Tuesday, November 26, 2024

കോൾഡ് ഹാർബർ - 18

അദ്ധ്യായം – അഞ്ച്

 

ജാക്ക് കാർട്ടർ ആണ് വാതിൽ തുറന്നത്. വാക്കിങ്ങ് സ്റ്റിക്കിൽ ഊന്നി നിന്നുകൊണ്ട് അയാൾ ഹസ്തദാനത്തിനായി കൈ നീട്ടി. “മിസ് ട്രെവോൺസ്, കാണാൻ സാധിച്ചതിൽ സന്തോഷം എന്റെ പേര് കാർട്ടർ ബ്രിഗേഡിയർ മൺറോ നിങ്ങളെയും കാത്തിരിക്കുകയാണ്

 

സ്വീകരണമുറിയിലേക്കുള്ള വാതിൽ തുറന്ന് കിടക്കുന്നുണ്ടായിരുന്നു. അവൾ ഉള്ളിലേക്ക് പോയതും കാർട്ടർ ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “എവ്‌രിതിങ്ങ് ഓൾറൈറ്റ്?”

 

“അയാം നോട്ട് ഷുവർ” ക്രെയ്ഗ് പറഞ്ഞു. “ഈ അവസരത്തിൽ അധികമൊന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്നാണ് എനിക്ക് തോന്നുന്നത്

 

വളരെ പ്രസന്നമായിരുന്നു ആ സ്വീകരണമുറി. ജോർജിയൻ ശൈലിയിലുള്ള നെരിപ്പോടിൽ എരിയുന്ന കൽക്കരിക്കനലുകൾ. പുരാതന വസ്തുക്കളുടെ വലിയൊരു ശേഖരം ഷോകെയ്സിൽ കാണാം. ഒരു ഈജിപ്റ്റോളജിസ്റ്റ് എന്ന നിലയിൽ ജോലി നോക്കിയിരുന്നതിന്റെ അടയാളങ്ങൾ എന്ന് പറയാം. ജാലകത്തിനരികിലെ ഡെസ്കിൽ വച്ചിരിക്കുന്ന ടേബിൾ ലാമ്പിൽ നിന്നും വരുന്ന അരണ്ട വെട്ടം മാത്രമേയൂള്ളൂ മുറിയിൽ. അവിടെയിരുന്ന് എന്തോ പേപ്പറുകൾ വായിച്ചു കൊണ്ടിരിക്കുകയായിരുന്ന മൺറോ അവളെ കണ്ടതും എഴുന്നേറ്റ് ഡെസ്കിന് ഇപ്പുറത്തേക്ക് വന്നു.

 

“മിസ് ട്രെവോൺസ്” അദ്ദേഹം തല കുലുക്കി. “ആശ്ചര്യജനകം ഇതാ, ഈ കണ്ണുകൾ കൊണ്ട് കണ്ടറിഞ്ഞില്ലെങ്കിൽ ഒരിക്കലും ഞാനിത് വിശ്വസിക്കില്ലായിരുന്നു എന്റെ പേര് മൺറോ ഡോഗൽ മൺറോ

 

“ബ്രിഗേഡിയർ” അവൾ തല കുനിച്ച് ആദരവ് പ്രകടിപ്പിച്ചു.

 

അദ്ദേഹം ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “ഗുഡ് ഗോഡ്, ഇതെന്തു പറ്റി? വസ്ത്രത്തിൽ ആകെ ചെളി പുരണ്ടിരിക്കുന്നല്ലോ

 

“ബോംബിങ്ങ് നടന്ന നഗരത്തിലൂടെയുള്ള വരവ് അല്പം കഠിനമായിരുന്നു” ക്രെയ്ഗ് പറഞ്ഞു.

 

“രണ്ട് കുട്ടികളുടെ ജീവൻ രക്ഷിച്ചിട്ട് വരുന്ന വഴിയാണ് ഇദ്ദേഹം” ജെനവീവ് പറഞ്ഞു. “തകർന്ന ഒരു കെട്ടിടത്തിനടിയിലേക്ക് ജീവൻ പണയം വച്ച് നൂഴ്ന്നിറങ്ങി ചെന്നാണ് ഇദ്ദേഹം അവരെ പുറത്തെത്തിച്ചത്

 

“മൈ ഗോഡ്!” മൺറോ മന്ത്രിച്ചു. “ക്രെയ്ഗ്, ഹീറോയിസം കാണിക്കാനുള്ള സമയമല്ലിത് ഈ സമയത്ത് നിങ്ങളെ നഷ്ടപ്പെടുന്നത് ഞങ്ങൾക്ക് താങ്ങാനാവില്ല അത്രയും വിലയേറിയതാണ് നിങ്ങളുടെ ജീവൻ” അദ്ദേഹം ജെനവീവിന് നേർക്ക് തിരിഞ്ഞു. “ഇരിക്കൂ മിസ് ട്രെവോൺസ് അതോ, ജെനവീവ് എന്നാണോ ഞാൻ വിളിക്കേണ്ടത്? ആൻ മേരി എന്നായിരുന്നു ഞാൻ നിങ്ങളുടെ സഹോദരിയെ വിളിച്ചിരുന്നത്

 

“താങ്കളുടെ ഇഷ്ടം പോലെ

 

“കഴിക്കാൻ എന്താണ് വേണ്ടത്? യുദ്ധം ആയതുകൊണ്ട് ചെറിയ ക്ഷാമമൊക്കെയുണ്ട് എങ്കിലും സ്കോച്ച് കാണാതിരിക്കില്ല

 

“നോ, താങ്ക്സ് നീണ്ട യാത്രയായിരുന്നു നമുക്ക് നേരിട്ട് കാര്യത്തിലേക്ക് കടക്കാം

 

“എവിടെ തുടങ്ങണമെന്നതിൽ ഒരു സംശയം” ഡെസ്കിന് പിന്നിലെ കസേരയിലേക്ക് അദ്ദേഹം ഇരുന്നു.  

 

“എങ്കിൽ പിന്നീടാവാം താങ്കൾ ഒരു തീരുമാനത്തിൽ എത്തിയിട്ട്” ജെനവീവ് എഴുന്നേറ്റു.

 

“ജെനവീവ്, പ്ലീസ്” അദ്ദേഹം കൈ ഉയർത്തി. “എന്താണ് ഞാൻ പറയാൻ പോകുന്നതെന്ന് കേൾക്കാനുള്ള ക്ഷമയെങ്കിലും കാണിക്കൂ

 

“കേൾക്കാൻ നിന്നാലുള്ള പ്രശ്നം എന്താണെന്നറിയുമോ? പിന്നെ അത് അനുസരിക്കേണ്ടി വരും” എങ്കിലും അവൾ ഇരുന്നു. “ഓൾറൈറ്റ്, പറയൂ

 

ജാക്ക് കാർട്ടറും ക്രെയ്ഗും നെരിപ്പോടിന് ഇരുവശത്തുമായി ഇരുന്നു. മൺറോ തുടങ്ങി വച്ചു. “നിങ്ങളുടെ സഹോദരിയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം മേജർ ഓസ്ബോൺ പറഞ്ഞു കാണുമെന്ന് ഞാൻ ഊഹിക്കുന്നു

 

“യെസ്

 

സിൽവർ നിറമുള്ള ഒരു കെയ്സ് തുറന്ന് അദ്ദേഹം അവൾക്ക് നേരെ നീട്ടി. “സിഗരറ്റ്?”

 

“നോ, താങ്ക്സ് ഞാൻ പുക വലിക്കില്ല

 

“പക്ഷേ, നിങ്ങളുടെ സഹോദരി വലിക്കുമായിരുന്നു ഇടതടവില്ലാതെ അതും ജിറ്റാൻസ് എന്ന ഈ ബ്രാൻഡ് തന്നെ ഒന്നെടുത്ത് പരീക്ഷിച്ചു നോക്കൂ

 

അദ്ദേഹത്തിന്റെ ആ നിർബന്ധബുദ്ധി അവൾക്ക് തീരെ പിടിച്ചില്ല. “വേണ്ട, ഞാനെന്തിനിത് വലിക്കണം?” അനിഷ്ടത്തോടെ അവൾ പ്രതികരിച്ചു.

 

“കാരണം, അവളുടെ സ്ഥാനം നിങ്ങൾ ഏറ്റെടുക്കണമെന്ന് ഞങ്ങളാഗ്രഹിക്കുന്നു” വളരെ ലാഘവത്തോടെ അദ്ദേഹം പറഞ്ഞു.

 

തുറന്ന സിഗരറ്റ് കെയ്സും നീട്ടിപ്പിടിച്ച് ഇരിക്കുന്ന അദ്ദേഹത്തെ അവൾ തുറിച്ചു നോക്കി. തന്റെ ഉള്ളിലൂടെ ഒരു കാളൽ കടന്നു പോകുന്നത് അവൾ അറിഞ്ഞു. “ഭ്രാന്താണ് താങ്കൾക്ക് മുഴുഭ്രാന്ത് അല്ലാതെ തരമില്ല” അവൾ പറഞ്ഞു.

 

“അതു പലരും പറഞ്ഞു കഴിഞ്ഞതാണ്” അദ്ദേഹം ആ സിഗരറ്റ് പാക്കറ്റ് കൊട്ടിയടച്ചു.

 

“ഫ്രാൻസിൽ എന്റെ സഹോദരി താമസിച്ചിരുന്നയിടത്തേക്ക് പോകണമെന്നാണോ താങ്കൾ പറഞ്ഞു വരുന്നത്?”

 

“യെസ് ഈ വരുന്ന വ്യാഴാഴ്ച്ച” അദ്ദേഹം ക്രെയ്ഗിന് നേർക്ക് തിരിഞ്ഞു. “നിലാവുള്ള രാത്രിയായിരിക്കില്ലേ അന്ന്, ലൈസാൻഡറിൽ ഡ്രോപ്പ് ചെയ്യാൻ?”

 

അവൾ തിരിഞ്ഞ് ക്രെയ്ഗിനെ നോക്കി. ഒരു സിഗരറ്റും വലിച്ചുകൊണ്ട് നിർവ്വികാരനായി കസേരയിൽ ചടഞ്ഞിരിക്കുന്ന അദ്ദേഹത്തിൽ നിന്നും ഒരു സഹായവും പ്രതീക്ഷിക്കേണ്ടെന്ന് അവൾക്ക് മനസ്സിലായി. അവൾ വീണ്ടും മൺറോയുടെ നേർക്ക് തിരിഞ്ഞു. “ദിസ് ഈസ് നോൺസെൻസ് ഈ ജോലി ചെയ്യാൻ എന്നെക്കാൾ യോഗ്യരും പ്രവൃത്തി പരിചയവുമുള്ള എത്രയോ ഏജന്റുമാരെ താങ്കൾക്ക് കണ്ടെത്താനാവും

 

“പക്ഷേ, അവർക്കാർക്കും വോൺകോർട്ട് പ്രഭ്വിയുടെ അനന്തരവളായ ആൻ മേരി ആയി മാറാൻ കഴിയില്ലല്ലോ ഈ വാരാന്ത്യത്തിലാണ് ജർമ്മൻ ആർമി ഹൈക്കമാൻഡിലെ ഏതാനും പ്രമുഖർ ഒരു കോൺഫറൻസിനായി അവരുടെ കൊട്ടാരത്തിൽ എത്തുന്നത് ഏതു നിമിഷവും പ്രതീക്ഷിക്കാവുന്ന നമ്മുടെ യൂറോപ്പ് അധിനിവേശവും അതിനെ ചെറുക്കാനുള്ള അറ്റ്‌ലാന്റിക്ക് പ്രതിരോധ പദ്ധതികളുമാണ് അവരുടെ ചർച്ചാവിഷയം അതെന്താണെന്ന് അറിയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു ഒരു പക്ഷേ, ആയിരക്കണക്കിന് ജീവനുകൾ സംരക്ഷിക്കുവാൻ അതുകൊണ്ട് സാധിച്ചേക്കും

 

“താങ്കളുടെ ആശയത്തോട് ഒട്ടും യോജിക്കുന്നില്ല, ബ്രിഗേഡിയർ” അവൾ പറഞ്ഞു. “അത്ര മണ്ടന്മാരാണ് അവരെന്ന് തോന്നുന്നില്ല

 

വിരലുകൾ കൂട്ടിപ്പിടിച്ച് അദ്ദേഹം പിറകോട്ട് ചാഞ്ഞിരുന്നു. കൗശലഭാവമായിരുന്നു അദ്ദേഹത്തിന്റെ മുഖത്ത് അപ്പോൾ. “നോക്കൂ, ജെനവീവ് എനിക്ക് തോന്നുന്നത്, ഈ വിഷയത്തിൽ ഇതല്ലാതെ നിങ്ങൾക്ക് മറ്റു മാർഗ്ഗമൊന്നും ഇല്ലെന്ന് തന്നെയാണ്

 

“മനസ്സിലായില്ല…?

 

“നിങ്ങളുടെ ആന്റി അവരോട് നിങ്ങൾക്കൊരു പ്രത്യേക മമതയുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത് ശരിയല്ലേ?”

 

“ഇതിന്റെ ഉത്തരവും അറിയുന്നത് കൊണ്ടായിരിക്കുമല്ലോ താങ്കൾ ഈ ചോദ്യം ചോദിച്ചത് തന്നെ

 

“പാരീസിലേക്ക് പോയ ആൻ മേരി ഈ വെള്ളിയാഴ്ച്ചയോടെ കൊട്ടാരത്തിൽ തിരിച്ചെത്തിയില്ലെങ്കിൽ നിങ്ങളുടെ ആന്റിയുടെ കാര്യം ബുദ്ധിമുട്ടിലാവും” അദ്ദേഹം ചുമൽ വെട്ടിച്ചു. “ആ തകർന്ന ലൈസാൻഡറിൽ ആരായിരുന്നുവെന്നതിനെക്കുറിച്ച് ജർമ്മൻ ഇന്റലിജൻസിന് യാതൊരു അറിവുമില്ല മനസ്സിലായോ?”

 

അവൾ ശരിക്കും പരിഭ്രാന്തയായി. “ആൻ മേരിയുടെ ചാരപ്രവർത്തനത്തെക്കുറിച്ച് ആന്റിയ്ക്ക് അറിയാമോ?”

 

“ഇല്ല പക്ഷേ, വേറൊരു കാര്യമുണ്ട് ആൻ മേരിയുടെ സ്ഥായിയായ തിരോധാനം ശ്രദ്ധയിൽ പെടുന്നതോടെ ജർമ്മൻകാർ അന്വേഷണം തുടങ്ങും അക്കാര്യത്തിൽ അവർ മിടുക്കരാണ് വൈകിയാണെങ്കിലും സത്യാവസ്ഥ അവർ കണ്ടെത്തുക തന്നെ ചെയ്യും പിന്നെ അവർ തിരിയുക നിങ്ങളുടെ ആന്റിയുടെ നേർക്കായിരിക്കും അവരുടെ ചോദ്യമുറകൾ അവർക്ക് താങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല

 

“താങ്കളെന്താണ് പറഞ്ഞു വരുന്നത്? അവർ അസുഖബാധിതയാണോ?” അവൾ ചോദിച്ചു.

 

“അവർ ഒരു ഹാർട്ട് പേഷ്യന്റ് ആണെന്നാണ് ഞാൻ മനസ്സിലാക്കുന്നത് പുറമേ കാണുമ്പോൾ കുഴപ്പമൊന്നും ഇല്ലെങ്കിലും സമ്മർദ്ദം താങ്ങാനുള്ള ശേഷി ഉണ്ടെന്ന് തോന്നുന്നില്ല

 

ജെനവീവ് ഒരു ദീർഘശ്വാസമെടുത്തു. “ഇല്ല നിങ്ങളുടെ ധാരണകൾ തെറ്റാണെന്നാണ് എനിക്ക് തോന്നുന്നത് മേജർ ഓസ്ബോൺ മുമ്പ് സൂചിപ്പിച്ചിരുന്നു, തന്ത്രപ്രധാനമായ കാരണങ്ങളാൽ  വളരെ നന്നായിട്ടാണ് ജർമ്മൻ‌കാർ അവരോട് പെരുമാറുന്നതെന്ന് വോൺകോർട്ട് പ്രഭ്വി ആയിരിക്കുന്നിടത്തോളം കാലം അവർ ഹോർടെൻസ് ആന്റിയെ ഉപദ്രവിക്കുകയില്ല അത്രയ്ക്കും പ്രധാനപ്പെട്ട ഒരു വ്യക്തിയാണവർ

 

“കഴിഞ്ഞ തവണ നിങ്ങൾ ഫ്രാൻസിൽ പോയിരുന്നതിനെക്കാൾ സ്ഥിതിഗതികൾക്ക് മാറ്റം വന്നിട്ടുണ്ടെന്ന കാര്യം മനസ്സിലാക്കണം” ആരും സുരക്ഷിതരല്ല ഇപ്പോഴവിടെ ബിലീവ് മീ

 

“ആന്റിയെ അവർ എന്തു ചെയ്യുമെന്നാണ്?”

 

ക്രെയ്ഗാണ് അതിന് ഉത്തരം നൽകിയത്. “അത്തരം ആളുകളെ പാർപ്പിക്കാനുള്ള ക്യാമ്പുകൾ ഉണ്ട് അവർക്ക് ഒട്ടും സുഖകരമല്ലാത്ത ഇടങ്ങൾ

 

“ജെനവീവ്, അത്തരം ക്യാമ്പുകളെക്കുറിച്ച് വ്യക്തമായ അനുഭവ സമ്പത്തുള്ളയാളാണ് മേജർ ഓസ്ബോൺ” മൺറോ പറഞ്ഞു. “എന്താണ് പറയുന്നതെന്ന് നല്ല ബോദ്ധ്യമുണ്ട് അദ്ദേഹത്തിന്” വരണ്ട തൊണ്ടയുമായി അദ്ദേഹത്തെ തുറിച്ചുനോക്കി അവൾ ഇരുന്നു. “അതുകൊണ്ട്, ഞാൻ നേരത്തേ പറഞ്ഞത് പോലെ നിങ്ങളെ ഒരു ലൈസാൻഡറിൽ അങ്ങോട്ടയയ്ക്കാൻ പോകുകയാണ്” ശാന്തസ്വരത്തിൽ അദ്ദേഹം തുടർന്നു. “പാരച്യൂട്ട് ട്രെയിനിങ്ങൊന്നും ആവശ്യമില്ല അതിനുള്ള സമയവുമില്ല നിങ്ങളെ ഈ ദൗത്യത്തിന് തയ്യാറാക്കാനായി വെറും മൂന്ന് ദിവസമേയുള്ളു ഞങ്ങൾക്ക്

 

“എന്തൊരു മണ്ടത്തരമാണിത്!” തന്റെയുള്ളിൽ ഉയർന്നു വരുന്ന ഉത്കണ്ഠ അവൾക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. “ആൻ മേരിയായി അഭിനയിക്കാൻ എനിക്കാവില്ല നാല് വർഷമായി അവളെ ഞാൻ കണ്ടിട്ട് താങ്കൾക്കാണ് എന്നേക്കാൾ അധികം അവളെക്കുറിച്ച് അറിവുള്ളത്

 

“നിങ്ങളുടെ ഇരട്ട സഹോദരിയായിരുന്നു അവൾ” നിർദ്ദാക്ഷിണ്യം അദ്ദേഹം പറഞ്ഞു. “അതേ മുഖം, അതേ സ്വരം അതിലൊന്നും ഒരു മാറ്റവും സംഭവിച്ചിട്ടില്ല മറ്റുള്ള കാര്യങ്ങളൊക്കെ നമുക്ക് ശരിയാക്കാവുന്നതേയുള്ളൂ അവളുടെ ഹെയർസ്റ്റൈൽ, മെയ്ക്കപ്പ്, വസ്ത്രങ്ങളുടെ ഫാഷൻ, പെർഫ്യൂം ഞങ്ങളുടെ പക്കൽ കുറേ ഫോട്ടോഗ്രാഫുകളുണ്ട് എങ്ങനെയാണ് ആ കൊട്ടാരത്തിൽ അവൾ ജീവിച്ചിരുന്നതെന്ന് അതിൽ നിന്നും മനസ്സിലാക്കാനാവും വീ വിൽ മെയ്ക്ക് ഇറ്റ് വർക്ക്

 

“പക്ഷേ, അതൊന്നും മതിയാവില്ലെന്ന് അറിഞ്ഞുകൂടേ താങ്കൾക്ക്? ഏതാനും ചില  മുഖങ്ങളൊഴികെ മുഴുവനും അപരിചിതരായിരിക്കും ആ കൊട്ടാരം നിറയെ നാലു വർഷം മുമ്പ് ഞാനവിടെ പോയപ്പോൾ ഉണ്ടായിരുന്ന പരിചാരകരൊന്നുമായിരിക്കില്ല ഇപ്പോഴുള്ളത് കൂടാതെ ആ ജർമ്മൻകാരും ആർ ആരൊക്കെയാണെന്നതിനെക്കുറിച്ച് ഒരു രൂപവുമുണ്ടാവില്ല എനിക്ക്” ആ പദ്ധതിയുടെ നിരർത്ഥകതയെക്കുറിച്ചോർത്ത് പെട്ടെന്നവൾ പൊട്ടിച്ചിരിച്ചുപോയി. “ഓരോ ചുവട് വയ്ക്കുമ്പോഴും നിർദ്ദേശവുമായി എന്റെ ചെവിയിൽ മന്ത്രിക്കാൻ ഒരു അശരീരി വേണ്ടി വരും അതാണെങ്കിൽ നടക്കുന്ന കാര്യവുമല്ല

 

“അങ്ങനെയാണല്ലേ” അദ്ദേഹം മേശവലിപ്പ് തുറന്ന് ഒരു സിഗാർ എടുത്ത് അതിന്റെയറ്റം പേനാക്കത്തി കൊണ്ട് മുറിച്ചുകളഞ്ഞു. “നിങ്ങളുടെ ആന്റിയ്ക്ക് ഒരു ഡ്രൈവർ ഉണ്ടായിരുന്നു ദിസ്സാർ എന്നൊരാൾ

 

“റിനേ ദിസ്സാർ” അവൾ പറഞ്ഞു. “തീർച്ചയായും തന്റെ ജീവിതം വോൺകോർട്ട് കുടുംബത്തിന് വേണ്ടി ഉഴിഞ്ഞു വച്ചയാൾ

 

“ആൻ മേരിയുടെ ഡ്രൈവർ ആയിരുന്നു അയാൾ മാത്രമല്ല, അവളുടെ വലംകൈയും അയാളിപ്പോൾ തൊട്ടടുത്ത റൂമിലുണ്ട്

 

അമ്പരപ്പോടെ അവൾ അദ്ദേഹത്തെ തുറിച്ചുനോക്കി. “റിനേ? ഇവിടെയോ? എനിക്കൊന്നും മനസ്സിലാവുന്നില്ല

 

“നിങ്ങളുടെ സഹോദരിയെയും കൊണ്ട് കാറിൽ സെന്റ് മോറിസിൽ ചെന്ന് അവിടെ നിന്നും ട്രെയിനിൽ പാരീസിലേക്ക് പോകുന്ന അവൾക്ക് റിനേ അകമ്പടി സേവിക്കുക എന്നതായിരുന്നു പുറമെയുള്ള പ്ലാൻ വാസ്തവത്തിൽ അവളെയും കൊണ്ട് ലൈസാൻഡറിന്റെ പിക്കപ്പ് പോയിന്റിൽ ചെല്ലാനും ബ്രിട്ടനിൽ നിന്ന് തിരികെയെത്തുന്നത് വരെ അവിടെയുള്ള ഫ്രഞ്ച് പ്രതിരോധ പ്രസ്ഥാനത്തിന്റെ പ്രവർത്തകരോടൊപ്പം കഴിച്ചുകൂട്ടാനുമായിരുന്നു ഞങ്ങളുടെ നിർദ്ദേശം എന്നാൽ വിമാനം വെടിവെച്ചിട്ട വാർത്ത അവർ അറിയിച്ചതും മറ്റൊരു വിമാനമയച്ച് അടുത്ത രാത്രി തന്നെ അയാളെ ഞങ്ങൾ ഇങ്ങോട്ട് കൊണ്ടുവന്നു

 

“എനിക്ക് അയാളെ കാണാൻ പറ്റുമോ?”

 

“തീർച്ചയായും

 

ക്രെയ്ഗ് ഓസ്ബോൺ ആ സ്വീകരണമുറിയുടെ അറ്റത്തുള്ള വാതിൽ തുറന്നു. ജെനവീവ് എഴുന്നേറ്റ് അദ്ദേഹത്തിനടുത്തേക്ക്  ചെന്നു. നിറയെ പുസ്തകങ്ങൾ അടുക്കി വച്ചിരിക്കുന്ന ഒരു ചെറിയ റൂമായിരുന്നു അത്. ജാലകങ്ങളിൽ കർട്ടൻ വലിച്ചിട്ട് ബ്ലാക്കൗട്ട് ചെയ്തിട്ടുണ്ട്. നെരിപ്പോടിന് ഇരുവശവുമായി ഏതാനും കസേരകൾ നിരത്തിയിരിക്കുന്നു. അതിലൊന്നിൽ റിനേ ദിസ്സാർ ഇരിക്കുന്നുണ്ടായിരുന്നു.

 

അയാൾ പതുക്കെ എഴുന്നേറ്റു. ആ പഴയ റിനേ തന്നെ ഒരു മാറ്റവുമില്ല. ചെറുപ്പം മുതൽ താൻ കണ്ടു പരിചയിച്ച അതേ രൂപം. നരച്ച മുടിയും താടിയും. കറുത്ത ഐ പാച്ചിനടിയിൽ ചെന്ന് അവസാനിക്കുന്ന വലതുകവിളിലെ മുറിപ്പാട്. പണ്ട് സൈന്യത്തിൽ സേവനമനുഷ്ടിച്ചിരുന്നപ്പോൾ സംഭവിച്ച പരിക്കിൽ അയാൾക്ക് നഷ്ടപ്പെട്ടത് വലതുകണ്ണായിരുന്നു.

 

“റിനേ, നിങ്ങളാണോ അത്?”

 

അവളുടെ ശബ്ദം കേട്ട് തിരിഞ്ഞ അയാളുടെ മുഖം ഒരു നിമിഷനേരത്തേക്ക് ഭയചകിതമായി. തന്റെ പിതാവിന്റെ മുഖത്ത് ദർശിച്ച അതേ അമ്പരപ്പ്. എങ്കിലും പെട്ടെന്ന് തന്നെ അയാൾ മനഃസാന്നിദ്ധ്യം വീണ്ടെടുത്തു.

 

“മദ്മോയ്സെൽ ജെനവീവ് നിങ്ങളെ കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം

 

അയാളുടെ വിറയ്ക്കുന്ന കരങ്ങൾ അവൾ കൂട്ടിപ്പിടിച്ചു. “ആന്റി എന്തു പറയുന്നു? സുഖം തന്നെയല്ലേ?”

 

“ഈ നശിച്ച കാലത്ത് എന്ത് സുഖം?” അയാൾ ചുമൽ ഒന്ന് വെട്ടിച്ചു. “ആ ജർമ്മൻ കാപാലികർ വന്നതിൽ പിന്നെ പഴയത് പോലെയല്ല കൊട്ടാരത്തിലെ കാര്യങ്ങൾ” അയാൾ ഒന്ന് സംശയിച്ചു. “നമ്മുടെ ആൻ മേരിയ്ക്ക് സംഭവിച്ച ദുരന്തം തന്നെ നോക്കൂ എത്ര ക്രൂരമാണത്…!

 

ക്രെയ്ഗും മൺറോയും പറഞ്ഞ കാര്യങ്ങൾ അവിശ്വസിക്കുന്നതിൽ അർത്ഥമില്ല എന്ന് അവൾ പതിയെ മനസ്സിലാക്കുകയായിരുന്നു. “റിനേ, നിങ്ങൾക്കറിയാമോ എന്താണ് ഇവർ എന്നോട് ആവശ്യപ്പെടുന്നതെന്ന്?”

 

“അറിയാം മോയ്സെൽ

 

“ഞാനത് അനുസരിക്കണമെന്നാണോ നിങ്ങളുടെ അഭിപ്രായം?”

 

“അവൾ തുടങ്ങി വച്ചത് മുഴുമിപ്പിക്കാനാവും അതുകൊണ്ട്” ഗൗരവഭാവത്തിൽ അയാൾ പറഞ്ഞു. “അവൾ ചെയ്തതൊന്നും വെറുതെയായില്ല എന്ന് ആശ്വസിക്കാനെങ്കിലും ആവും നമുക്ക്

 

തല കുലുക്കിയിട്ട് വെട്ടിത്തിരിഞ്ഞ അവൾ ക്രെയ്ഗ് ഓസ്ബോണിനരികിലൂടെ തിരികെ സ്വീകരണ മുറിയിലേക്ക് നടന്നു.

 

“ഓൾറൈറ്റ്?” മൺറോ അവളോട് ചോദിച്ചു.

 

പെട്ടെന്നാണ് അവളുടെ മനസ്സിൽ എല്ലാത്തിനോടും വെറുപ്പ് തോന്നിയത്. ഭയം കൊണ്ടല്ല, അവർ ആവിഷ്കരിച്ചു കൊണ്ടുവന്ന് തന്നിൽ അടിച്ചേൽപ്പിക്കുന്ന ഈ ദൗത്യം അംഗീകരിക്കാനാവുന്നില്ല.

 

“നോ, ഇറ്റ് ഡാംൻ വെൽ ഈസ് നോട്ട്” അവൾ പറഞ്ഞു. “താങ്ക് യൂ വെരി മച്ച് ബ്രിഗേഡിയർ എനിക്ക് ഒരു ജോലിയുണ്ട് മനുഷ്യരുടെ ജീവൻ രക്ഷിക്കുന്ന ജോലി

 

“അങ്ങനെയാണ് നിങ്ങളുടെ തീരുമാനമെങ്കിൽ പിന്നെ എന്തു പറയാൻ” ചുമൽ ഒന്ന് വെട്ടിച്ചിട്ട് അദ്ദേഹം ഓസ്ബോണിന് നേർക്ക് തിരിഞ്ഞു. “ഇവരെ ഹാംപ്‌സ്റ്റഡിലേക്ക് കൂട്ടിക്കൊണ്ടു പൊയ്ക്കോളൂ എന്നിട്ട് നമുക്ക് ഈ ഫയൽ ക്ലോസ് ചെയ്യാം

 

“ഹാംപ്‌സ്റ്റഡ്? എന്ത് അസംബന്ധമാണ് പുതിയതായി താങ്കൾ കൊണ്ടുവരുന്നത്?” അവൾ രോഷം കൊണ്ടു.

 

മന്ദഹാസത്തോടെ അദ്ദേഹം തലയുയർത്തി. “നിങ്ങളുടെ സഹോദരിയുടെ ഏതാനും സ്വകാര്യ വസ്തുക്കൾ അവിടെ സൂക്ഷിച്ചിട്ടുണ്ട് അത് നിങ്ങൾക്ക് ഏറ്റുവാങ്ങാം പിന്നെ ഒന്നോ രണ്ടോ പേപ്പറുകളിൽ സൈൻ ചെയ്യണം ഞങ്ങളുടെ റെക്കോർഡ്സിനായി മാത്രം എന്നിട്ട് എല്ലാം മറന്നു കളയാം പിന്നെ ഒരു കാര്യം, സ്വാഭാവികമായും നാം ഇന്നിവിടെ സംസാരിച്ച സകല കാര്യങ്ങൾക്കും ഒഫിഷ്യൽ സീക്രറ്റ് ആക്ട് ബാധകമായിരിക്കും

 

സകലതിൽ നിന്നും അവളെ ഒഴിവാക്കുന്ന മട്ടിൽ ഫയൽ തുറന്ന അദ്ദേഹം പേന കൈയിലെടുത്തു. ഉള്ളിൽ തിളയ്ക്കുന്ന രോഷവുമായി ഓസ്ബോണിനരികിലൂടെ അവൾ പുറത്തേക്ക് നടന്നു.

 

(തുടരും)

1 comment:

  1. "അവർ ആവിഷ്കരിച്ചു കൊണ്ടുവന്ന് തന്നിൽ അടിച്ചേൽപ്പിക്കുന്ന ഈ ദൗത്യം അംഗീകരിക്കാനാവുന്നില്ല." പാവം ജെനവീവ്

    ReplyDelete