Tuesday, October 29, 2024

കോൾഡ് ഹാർബർ - 14

അദ്ധ്യായം – നാല്

 

സെന്റ് മാർട്ടിൻ ഗ്രാമത്തിന് പിന്നിലായി ഒരു കുന്ന് തലയുയർത്തി നിന്നിരുന്നു. ഭൂപടങ്ങളിൽ നോക്കിയാൽ ആ പ്രദേശത്തിന് പ്രത്യേകിച്ച് പേരൊന്നും കാണാൻ സാധിക്കില്ല. പണ്ട് കാലത്ത് ഏതോ ഒരു റോമൻ ബ്രിട്ടീഷ് കോട്ട അവിടെ ഉണ്ടായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. ജെനിവീവ് ട്രെവോൺസിന്റെ ഇഷ്ടയിടമായിരുന്നു ആ കുന്നിൻമുകൾ. അവിടെയിരുന്ന് നോക്കിയാൽ ദൂരെ ഉൾക്കടലും ഹാർബറിന്റെ പുലിമുട്ടിൽ തട്ടി നുര ചിതറുന്ന തിരമാലകളും കാണാൻ സാധിക്കും. അവൾക്ക് കൂട്ടിന് കടൽപ്പക്ഷികൾ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ.

 

ബ്രേക്ക്ഫസ്റ്റ് കഴിഞ്ഞതും കുന്നിൻമുകളിലേക്ക് കയറിയതാണ് അവൾ. ഇൻഫ്ലുവൻസയുടെ പിടിയിൽ നിന്നും മോചനം നേടി ആരോഗ്യം ഒരു വിധം വീണ്ടെടുത്തിരിക്കുന്നു. വീണ്ടും ജോലിയിൽ പ്രവേശിക്കണമല്ലോ എന്ന ചിന്ത ഇന്നലെ മുതൽ വേട്ടയാടിത്തുടങ്ങിയിട്ടുണ്ട്. ലണ്ടന് മേൽ ജർമ്മനി വ്യോമാക്രമണം ശക്തമാക്കിയിരിക്കുന്നതായാണ് BBC വാർത്ത. ഹോസ്പിറ്റലിലെ കാഷ്വാൽറ്റി വാർഡിൽ ആവുന്നത്ര ജീവനക്കാരെ ആവശ്യമുള്ള സമയമാണിത്.

 

പ്രസന്നമായ പ്രഭാതം. നോർത്ത് കോൺവാളിന്റെ മാത്രം പ്രത്യേകതയാണത്. തെളിഞ്ഞ നീലാകാശം. ദൂരെ, തീരത്തെ മണൽപ്പരപ്പിൽ കയറി വന്ന് ചുംബനം നൽകി തിരിച്ചു പോകുന്ന തിരമാലകൾ. അങ്ങോട്ട് നോക്കി ഇരുന്നപ്പോൾ മാസങ്ങൾക്ക് ശേഷം ഇതാദ്യമായി തെല്ല് ആശ്വാസവും സന്തോഷവും തോന്നി അവൾക്ക്. കുന്നിൻ ചെരുവിൽ തന്റെ ബംഗ്ലാവ് ഇരിക്കുന്ന കോമ്പൗണ്ടിലേക്ക് അവൾ കണ്ണോടിച്ചു. പൂന്തോട്ടത്തിൽ ചെറിയ എന്തോ ജോലിയിൽ ഏർപ്പെട്ടിരിക്കുകയാണ് തന്റെ പിതാവ്. അല്പമകലെയായി വന്നു കൊണ്ടിരിക്കുന്ന ഒരു കാർ അവളുടെ ശ്രദ്ധയിൽ പെട്ടത് അപ്പോഴാണ്. യുദ്ധകാലമായതിനാൽ പെട്രോളിന് റേഷനിങ്ങ് ഉള്ള സമയമാണ്. അതുകൊണ്ട് തന്നെ ഏതെങ്കിലും ഡോക്ടറുടെയോ പൊലീസിന്റെയോ വാഹനം ആകാനേ തരമുള്ളൂ. എന്നാൽ കുറേക്കൂടി അടുത്തെത്തിയപ്പോഴാണ് മിലിട്ടറി വാഹനങ്ങളുടെ ഒലിവ് ഗ്രീൻ നിറമാണ് അതിന്റേത് എന്ന് അവൾ ശ്രദ്ധിച്ചത്.

 

കോമ്പൗണ്ട് ഗേറ്റിന് സമീപം നിർത്തിയ ആ വാഹനത്തിൽ നിന്നും യൂണിഫോം ധരിച്ച ഒരാൾ പുറത്തിറങ്ങി. അതു കണ്ടതും അവൾ എഴുന്നേറ്റ് കുന്നിറങ്ങുവാൻ തുടങ്ങി. ചെയ്യുന്ന ജോലി മതിയാക്കി നിവർന്ന് നിന്ന അവളുടെ പിതാവ് സ്പേഡ് താഴെയിട്ട് ഗേറ്റിന് നേർക്ക് നടക്കുന്നത് അവൾ കണ്ടു. ആഗതനുമായി ഏതാനും വാക്കുകൾ സംസാരിച്ചതിന് ശേഷം അയാളെയും കൂട്ടി നടന്ന അദ്ദേഹം തങ്ങളുടെ ബംഗ്ലാവിനകത്തേക്ക് കയറി.

 

താഴ്‌വാരത്തിലെത്താൻ നാലോ അഞ്ചോ മിനിറ്റുകൾ മാത്രമേ അവൾക്ക് വേണ്ടി വന്നുള്ളൂ. ഗേറ്റിന് മുന്നിൽ എത്തിയ അവൾ കണ്ടത് ബംഗ്ലാവിന്റെ വാതിൽ തുറന്ന് പുറത്തേക്ക് വരുന്ന പിതാവിനെയാണ്. മൺപാതയിലൂടെ നടന്നു വന്ന അദ്ദേഹം ഗേറ്റിന് മുന്നിൽ വച്ച് അവളെ സന്ധിച്ചു.

 

ഭീതിയും വേദനയും നിറഞ്ഞിരുന്നു അദ്ദേഹത്തിന്റെ കണ്ണുകളിൽ. അവൾ അദ്ദേഹത്തിന്റെ ചുമലിൽ കൈ വച്ചു. “എന്തു പറ്റി? എന്താണ് സംഭവം?”

 

ഒരു നിമിഷം അവളെ തുറിച്ചു നോക്കിയ അദ്ദേഹം ഭയന്നത് പോലെ തന്റെ നോട്ടം പിൻവലിച്ചു. “ആൻ മേരി” പരുക്കൻ സ്വരത്തിൽ അദ്ദേഹം പറഞ്ഞു. “അവൾ നമ്മെ വിട്ടുപോയി ആൻ മേരി കൊല്ലപ്പെട്ടു

 

അവളെ തള്ളിമാറ്റി അദ്ദേഹം തൊട്ടപ്പുറത്തെ ദേവാലയത്തിന് നേർക്ക് നടന്നു. സെമിത്തേരിയിലെ ഒറ്റയടിപ്പാതയിലൂടെ മുടന്തിക്കൊണ്ട് പാതി ഓട്ടത്തിലെന്ന പോലെ പോർച്ചിൽ എത്തിയ അദ്ദേഹം ആ വലിയ ഓക്ക് വാതിൽ തള്ളിത്തുറന്ന് ഉള്ളിൽ കയറി. അടുത്ത നിമിഷം ഉച്ചത്തിലുള്ള ശബ്ദത്തോടെ ആ വാതിൽ അടഞ്ഞു.

 

ആകാശത്തിന് അപ്പോഴും നീല നിറമായിരുന്നു. ദേവാലയ ഗോപുരത്തിനപ്പുറമുള്ള മരച്ചില്ലകളിൽ നിന്ന് കാക്കകൾ അന്യോന്യം ഉച്ചത്തിൽ കലപില കൂട്ടി. ഒന്നിനും ഒരു മാറ്റവുമില്ല. എങ്കിലും ഒരു നിമിഷം കൊണ്ട് സകലതും മാറിയിരിക്കുന്നു. മരവിപ്പ് ബാധിച്ചത് പോലെ അവൾ അവിടെ നിന്നു. യാതൊരു വികാരവുമില്ലാതെ മൊത്തം ശൂന്യത മാത്രം.

 

പിന്നിൽ ആരോ നടന്നടുക്കുന്ന ശബ്ദം കേട്ടു. “മിസ്സ് ട്രെവോൺസ്?”

 

അവൾ പതുക്കെ തിരിഞ്ഞു. അമേരിക്കൻ യൂണിഫോം ആയിരുന്നു അയാൾ ധരിച്ചിരുന്നത്. ഒലിവ് നിറമുള്ള സൈനിക വേഷത്തിന് മുകളിൽ മുൻഭാഗം തുറന്ന ഒരു ട്രെഞ്ച്കോട്ട് അണിഞ്ഞിരിക്കുന്നു. നിരവധി മെഡൽ റിബണുകൾ അലങ്കരിച്ച യൂണിഫോമിൽ നിന്നും മേജർ പദവിയിലുള്ള ആളാണെന്ന് അദ്ദേഹമെന്ന് അവൾക്ക് മനസ്സിലായി. ചെറുപ്പക്കാരനായ ഒരാൾക്ക് ഇത്രയും മെഡലുകൾ ആദ്യമായിട്ടാണ് അവൾ കാണുന്നത്. സ്വർണ്ണ നിറമുള്ള തലമുടിയ്ക്ക് മേൽ ഒരു വശത്തേക്ക് ചെരിച്ച് വച്ചിരിക്കുന്ന ഫോറേജ് ക്യാപ്. നിർവ്വികാരമായ മുഖത്തെ കണ്ണുകൾക്ക് ശീതകാലത്തെ അറ്റ്‌ലാന്റിക്ക് പോലെ നരച്ച നിറം. എന്തോ പറയുവാൻ തുനിഞ്ഞുവെങ്കിലും അതിന് കഴിയാതെ അദ്ദേഹം വായടച്ചു.

 

“ദുഃഖവാർത്തയുമായിട്ടാണ് എത്തിയിരിക്കുന്നത് അല്ലേ മേജർ?” അവൾ ചോദിച്ചു.

 

“ഞാൻ ഓസ്ബോൺ” അദ്ദേഹം തന്റെ തൊണ്ട ശരിയാക്കി. “ക്രെയ്ഗ് ഓസ്ബോൺ മൈ ഗോഡ്, മിസ്സ് ട്രെവോൺസ് പ്രേതത്തെയാണോ ഞാൻ കാണുന്നത് എന്ന് ഒരു നിമിഷം സംശയിച്ചു പോയി

 

(തുടരും)


4 comments:

  1. ജെനിവീവിനെ ആൻ മേരിയാക്കി മാറ്റാൻ ഓസ്‌ബോൺ ഇത്തിരി പാടുപെടുമോ!

    ഏതായാലും നായകനും നായികയും കണ്ടുമുട്ടിയല്ലോ.. സന്തോഷമായി..

    ReplyDelete
    Replies
    1. തീർച്ചയായും കുറേ പാടുപെടേണ്ടി വരും... ബൈ ദി ബൈ, നായിക വന്നിട്ടും നമ്മുടെ ഉണ്ടാപ്രിയെ കാണാനില്ലല്ലോ...!"

      Delete
  2. പ്രേതത്തെയാണോ കാണുന്നത്.. അവിചാരിതമായി കാണുമ്പോൾ ആരും കരുതും.

    ReplyDelete
    Replies
    1. ആരായാലും ഭയന്നു പോകില്ലേ... അത്രയ്ക്കും സാമ്യമുണ്ട് ആൻ മേരിയുമായി ജെനിവീവിന്...

      Delete