Tuesday, October 22, 2024

കോൾഡ് ഹാർബർ - 13

ആരും പ്രതീക്ഷിക്കുന്ന വിധം ലക്ഷണമൊത്ത ഒരു ഇംഗ്ലീഷ് ഗ്രാമീണ പബ്ബ് ആയിരുന്നു The Hanged Man. കല്ല് പാകിയ തറ. തുറന്ന നെരിപ്പോടിൽ എരിയുന്ന വിറക് കൊള്ളികൾ. ഇരുമ്പ് മേശകൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. തടിയിൽ നിർമ്മിച്ച ഉയർന്ന ചാരുകളുള്ള ബെഞ്ചുകൾ. ബീമിൽ പണിതുയർത്തിയ സീലിങ്ങ്. മഹാഗണിയിൽ നിർമ്മിച്ച ബാർ കൗണ്ടറിന് പിന്നിലുള്ള ഷെൽഫിൽ മദ്യക്കുപ്പികൾ ഭംഗിയായി അടുക്കി വച്ചിരിക്കുന്നു. എന്നാൽ, ബോട്ടിലിൽ നിന്ന് ഗ്ലാസുകളിലേക്ക് മദ്യം പകരുന്ന ജൂലിയും അത് വാങ്ങുവാനായി കൗണ്ടറിൽ കൈകുത്തി മുന്നോട്ടാഞ്ഞ് നിൽക്കുന്ന ക്രീഗ്സ്മറീൻ യൂണിഫോം ധാരികളും ആ അന്തരീക്ഷത്തിന് ഒട്ടും പൊരുത്തപ്പെടാത്തത് പോലെ തോന്നി.

 

ബ്രിഗേഡിയറും ഓസ്ബോണും എഡ്ജും കൂടി അവിടെയെത്തുമ്പോൾ നെരിപ്പോടിനരികിൽ ഇരുന്ന് കോഫി ആസ്വദിച്ചുകൊണ്ട് പത്രം വായിക്കുകയായിരുന്നു മാർട്ടിൻ ഹെയർ. അയാൾ എഴുന്നേറ്റ് ജർമ്മൻ ഭാഷയിൽ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു. “അറ്റൻഷൻ ജനറൽ ഓഫീസർ എത്തിയിരിക്കുന്നു

 

എല്ലാവരും കാലുകൾ അമർത്തി ചവിട്ടി അറ്റൻഷനായി നിന്നു. ബ്രിഗേഡിയർ മൺറോ കൈ ഉയർത്തി തരക്കേടില്ലാത്ത ജർമ്മൻ ഭാഷയിൽ പറഞ്ഞു. “സാരമില്ല, നിങ്ങളുടെ പരിപാടി നടക്കട്ടെ” അദ്ദേഹം ഹെയറിന് ഹസ്തദാനം നൽകിയിട്ട് തുടർന്നു. “പതിവ് ഫോർമാലിറ്റികളുടെയൊന്നും ആവശ്യമില്ല മാർട്ടിൻ നമുക്ക് ഇംഗ്ലീഷിൽ തന്നെ സംസാരിക്കാം അഭിനന്ദനങ്ങൾ ഗുഡ് ജോബ് ലാസ്റ്റ് നൈറ്റ്

 

“താങ്ക് യൂ സർ

 

നെരിപ്പോടിന് പുറംതിരിഞ്ഞു നിന്നുകൊണ്ട് മൺറോ ചൂടു കാഞ്ഞു. “യെസ്, വിവേചനബുദ്ധി ഉപയോഗിച്ച് നിങ്ങൾ മുൻകൈ എടുത്തു അത് നല്ലത് തന്നെ എങ്കിലും ഭാവിയിൽ ഇത്തരം സന്ദർഭങ്ങൾ അഭിമുഖീകരിക്കുമ്പോൾ എന്നോട് ചോദിച്ചിട്ടു വേണം ചെയ്യാൻ

 

“അതൊരു പോയിന്റാണ്, ഓൾഡ് ബോയ്” ഹെയറിന് നേരെ തിരിഞ്ഞ് ജോ എഡ്ജ് പറഞ്ഞു. “ധീരനായ ഈ മേജറിന്റെ ജീവൻ നഷ്ടമായാലും അത്ര പ്രശ്നമൊന്നുമില്ലായിരുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കേണ്ടതായിരുന്നു

 

ഹെയറിന്റെ കണ്ണുകളിൽ രോഷം ഇരച്ചുകയറിയത് പെട്ടെന്നായിരുന്നു. എഡ്ജിന് ഒന്ന് കൊടുക്കുവാനായി അയാൾ ഒരടി മുന്നോട്ട് വച്ചു. എന്നാൽ ചിരിച്ചുകൊണ്ട് എഡ്ജ് പിറകോട്ട് ഒഴിഞ്ഞു മാറി. “ഓൾറൈറ്റ് ഓൾഡ് ബോയ് ഇവിടെ അക്രമം പാടില്ലെന്ന് അറിഞ്ഞു കൂടേ…?” അയാൾ ബാർ കൗണ്ടറിനരികിലേക്ക് ചെന്നു. “ജൂലീ, മൈ ഡാർലിങ്ങ് ഒരു ലാർജ്ജ് ജിൻ വിത്ത് ടോണിക്ക് പ്ലീസ്

 

“കാം ഡൗൺ മാർട്ടിൻ” മൺറോ പറഞ്ഞു. “യാതൊരു ഔചിത്യവുമില്ലാത്ത പയ്യനാണ് എങ്കിലും വിമാനം പറത്തുന്നതിൽ ജീനിയസാണവൻ വരൂ, നമുക്കും അല്പം കഴിക്കാം” അദ്ദേഹം ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “അമിത മദ്യപാനികളൊന്നുമല്ല ഇവർ രാത്രി ഡ്യൂട്ടി ചെയ്യുന്നവരാണ് അതുകൊണ്ട് രാവിലെ കഴിക്കുന്നുവെന്ന് മാത്രം” അദ്ദേഹം ശബ്ദമുയർത്തി. “ലിസൻ എവ്‌രിബഡി ഈ നിൽക്കുന്ന മേജർ ക്രെയ്ഗ് ഓസ്ബോൺ OSS ൽ (Office of Strategic Services) നിന്നാണെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നാൽ നിങ്ങൾക്ക് അറിയാത്ത ഒരു കാര്യമുണ്ട് ഈ നിമിഷം മുതൽ ഇദ്ദേഹവും ഇവിടെ കോൾഡ് ഹാർബറിൽ ഉണ്ടാകും നമ്മളിൽ ഒരുവനായി

 

ഒരു നിമിഷം അവിടെങ്ങും മൗനം നിറഞ്ഞു. ബാർ കൗണ്ടറിന് പിന്നിൽ ഗ്ലാസുകളിലേക്ക് മദ്യം പകർന്നു കൊണ്ടിരുന്ന ജൂലി അത് നിർത്തി അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി. ഷ്മിഡ്റ്റ് തന്റെ ഗ്ലാസ് ഉയർത്തി ഓസ്ബോണിനോട് പറഞ്ഞു. “ഗോഡ് ഹെൽപ് യൂ മേജർ

 

അടുത്ത നിമിഷം, അവിടെ കൂടിയിരുന്നവരുടെ പൊട്ടിച്ചിരി മുഴങ്ങി. “മാർട്ടിൻ, ഇവരെയെല്ലാം പരിചയപ്പെടുത്തിക്കൊടുക്കൂ” ഹെയറിനോട് പറഞ്ഞിട്ട് മൺറോ ഓസ്ബോണിന് നേർക്ക് തിരിഞ്ഞു. “യഥാർത്ഥ പേരുകളല്ല, അവർ ഇപ്പോൾ അഭിനയിക്കുന്ന കഥാപാത്രങ്ങളുടെ പേരുകൾ

 

കഴിഞ്ഞ രാത്രിയിൽ കപ്പലിന്റെ വീൽഹൗസിൽ ഉണ്ടായിരുന്ന ചീഫ് പെറ്റി ഓഫീസർ ലാങ്ങ്സ്ഡോർഫ് ഒരു അമേരിക്കക്കാരനായിരുന്നു. അതുപോലെ തന്നെ ഹാഡ്ട്, വാഗ്‌നർ, ബോവർ എന്നിവരും. എഞ്ചിനീയറായ ഷ്നെയ്ഡെർ ആകട്ടെ ജർമ്മൻ ജൂതനായിരുന്നു. വിറ്റിങ്ങ്, ബ്രൗച്ച് എന്നിവർ ഷ്മിഡ്റ്റിനെപ്പോലെ ഇംഗ്ലീഷ് ജൂതരും.

 

ക്രെയ്ഗിന് തല ചുറ്റുന്നത് പോലെ തോന്നി. അദ്ദേഹം വിയർക്കുന്നുണ്ടായിരുന്നു. നെറ്റിയിൽ പൊള്ളുന്നത് പോലുള്ള ചൂട് അദ്ദേഹം അറിയുന്നുണ്ടായിരുന്നു. “നല്ല ചൂടാണല്ലോ ഇവിടെ” അദ്ദേഹം പറഞ്ഞു. “വല്ലാത്ത ചൂട്

 

ഹെയർ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കി. “നല്ല കുളിരുള്ള ഒരു പ്രഭാതമാണല്ലോ താങ്കൾക്ക് നല്ല സുഖമില്ലെന്ന് തോന്നുന്നു? ആർ യൂ ഓകെ?”

 

രണ്ട് ഗ്ലാസുകളുമായി എഡ്ജ് അവിടെയെത്തി. ഒന്ന് മൺറോയ്ക്കും മറ്റേത് ക്രെയ്ഗിനും കൊടുത്തിട്ട് അയാൾ പറഞ്ഞു. “മേജർ, നിങ്ങളെ കണ്ടിട്ട് ജിൻ ഇഷ്ടമുള്ള ആളാണെന്ന് തോന്നുന്നു അതങ്ങ് ഉള്ളിൽ ചെല്ലട്ടെ, പോയ ശേഷിയൊക്കെ തിരികെയെത്തും പിന്നെ ജൂലിയ്ക്ക് എന്തായാലും ഇഷ്ടപ്പെടും

 

“അനാവശ്യം പറയരുത്!” രോഷത്തോടെ പറഞ്ഞിട്ട് ക്രെയ്ഗ് ആ ഗ്ലാസ് കാലിയാക്കി.

 

“എന്ത് അനാവശ്യം…?” അദ്ദേഹത്തിനരികിൽ വന്നിരുന്നിട്ട് ഗൂഢാർത്ഥത്തിൽ എഡ്ജ് പറഞ്ഞു. “അത്തരം ആഗ്രഹങ്ങളൊന്നും ജൂലി പുറമെ പറയില്ലെന്നേയുള്ളൂ

 

“മാന്യത എന്നത് തൊട്ടുതീണ്ടാത്ത ജന്തുവാണ് നിങ്ങൾ, അല്ലേ ജോ?” മാർട്ടിൻ ഹെയറിന് രോഷമടക്കാനായില്ല.

 

മുറിവേറ്റത് പോലെ എഡ്ജ് അയാളെ ഒന്ന് നോക്കി. “ആരെയും ഭയമില്ലാത്ത പക്ഷി അതാണ് ഞാൻ ആകാശത്തിലെ വീരയോദ്ധാവ്

 

“ഹെർമൻ ഗോറിങ്ങും അങ്ങനെ തന്നെയായിരുന്നു” ക്രെയ്ഗ് പറഞ്ഞു.

 

“അതെ മിടുക്കനായ പൈലറ്റ് വോൺ റിച്‌ഹോഫൻ കൊല്ലപ്പെട്ടതിന് ശേഷം അദ്ദേഹമാണ് ലുഫ്ത്‌വാഫിനെ നയിച്ചത്” എഡ്ജ് പറഞ്ഞു.

 

മറ്റാരോ സംസാരിക്കുന്നത് പോലെയാണ് സ്വന്തം സ്വരം കേട്ടിട്ട് ക്രെയ്ഗിന് തോന്നിയത്. “കൊള്ളാം മനോരോഗിയായ ഒരു വാർ ഹീറോ എയർഫീൽഡിൽ കിടക്കുന്ന ആ Ju88ന്റെ കോക്പിറ്റിൽ കയറിയാൽ സ്വന്തം വീട്ടിലെത്തിയത് പോലെ തോന്നുമല്ലേ നിങ്ങൾക്ക്?”

 

“Ju88S, ഓൾഡ് ബോയ് പറയുമ്പോൾ കൃത്യമായിരിക്കണം അതിന്റെ എഞ്ചിൻ ബൂസ്റ്റിങ്ങ് സിസ്റ്റം 400 മൈൽ സ്പീഡ് വരെ എടുക്കാൻ കഴിവുള്ളതാണ്

 

“ഒരു കാര്യം പറയാൻ ഇയാൾ വിട്ടുപോയി നൈട്രസ് ഓക്സൈഡിന്റെ മൂന്ന് സിലിണ്ടറുകളെ ആശ്രയിച്ചാണ് ആ ബൂസ്റ്റിങ്ങ് സിസ്റ്റം പ്രവർത്തിക്കുന്നതെന്ന് അതിൽ ഏതിലെങ്കിലും ഒന്നിൽ വെടിയേറ്റാൽ മതി കഷണം കഷണമായി ഇയാൾ ചിതറിത്തെറിക്കാൻ” മാർട്ടിൻ ഹെയർ പറഞ്ഞു.

 

“അതൊന്നും കാര്യമാക്കണ്ട, ഓൾഡ് ബോയ്” എഡ്ജ് ക്രെയ്ഗിനരികിലേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു. ഈ വിമാനം ഒരു സംഭവം തന്നെയാണ് സാധാരണ ഗതിയിൽ മൂന്നു പേരാണ് ക്രൂവിൽ വേണ്ടത് പൈലറ്റ്, നാവിഗേറ്റർ, പിന്നെ ഒരു റിയർ ഗണ്ണർ എന്നാൽ ചില മോഡിഫിക്കേഷൻസ് ഒക്കെ നടത്തിയതു കൊണ്ട് എനിക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാനാകും ഇപ്പോൾ ഉദാഹരണത്തിന്, രാത്രികാലങ്ങളിലെ കാഴ്ച്ചയ്ക്കായുള്ള റഡാറിന്റെ സ്ഥാനം കോക്ക്പിറ്റിൽ മാറ്റി ക്രമീകരിച്ചിരിക്കുന്നതുകൊണ്ട് എനിക്ക് തന്നെ…………….”

 

അയാളുടെ സ്വരം ദൂരേയ്ക്ക് അകന്ന് പോകുന്നത് പോലെ ക്രെയ്ഗിന് തോന്നി. കണ്ണിൽ ഇരുട്ടു കയറുന്നത് പോലെ. അടുത്ത നിമിഷം അദ്ദേഹം നിലത്തേക്ക് മറിഞ്ഞു വീണു. ബാർ കൗണ്ടറിന് സമീപത്ത് നിന്നും ഓടിയെത്തിയ ഷ്മിഡ്റ്റ് അദ്ദേഹത്തെ പരിശോധിച്ചു. ആ ഹാളിലാകെ നിശ്ശബ്ദത പരന്നു. ഷ്മിഡ്റ്റ് തലയുയർത്തി മൺറോയെ നോക്കി. “ജീസസ് ക്രൈസ്റ്റ്! ചുട്ടുപൊള്ളുന്ന പനിയാണല്ലോ ഇദ്ദേഹത്തിന് ഒരു മണിക്കൂർ മുമ്പ് ഞാൻ നോക്കിയപ്പോൾ കുഴപ്പമൊന്നും ഇല്ലായിരുന്നല്ലോ ഇതത്ര നല്ലതല്ല, സർ

 

“റൈറ്റ് ഗൗരവത്തോടെ പറഞ്ഞിട്ട് മൺറോ ഹെയറിന് നേർക്ക് തിരിഞ്ഞു. “ഇദ്ദേഹത്തെ ഞാൻ ലണ്ടനിലേക്ക് കൊണ്ടുപോകുകയാണ് അവിടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യാം

 

ഹെയർ തല കുലുക്കി. “ഓകെ സർ” ഷ്മിഡ്റ്റും വേറെ രണ്ടുപേരും ചേർന്ന് ഓസ്ബോണിനെ താങ്ങിയെടുത്ത് പുറത്തേക്ക് കൊണ്ടുപോയി.

 

മൺറോ എഡ്ജിന് നേർക്ക് തിരിഞ്ഞു. “ജോ, എന്റെ ഓഫീസിലേക്ക് വിളിച്ച് ജാക്ക് കാർട്ടറുമായി സംസാരിക്കൂ അവിടെ ലാൻഡ് ചെയ്ത ഉടൻ തന്നെ ഓസ്ബോണിനെ ഹാംസ്റ്റഡ് നേഴ്സിങ്ങ് ഹോമിൽ അഡ്മിറ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാൻ പറയൂ” അദ്ദേഹം പുറത്തിറങ്ങി ഷ്മിഡ്റ്റിനെയും കൂട്ടരെയും അനുഗമിച്ചു.

 

                                                  ***

 

ഗാഢമായ ഉറക്കത്തിൽ നിന്നും ഉണർന്ന ക്രെയ്ഗിന് നവോന്മേഷം തോന്നി. ഒട്ടും തന്നെ പനിയില്ല ഇപ്പോൾ. കൈമുട്ടു കുത്തി കിടക്കയിൽ നിന്നും എഴുന്നേറ്റ അദ്ദേഹം ചുറ്റിനും നോക്കി. ഏതോ ഹോസ്പിറ്റലിലെ റൂമിലാണ് തോന്നുന്നു. തൂവെള്ള പെയ്ന്റടിച്ച ചുമരുകൾ. തറയിലേക്ക് കാൽ തൂക്കിയിട്ട് ഇരിക്കവെ വാതിൽ തുറന്ന് ചെറുപ്പക്കാരിയായ ഒരു നേഴ്സ് പ്രവേശിച്ചു.

 

“എഴുന്നേറ്റിരിക്കാൻ പാടില്ല സർ” അവൾ അദ്ദേഹത്തെ ബെഡ്ഡിലേക്ക് തന്നെ കിടത്തി.

 

“ഞാൻ എവിടെയാണ്?” അദ്ദേഹം ആരാഞ്ഞു.

 

ഒന്നും ഉരിയാടാതെ അവൾ പുറത്തേക്ക് പോയി. ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും വാതിൽ തുറന്ന് വെള്ള കോട്ടും സ്റ്റെതസ്കോപ്പും അണിഞ്ഞ ഒരു ഡോക്ടർ പ്രവേശിച്ചു.

 

അയാൾ പുഞ്ചിരിച്ചു. “സോ, ഹൗ ആർ വീ, മേജർ?” ക്രെയ്ഗിന്റെ പൾസ് പരിശോധിച്ചുകൊണ്ട് അയാൾ ചോദിച്ചു. ജർമ്മൻ ചുവയുണ്ടായിരുന്നു അയാളുടെ സംസാരത്തിൽ.

 

“ഹൂ ആർ യൂ?”

 

“അയാം ഡോക്ടർ ബാം

 

“ഞാനിപ്പോൾ എവിടെയാണ്?”

 

“വടക്കൻ ലണ്ടനിലുള്ള ഒരു ചെറിയ നേഴ്സിങ്ങ് ഹോമിൽ കൃത്യമായി പറഞ്ഞാൽ ഹാംസ്റ്റഡ് നേഴ്സിങ്ങ് ഹോം” ക്രെയ്ഗിന്റെ വായിൽ തെർമോമീറ്റർ വച്ചിട്ട് ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് അയാൾ പരിശോധിച്ചു. “വെരി ഗുഡ് വെരി നൈസ് ഒട്ടും തന്നെ പനിയില്ല ഈ പെനിസിലിൻ ഒരു അത്ഭുതം തന്നെ നിങ്ങളെ അവിടെ നോക്കിയ ആൾ ഒരു ഇഞ്ചക്ഷൻ തന്നിരുന്നു ഇവിടെയെത്തിയതിന് ശേഷം അതേ ഇഞ്ചക്ഷൻ ഞാൻ വീണ്ടും നൽകി ഒന്നല്ല, പല തവണ അതിന്റെ ഫലമാണ് ഈ കാണുന്നത്

 

“ഞാനിവിടെ എത്തിയിട്ട് എത്ര നാളായി?”

 

“ഇത് മൂന്നാമത്തെ ദിവസം വളരെ മോശമായിരുന്നു നിങ്ങളുടെ അവസ്ഥ മരുന്നുകൾ ഒന്നും കഴിക്കാതിരുന്നതിനാൽ” ബാം ചുമൽ വെട്ടിച്ചു. “നിങ്ങൾക്കുള്ള ചായ ഇപ്പോൾ എത്തും ഞാൻ ബ്രിഗേഡിയർ മൺറോയെ വിളിച്ച് നിങ്ങൾക്ക് സുഖമായി എന്നറിയിക്കട്ടെ

 

അയാൾ പുറത്തേക്ക് പോയി. അല്പനേരം കഴിഞ്ഞ് ക്രെയ്ഗ് എഴുന്നേറ്റ് മേൽവസ്ത്രം ധരിച്ച് ജാലകത്തിനരികിൽ ചെന്ന് ഇരുന്നു. ഉയർന്ന മതിലിനാൽ ചുറ്റപ്പെട്ട ഗാർഡനാണ് ജനാലയ്ക്ക് അപ്പുറം. ട്രേയിൽ ചായപ്പാത്രവുമായി നേഴ്സ് ഉള്ളിലെത്തി.

 

“ചായ കുടിക്കുന്നതിൽ വിരോധമില്ലല്ലോ, മേജർ…? ഇവിടെ കോഫി ഇല്ല

 

“അത് സാരമില്ല” അദ്ദേഹം പറഞ്ഞു. “ഒരു സിഗരറ്റ് കിട്ടാൻ വല്ല മാർഗ്ഗവുമുണ്ടോ?”

 

“സത്യം പറഞ്ഞാൽ താങ്കൾ സിഗരറ്റ് വലിക്കാൻ പാടില്ല സർ” ഒന്ന് സംശയിച്ചിട്ട് അവൾ പോക്കറ്റിൽ നിന്നും ഒരു പാക്കറ്റ് പ്ലെയേഴ്സും തീപ്പെട്ടിയും പുറത്തെടുത്തു. “ഞാനാണ് തന്നതെന്ന് ഡോക്ടർ ബാമിനോട് പറഞ്ഞേക്കല്ലേ

 

“യൂ ആർ എ ഹണി” അദ്ദേഹം അവളുടെ കൈയിൽ ഒരു മുത്തം നൽകി. “ഇവിടെ നിന്ന് ഡിസ്ചാർജ് ആവുന്ന അന്ന് രാത്രി തന്നെ പിക്കാഡിലിയിലെ റെയിൻബോ കോർണറിൽ ഞാൻ കൊണ്ടുപോകും ലണ്ടനിൽ ലഭ്യമായ ഏറ്റവും നല്ല കോഫിയും പിന്നെ ഒരുമിച്ച് നൃത്തവും

 

ലജ്ജ കൊണ്ട് തുടുത്ത മുഖത്തോടെ ചിരിച്ചുകൊണ്ട് അവൾ പുറത്തേക്ക് പോയി. സിഗരറ്റിന് തീ കൊളുത്തി ഗാർഡനിലേക്ക് നോക്കി അദ്ദേഹം അവിടെത്തന്നെ കുറേ നേരം ഇരുന്നു. അല്പസമയം കഴിഞ്ഞ് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് അദ്ദേഹം തിരിഞ്ഞു. ഒരു കൈയിൽ വാക്കിങ്ങ് സ്റ്റിക്കും മറുകൈയിൽ ഒരു ബ്രീഫ്കെയ്സുമായി വാതിൽ തുറന്ന് ജാക്ക് കാർട്ടർ പ്രവേശിച്ചു.

 

“ഹലോ ക്രെയ്ഗ്

 

അയാളെ കണ്ട ആഹ്ലാദത്തിൽ ക്രെയ്ഗ് എഴുന്നേറ്റു. “ജാക്ക് എത്ര കാലത്തിന് ശേഷമാണ് നാം കാണുന്നത്…! ബ്ലഡി മാർവലസ് നിങ്ങൾ ഇപ്പോഴും ആ കിഴവന്റെ കീഴിലാണോ വർക്ക് ചെയ്യുന്നത്?”

 

“ഓ, യെസ്” കസേരയിൽ ഇരുന്നിട്ട് കാർട്ടർ തന്റെ ബ്രീഫ്കെയ്സ് തുറന്നു. “നിങ്ങളുടെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടർ ബാം പറഞ്ഞു

 

“എന്ന് പറയാം

 

“ഗുഡ് ഒരു ദൗത്യം കൂടി നിങ്ങളെ ഏൽപ്പിക്കണമെന്ന് ബ്രിഗേഡിയർ ആഗ്രഹിക്കുന്നു നിങ്ങളുടെ ആരോഗ്യസ്ഥിതി അനുവദിക്കുകയാണെങ്കിൽ

 

“അപ്പോഴേക്കും അവിടം വരെ എത്തിയോ? എന്താണദ്ദേഹത്തിന് വേണ്ടത്? എന്നെ കൊല്ലാനാണോ ഭാവം?”

 

കാർട്ടർ കൈ ഉയർത്തി. “പ്ലീസ് ക്രെയ്ഗ് എന്നെ പറയാൻ അനുവദിക്കൂ അത്ര നല്ല വാർത്തയല്ല ഞാൻ പറയാൻ പോകുന്നത് നിങ്ങളുടെ ആ സുഹൃത്തില്ലേ? ആൻ മേരി ട്രെവോൺസ്?”

 

ക്രെയ്ഗ് ഒരു സിഗരറ്റ് എടുത്ത് ചുണ്ടിൽ വച്ചിട്ട് അയാളെ നോക്കി. “എന്തു പറ്റി അവൾക്ക്?”

 

“അവളെ നേരിൽ കാണണമെന്ന് ബ്രിഗേഡിയർ ആവശ്യപ്പെട്ടിരുന്നു വലിയ ഒരു ദൗത്യത്തിന് മുന്നോടിയായി ശരിയ്ക്കും പ്രധാനപ്പെട്ട ഒന്ന്

 

ക്രെയ്ഗ് സിഗരറ്റിന് തീ കൊളുത്തി. “അതു പിന്നെ എപ്പോഴും അങ്ങനെതന്നെ ആയിരുന്നല്ലോ

 

“അല്ല ക്രെയ്ഗ്, ഇത്തവണ ശരിയ്ക്കും പ്രധാനപ്പെട്ട ഒരു ദൗത്യം ഫ്രാൻസിൽ നിന്നും അവളെ കൊണ്ടുവരുവാൻ ഒരു ലൈസാൻഡർ ഏർപ്പാടാക്കിയിരുന്നു എന്നാൽ അതിനിടയിൽ അപ്രതീക്ഷിതമായി ചിലതെല്ലാം സംഭവിച്ചു” ബ്രീഫ്കെയ്സിൽ നിന്നും എടുത്ത ഫയൽ അയാൾ ക്രെയ്ഗിന് നേർക്ക് നീട്ടി. “വായിച്ചു നോക്കൂ

 

ജാലകത്തിനരികിലെ കസേരയിൽ ചെന്നിരുന്ന് ആ ഫയൽ തുറന്ന് ക്രെയ്ഗ് വായിക്കുവാനാരംഭിച്ചു. കുറേ നേരം കഴിഞ്ഞ് ആ ഫയൽ അടച്ചു വയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വിഷാദം തളം കെട്ടിയിരുന്നു.

 

“അയാം സോറി” കാർട്ടർ പറഞ്ഞു. “വല്ലാത്തൊരു ദുരന്തം അല്ലേ…?

 

“ഇതിലേറെ ഇനി എന്ത് സംഭവിക്കാൻ ഭീകരം

 

ആൻ മേരിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അദ്ദേഹം അവിടെത്തന്നെയിരുന്നു. ആ പരുക്കൻ സ്വഭാവംഅമിതമായി ലിപ്‌സ്റ്റിക്ക് പുരട്ടിയ ചുണ്ടുകൾ ഇരുണ്ട സ്റ്റോക്കിങ്ങ്സ് ധരിച്ച അഴകാർന്ന കാലുകൾ ചുണ്ടിൽ എപ്പോഴും എരിയുന്ന സിഗരറ്റ് ഒരു ശല്യക്കാരിയായി തോന്നുമെങ്കിലും അതേ സമയം തന്നെ രസികയുമായിരുന്നു എന്നിട്ട് ഇപ്പോൾ…………..

 

“അവൾക്കൊരു ഇരട്ട സഹോദരി ഇവിടെ ഇംഗ്ലണ്ടിലുള്ള കാര്യം നിങ്ങൾക്കറിയുമോ? ജെനിവീവ് ട്രെവോൺസ് എന്നാണ് പേര്” കാർട്ടർ ചോദിച്ചു.

 

“ഇല്ല” ക്രെയ്ഗ് ആ ഫയൽ തിരികെ നൽകി. “ആൻ മേരി ഒരിക്കലും അങ്ങനെയൊരു കാര്യം എന്നോട് പറഞ്ഞിരുന്നില്ല അവളുടെ പിതാവ് ഇംഗ്ലീഷുകാരനാണെന്ന് ഞാൻ കേട്ടിരുന്നു ട്രെവോൺസ് എന്നത് കോൺവാൾ പ്രദേശത്തെ ഒരു കുടുംബ നാമമാണെന്നാണ് അവൾ ഒരിക്കൽ പറഞ്ഞത് അദ്ദേഹം മരിച്ചു കാണുമെന്നാണ് ഞാൻ കരുതിയിരുന്നത്

 

“ഇല്ല അദ്ദേഹം ഒരു ഡോക്ടറാണ് കോൺവാളിൽ ജീവിക്കുന്നു നോർത്ത് കോൺവാളിൽ സെന്റ് മാർട്ടിൻ എന്നൊരു കൊച്ചു ഗ്രാമത്തിൽ

 

“അപ്പോൾ, ഈ ജെനിവീവ് എന്ന് പറയുന്ന മകളോ?”

 

“ഇവിടെ ലണ്ടനിൽ സെന്റ് ബർത്തലോമ്യൂവ്സ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സാണ് ഈ അടുത്തയിടെയാണ് അവൾക്ക് ഇൻഫ്ലൂവെൻസ പിടിപെട്ടത് നീട്ടി വാങ്ങിയ അവധിയുമായി പിതാവിനൊപ്പം സെന്റ് മാർട്ടിനിലാണ് അവളിപ്പോൾ

 

“സോ?”

 

“നിങ്ങളോട് അവിടെ പോയി അവളെ കാണുവാനാണ് ബ്രിഗേഡിയർ പറയുന്നത്” ബ്രീഫ്കെയ്സിൽ നിന്നും വെള്ള നിറമുള്ള വലിയൊരു എൻവലപ്പ് എടുത്ത് കാർട്ടർ അദ്ദേഹത്തിന് നൽകി. “ഈ വിഷയം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നും നിങ്ങളുടെ സഹായം എത്രത്തോളം വിലപ്പെട്ടതാണെന്നും ഇത് വായിച്ചു കഴിയുമ്പോൾ മനസ്സിലാവും

 

എൻവലപ്പ് തുറന്ന്, ടൈപ്പ് ചെയ്തിരിക്കുന്ന കത്ത് പുറത്തെടുത്ത് ക്രെയ്ഗ് സാവധാനം വായിക്കുവാൻ തുടങ്ങി.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


8 comments:

  1. ശെടാ .. അങ്ങനെ ആനിചേച്ചി പടമായോ ..
    അങ്ങനെ ആദ്യ ലക്കത്തിൽ പറഞ്ഞ ജെനി ചേച്ചിയെ കാണാൻ പോണു .

    ReplyDelete
    Replies
    1. ആനിചേച്ചിയ്ക്ക് എന്തു പറ്റി എന്നത് വഴിയേ അറിയാം...

      Delete
  2. “ഇവിടെ നിന്ന് ഡിസ്ചാർജ് ആവുന്ന അന്ന് രാത്രി തന്നെ പിക്കാഡിലിയിലെ റെയിൻബോ കോർണറിൽ ഞാൻ കൊണ്ടുപോകും…”

    നമ്മുടെ നാട്ടിലെ "അത്താണി" യാണ് ഇംഗ്ലണ്ടിലെ "പിക്കഡിലി" എന്ന് തോന്നുന്നു.. ഇവിടെ മഞ്ചെസ്റ്ററിലുമുണ്ട് ഒരു പിക്കഡിലി..

    ReplyDelete
    Replies
    1. അത് ശരി, അങ്ങനെയാണല്ലേ... കൊള്ളാല്ലോ...

      Delete
  3. ആനിക്കെന്തു പറ്റി.....

    എന്തായാലും ഒരു ആൾമാറാട്ടത്തിൻ്റെ സാധ്യത കാണുന്നുണ്ട്.

    ReplyDelete
    Replies
    1. ആൾമാറാട്ടം... അത് തീർച്ചയാണ്... ഫ്ലൈറ്റ് ഓഫ് ഈഗിൾസിൽ നാം കണ്ടത് പോലെ... ഹാരിയും മാക്സും ആൾമാറാട്ടം നടത്തിയില്ലേ... അതുപോലെ...

      Delete
  4. ആനിയും ഇരട്ട സഹോദരിയും..കുറിഞ്ഞി പറഞ്ഞപോലെ ആൾമാറാട്ടം നടക്കും.

    ReplyDelete
    Replies
    1. ആൾമാറാട്ടം... അതുതന്നെയാണ് ഈ നോവലിന്റെ കഥാതന്തു...

      Delete