പ്രൗഢഗംഭീരമായിരുന്നു
ആ ലൈബ്രറി റൂം. തറ മുതൽ സീലിങ്ങ് വരെ മുട്ടുന്ന ഷെൽഫിനുള്ളിൽ നിറയെ പുസ്തകങ്ങൾ. ഹാളിന്
നടുവിൽ സജ്ജീകരിച്ചിരിക്കുന്ന തുറന്ന നെരിപ്പോടിൽ വിറകു കഷണങ്ങൾ എരിയുന്നുണ്ട്. അതിന്
ചുറ്റിനുമായി സോഫകളും കസേരകളും ക്രമീകരിച്ചിരിക്കുന്നു. ക്രെയ്ഗ് ഓസ്ബോൺ പ്രവേശിക്കുമ്പോൾ
നെരിപ്പോടിനരികിൽ നിന്നുകൊണ്ട് തന്റെ കണ്ണട ശ്രദ്ധാപൂർവ്വം തുടയ്ക്കുകയായിരുന്നു ബ്രിഗേഡിയർ
ഡോഗൽ മൺറോ. ഉള്ളിൽ കടന്ന ജോ ഏഡ്ജ് വാതിലിന് സമീപം ചുമരിൽ ചാരിക്കൊണ്ട് നിന്നു. മൺറോ
കണ്ണട മുഖത്ത് വച്ച് അഡ്ജസ്റ്റ് ചെയ്തിട്ട് ശാന്തയോടെ ഓസ്ബോണിനെ നോക്കി.
“ജോ, നിങ്ങൾ പുറത്ത് വെയ്റ്റ്
ചെയ്യൂ…” മൺറോ പറഞ്ഞു.
“ഓ, ഡിയർ… അപ്പോൾ ഇവിടെ നടക്കുന്ന തമാശയൊന്നും എനിക്ക് കാണാനാവില്ലെന്ന്, അല്ലേ…?” അയാൾ പുറത്തേക്കിറങ്ങി.
“ഗുഡ് റ്റു സീ യൂ, ക്രെയ്ഗ്…” മൺറോ പറഞ്ഞു.
“പക്ഷേ, എനിക്ക് അങ്ങനെ
പറയാൻ തോന്നുന്നില്ല…” ക്രെയ്ഗ് അവിടെയുള്ള ഒരു കസേരയിൽ ചെന്നിരുന്നിട്ട്
സിഗരറ്റിന് തീ കൊളുത്തി. “നാം തമ്മിൽ അത്രയ്ക്ക് അകന്നു പോയിരിക്കുന്നു…”
“ഡിയർ ബോയ്, ഇങ്ങനെ കടുപ്പിച്ച്
പറയല്ലേ… അത് ശരിയല്ല…”
“എങ്ങനെ പറയാതിരിക്കും…? എന്നും വെറുമൊരു ഉപകരണം മാത്രമായിരുന്നു ഞാൻ നിങ്ങൾക്ക്…”
മൺറോ എതിർവശത്തുള്ള കസേരയിൽ
ഇരുന്നു. “ആലങ്കാരികമായിട്ടാണ് നിങ്ങൾ പറഞ്ഞതെങ്കിലും അതിൽ കാര്യമില്ലാതില്ല… ആട്ടെ, നിങ്ങളുടെ കൈ എങ്ങനെയുണ്ട്…? ഷ്മിഡ്റ്റ്
വന്ന് നോക്കിയിരുന്നുവെന്ന് കേട്ടു…”
“കുഴപ്പമൊന്നുമില്ലെന്ന്
ഉറപ്പ് വരുത്താൻ ഒരു ഡോക്ടറെ കാണിക്കണമെന്നാണ് അയാളുടെ അഭിപ്രായം…”
“നോ പ്രോബ്ലം… അക്കാര്യം നമുക്ക് അറേഞ്ച് ചെയ്യാം… പിന്നെ,
ആ ഡൈട്രിച്ചിനെ വധിച്ചത്… അതൊരു സംഭവമായിരുന്നു കേട്ടോ… നിങ്ങളുടെ സകല കഴിവുകളും പുറത്തെടുത്തുവെന്ന് പറയാം… ഹിംലറിനും SDയ്ക്കും ഒരു കനത്ത അടി തന്നെയായിരിക്കും അതെന്നതിൽ സംശയമില്ല…”
“അതിന് പ്രതികാരമായി എത്ര
ബന്ദികളെയാണ് അവർ വെടിവെച്ചു കൊന്നത്…?”
മൺറോ ചുമൽ വെട്ടിച്ചു.
“അത് നിങ്ങളുടെ കുറ്റമല്ല… യുദ്ധം എന്ന് പറഞ്ഞാൽ അങ്ങനെയാണ്…”
“ഇതു തന്നെയാണ് ആൻ മേരിയും
പറയാറുള്ളത്… ഇതേ വാക്കുകൾ തന്നെ…” ക്രെയ്ഗ് പറഞ്ഞു.
“ആഹ്, യെസ്… നിങ്ങളെ സഹായിക്കാൻ അവൾ ഉണ്ടായിരുന്നുവെന്ന് കേട്ടപ്പോൾ സന്തോഷം തോന്നി… എന്റെ കീഴിലാണ് അവൾ വർക്ക് ചെയ്യുന്നത്… അറിയാമോ…?”
“ദെൻ ഗോഡ് ഹെൽപ് ഹെർ…” ക്രെയ്ഗ് കടുപ്പിച്ച് പറഞ്ഞു.
“ആന്റ് യൂ, ഡിയർ ബോയ്… ഇപ്പോൾ മുതൽ നിങ്ങളും SOE യുടെ ഭാഗമാണ്…”
തന്റെ സിഗരറ്റ് നെരിപ്പോടിനുള്ളിലേക്ക്
വലിച്ചെറിഞ്ഞിട്ട് ക്രെയ്ഗ് മുന്നോട്ടാഞ്ഞു. “ലൈക്ക് ഹെൽ അയാം… ഞാനൊരു അമേരിക്കൻ ഓഫീസറാണ്… OSSലെ ഒരു മേജർ… എന്നെ
തൊടാൻ പോലും നിങ്ങൾക്കാവില്ല…”
“ഓ, യെസ്… എനിക്കാവും സുഹൃത്തേ… ജനറൽ ഐസൻഹോവറിന്റെ നേരിട്ടുള്ള നിർദ്ദേശമനുസരിച്ചാണ്
ഞാൻ ദൗത്യങ്ങൾ ഓപ്പറേറ്റ് ചെയ്യുന്നത്… കോൾഡ് ഹാർബർ പ്രോജക്ട് എന്നു പറയുന്നത് ഒരു സംയുക്ത
സംരംഭമാണ്… ഹെയറും അയാളുടെ നാല് സഹപ്രവർത്തകരും അമേരിക്കൻ
പൗരന്മാരാണ്… നിങ്ങളും എന്നോടൊപ്പം ചേരാൻ പോകുകയാണ് ക്രെയ്ഗ്… മൂന്ന് കാരണങ്ങൾ കൊണ്ട്… ഒന്നാമത്തേത്, കോൾഡ് ഹാർബർ പ്രോജക്ടിനെക്കുറിച്ച്
നിങ്ങൾക്ക് ഇപ്പോൾ ഒരുപാട് കാര്യങ്ങൾ അറിയാം… രണ്ടാമതായി, എനിക്ക് നിങ്ങളെ ഇവിടെ വേണമെന്നത്
തന്നെ… യൂറോപ്പ് അധിനിവേശം അടുത്തിരിക്കുന്ന വേളയിൽ നിർണ്ണായകമായ
പല കാര്യങ്ങളും നാം ചെയ്തുകൊണ്ടിരിക്കുകയാണ്… അതിലേക്ക് നിങ്ങൾക്കും നല്ലൊരു സംഭാവന നൽകാൻ കഴിയും…”
“ശരി, മൂന്നാമത്തെ കാരണം
എന്താണ്…?” ക്രെയ്ഗ് ആരാഞ്ഞു.
“വളരെ ലളിതം… അമേരിക്കൻ ആംഡ് ഫോഴ്സസിലെ ഒരു ഓഫീസറാണ് നിങ്ങൾ… എന്നെപ്പോലെ തന്നെ ആജ്ഞകൾ അനുസരിക്കാൻ മാത്രമേ നിങ്ങൾക്കും കഴിയൂ…” മൺറോ എഴുന്നേറ്റു.
“അതുകൊണ്ട്, മണ്ടത്തരങ്ങൾ
പറയാതിരിക്കൂ ക്രെയ്ഗ്… നമുക്ക് പബ്ബിൽ ചെന്ന് ഹെയറിനെയും സഹപ്രവർത്തകരെയും
കണ്ട് നിങ്ങളും അവരുടെ സംഘത്തിന്റെ ഭാഗമാണെന്ന കാര്യം അറിയിക്കാം…”
മൺറോ തിരിഞ്ഞ് വാതിലിന്
നേർക്ക് നടന്നു. ആശയറ്റ മനസ്സുമായി ഇനിയെന്ത് എന്ന ആകാംക്ഷയിൽ ക്രെയ്ഗ് അദ്ദേഹത്തെ
അനുഗമിച്ചു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
"എന്നെപ്പോലെ തന്നെ ആജ്ഞകൾ അനുസരിക്കാൻ മാത്രമേ നിങ്ങൾക്കും കഴിയൂ…”
ReplyDeleteക്രെയ്‌ഗ് പിന്നെയും പെട്ടു!
അതെ... ഊരാക്കുടുക്ക്...
Deleteക്രെയ്ഗ് നേ പോലെ തന്നെ ഇനിയെന്ത് എന്ന ആകാംഷയിലാണ് ഞങ്ങളും.
ReplyDeleteഈ ആകാംക്ഷയ്ക്ക് ഉത്തരം അടുത്തയാഴ്ച്ച... 😊
Deleteനിർണായകമായ കാര്യങ്ങളിൽ ഇടപെടാൻ ക്രെയ്ഗ് മനസ്സില്ലാമനസ്സോടെ
ReplyDeleteഅനുസരിക്കുകയല്ലാതെ മാർഗ്ഗമില്ല സുകന്യാജീ...
Deleteപണ്ടാരം ..
ReplyDeleteകഴിവുകൾ എത്ര ഉണ്ടായാലും ചത്തില്ലെങ്കിൽ ഇങ്ങനെ ആജ്ഞകൾ അനുസരിച്ചു ഒന്നിൽ നിന്നും മറ്റൊന്നിലേക്കു .
എന്തു ചെയ്യാം... അതുകൊണ്ടല്ലേ ഞാൻ ഏർലി റിട്ടയർമെന്റ് എടുത്തത്...
Delete