Tuesday, November 12, 2024

കോൾഡ് ഹാർബർ - 16

തന്റെ ചെറിയ ബെഡ്‌റൂമിൽ എല്ലായിടത്തും ഒന്നോടിച്ചു നോക്കി ഒന്നും എടുക്കാൻ മറന്നിട്ടില്ല എന്നുറപ്പു വരുത്തിയിട്ട് അവൾ ജാലകത്തിനരികിൽ ചെന്നു. ഡാഡി ഇപ്പോഴും പൂന്തോട്ടത്തിലെ കളകൾ പറിച്ചുകൊണ്ടിരിക്കുകയാണ്. കൈയെത്താദൂരത്ത് ആയിരുന്നതു കൊണ്ടായിരിക്കുമോ അദ്ദേഹം ആൻ മേരിയെ  കൂടുതൽ സ്നേഹിച്ചത്? ആയിരിക്കണം കുടുംബത്തിലെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു താൻ. ചെറുപ്പം മുതൽക്കേ മാതാവിന്റെയും പിതാവിന്റെയും ബന്ധുക്കളോട് ഒട്ടും തന്നെ അടുപ്പമില്ല. മമത തോന്നിയിട്ടുള്ളത് മാതാവിന്റെ മൂത്ത സഹോദരി ഹോർടെൻസ് ആന്റിയോട് മാത്രമാണ്. വേറിട്ടൊരു വ്യക്തിത്വമായിരുന്നു അവർ.

 

ജനാല തുറന്ന് അവൾ തന്റെ പിതാവിനെ വിളിച്ചു. “മേജർ ഓസ്ബോൺ ലണ്ടനിലേക്ക് തിരിച്ചു പോകുകയാണ് വേണമെങ്കിൽ എനിക്ക് ലിഫ്റ്റ് തരാമെന്ന് പറഞ്ഞു

 

അദ്ദേഹം തലയുയർത്തി നോക്കി. “നല്ലൊരു മനസ്സിനുടമ ഞാനായിരുന്നെങ്കിൽ ആ വാഗ്ദാനം സ്വീകരിച്ചേനെ

 

അദ്ദേഹം വീണ്ടും തന്റെ ജോലിയിൽ മുഴുകി. ഒരു മണിക്കൂർ മുമ്പ് കണ്ടതിനേക്കാൾ ചുരുങ്ങിയത് ഒരു ഇരുപത് വയസ്സെങ്കിലും ഏറിയത് പോലെ തോന്നും ഇപ്പോൾ. അദ്ദേഹത്തിന്റെ പ്രീയപ്പെട്ട ആൻ മേരിയോടൊപ്പം കുഴിമാടത്തിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നത് പോലെ. ജനാല അടച്ച് അവസാനമായി ഒരുവട്ടം കൂടി മുറിയിൽ മൊത്തം ഒന്ന് നോക്കിയിട്ട് തന്റെ ബ്രീഫ്കെയ്സ് എടുത്ത് അവൾ പുറത്തിറങ്ങി. വാതിലിനരികിലെ കസേരയിൽ ഇരിക്കുകയായിരുന്ന ക്രെയ്ഗ് ഓസ്ബോൺ എഴുന്നേറ്റ് അവളുടെ കൈയിൽ നിന്നും ബ്രീഫ്കെയ്സ് വാങ്ങി. അപ്പോഴേക്കും ഏപ്രണിൽ കൈ തുടച്ചുകൊണ്ട് അടുക്കളയിൽ നിന്നും മിസ്സിസ് ട്രെംബത്തും എത്തി.

 

“ഞാൻ പോകുകയാണ് ഡാഡിയുടെ കാര്യങ്ങളിൽ ശ്രദ്ധ വേണം” ജെനിവീവ് അവരോട് പറഞ്ഞു.

 

“ഇത്രയും കാലം ഞാൻ ശ്രദ്ധിക്കാറില്ലെന്നാണോ?” അവളുടെ കവിളിൽ മുത്തം നൽകിക്കൊണ്ട് അവർ ചോദിച്ചു. “”നീ പൊയ്ക്കോളൂ കുട്ടീ ഇത് നിനക്ക് പറ്റിയ ഇടമല്ല ഒരിക്കലും ആയിരുന്നില്ല താനും

 

കാറിനടുത്തേക്ക് ചെന്ന ക്രെയ്ഗ് അവളുടെ ബ്രീഫ്കെയ്സ് പിൻസീറ്റിൽ വച്ചു. ഒരു ദീർഘശ്വാസം എടുത്തിട്ട് ജെനിവീവ് തന്റെ പിതാവിനരികിലേക്ക് ചെന്നു. അദ്ദേഹം തലയുയർത്തി നോക്കി. അവൾ അദ്ദേഹത്തിന്റെ കവിളിൽ ചുംബിച്ചു. “തിരികെ ഇനി എന്ന് വരുമെന്ന് അറിയില്ല ചെന്നിട്ട് ഞാൻ കത്തയയ്ക്കാം

 

അവളെ ഒന്ന് ഇറുകെ പുണർന്നിട്ട് അദ്ദേഹം പെട്ടെന്ന് അകന്നു മാറി. “നീ ഹോസ്പിറ്റലിലേക്ക് ചെല്ലൂ ജെനിവീവ് അവിടെയാണ് നിന്നെ വേണ്ടത് ശുശ്രൂഷ വേണ്ടുന്നവർ ധാരാളമുണ്ടാകും അവിടെ അവരെ സഹായിക്കാൻ നോക്കൂ

 

അവൾ കാറിനടുത്തേക്ക് നടന്നു. കൂടുതലൊന്നും പറയാതെ തന്നെ അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു പിതാവിന് തന്നോടുള്ള അകൽച്ച. ക്രെയ്ഗ് അവൾക്ക് ഡോർ തുറന്നു കൊടുത്തു. ഡോർ അടച്ചതിന് ശേഷം മറുവശത്ത് ചെന്ന് ഡ്രൈവിങ്ങ് സീറ്റിൽ കയറിയ അദ്ദേഹം കാർ മുന്നോട്ടെടുത്തു.

 

കുറേ നേരം കഴിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു. “ആർ യൂ ഓകെ?”

 

“വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി സ്വതന്ത്രയായത് പോലെ തോന്നുന്നു എന്ന് പറഞ്ഞാൽ എനിക്ക് ഭ്രാന്താണെന്ന് കരുതുമോ നിങ്ങൾ?” അവൾ ചോദിച്ചു.

 

“ഇല്ല നിങ്ങളുടെ സഹോദരിയെ ഞാൻ മനസ്സിലാക്കിയിടത്തോളവും പിന്നെ ഇന്ന് രാവിലെ ഇവിടെ ഞാൻ കണ്ട കാര്യങ്ങളും വച്ച് നോക്കിയാൽ തീർച്ചയായും നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് പറയേണ്ടി വരും

 

“എന്റെ സഹോദരിയെ എത്രത്തോളം നിങ്ങൾ മനസ്സിലാക്കി? അവൾ ആരാഞ്ഞു. “പരസ്പരം സ്നേഹത്തിലായിരുന്നുവല്ലേ നിങ്ങൾ?”

 

അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. “ഇതിനുള്ള ഉത്തരം ശരിയ്ക്കും നിങ്ങൾ പ്രതീക്ഷിക്കുന്നില്ലല്ലോ അല്ലേ?”

 

“എന്തുകൊണ്ട് പ്രതീക്ഷിച്ചു കൂടാ?”

 

“ഹെൽ, ഐ ഡോണ്ട് നോ സ്നേഹം എന്നൊക്കെ പറഞ്ഞാൽ തികച്ചും തെറ്റായ ഒരു പദമായിരിക്കും അത് ആൻ മേരി ഒരിക്കലും ആരെയും സ്നേഹിച്ചിട്ടില്ല ജീവിതത്തിൽ അവളെയല്ലാതെ

 

“അത് ശരിയാണ് അത്തരം സ്നേഹമല്ല ഞാൻ ഉദ്ദേശിച്ചത്, മേജർ മാംസനിബദ്ധമായ സ്നേഹം

 

ഒരു നിമിഷനേരത്തേക്ക് ദ്വേഷ്യമാണ് അദ്ദേഹത്തിന് തോന്നിയത്. കവിളിലെ പേശി വലിഞ്ഞു മുറുകുന്നത് പോലെ. “ഓകെ ലേഡി നിങ്ങളുടെ സഹോദരിയോടൊപ്പം ഒന്നോ രണ്ടോ തവണ ഞാൻ കിടക്ക പങ്കിട്ടിട്ടുണ്ട് ഇപ്പോൾ സമാധാനമായോ?”

 

അദ്ദേഹത്തിൽ നിന്നും മുഖം തിരിച്ച് അവൾ പുറത്തേക്ക് നോക്കി ഇരുന്നു. ഏതാണ്ട് പത്തു മൈൽ ദൂരത്തോളം ഇരുവരും ഒരക്ഷരം പോലും ഉരിയാടിയില്ല. ഒടുവിൽ ഒരു സിഗരറ്റ് പാക്കറ്റ് അവളുടെ നേർക്ക് നീട്ടിയിട്ട് അദ്ദേഹം പറഞ്ഞു. “ഇതിനെല്ലാം അതിന്റേതായ ചില ഗുണങ്ങളൊക്കെയുണ്ട്

 

“നോ, താങ്ക്സ്

 

ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അദ്ദേഹം വിൻഡോ ഗ്ലാസ് അല്പം താഴ്ത്തി. “നിങ്ങളുടെ പിതാവ് ഒരു നിസ്സാര വ്യക്തിയൊന്നുമല്ല അദ്ദേഹം നാട്ടിൻപുറത്തെ ഒരു ഡോക്ടറാണെങ്കിലും ഗേറ്റിൽ വച്ചിരിക്കുന്ന നെയിംബോർഡിൽ എഴുതിയിരിക്കുന്നത് റോയൽ കോളേജ് ഓഫ് സർജൻസിലെ ഒരു ഫെലോ ആണെന്നാണ്

 

“ഇവിടെ വരുന്നത് വരെ അക്കാര്യം നിങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണോ പറഞ്ഞു വരുന്നത്?”

 

“വളരെ കുറച്ചു മാത്രം” അദ്ദേഹം പറഞ്ഞു. “എല്ലാമൊന്നും അറിയില്ലായിരുന്നു എന്നോടുള്ള അവളുടെ സംഭാഷണങ്ങളിൽ നിങ്ങളോ പിതാവോ അധികമൊന്നും വിഷയമായിട്ടില്ല

 

കൈകൾ നെഞ്ചിന് താഴെ മടക്കി ഹെഡ്റെസ്റ്റിൽ തല വച്ച് അവൾ പിറകോട്ട് ചാരിയിരുന്നു. “കോൺവാളിന്റെ ഈ ഭാഗത്ത് കാലങ്ങളായി വസിച്ചു വരുന്നവരാണ് ട്രെവോൺസ് കുടുംബം നൂറ്റാണ്ടുകളായി കടലിൽ പോയ്ക്കൊണ്ടിരിക്കുന്ന കുടുംബ പാരമ്പര്യം ലംഘിച്ചത് എന്റെ പിതാവാണ് പകരം അദ്ദേഹം മെഡിക്കൽ സ്കൂളിൽ പഠിക്കുവാൻ പോയി 1914 ൽ എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും സർജറിയിൽ ബിരുദവുമായി പുറത്തിറങ്ങിയ അദ്ദേഹം തന്റെ കഴിവുകളെല്ലാം പ്രയോജനപ്പെടുത്തിയത് ഫ്രാൻസിലെ പടിഞ്ഞാറൻ യുദ്ധനിരയിലുള്ള ഫീൽഡ് ഹോസ്പിറ്റലുകളിലായിരുന്നു

 

“അവിടെ വച്ചായിരിക്കുമല്ലേ അദ്ദേഹം പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്തത്? എനിക്ക് ഊഹിക്കാനാവും ശരിയ്ക്കും ദുരിതപൂർണ്ണമായിരുന്നിരിക്കും അത്” ക്രെയ്ഗ് അഭിപ്രായപ്പെട്ടു.

 

“1918 ലെ വസന്തകാലത്തിലാണ് അദ്ദേഹത്തിന് പരിക്കേൽക്കുന്നത് വലതുകാലിൽ ഷെല്ലുകൾ തുളഞ്ഞു കയറി അദ്ദേഹം നടക്കുമ്പോഴുള്ള മുടന്ത് നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ മിലിട്ടറി ഓഫീസർമാർക്കുള്ള ചികിത്സയും പരിചരണവുമൊക്കെ അന്ന് നടത്തിയിരുന്നത് വോൺകോർട്ട് കൊട്ടാരത്തിൽ വച്ചായിരുന്നു വലിയൊരു കഥയുടെ ആരംഭം മണക്കുന്നില്ലേ നിങ്ങൾക്ക്?”

 

“തീർച്ചയായും” അദ്ദേഹം പറഞ്ഞു. “രസമുണ്ട് കേൾക്കാൻ തുടരൂ

 

“ഫ്രാൻസിലെ പുരാതനമായ പ്രഭുകുടുംബത്തിലെ പ്രഭ്വി പട്ടം അലങ്കരിക്കുന്ന വ്യക്തിയായിരുന്നു എന്റെ മുത്തശ്ശി അവർക്ക് രണ്ട് പെൺമക്കൾ മൂത്തവൾ ഹോർടെൻസ് എല്ലാം അടക്കി വാഴുന്നവൾ പിന്നെ, ഇളയവൾ, അതീവസുന്ദരിയും ബുദ്ധിശാലിയുമായ ഹെലൻ

 

“കോൺവാളിൽ നിന്നുമെത്തിയ ചെറുപ്പക്കാരനായ ആ ഡോക്ടറുമായി ഹെലൻ പ്രണയത്തിലാവുന്നു” ക്രെയ്ഗ് തല കുലുക്കി. “എനിക്ക് ഊഹിക്കാനാവുന്നു ആ ബന്ധം അംഗീകരിക്കാൻ പ്രഭ്വിയ്ക്ക് ഒരിക്കലും കഴിയുമായിരുന്നില്ല

 

“അതെ അവർ ശക്തിയുക്തം അതിനെയെതിർത്തു അതുകൊണ്ട് എന്തുണ്ടായി? ഒരു പാതിരാത്രിയിൽ അവളും ആ ഡോക്ടറും കൂടി ഒളിച്ചോടി ലണ്ടനിലെത്തിയ അവർ ഇരുവരും ശോഭനമായ ഒരു ജീവിതം തുടങ്ങി വച്ചു ഭാര്യയുടെ വീട്ടുകാരുമായുള്ള സകല ബന്ധങ്ങളും അദ്ദേഹം വിച്ഛേദിച്ചു

 

“സുന്ദരിയായ ഹെലൻ ഇരട്ടകൾക്ക് ജന്മം നൽകുന്നത് വരെ?”

 

“എക്സാക്റ്റ്‌ലി” ജെനിവീവ് തല കുലുക്കി. “രക്തത്തിന് വെള്ളത്തിനെക്കാൾ കട്ടി കൂടുതലാണെന്ന് ഒരു ചൊല്ലുണ്ടല്ലോ

 

“അങ്ങനെ ഫ്രാൻസിൽ അമ്മയുടെ കൊട്ടാരത്തിലേക്കുള്ള സന്ദർശനം പതിവായി?”

 

“അതെ അമ്മയും ആൻ മേരിയും പിന്നെ ഞാനും ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല വീട്ടിൽ ഫ്രഞ്ച് മാത്രമേ സംസാരിക്കാൻ പാടുള്ളൂ എന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു

 

“അപ്പോൾ നിങ്ങളുടെ പിതാവ്?”

 

“ഓ, അദ്ദേഹത്തിന് അത്ര പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല വീട്ടിൽ പക്ഷേ, പുറമെ നല്ല പേരായിരുന്നു അദ്ദേഹത്തിന് ഗൈസ് ഹോസ്പിറ്റലിലെ സീനിയർ സർജൻ ഹാർലേ സ്ട്രീറ്റിൽ പ്രൈവറ്റ് കൺസൾട്ടേഷൻ റൂമുകൾ അങ്ങനെയങ്ങനെ

 

“അപ്പോഴാണ് നിങ്ങളുടെ അമ്മ മരിക്കുന്നത്?”

 

“അതെ 1935 ൽ ന്യുമോണിയ ബാധിച്ച് ഞങ്ങൾക്കന്ന് പതിമൂന്ന് വയസ്സ് വിരലൊടിഞ്ഞ വർഷം എന്നാണ് ഞാനതിനെ വിശേഷിപ്പിക്കാറ്

 

“ആൻ മേരി അതിന് ശേഷം ഫ്രാൻസിൽ തങ്ങുവാൻ തീരുമാനിച്ചു നിങ്ങൾ പിതാവിനോടൊപ്പം ഇവിടെയും അതെന്തായിരുന്നു അങ്ങനെ?”

 

“ലളിതം” ജെനിവീവ് ചുമൽ വെട്ടിച്ചു. ഇപ്പോൾ അവളെ കണ്ടാൽ തനി ഒരു ഫ്രഞ്ചുകാരിയെ പോലെയുണ്ട്. “മുത്തശ്ശി മരണമടയുന്നത് ആയിടെയാണ് ഷാൾമാഗ്നെയുടെ കാലം മുതൽ പിന്തുടരുന്ന ഒരു കീഴ്‌വഴക്കമുണ്ട് വോൺകോർട്ട് കുടുംബത്തിലെ ഏറ്റവും മുതിർന്ന പെൺതരിയാണ് പ്രഭ്വി സ്ഥാനത്തിന് അർഹയാകുക എന്നത് അങ്ങനെ ഹോർടെൻസ് ആന്റി പുതിയ പ്രഭ്വിയായി നിരവധി വിവാഹം കഴിച്ചതിന് ശേഷമാണ് അവർക്ക് കുട്ടികളൊന്നും ഉണ്ടാവില്ലെന്ന് മനസ്സിലായത്

 

“സ്വാഭാവികമായും അപ്പോൾ പ്രഭ്വി സ്ഥാനത്തിന്റെ അനന്തരാവകാശിയായി ആൻ മേരി മാറി അല്ലേ…?” ക്രെയ്ഗ് ചോദിച്ചു.

 

“പതിനൊന്ന് മിനിറ്റിന്റെ മൂപ്പ് അവൾക്കാണ് ഹോർടെൻസ് ആന്റിയ്ക്ക് ആ വിഷയത്തിൽ അങ്ങനെ നിർബന്ധമൊന്നും ഇല്ലായിരുന്നു പതിമൂന്ന് വയസ്സ് മാത്രമേ ആയുള്ളുവെങ്കിലും ഡാഡി എല്ലാം അവളുടെ തീരുമാനത്തിന് വിട്ടു

 

“ഒരു പക്ഷേ, ആ പദവി അവൾ തനിയ്ക്ക് തരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു കാണും, അല്ലേ?”

 

“പാവം ഡാഡി” ജെനിവീവ് തലകുലുക്കി. “തന്റെ ഭാവിയെക്കുറിച്ച് വളരെ വ്യക്തമായ ധാരണയുണ്ടായിരുന്നു ആൻ മേരിയ്ക്ക് അവളുടെ നിരാസം താങ്ങാനാവുന്നതിലും അധികമായിരുന്നു അദ്ദേഹത്തിന് ലണ്ടനിലുള്ള സകലതും വിറ്റൊഴിച്ചിട്ട് തിരികെ സെന്റ് മാർട്ടിനിൽ എത്തിയ അദ്ദേഹം ഇപ്പോൾ താമസിക്കുന്ന ആ പഴയ ബംഗ്ലാവ് വിലയ്ക്ക് വാങ്ങി

 

“ഒരു സിനിമ എടുക്കാനുള്ള കഥയുണ്ട്” ക്രെയ്ഗ് പറഞ്ഞു. “ആൻ മേരിയായി അഭിനയിക്കാൻ ബെറ്റി ഡേവിസ് തന്നെ ആയിക്കോട്ടെ

 

“അപ്പോൾ എന്റെ റോളിൽ ആരാണ്?” ജെനിവീവ് ചോദിച്ചു.

 

“സംശയമുണ്ടോ, ബെറ്റി ഡേവിസ് തന്നെ” അദ്ദേഹം പൊട്ടിച്ചിരിച്ചു. “അല്ലാതാര്? ആട്ടെ, അവസാനമായി നിങ്ങൾ ആൻ മേരിയെ കണ്ടതെന്നാണ്?”

 

“1940 ൽ ഈസ്റ്ററിന് ഞാനും ഡാഡിയും കൂടിയാണ് അന്ന് വോൺകോർട്ട് കൊട്ടാരം സന്ദർശിച്ചത് ഡൺകിർക്ക് ഏറ്റുമുട്ടലിന് മുമ്പ് ഞങ്ങളോടൊപ്പം തിരികെ ഇംഗ്ലണ്ടിലേക്ക് വരാൻ അദ്ദേഹം അവളെ നിർബന്ധിച്ചു അദ്ദേഹത്തിനെന്താ ഭ്രാന്തുണ്ടോ എന്നാണവൾ ചോദിച്ചത് അദ്ദേഹത്തിന്റെ ആവശ്യം അവൾ പാടേ നിരസിച്ചു

 

“യെസ്, എനിക്ക് ഊഹിക്കാൻ കഴിയും” വിൻഡോഗ്ലാസ് താഴ്ത്തി അദ്ദേഹം സിഗരറ്റ് കുറ്റി പുറത്തേക്കെറിഞ്ഞു. “അങ്ങനെ, ഒടുവിൽ നിങ്ങളാണ് പ്രഭ്വിപട്ടത്തിന്റെ അടുത്ത അവകാശി

 

ജെനിവീവ് അദ്ദേഹത്തിന് നേർക്ക് തിരിഞ്ഞു. അവളുടെ മുഖം വിവർണ്ണമായിരുന്നു. “മൈ ഗോഡ്, ഈ നിമിഷം വരെയും അതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടു പോലും ഇല്ലായിരുന്നു

 

അദ്ദേഹം ഇടതുകൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു. “ഹേയ്, കമോൺ സോൾജർ ഇറ്റ്സ് ഓകെ എനിക്ക് മനസ്സിലാവും

 

അവൾ വല്ലാതെ ക്ഷീണിതയായത് പോലെ തോന്നി. “നമ്മൾ എപ്പോഴാണ് ലണ്ടനിലെത്തുക?”

 

“ഭാഗ്യമുണ്ടെങ്കിൽ ഇരുട്ടുന്നതിന് മുമ്പ് തന്നെ

 

“എന്നിട്ടായിരിക്കും നിങ്ങളെന്നോട് സത്യം വെളിപ്പെടുത്തുക അല്ലേ? എന്തിനാണ് എന്നെത്തേടി എത്തിയതെന്ന്?”

 

അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അദ്ദേഹം റോഡിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. “യെസ് അക്കാര്യത്തിൽ ഞാൻ ഉറപ്പു തരുന്നു

 

“ഗുഡ്

 

പൊടുന്നനെ മഴ പെയ്യുവാനാരംഭിച്ചു. അദ്ദേഹം വൈപ്പറുകൾ ഓൺ ചെയ്തു. പതുക്കെ കണ്ണുകൾ അടച്ച് ഉറക്കത്തിലേക്ക് വഴുതിവീണ അവളുടെ ശിരസ്സ് അദ്ദേഹത്തിന്റെ ചുമൽ തലയിണയാക്കി.

 

അവൾ പൂശിയിരിക്കുന്ന പെർഫ്യൂമിന്റെ ഗന്ധം വേറെയായിരുന്നു. ആൻ മേരി തന്നെ എന്നാൽ ആൻ മേരി അല്ല താനും ഇതുപോലെ ഒരവസ്ഥ ജീവിതത്തിൽ ഇതാദ്യമായാണ് വിഷാദം നിറഞ്ഞ മനസ്സുമായി അദ്ദേഹം ലണ്ടനിലേക്കുള്ള ഡ്രൈവിങ്ങ് തുടർന്നു.

 

(തുടരും)

6 comments:

  1. സ്വന്തം മകളെ ഇഷ്ടമല്ലാത്ത ഒരു പിതാവ്

    ReplyDelete
    Replies
    1. അതെ... ജെനിവീവിനെ... പക്ഷേ, ഇരട്ടകളിൽ ആൻ മേരിയെ പെരുത്തിഷ്ടമായിരുന്നു‌ അദ്ദേഹത്തിന്...

      Delete
  2. 'വിരലൊടിഞ്ഞ വർഷം'

    എത്ര അർത്ഥവത്തായ പ്രയോഗം 😔

    ReplyDelete
    Replies
    1. ആൻ മേരി ജെനിവീവിന്റെ വിരലൊടിച്ച വർഷം...

      Delete
  3. ഒടുവിൽ പ്രഭ്വിപട്ടത്തിൻ്റെ അവകാശി. ഓർക്കാതെ ട്വിസ്റ്റ് തരുന്ന ജീവിതം

    ReplyDelete
    Replies
    1. സത്യം... നിനച്ചിരിക്കാതെ വന്നെത്തിയ ബഹുമതി...

      Delete