ലണ്ടന്റെ പ്രാന്തപ്രദേശത്ത് എത്തിയപ്പോഴേക്കും ഇരുൾ വീണു കഴിഞ്ഞിരുന്നു. ചക്രവാളത്തിൽ അങ്ങിങ്ങായി തീജ്വാലകൾ കണ്ടു തുടങ്ങിയിരിക്കുന്നു. ഫ്രാൻസിലെ ചാർട്രെസ്സിൽ നിന്നും റെനിസിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന ജങ്കേഴ്സ് 88S പാത്ത്ഫൈൻഡറുകൾ വർഷിക്കുന്ന ബോംബുകളാണവ. ഇന്ന് രാത്രി കനത്ത ബോംബിങ്ങ് ഉണ്ടാവുമെന്നതിന്റെ സൂചനയെന്ന് പറയാം.
നഗരത്തിനുള്ളിലേക്ക് പ്രവേശിച്ചതോടെ തലേന്ന് രാത്രിയിലെ എയർ റെയ്ഡിൽ സംഭവിച്ച നാശനഷ്ടത്തിന്റെ അടയാളങ്ങൾ എമ്പാടും കാണാറായി. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾ വീണ് റോഡിൽ തടസ്സം ഉണ്ടായിരുന്നതിനാൽ പലയിടത്തും ക്രെയ്ഗിന് മറ്റു വഴികൾ തെരഞ്ഞെടുക്കേണ്ടി വന്നു. ജെനവീവ് കാറിന്റെ വിൻഡോഗ്ലാസ് താഴ്ത്തി. ഈർപ്പമുള്ള അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന പുകയുടെ ഗന്ധം അവൾക്ക് അറിയാനാവുന്നുണ്ടായിരുന്നു. ട്യൂബ് സ്റ്റേഷനുകളിൽ അഭയം പ്രാപിക്കുവാൻ നീങ്ങുന്ന ജനക്കൂട്ടത്തിന്റെ തിരക്കാണെങ്ങും. സ്യൂട്ട്കെയ്സുകളും ബ്ലാങ്കറ്റുകളും മറ്റു സാധനങ്ങളുമൊക്കെയായി വീണ്ടും ഒരു രാത്രി കൂടി അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളിൽ തങ്ങുവാനുള്ള തത്രപ്പാടിലാണ് അവർ. അതെ, 1940 വീണ്ടും ആവർത്തിക്കുകയാണ്.
“ഇതെല്ലാം അവസാനിച്ചെന്ന് കരുതിയതായിരുന്നു…” ദുഃഖത്തോടെ അവൾ പറഞ്ഞു. “ലുഫ്ത്‌വാഫിന്റെ ആക്രമണം തടയുവാൻ റോയൽ എയർഫോഴ്സിനാവുമെന്നാണ് ഞാൻ കരുതിയിരുന്നത്…”
“ആക്രമണം നിർത്തി വയ്ക്കൂ എന്ന് ലുഫ്ത്‌വാഫിനോട് പറയാൻ RAF മറന്നു പോയെന്ന് തോന്നുന്നു…” തെല്ല് പരിഹാസത്തോടെ ക്രെയ്ഗ് പറഞ്ഞു. “ലിറ്റിൽ ബ്ലിറ്റ്സ് എന്നാണ് അവർ ഈ ആക്രമണത്തിന് പേരിട്ടിരിക്കുന്നത്… എന്തായാലും 1940 ലെ ആക്രമണത്തിന്റെ അത്രയൊന്നും വരില്ല…”
“അടുത്ത ബോംബ് വീഴുന്നത് നിങ്ങളുടെ തലയിലല്ലെങ്കിൽ അങ്ങനെ ആശ്വസിക്കാം…” അവൾ പറഞ്ഞു.
റോഡിന് വലതുഭാഗത്ത് തീജ്വാലകൾ ഉയരുന്നുണ്ടായിരുന്നു. പെട്ടെന്നാണ് അധികം ദൂരെയല്ലാതെ ഏതാനും ബോംബുകൾ വന്നു പതിച്ചത്. തൊട്ടടുത്ത ഇടവഴിയിലേക്ക് തിരിഞ്ഞ ക്രെയ്ഗ് കാർ നടപ്പാതയിലേക്ക് കയറ്റി നിർത്തി. ടിൻ ഹാറ്റ് ധരിച്ച ഒരു പൊലീസുകാരൻ ഇരുട്ടിൽ നിന്നും വെളിയിലെത്തി.
“കാർ ഇവിടെ പാർക്ക് ചെയ്തിട്ട് ട്യൂബ് സ്റ്റേഷനിൽ പോയി അഭയം തേടൂ… ഈ തെരുവിന്റെ അങ്ങേയറ്റത്താണ് പ്രവേശനകവാടം…” അയാൾ പറഞ്ഞു.
“ഞാൻ മിലിട്ടറി ഉദ്യോഗസ്ഥനാണ്…” ക്രെയ്ഗ് എതിർപ്പ് പ്രകടിപ്പിച്ചു.
“നിങ്ങൾ മിലിട്ടറിയല്ല, മിസ്റ്റർ ചർച്ചിൽ ആണെങ്കിൽ പോലും ഇപ്പോൾ അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ പോയേ തീരൂ…” ആ പൊലീസുകാരൻ പറഞ്ഞു.
“ഓകെ, സമ്മതിച്ചിരിക്കുന്നു…” ക്രെയ്ഗ് പറഞ്ഞു.
പുറത്തിറങ്ങി കാർ ലോക്ക് ചെയ്തിട്ട് അവർ ഇരുവരും ട്യൂബ് സ്റ്റേഷനിലേക്ക് ഒഴുകുന്ന ജനക്കൂട്ടത്തിനൊപ്പം ചേർന്നു. എസ്കലേറ്ററിലേക്കുള്ള ക്യൂവിൽ നിന്ന അവർ കുറച്ചു സമയം കഴിഞ്ഞതും അതുവഴി താഴെയെത്തി. ട്രാക്കിനരികിലൂടെ മുന്നോട്ട് നടന്ന് ഒടുവിൽ അവർ അണ്ടർഗ്രൗണ്ട് പ്ലാറ്റ്ഫോമിൽ പ്രവേശിച്ചു.
പ്ലാറ്റ്ഫോമിൽ എമ്പാടും ആൾക്കാർ നിറഞ്ഞിരുന്നു. ബ്ലാങ്കറ്റ് പുതച്ച്, അരികിൽ തങ്ങളുടെ സാധനങ്ങളുമായി ഇരിക്കുകയാണ് അവർ. WVS ലെ വനിതകൾ ഒരു ട്രോളിയുമായി നടന്ന് എല്ലാവർക്കും ലഘുഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. ക്യൂവിൽ നിന്ന ക്രെയ്ഗ് രണ്ട് കപ്പ് ചായയും ഒരു ബീഫ് സാൻഡ്‌വിച്ചും വാങ്ങി ജെനവീവുമായി പങ്ക് വച്ചു.
“ജനങ്ങളുടെ കാര്യം അത്ഭുതാവഹം തന്നെ…” അവൾ പറഞ്ഞു. “അവരെ നോക്കൂ… ഹിറ്റ്‌ലർ ഇതു വല്ലതും കാണാനിടയായാൽ ആ നിമിഷം യുദ്ധം അവസാനിപ്പിക്കും…”
“അത് ശരിയാണ്…” ക്രെയ്ഗ് ശരിവച്ചു.
ആ നേരത്താണ് ബോയ്‌ലർ സ്യൂട്ടും ടിൻ ഹാറ്റും ധരിച്ച് മുഖം മുഴുവനും പൊടി പുരണ്ട ഒരു വാർഡൻ പ്രവേശന കവാടത്തിൽ പ്രത്യക്ഷപ്പെട്ടത്. “എനിക്ക് അഞ്ചോ ആറോ സന്നദ്ധപ്രവർത്തകരെ ആവശ്യമുണ്ട്… പുറത്ത് തെരുവിൽ തകർന്ന ഒരു കെട്ടിടത്തിനുള്ളിൽ ആരോ കുടുങ്ങിക്കിടക്കുന്നു…”
പലരും ആദ്യമൊന്ന് സംശയിച്ചുവെങ്കിലും അരികിൽ ഇരുന്നിരുന്ന ഏതാനും മദ്ധ്യവയസ്കർ എഴുന്നേറ്റു. “ശരി, നമുക്ക് ചെല്ലാം…”
തന്റെ കൈയിലെ മുറിവിൽ തൊട്ടു നോക്കി ഒന്ന് സംശയിച്ചിട്ട് ക്രെയ്ഗ് പറഞ്ഞു. “ഞാനുമുണ്ട്…”
ജെനവീവ് അദ്ദേഹത്തെ അനുഗമിച്ചു. അതുകണ്ട വാർഡൻ തടഞ്ഞു. “വേണ്ട, നിങ്ങൾക്ക് പറ്റിയ പണിയല്ല ഇത്…”
“ഞാനൊരു നേഴ്സാണ്…” ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു. “ഒരു പക്ഷേ, മറ്റാരേക്കാളും നിങ്ങൾക്കാവശ്യം വരിക എന്നെയായിരിക്കും…”
മറുത്തൊന്നും പറയാതെ തിരിഞ്ഞ അയാൾ അവരെ പുറത്തേക്ക് നയിച്ചു. എസ്കലേറ്റർ വഴി മുകളിലെത്തിയ അവർ തെരുവിലേക്കിറങ്ങി. കുറേക്കൂടി ദൂരെയാണ് ഇപ്പോൾ ബോംബുകൾ വീണുകൊണ്ടിരിക്കുന്നത്. എങ്കിലും അവരുടെ ഇടതു വശത്ത് അപ്പോഴും തീ അണയാതെ കത്തുന്നുണ്ടായിരുന്നു. അന്തരീക്ഷമാകെ പുകയുടെ രൂക്ഷഗന്ധം നിറഞ്ഞു നിൽക്കുന്നു.
ട്യൂബ് സ്റ്റേഷന്റെ കവാടത്തിൽ നിന്നും ഏതാണ്ട് അമ്പത് വാര അകലെ നിരയായി നിന്നിരുന്ന വ്യാപാരസ്ഥാപനങ്ങളൊക്കെ ബോംബിങ്ങിൽ തകർന്നടിഞ്ഞിരിക്കുന്നു. “രക്ഷാപ്രവർത്തകർ വരുന്നത് വരെ കാത്തു നിൽക്കാൻ സമയമില്ല… അതിനുള്ളിൽ നിന്നും ആരോ നിലവിളിക്കുന്ന ശബ്ദം ഞാൻ കേട്ടു… സാംസ് കഫേ എന്നൊരു ഷോപ്പുണ്ടായിരുന്നു അവിടെ… അതിനുള്ളിൽ ആരോ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് തോന്നുന്നു…” ആ വാർഡൻ പറഞ്ഞു.
അവരെല്ലാവരും കൂടി അങ്ങോട്ട് നീങ്ങി. തകർന്ന് കിടക്കുന്ന കെട്ടിടങ്ങൾക്കരികിൽ നിന്ന് അയാൾ ഉറക്കെ വിളിച്ചു. അതിന് മറുപടിയെന്നോണം ഉടൻ തന്നെ ആരുടെയോ പതിഞ്ഞ സ്വരത്തിലുള്ള നിലവിളി അതിനുള്ളിൽ നിന്നും കേട്ടു.
“റൈറ്റ്, നമുക്ക് ഈ അവശിഷ്ടങ്ങളൊക്കെ മാറ്റാൻ നോക്കാം…” ആ വാർഡൻ പറഞ്ഞു.
കൂമ്പാരമായി കിടക്കുന്ന ഇഷ്ടികകൾ എല്ലാവരും കൂടി പെറുക്കി മാറ്റുവാൻ തുടങ്ങി. ഏതാണ്ട് പതിനഞ്ചോ ഇരുപതോ മിനിറ്റ് കൊണ്ട് ആ ഷോപ്പിലേക്കുള്ള പ്രവേശനകവാടത്തിന്റെ പടികൾ കാണാറായി. ഒരാൾക്ക് കഷ്ടിച്ച് ഉള്ളിലേക്ക് തലയിടാൻ മാത്രമുള്ള വിടവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ അവിടെ. അവിടെ കുനിഞ്ഞിരുന്ന് ഉള്ളിലേക്ക് കടക്കാൻ പറ്റുമോ എന്ന് നോക്കുമ്പോഴാണ് മുന്നറിയിപ്പെന്നോണം ആരോ ഒച്ചയെടുത്തത്. കെട്ടിടത്തിന്റെ ഒരു ഭാഗത്തെ ചുമർ തെരുവിലേക്ക് ഇടിഞ്ഞു വീഴവെ പലയിടത്തേക്കുമായി അവർ ചിതറിയോടി.
പൊടിയെല്ലാം ഒതുങ്ങിയപ്പോൾ അവർ വീണ്ടും അവിടെ ഒന്നിച്ചു ചേർന്നു. “അതിനകത്തേക്ക് പോകുകയെന്നത് നടക്കുന്ന കാര്യമല്ല…” അവരിലൊരുവൻ വിളിച്ചു പറഞ്ഞു.
എന്തു ചെയ്യണമെന്നറിയാതെ ഒരു നിമിഷം എല്ലാവരും പകച്ചു നിന്നു. “ജീസസ്, ഈ യൂണിഫോം കിട്ടിയിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ…” ക്രെയ്ഗ് തന്റെ ക്യാപ് ട്രെഞ്ച്കോട്ടിന്റെ പോക്കറ്റിൽ തിരുകിയിട്ട് കോട്ട് ഊരി ജെനവീവിന്റെ കൈയിൽ കൊടുത്തു. എന്നിട്ട് അവിടെ കമഴ്ന്ന് കിടന്ന് ആ ഷോപ്പിന്റെ കവാടത്തിന് സമീപം കണ്ട ആ ഇടുങ്ങിയ വിടവിലേക്ക് നൂഴ്ന്നിറങ്ങി.
എല്ലാവരും ശ്വാസമടക്കിപ്പിടിച്ച് കാത്തിരുന്നു. അല്പസമയം കഴിഞ്ഞതും ഒരു കുഞ്ഞിന്റെ കരച്ചിൽ അവർക്ക് കേൾക്കാറായി. ഒരു കുഞ്ഞിനെയും ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ക്രെയ്ഗിന്റെ കൈയാണ് ആദ്യം പുറത്തേക്ക് വന്നത്. അങ്ങോട്ട് ഓടിച്ചെന്ന ജെനവീവ് ആ കുഞ്ഞിനെ വാങ്ങി തെരുവിന്റെ നടുവിലേക്ക് നീങ്ങി നിന്നു. കുറച്ചു സമയം കഴിഞ്ഞതും ഏതാണ്ട് അഞ്ചു വയസ്സ് തോന്നിക്കുന്ന ഒരു ആൺകുട്ടി ആ വിടവിലൂടെ പുറത്തേക്ക് ഇഴഞ്ഞു വന്നു. അവന്റെ ദേഹം മുഴുവനും അഴുക്ക് പുരണ്ടിരുന്നു. അമ്പരന്ന് ചുറ്റും നോക്കിക്കൊണ്ട് നിന്ന അവന്റെ പിന്നാലെ ക്രെയ്ഗും പുറത്തേക്ക് വന്നു. അവന്റെ കൈയിൽ പിടിച്ച് അദ്ദേഹം ജെനവീവും വാർഡനും നിൽക്കുന്നയിടത്തേക്ക് നടന്നു. പെട്ടെന്ന് ആരോ ഉച്ചത്തിൽ നിലവിളിച്ചു. തൊട്ടടുത്ത നിമിഷം മറ്റൊരു ചുമർ ഒന്നാകെ ഇടിഞ്ഞു വീണ് ആ പ്രവേശനകവാടം ഇഷ്ടികക്കൂമ്പാരത്താൽ പൂർണ്ണമായും മൂടപ്പെട്ടു.
“മൈ ഗോഡ്, താങ്കൾക്ക് ഭാഗ്യമുണ്ട്, സർ…” ആ വാർഡൻ ക്രെയ്ഗിനോട് പറഞ്ഞു. “ഇനി ആരെങ്കിലുമുണ്ടോ അതിനകത്ത്…?” കരയുന്ന കുട്ടിയെ ആശ്വസിപ്പിക്കാനായി അവന്റെ അരികിൽ മുട്ടുകുത്തി നിന്നുകൊണ്ട് അയാൾ ചോദിച്ചു.
“ഒരു സ്ത്രീയുണ്ട്… പക്ഷേ, ജീവനില്ല…” ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അദ്ദേഹം ജെനവീവിനെ നോക്കി വിഷാദമഗ്നനായി പുഞ്ചിരിച്ചു. “ഞാൻ മുമ്പ് പറഞ്ഞല്ലോ, ഇതാണ് എല്ലാവരും പുകഴ്ത്തുന്ന മഹത്തായ യുദ്ധം… നിങ്ങൾ എന്തു പറയുന്നു മിസ് ട്രെവോൺസ്…?”
അവൾ ആ കുഞ്ഞിനെ മാറോടടുക്കി പിടിച്ചു. “ഈ യൂണിഫോമുണ്ടല്ലോ… അത്ര മോശമൊന്നുമല്ല അത്… എല്ലാം മറന്ന് മുന്നോട്ട് പോകാൻ അത് സഹായിക്കും…”
“നിങ്ങളുടെ വാക്കുകൾ നൽകുന്ന ഊർജ്ജം അത്ര ചെറുതല്ലെന്ന് ആരെങ്കിലും പറഞ്ഞിട്ടുണ്ടോ ഇതിന് മുമ്പ്…?” അദ്ദേഹം ചോദിച്ചു.
***
കാർ വീണ്ടും മുന്നോട്ട് നീങ്ങവെ വല്ലാതെ തളർന്നിരുന്നു അവൾ. ബോംബിങ്ങ് നടക്കുന്നത് അല്പം ദൂരെയാണിപ്പോൾ. എങ്കിലും ആക്രമണം നടന്നതിന്റെ അടയാളങ്ങൾ ഇവിടെയും കാണാനുണ്ട്. ടയറുകൾക്കടിയിൽ ചില്ലുകൾ ഞെരിയുന്ന ശബ്ദം കേൾക്കാൻ പറ്റുന്നുണ്ട്. തെരുവിന്റെ പേര് എഴുതിയിരിക്കുന്ന ബോർഡ് അവൾ കണ്ടു – ഹേസ്റ്റൻ പ്ലെയ്സ് – ആ തെരുവിലെ പത്താം നമ്പർ കെട്ടിടത്തിന് മുന്നിൽ ക്രെയ്ഗ് കാർ നിർത്തി. ജോർജിയൻ ശൈലിയിൽ മട്ടുപ്പാവുള്ള മനോഹരമായ ഒരു കെട്ടിടം.
“എവിടെയാണ് നമ്മൾ…?” ജെനവീവ് ചോദിച്ചു.
“ബേക്കർ സ്ട്രീറ്റിലെ SOE ഹെഡ്ക്വാർട്ടേഴ്സിലേക്ക് പത്ത് മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളൂ ഇവിടെ നിന്ന്… എന്റെ ബോസിന് ഈ കെട്ടിടത്തിലെ മുകളിലത്തെ നിലയിൽ ഒരു ഫ്ലാറ്റുണ്ട്… ഇവിടെയാവുമ്പോൾ കുറച്ചുകൂടി സ്വകാര്യതയുണ്ടാവുമെന്ന് അദ്ദേഹം കരുതുന്നു…”
“ശരി, നിങ്ങൾ പറയുന്ന ഈ ബോസ് ആരാണ്…?”
“ബ്രിഗേഡിയർ ഡോഗൽ മൺറോ…”
“അതൊരു അമേരിക്കൻ പേര് പോലെ തോന്നുന്നില്ലല്ലോ…” അവൾ പറഞ്ഞു.
അദ്ദേഹം അവൾക്ക് കാറിന്റെ ഡോർ തുറന്നു കൊടുത്തു. “എന്തു തന്നെയായാലും ഏറ്റുവാങ്ങാൻ തയ്യാറായിരിക്കാം നമുക്ക്, മിസ് ട്രെവോൺസ്… വരൂ, മുകളിലേക്ക് പോകാം…”
അവളെയും കൂട്ടി പടികൾ കയറി മുകളിലത്തെ നിലയിലെത്തിയ അദ്ദേഹം വാതിലിനരികിലെ കോളിങ്ങ് ബെല്ലിൽ വിരലമർത്തി.
(തുടരും)
അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...
എന്തായാലും ഒരു നല്ല കാര്യം സംഭവിച്ചു. കൊലകൾക്കിടക്ക് ഒരു നല്ല കാര്യം.......!
ReplyDeleteഎല്ലാവരുടെ ഉള്ളിലും അല്പം മനുഷ്യത്വം ബാക്കിയുണ്ടാവുമെന്ന് തോന്നുന്നു...
Deleteയുദ്ധത്തിൻ്റെ ഭീകരത..
ReplyDelete"നിങ്ങൾ മിലിട്ടറിയല്ല, മിസ്റ്റർ ചർച്ചിൽ ആണെങ്കിൽ പോലും ഇപ്പോൾ അണ്ടർഗ്രൗണ്ട് സ്റ്റേഷനിൽ പോയേ തീരൂ". വേണമല്ലോ..
അതെ... സേഫ്റ്റി ഫസ്റ്റ് എന്നല്ലേ പ്രമാണം...
Delete"ഇതാണ് എല്ലാവരും പുകഴ്ത്തുന്ന മഹത്തായ യുദ്ധം…"
ReplyDeleteഎക്കാലത്തും എല്ലായിടത്തും ഒന്നുമറിയാത്ത പിഞ്ചുകുഞ്ഞുങ്ങളും ഇരകളാവുന്നു 😔😔
യുദ്ധങ്ങളുടെ നിരർത്ഥകത... അതാണ് എന്നും ജാക്ക് ഹിഗ്ഗിൻസ് ഉയർത്തിപ്പിടിക്കുന്നത്...
Deleteനായകൻ കൊള്ളാം.
ReplyDeleteഎന്നാലും യുദ്ധം കൊള്ളില്ല
അതെ... നമ്മളൊന്നും അതിന്റെ ദുരന്തം അറിഞ്ഞിട്ടില്ല...
Delete