ടി. “നിങ്ങൾക്കെന്നെ
അറിയാമോ…? നാം പരസ്പരം കണ്ടിട്ടുണ്ടോ ഇതിന് മുമ്പ്…?”
വിറയ്ക്കുന്ന വിരലുകളോടെ
ഒസ്ബോൺ ആ സിഗരറ്റ് വാങ്ങി. “യേൽ യൂണിവേഴ്സിറ്റിയിലെ പഠനത്തിന് ശേഷം ഒരു ജേർണലിസ്റ്റായി
ജോലി നോക്കുകയായിരുന്നു ഞാൻ… വിവിധ സ്ഥാപനങ്ങളിലും പിന്നെ ലൈഫ് മാഗസിന് വേണ്ടിയും
പാരീസിലും ബെർലിനിലും ഒക്കെ വർക്ക് ചെയ്തിട്ടുണ്ട്… യൗവനകാലത്ത്
ഏറെ വർഷങ്ങൾ അവിടെയെല്ലാം ഞാൻ കഴിച്ചുകൂട്ടിയിട്ടുണ്ട്… എന്റെ പിതാവ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിൽ ഡിപ്ലോമാറ്റ് ആയിരുന്നു…”
“പക്ഷേ, എപ്പോഴാണ് നാം
തമ്മിൽ കണ്ടുമുട്ടിയത്…?”
“1939 ഏപ്രിലിൽ ബോസ്റ്റണിൽ
വച്ച്… ഞാൻ വെക്കേഷന് നാട്ടിലെത്തിയതായിരുന്നു… ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ലെക്ച്ചറുകളെക്കുറിച്ച്
ഒരു സുഹൃത്താണ് എന്നോട് പറഞ്ഞത്… വിഷയം ജർമ്മൻ സാഹിത്യമായിരുന്നുവെന്നാണ് വയ്പ്പ്… പക്ഷേ, പ്രധാനമായും നാസിവിരുദ്ധ നിലപാടുകളായിരുന്നു നിങ്ങളുടെ അന്നത്തെ
ക്ലാസുകളിൽ… അതിൽ നാലെണ്ണം ഞാൻ അറ്റൻഡ് ചെയ്തു…”
“കലാപ സമയത്ത് നിങ്ങളവിടെ
ഉണ്ടായിരുന്നോ…?”
“ചില നാസി അനുകൂല അമേരിക്കൻ
സംഘടനകൾ ക്ലാസുകൾ അലങ്കോലപ്പെടുത്താൻ വന്നപ്പോഴല്ലേ…? തീർച്ചയായും,
ഞാനവിടെ ഉണ്ടായിരുന്നു… അതിലേതോ ഒരു കിരാതന്റെ മുഖം ഞാൻ ഇടിച്ച് ശരിയാക്കുകയും
ചെയ്തു… നിങ്ങളുടെ ക്ലാസുകൾ ഗംഭീരം തന്നെയായിരുന്നു കേട്ടോ…” ഓസ്ബോണിന്റെ ശരീരം വിറച്ചു. വാതിൽ തുറന്ന് കോക്നീ ഇംഗ്ലീഷ് സംസാരിക്കുന്ന
ആ നാവികൻ പ്രവേശിച്ചു.
“എന്താണ് ഷ്മിഡ്റ്റ്…?” ജർമ്മൻ ഭാഷയിൽ ഹെയർ ചോദിച്ചു.
ഷ്മിഡ്റ്റിന്റെ കൈയിൽ
ഒരു ബ്ലാങ്കറ്റ് ഉണ്ടായിരുന്നു. “മേജറിന് ഇത് ആവശ്യമുണ്ടെന്ന് എനിക്ക് തോന്നി… പിന്നെ, ഇദ്ദേഹത്തിന്റെ ഇടതു കൈയിൽ പരിക്കേറ്റിട്ടുണ്ട് ഹെർ കപ്പിറ്റാൻ… മെഡിക്കൽ അറ്റൻഷൻ കൂടിയേ തീരൂ…”
“എങ്കിൽ പെട്ടെന്നത് ചെയ്യൂ
ഷ്മിഡ്റ്റ്…” മാർട്ടിൻ
ഹെയർ അയാളോട് പറഞ്ഞു. “സമയം കളയണ്ട…”
(തുടരും)
ആ എന്താണോ എന്തോ
ReplyDeleteഎന്റെ ടച്ച് വിട്ടു പോയി
ആദ്യം മുതൽ ഒന്നൂടെ വായിച്ചേച്ചും വരാം
വായിച്ചേച്ച് പെട്ടെന്ന് വാ...
Deleteഅപ്പം അങ്ങനെ ആണ് കാര്യങ്ങൾ
ReplyDeleteഓസ്ബോൺ -നെ ( പ്രതേകിച്ചും ജെനി ചേച്ചിയേം ) നോക്കി ഇരുന്നപ്പം മാർട്ടിന്റെ കാര്യങ്ങൾ ആണ് ആദ്യം വായിച്ചത് .. എന്നാലങ്ങനെ തന്നെ എന്ന് വിചാരിച്ചിരുന്നപ്പോൾ ഓസ്ബോൺ ചേട്ടന്റെ തകർപ്പൻ എൻട്രി.
എന്നാൽ ആൻ മേരി ചേച്ചിയുമായി ഒന്ന് കറങ്ങാം എന്ന് വിചാരിച്ചിരുന്നപ്പോൾ അങ്ങേരെ ബോട്ടിൽ കേറ്റി വിട്ടു. അങ്ങനെ നമ്മുടെ മാർട്ടിനും E - ബോട്ടും എത്തി. ഇനി എപ്പം ജെനിചേച്ചി വരും എന്നും നോക്കി ഇരിക്കാം
ഇപ്പോൾ കാര്യങ്ങൾ ഏകദേശം ധാരണ ആയില്ലേ... മാർട്ടിൻ ഹെയർ ജർമ്മൻ പതാകയും പറപ്പിച്ച് ജർമ്മൻ കപ്പലിൽ ക്രെയ്ഗ് ഓസ്ബോണിനെ പിക്ക് ചെയ്യാൻ എത്തി... ഫ്രാൻസിലുള്ള ആൻ മേരി ചേച്ചിയ്ക്ക് എന്തു പറ്റിയെന്ന് വഴിയേ അറിയാം... ജെനി ചേച്ചിയുടെ രംഗപ്രവേശത്തിനായി കാത്തിരിക്കാം...
Deleteഉണ്ടാപ്രിയെയും ശ്രീക്കുട്ടനേയും കാണാത്തതിൽ ഉള്ളിൽ സങ്കടവുമായി ഇരിക്കുകയായിരുന്നു ഞാൻ... ഉണ്ടാപ്രി എത്തി... ഇനി ശ്രീക്കുട്ടൻ... വരുമായിരിക്കും...
അങ്ങനെ അവർ ഒന്നിക്കുകയാണ്..! (തക്ക സമയത്ത് മാർട്ടിൻ എത്തിയത് ഓസ്‌ബോൺ അച്ചായന്റെ ഭാഗ്യം!!)
ReplyDeleteഅതന്നേ... അല്ലെങ്കിൽ വിവരമറിഞ്ഞേനെ ഓസ്ബോൺ...
Deleteഡിങ്കി ബോട്ട് തകർന്ന് വെള്ളത്തിലായെങ്കിലും രക്ഷകർ എത്തി
ReplyDeleteഅതെ... കൃത്യസമയത്ത് തന്നെ ജർമ്മൻ കപ്പൽ എന്ന വ്യാജേന ഡോഗൽ മൺറോയുടെ ടീം എത്തി...
Deleteനിർഭാഗ്യവും ഭാഗ്യവും ഒപ്പത്തിനൊപ്പം
ReplyDeleteഅത് ശരിയാണ്... അല്ലെങ്കിൽ പെട്ടുപോയേനെ...
Delete