അദ്ദേഹത്തിന്റെ ട്രെഞ്ച്‌കോട്ട്
വാങ്ങി അവൾ സ്വീകരണമുറിയുടെ വാതിൽ തുറന്നു കൊടുത്തു. “അകത്തേക്ക് കയറി ഇരിക്കൂ… ഞാൻ ചായ ഉണ്ടാക്കാൻ പറയാം… കോഫിയുടെ കാര്യം സംശയമാണ്…”
“ദാറ്റ്സ് വെരി കൈൻഡ്
ഓഫ് യൂ…” ക്രെയ്ഗ് ഓസ്ബോൺ പറഞ്ഞു.
അടുക്കളയുടെ വാതിൽ തുറന്ന്
ഉള്ളിലേക്ക് നോക്കി അവൾ വിളിച്ചു പറഞ്ഞു. “രണ്ട് കപ്പ് ചായ എടുക്കാമോ മിസ്സിസ് ട്രെംബത്ത്…? എനിക്കൊരു അതിഥിയുണ്ട്… ഡാഡ് ദേവാലയത്തിലേക്ക് പോയിരിക്കുകയാണ്… ഒരു ദുഃഖവാർത്തയുണ്ട് നമുക്ക്…”
സിങ്കിൽ പാത്രങ്ങൾ കഴുകുകയായിരുന്ന
ആ സ്ത്രീ ഏപ്രണിൽ കൈ തുടച്ചിട്ട് തിരിഞ്ഞു. നീണ്ടു മെലിഞ്ഞ്, നീലക്കണ്ണുകളുള്ള ആ വനിത
തെല്ല് സംശയത്തോടെ അവളെ നോക്കി. “ആൻ മേരിയുടെ കാര്യമല്ലേ…?”
“അവൾ മരിച്ചു…” ഒറ്റവാക്യത്തിൽ പറഞ്ഞിട്ട് ജെനിവീവ് വാതിലടച്ചു.
സ്വീകരണമുറിയിൽ എത്തിയ
അവൾ കണ്ടത് ചുമരിലെ ഒരു ഫോട്ടോയിലേക്ക് നോക്കി നിൽക്കുന്ന ക്രെയ്ഗിനെയാണ്. താനും ആൻ
മേരിയും കൂടി ഒരുമിച്ച് നിൽക്കുന്ന കുട്ടിക്കാലത്തെ ചിത്രം.
“അന്നും ഒരു വ്യത്യാസവുമില്ല… പറയാതിരിക്കാനാവില്ല അത്…” അദ്ദേഹം പറഞ്ഞു.
“നിങ്ങൾക്ക് എന്റെ സഹോദരിയുമായി
നല്ല അടുപ്പമുണ്ടായിരുന്നു അല്ലേ…?”
“യെസ്… പാരീസിൽ വച്ചാണ് ഞാനവളെ ആദ്യമായി കണ്ടുമുട്ടുന്നത്… 1940ൽ… ഒരു ജേർണലിസ്റ്റ് ആയിരുന്നു ഞാൻ അന്ന്… വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ സുഹൃത്തുക്കളായി… തന്റെ പിതാവ് ഇംഗ്ലീഷുകാരനാണെന്ന് പറഞ്ഞിരുന്നു… പക്ഷേ, സത്യം പറയാമല്ലോ, നിങ്ങളെക്കുറിച്ച് ഒരു വാക്കു പോലും അവൾ സൂചിപ്പിച്ചിരുന്നില്ല… ഇങ്ങനെയൊരു സഹോദരി ഉണ്ടെന്ന കാര്യം പോലും…”
ജെനിവീവ് ട്രെവോൺസ് മറുപടിയൊന്നും
പറഞ്ഞില്ല. നെരിപ്പോടിനരികിലെ ചാരുകസേരയിൽ പോയി ഇരുന്നിട്ട് ശാന്തസ്വരത്തിൽ അവൾ ചോദിച്ചു.
“വളരെ ദൂരെ നിന്നാണോ നിങ്ങൾ വരുന്നത്, മേജർ…?”
“ലണ്ടനിൽ നിന്നും…”
“എ ലോങ്ങ് ഡ്രൈവ്…”
“ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല… യുദ്ധകാലമായതിനാൽ റോഡിൽ തിരക്കൊന്നുമില്ലായിരുന്നു…”
ആർക്കും ഒന്നും പറയാനില്ലാത്തത്
പോലെ മൗനം പരന്നു അവിടെ. എന്നാൽ അധികനേരം നീണ്ടു നിന്നില്ല അത്. “ശരിക്കും എങ്ങനെയാണ്
എന്റെ സഹോദരി കൊല്ലപ്പെട്ടത്...?” അവൾ ചോദിച്ചു.
“ഒരു വിമാനാപകടത്തിൽ…” ക്രെയ്ഗ് പറഞ്ഞു.
“ഫ്രാൻസിൽ വച്ച്…?”
“ദാറ്റ്സ് റൈറ്റ്…”
“അത് നിങ്ങൾക്കെങ്ങനെ
അറിയാം…?” ജെനിവീവ് ചോദിച്ചു. “ഫ്രാൻസ് ഒരു ജർമ്മൻ അധിനിവേശ
പ്രദേശമല്ലേ…?”
“വിവരങ്ങളറിയാൻ ഞങ്ങൾക്ക്
ചില പ്രത്യേക സ്രോതസ്സുകളുണ്ട്… അവർക്ക് വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്…” അദ്ദേഹം പറഞ്ഞു.
“ശരി, ആരാണ് ഈ അവർ…?”
വാതിൽ തുറന്ന് പ്രവേശിച്ച
മിസ്സിസ് ട്രെംബത്ത് താൻ കൊണ്ടുവന്ന ട്രേ ശ്രദ്ധയോടെ മേശപ്പുറത്ത് വച്ചു. ശേഷം ഓസ്ബോണിനെ
ഒന്ന് നോക്കിയിട്ട് തിരിച്ചു പോയി. ജെനിവീവ് കപ്പിലേക്ക് ചായ പകർന്നു.
“ഈ മരണവാർത്ത വളരെ പക്വതയോടെ
തന്നെ നിങ്ങൾ ഉൾക്കൊണ്ടു എന്ന കാര്യം പറയാതിരിക്കാനാവില്ല…” ഓസ്ബോൺ പറഞ്ഞു.
“എന്റെ ചോദ്യത്തിനുത്തരം
നൽകാതെ അതിവിദഗ്ദ്ധമായി നിങ്ങൾ വഴുതി മാറി…” ചായക്കപ്പ് അദ്ദേഹത്തിന് നൽകിക്കൊണ്ട് അവൾ തുടർന്നു.
“സാരമില്ല, ഞാനും സഹോദരിയും തമ്മിൽ ഒരിക്കലും അടുപ്പത്തിലായിരുന്നില്ല…”
“ഇരട്ടകളെ സംബന്ധിച്ചിടത്തോളം
തീർത്തും അസ്വാഭാവികമല്ലേ അത്…?”
“1935ൽ ഞങ്ങളുടെ മാതാവിന്റെ
മരണശേഷം അവൾ ഫ്രാൻസിലേക്ക് പോയി… ഞാൻ പിതാവിനൊപ്പം ഇവിടെത്തന്നെ കൂടി… തികച്ചും ലളിതം… ഇനി വീണ്ടും ഞാൻ ചോദിക്കട്ടെ, ആർക്ക് വേണ്ടിയാണ്
നിങ്ങൾ വർക്ക് ചെയ്യുന്നത്…?”
“ഓഫീസ് ഓഫ് സ്ട്രാറ്റജിക്
സർവ്വീസസ്…” അദ്ദേഹം പറഞ്ഞു. “ഒരു പ്രത്യേക മേഖലയിൽ പ്രവർത്തിക്കുന്ന
സംഘടനയാണത്…”
അദ്ദേഹത്തിന്റെ യൂണിഫോമിലെ
ചില പ്രത്യേകതകൾ അപ്പോഴാണവൾ ശ്രദ്ധിച്ചത്. വലതു കൈയിലെ സ്ലീവിൽ SF എന്ന് ആലേഖനം ചെയ്തിരിക്കുന്നു.
സ്പെഷ്യൽ ഫോഴ്സസ് എന്നാണ് അതിന്റെ അർത്ഥമെന്ന് പിന്നീടാണ് അവൾക്ക് മനസ്സിലായത്. അതിന്
തൊട്ടുതാഴെയായി ബ്രിട്ടീഷ് പാരാട്രൂപ്പേഴ്സിന്റെ മുദ്രയും അണിഞ്ഞിട്ടുണ്ട്.
“കമാൻഡോസ് ആണോ…?”
“എന്ന് പറയാൻ പറ്റില്ല… അധികസമയവും യൂണിഫോമിൽ ആയിരിക്കില്ല ഞങ്ങൾ വർക്ക് ചെയ്യുന്നത്…”
“അത്തരം ജോലിയിൽ ആയിരുന്നു
എന്റെ സഹോദരിയും എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്…?” അവൾ
ചോദിച്ചു.
സിഗരറ്റ് പാക്കറ്റിൽ നിന്നും
ഒരെണ്ണം എടുത്ത് അദ്ദേഹം അവൾക്ക് നീട്ടി. നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി. “ഞാൻ പുക വലിക്കാറില്ല…”
“ഞാൻ വലിക്കുന്നത് കൊണ്ട്
വിരോധമുണ്ടോ…?”
“ഒരിക്കലുമില്ല…”
സിഗരറ്റിന് തീ കൊളുത്തിയിട്ട്
അദ്ദേഹം ജാലകത്തിനരികിലേക്ക് നടന്നു. “1940ലെ വസന്തകാലത്താണ് നിങ്ങളുടെ സഹോദരിയെ ഞാൻ
കണ്ടുമുട്ടുന്നത്… ലൈഫ് മാഗസിന്
വേണ്ടി ജോലി ചെയ്യുകയായിരുന്നു ഞാനന്ന്… സമുന്നതമായ ഒരു സ്ഥാനമായിരുന്നു സമൂഹത്തിൽ അവൾക്ക്… പിന്നത്തെ കാര്യം ഊഹിക്കാമല്ലോ നിങ്ങൾക്ക്…”
“യെസ്…”
അദ്ദേഹം പുറത്ത് ഗാർഡനിലേക്ക്
എത്തി നോക്കി. “വോൺകോർട്ട് കുടുംബത്തെക്കുറിച്ച് ഞാനൊരു ഫീച്ചർ തയ്യാറാക്കിയിരുന്നു… പക്ഷേ, എന്തോ ചില കാരണങ്ങളാൽ അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല… ആ ഫീച്ചറിന് വേണ്ടി വോൺകോർട്ട് പ്രഭ്വിയുമായി ഒരു അഭിമുഖം ഞാൻ നടത്തിയിരുന്നു…”
“ഹോർടെൻസുമായോ…?”
നൈമിഷികമായ ഒരു പുഞ്ചിരിയോടെ
അദ്ദേഹം തിരിഞ്ഞു. “എടുത്തു പറയത്തക്ക ഒരു വ്യക്തിത്വം തന്നെ… അന്ന് അവരുടെ നാലാമത്തെ ഭർത്താവ് മരണമടഞ്ഞ സമയമായിരുന്നു… ഒരു ഇൻഫൻട്രി ജനറൽ… യുദ്ധനിരയിൽ വച്ച് കൊല്ലപ്പെടുകയായിരുന്നു…”
“അതെ, ആന്റിയുടെ കാര്യം
എനിക്കറിയാം… എന്റെ സഹോദരിയെക്കുറിച്ച് പറയൂ…”
“ഞങ്ങൾ…” ക്രെയ്ഗ് ഒന്ന് നിർത്തി. “നല്ല സുഹൃത്തുക്കളായി മാറി…” നെരിപ്പോടിനരികിലേക്ക് വന്ന് അദ്ദേഹം സോഫയിൽ ഇരുന്നു. ആ സമയത്താണ്
ജർമ്മൻകാർ പാരീസിൽ അധിനിവേശം നടത്തുന്നത്… ഒരു നിഷ്പക്ഷ രാഷ്ട്രത്തിലെ പൗരൻ എന്ന നിലയിൽ ആദ്യമൊന്നും
അവരെന്നെ ശല്യപ്പെടുത്തിയില്ല… എന്നാൽ പിന്നീട്, അവരുടെ കാഴ്ച്ചപ്പാടിൽ അനഭിമതരുമായി
ബന്ധം പുലർത്തുന്നു എന്ന കാരണത്താൽ പെട്ടെന്ന് തന്നെ എനിക്ക് രംഗം വിടേണ്ടി വന്നു… ഞാൻ ഇംഗ്ലണ്ടിലേക്ക് കടന്നു…”
“അപ്പോഴായിരിക്കും നിങ്ങൾ
OSS ൽ ചേരുന്നത്…?”
“അല്ല… അന്ന് അമേരിക്ക ജർമ്മനിയുമായി യുദ്ധത്തിൽ ഏർപ്പെട്ടിട്ടില്ല… ബ്രിട്ടീഷ് ചാരസംഘടനായ SOE യ്ക്ക് വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചു കൊണ്ടിരുന്നത്… പിന്നീടാണ് ഞങ്ങളുടെ സ്വന്തം OSS ലേക്ക് ഞാൻ മാറുന്നത്…”
“എങ്ങനെയാണ് എന്റെ സഹോദരി
നിങ്ങളുടെ ചാരവലയത്തിൽ വന്നുചേരുന്നത്…?”
“ജർമ്മൻ ഹൈക്കാമാൻഡ് നിങ്ങളുടെ
ആന്റിയുടെ കൊട്ടാരം ഉപയോഗിക്കാൻ തുടങ്ങിയിരുന്നു… ജനറൽമാർ
തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ വിശ്രമത്തിനും കോൺഫറൻസുകൾക്കും മറ്റുമായി അവിടം ഉപയോഗിച്ചു
തുടങ്ങി…”
“അപ്പോൾ ആൻ മേരിയും ആന്റിയുമൊക്കെ…?”
“ജർമ്മൻകാരോട് നല്ല രീതിയിൽ
പെരുമാറുന്നിടത്തോളം കാലം അവിടെ താമസിക്കുവാൻ അനുവദിച്ചു… നല്ല ആതിഥേയർ എന്ന നിലയിൽ വോൺകോർട്ട് പ്രഭ്വിയെയും ആൻ മേരിയെയും സമൂഹത്തിന്
മുന്നിൽ ഉയർത്തിക്കാട്ടേണ്ടത് ജർമ്മൻകാരുടെ ആവശ്യം കൂടിയായിരുന്നു…”
ജെനിവീവിന്റെ മുഖത്ത്
ദ്വേഷ്യം ഇരച്ചു കയറി. “ഞാനിത് വിശ്വസിക്കണം അല്ലേ…? തന്നെ
ഇത്തരത്തിൽ ചൂഷണം ചെയ്യുവാൻ വോൺകോർട്ട് പ്രഭ്വി നിന്നുകൊടുക്കുമെന്ന്…?”
“ഒരു മിനിറ്റ്, ഞാനൊന്ന്
പറഞ്ഞോട്ടെ…” ക്രെയ്ഗ് പറഞ്ഞു. “എപ്പോൾ വേണമെങ്കിലും പാരീസിലേക്ക്
പോകാനും തിരിച്ചു വരുവാനും ജർമ്മൻകാർ നിങ്ങളുടെ സഹോദരിയ്ക്ക് അനുവാദം നൽകിയിരുന്നു… പ്രതിരോധ പ്രസ്ഥാനത്തിന്റെ പാരീസിലെ പ്രവർത്തകരുമായി അവൾ ബന്ധം സ്ഥാപിച്ചു… SOE യ്ക്ക് വേണ്ടി പ്രവർത്തിക്കുവാൻ കഴിയുമോ എന്ന് അവരാണ് ചോദിച്ചത്… എന്തുകൊണ്ടും അതിന് കഴിവുള്ള വ്യക്തിയുമായിരുന്നു അവൾ…”
“അങ്ങനെ അവൾ ഒരു ഏജന്റ്
ആയി…” ജെനിവീവ് പറഞ്ഞു.
“നിങ്ങൾക്ക് ആശ്ചര്യമൊന്നും
തോന്നുന്നില്ല…?”
“ഇല്ല… ഒരു ഗ്ലാമറസ് ജോലിയാണതെന്ന് അവൾക്ക് തോന്നിക്കാണും…”
“യുദ്ധം… ഒരിക്കലും അതൊരു ഗ്ലാമറസ് വിഭാഗത്തിൽ പെടില്ല…” ശാന്തസ്വരത്തിൽ ക്രെയ്ഗ് പറഞ്ഞു. “പിടിക്കപ്പെട്ടാൽ എന്താണ് കാത്തിരിക്കുന്നത്
എന്ന് ആലോചിച്ചാൽ തീരുമായിരുന്നു അവൾക്ക് അതിനോടുള്ള കമ്പമെല്ലാം…”
“മേജർ, ഞാനൊരു കാര്യം
പറയട്ടെ…? ലണ്ടനിലെ സെന്റ് ബർത്തലോമ്യൂവ്സ് ഹോസ്പിറ്റലിൽ
സ്റ്റാഫ് നേഴ്സാണ് ഞാൻ…” ജെനിവീവ് പറഞ്ഞു. “മിലിട്ടറി വാർഡ് 10 ൽ… ഞാൻ അവധിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേനയിലെ ഒരു യുവാവിനെ
അവിടെ അഡ്മിറ്റ് ചെയ്തിരുന്നു… B-17 ബോംബറിൽ എയർ ഗണ്ണർ ആയിരുന്ന അവന്റെ കൈകളിൽ
അവശേഷിച്ചിരുന്ന ഭാഗം കൂടി മുറിച്ചു മാറ്റേണ്ടി വന്നു… അതുകൊണ്ട് യുദ്ധത്തിന്റെ ഗ്ലാമറിനെക്കുറിച്ചൊന്നും എന്നോട് പറയണ്ട… എനിക്ക് നന്നായിട്ടറിയാം… നിങ്ങൾ അവകാശപ്പെടുന്നത് പോലെ എന്റെ സഹോദരിയെ ശരിയ്ക്കും
മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഞാനെന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലാവും…”
മറുപടിയൊന്നും പറയാതെ
അദ്ദേഹം മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. “നാസികൾ നടത്തുവാൻ പോകുന്ന ഒരു സ്പെഷ്യൽ
കോൺഫറൻസിനെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിക്കുകയുണ്ടായി… വളരെ പ്രധാനപ്പെട്ട ഒന്ന്… അതുമായി ബന്ധപ്പെട്ട് SOE അധികാരികൾക്ക് ആൻ മേരിയുമായി
നേരിൽ സംസാരിക്കണമായിരുന്നു… പാരീസിലേക്ക് ഒരു ഹോളിഡേ ട്രിപ്പിന് പോകുന്നതായി
ജർമ്മൻ അധികാരികളെ അവൾ ധരിപ്പിച്ചു… അവളെ പിക്ക് ചെയ്യാൻ ഒരു ലൈസാൻഡർ ഞങ്ങൾ അയച്ചിരുന്നു… ഇംഗ്ലണ്ടിലെ മീറ്റിങ്ങിന് ശേഷം തിരികെ ഫ്രാൻസിൽ കൊണ്ടുവിടാനായിരുന്നു
പ്ലാൻ…”
“ഇതൊക്കെ പതിവുള്ളതാണോ…?”
“അതെ… ഷട്ടിൽ സർവ്വീസ് എന്ന് പറയാം… പല തവണ
ഞാനും പോയിട്ടുണ്ട്… പാരീസിലേക്കുള്ള ട്രെയിൻ പിടിക്കുവാൻ സെന്റ് മോറീസ്
സ്റ്റേഷനിലേക്ക് തന്റെ കാറിൽ പോകുകയാണെന്നാണ് അവൾ അവരോട് പറഞ്ഞത്… എന്നാൽ വാസ്തവത്തിൽ കാർ ഒളിപ്പിച്ച് വച്ചിട്ട് ഒരു ട്രക്കിലാണ് ലൈസാൻഡർ
ലാൻഡ് ചെയ്യുന്ന മൈതാനത്തേക്ക് അവൾ പോയത്…”
“പിന്നെ എവിടെയാണ് പിഴവ്
പറ്റിയത്…?”
“ടേക്ക് ഓഫ് ചെയ്തതും
ഒരു ജർമ്മൻ നൈറ്റ് ഫൈറ്റർ അവരെ വെടിവച്ചിടുകയായിരുന്നു എന്നാണ് പ്രതിരോധ സേനയുടെ പ്രവർത്തകരിൽ
നിന്നും ഞങ്ങൾക്ക് ലഭിച്ച വിവരം… ലൈസാൻഡർ അപ്പാടെ കത്തിയമർന്നുവത്രെ…”
“ഐ സീ…” അവൾ പറഞ്ഞു.
നടത്തം നിർത്തി അദ്ദേഹം
ദ്വേഷ്യത്തോടെ അവളെ നോക്കി. “ഡോണ്ട് യൂ കെയർ…? ഒരു വിഷമവുമില്ലേ നിങ്ങൾക്ക്…?”
“മേജർ ഓസ്ബോൺ…” അവൾ പറഞ്ഞു. “പതിമൂന്ന് വയസ്സുള്ളപ്പോഴാണ് എന്റെ വലതുകൈയിലെ തള്ളവിരൽ
ആൻ മേരി ഒടിച്ചത്… അതും രണ്ടിടത്ത്…” അവൾ തന്റെ വിരൽ ഉയർത്തിക്കാണിച്ചു. “ഇതു കണ്ടോ, ഇപ്പോഴും വളഞ്ഞിരിക്കുന്നത്…? എനിക്ക് എത്രമാത്രം വേദന സഹിക്കാനാവുമെന്ന് അവൾക്ക് അറിയണമായിരുന്നുവത്രെ… വാൾനട്ടിന്റെ തോട് പൊട്ടിക്കുന്ന പ്ലെയർ പോലുള്ള ഉപകരണത്തിനുള്ളിൽ
അമർത്തിപ്പിടിച്ചുകൊണ്ട്… എത്ര വേദനയെടുത്താലും കരയാൻ പാടില്ലെന്ന് അവളെന്നോട്
പറഞ്ഞു… കാരണം, വോൺകോർട്ട് കുടുംബാംഗമായ ഞാൻ സഹനശക്തി ആർജ്ജിക്കണമത്രെ…”
“മൈ ഗോഡ്…!” ക്രെയ്ഗ് മന്ത്രിച്ചു.
“ഞാൻ കരഞ്ഞില്ല… വേദന സഹിക്കാൻ പറ്റാതെ ഞാൻ ബോധരഹിതയായി… പക്ഷേ, അപ്പോഴേക്കും എന്റെ വിരലിന് കേടുപാട് സംഭവിച്ചു കഴിഞ്ഞിരുന്നു…”
“എന്നിട്ട്…?”
“ഒന്നും സംഭവിച്ചില്ല… കുട്ടിക്കളി അല്പം അതിര് കടന്നു പോയി എന്ന് പറഞ്ഞതല്ലാതെ അവളെ ഒന്ന്
ശകാരിക്കാൻ പോലും ഞങ്ങളുടെ പിതാവ് മുതിർന്നില്ല… അവൾ ഒരിക്കലും
തെറ്റു ചെയ്യുകയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്…” ജെനിവീവ് തന്റെ കപ്പിലേക്ക് അല്പം കൂടി ചായ പകർന്നു. “ആട്ടെ, എന്നോട്
പറഞ്ഞ വസ്തുതകളിൽ എത്രത്തോളം നിങ്ങൾ അദ്ദേഹത്തെ അറിയിച്ചു…?”
“ഒരു കാർ ആക്സിഡന്റിൽ
ആൻ മേരി കൊല്ലപ്പെട്ടതായി ഞങ്ങളുടെ ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞുവെന്ന്
മാത്രം പറഞ്ഞു…”
“എന്തുകൊണ്ടാണ് എല്ലാ
വിവരങ്ങളും എന്നോട് പറയുകയും അദ്ദേഹത്തിൽ നിന്ന് മറച്ചു വയ്ക്കുകയും ചെയ്തത്…?”
“കാരണം, നിങ്ങൾക്ക് അത്
ഉൾക്കൊള്ളാൻ കഴിയുമെന്ന് തോന്നി… അദ്ദേഹത്തിനത് സാധിക്കില്ലെന്നും…”
വാസ്തവത്തിൽ അതൊരു നുണയായിരുന്നു.
അപ്പോൾത്തന്നെ അവൾക്കത് മനസ്സിലാവുകയും ചെയ്തു. ആ സമയത്താണ് അവളുടെ പിതാവ് പുറത്ത്
ജനലിനരികിലൂടെ കടന്നു പോകുന്നത് കണ്ടത്. അവൾ ചാടിയെഴുന്നേറ്റു. “അദ്ദേഹത്തിന് എങ്ങനെയുണ്ടെന്ന്
പോയി നോക്കട്ടെ…”
അവൾ വാതിൽ തുറന്ന് പുറത്തിറങ്ങവെ
ക്രെയ്ഗ് പറഞ്ഞു. “എന്നെ സംബന്ധിക്കുന്ന കാര്യമല്ല, എങ്കിലും പറയുകയാണ്… ഈ അവസരത്തിൽ അദ്ദേഹം കാണാൻ ആഗ്രഹിക്കുന്ന ഏറ്റവുമൊടുവിലത്തെ ആളായിരിക്കും
നിങ്ങൾ…” ആ പറഞ്ഞത് അവളുടെ ഹൃദയത്തിൽ കൊള്ളുക തന്നെ ചെയ്തു.
കാരണം, അതാണ് സത്യമെന്ന് അവൾക്കറിയാമായിരുന്നു. “അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഒന്നുകൂടി
മോശമാക്കാനേ നിങ്ങളുടെ സാമീപ്യം വഴിയൊരുക്കൂ…” ക്രെയ്ഗ് മൃദുസ്വരത്തിൽ പറഞ്ഞു. “ഓരോ തവണ നിങ്ങളെ
കാണുമ്പോഴും ഇത് ആൻ മേരിയല്ലേ എന്ന് ഒരു മാത്രനേരത്തേക്കെങ്കിലും അദ്ദേഹം സംശയിക്കും…”
“ശരിയാണ്, അദ്ദേഹത്തിന്റെ
ദുഃഖം ഏറുകയേയുള്ളൂ… നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും പോംവഴി തോന്നുന്നുണ്ടോ
മേജർ ഓസ്ബോൺ…?” അവൾ ചോദിച്ചു.
“ഞാനിപ്പോൾ ലണ്ടനിലേക്ക്
തിരിച്ചു പോകുകയാണ്… വേണമെങ്കിൽ നിങ്ങൾക്ക് എന്നോടൊപ്പം വരാം…”
സംശയത്തിനിടയില്ലാത്ത
വിധം അവൾക്ക് എല്ലാം വ്യക്തമായി. “അതുകൊണ്ടാണ് നിങ്ങൾ വന്നിരിക്കുന്നത്… എന്നെത്തേടിയാണ് നിങ്ങൾ ഇവിടെ എത്തിയത് തന്നെ, ശരിയല്ലേ…?”
“ദാറ്റ്സ് റൈറ്റ്, മിസ്സ്
ട്രെവോൺസ്…”
അദ്ദേഹത്തെ അവിടെ വിട്ട്,
പുറത്തിറങ്ങി അവൾ വാതിൽ ചാരി.
***
പാതിയിൽ നിർത്തിയ ജോലി
വീണ്ടും തുടങ്ങിയിരുന്നു അവളുടെ പിതാവ്. പൂന്തോട്ടത്തിലെ കളകൾ പിഴുതെടുത്ത് ചെറിയ തള്ളുവണ്ടിയിലേക്ക്
ഇടുകയാണ് അദ്ദേഹം. തെളിഞ്ഞ നീലാകാശത്തിൽ എരിയുന്ന സൂര്യൻ. പ്രത്യേകിച്ച് ഒന്നും തന്നെ
സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പ്രസന്നമായ ഒരു ദിനം.
അവൾ അരികിലെത്തിയതും അദ്ദേഹം
നിവർന്നു നിന്നു. “ഉച്ച തിരിഞ്ഞുള്ള ട്രെയിനിൽ തിരിച്ചു പോകുകയല്ലേ നീ…?”
“കുറച്ചു ദിവസം കൂടി ഇവിടെ
നിന്നാൽ ഡാഡിയ്ക്കൊരു ആശ്വാസമാകില്ലേ എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ… ഹോസ്പിറ്റലിലേക്ക് ഫോൺ ചെയ്ത് കാര്യങ്ങൾ പറയാം… അവർ ലീവ് നീട്ടിത്തരാതിരിക്കില്ല…”
“അതുകൊണ്ട് പ്രത്യേകിച്ച്
എന്തെങ്കിലും മാറ്റം സംഭവിക്കുമോ…?” പൈപ്പിലെ പുകയിലയ്ക്ക് തീ കൊളുത്തുമ്പോൾ അദ്ദേഹത്തിന്റെ
കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
“ഇല്ല…” ക്ഷീണസ്വരത്തിൽ ജെനിവീവ് പറഞ്ഞു. “നഷ്ടമായതൊന്നും തിരിച്ചു വരില്ല…”
“പിന്നെന്തിന് നീയിവിടെ
നിൽക്കണം…?” അദ്ദേഹം തന്റെ ജോലിയിലേക്ക് തിരിഞ്ഞു.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
“പിന്നെന്തിന് നീയിവിടെ നിൽക്കണം…?”
ReplyDeleteഓസ്‌ബോൺ ഇച്ഛിച്ചതും ഡാഡി കല്പിച്ചതും..!!
ഒട്ടും അടുപ്പമില്ലാത്ത അച്ഛൻ മകൾ ബന്ധം...
Deleteഅങ്ങനെ കാര്യങ്ങൾ ഒത്തുവന്നു
ReplyDeleteഎന്ന് പറയാം... എന്നാലും അത്ര എളുപ്പമൊന്നും ജെനിവീവ് അവരുടെ വലയിൽ വീഴില്ല...
Deleteനഷ്ടമായതൊന്നും തിരിച്ചു വരില്ല, കിട്ടില്ല.
ReplyDeleteആശംസകൾ🌹💖🌹
സത്യമാണ് തങ്കപ്പേട്ടാ... ജീവിത യാഥാർത്ഥ്യം...
Deleteകാര്യങ്ങൾ ക്രെയ്ഗിൻ്റെ വഴിക്കു തന്നെ നീങ്ങുന്നു.
ReplyDeleteഅതെ... പാവം ജെനിവീവ്...
Deleteഞാൻ ഇവിടെയൊക്കെത്തന്നെ ഉണ്ട്..!
ReplyDeleteഇപ്പോഴെങ്കിലും വന്നൂല്ലോ... സന്തോഷായി അശോകേട്ടാ...
Delete