Tuesday, August 27, 2024

കോൾഡ് ഹാർബർ - 06


കൃഷിയിടത്തിലെ ധാന്യപ്പുരയുടെയുള്ളിൽ റോൾസ് റോയ്സ് പാർക്ക് ചെയ്തിട്ട് കാര്യങ്ങൾ അന്വേഷിക്കാനായി റിനേ പുറത്തേക്ക് പോയി. ഓസ്ബോൺ തന്റെ കോട്ട് ഊരി മാറ്റിയിട്ട് ഷർട്ടിന്റെ രക്തത്തിൽ കുതിർന്നിരുന്ന കൈ വലിച്ചു കീറിക്കളഞ്ഞു.

 

ആൻ മേരി അദ്ദേഹത്തിന്റെ കൈയിലെ മുറിവ് പരിശോധിച്ചു. “അത്ര ഗുരുതരമല്ല ഭാഗ്യത്തിന് വെടിയുണ്ട തുളഞ്ഞ് കയറിയിട്ടില്ല മാംസം ചീന്തിപ്പോയതേയുള്ളൂ എന്തായാലും ഡോക്ടറെ കാണിക്കണം, അത് മറക്കണ്ട

 

ഒരു ചെറിയ കെട്ട് തുണിയുമായി റിനേ തിരിച്ചെത്തി. വെളുത്ത ഒരു തുണിയെടുത്ത് അയാൾ ഏതാണ്ട് നാലിഞ്ച് വീതിയിൽ കീറുവാൻ തുടങ്ങി.

 

“ഇതുകൊണ്ട് അദ്ദേഹത്തിന്റെ കൈയിൽ ബാൻഡേജിട്ടോളൂ” അയാൾ ആൻ മേരിയോട് പറഞ്ഞു.

 

ആൻ മേരി ആ ജോലിയിലേക്ക് കടക്കവെ ഓസ്ബോൺ റിനേയോട് ചോദിച്ചു. “പോയ കാര്യം എന്തായി?”

 

“ആ ജൂൾ മാത്രമേ ഇപ്പോൾ ഇവിടെയുള്ളൂ എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പുറത്തു കടക്കാനാണ് അയാൾ പറയുന്നത്” റിനേ പറഞ്ഞു. “ഈ ഡ്രസ്സ് അണിഞ്ഞിട്ട് ആ യൂണിഫോം ഇങ്ങ് തരൂ അയാളുടെ അടുപ്പിലിട്ട് കത്തിച്ചു കളഞ്ഞോളും പിന്നെ, ഗ്രാൻഡ് പിയറിന്റെ സന്ദേശമുണ്ടായിരുന്നു ലണ്ടനുമായി റേഡിയോ ബന്ധം പുലർത്തിയിരുന്നു അദ്ദേഹം ഇന്ന് രാത്രി ലിയോൺ തീരത്ത് പുറം‌കടലിൽ നിന്നും ഒരു ടോർപിഡോ ബോട്ടിൽ താങ്കളെ പിക്ക് ചെയ്യാനാണത്രെ പദ്ധതി പക്ഷേ, അദ്ദേഹത്തിന് വരാൻ സാധിക്കില്ലെന്നും പകരം തന്റെ സഹപ്രവർത്തകൻ ബ്ലേരിയോയെ അയയ്ക്കാമെന്നുമാണ് പറഞ്ഞത് എനിക്ക് പരിചയമുണ്ട് അയാളെ നല്ല മനുഷ്യനാണ്

 

ഓസ്ബോൺ കാറിന്റെ മറുഭാഗത്തേക്ക് ചെന്ന് യൂണിഫോം അഴിച്ചു മാറ്റി റിനേ കൊണ്ടുവന്ന വസ്ത്രങ്ങൾ അണിഞ്ഞു. ഒരു തുണിത്തൊപ്പിയും പഴക്കം ചെന്ന ഒരു കോർഡുറോയ് ജാക്കറ്റും ട്രൗസേഴ്സും പൊളിഞ്ഞു തുടങ്ങിയ ബൂട്ട്സും ആയിരുന്നു വേഷം. തന്റെ വാൾട്ടർ പിസ്റ്റൾ പോക്കറ്റിൽ തിരുകിയിട്ട്, അഴിച്ചു മാറ്റിയ യൂണിഫോം റിനേയുടെ കൈയിൽ കൊടുത്തു. അയാൾ അതുമായി തിരികെ പോയി.

 

“ഈ വേഷത്തിൽ എങ്ങനെ? കൊള്ളാമോ?” ഓസ്ബോൺ ആൻ മേരിയോട് ചോദിച്ചു.

 

അവൾ ഉച്ചത്തിൽ പൊട്ടിച്ചിരിച്ചുപോയി. “മൂന്നു നാൾ വളർച്ചയുള്ള താടിരോമവും ഒക്കെയായി ഈ വേഷത്തിൽ കൊള്ളാമോയെന്ന് പക്ഷേ, സത്യം പറയാമല്ലോ, എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴും നിങ്ങൾക്കൊരു ആഢ്യൻ ലുക്ക് ഒക്കെയുണ്ട്

 

“അതു മതി ആശ്വാസമായി

 

തിരിച്ചെത്തിയ റിനേ ഡ്രൈവർ സീറ്റിൽ കയറിയിരുന്നു. “നമുക്ക് പോകാൻ നോക്കാം മദാം ഒരു മണിക്കൂറെങ്കിലും വേണം അവിടെയെത്താൻ

 

അവൾ സീറ്റിനടിയിലെ ഫ്ലാപ്പ് താഴോട്ട് വലിച്ചു. “നല്ല കുട്ടിയായി ഇതിനടിയിൽ കയറിക്കിടക്കൂ” അവൾ ഓസ്ബോണിനോട് പറഞ്ഞു.

 

സീറ്റിനടിയിലേക്ക് കയറിക്കിടന്നിട്ട് ക്രെയ്ഗ് അവൾക്ക് നേരെ എത്തി നോക്കി. “അങ്ങനെ എന്റെ ഈ ദൗത്യം പൂർണ്ണമാകുന്നു നാളെ രാത്രി ലണ്ടനിൽ സവോയ് ഹോട്ടലിൽ ഡിന്നർ കരോൾ ഗിബ്സൺസിന്റെ ഗാനവും ഒപ്പം ചുവട് വയ്ക്കുന്ന പെൺകിടാങ്ങളും

 

സീറ്റിന്റെ ഫ്ലാപ്പ് വലിച്ച് മുകളിലേക്ക് കൊളുത്തിയിട്ട് അവൾ കാറിനുള്ളിൽ കയറി. റിനേ കാർ മുന്നോട്ടെടുത്തു.

 

                                                         ***

 

ചെറിയ ഒരു തീരദേശ ഗ്രാമമായിരുന്നു ലിയോൺ. മത്സ്യബന്ധനമാണ് തദ്ദേശീയരുടെ പ്രധാന തൊഴിൽ. ഒരു കടൽപ്പാലം പോലുമില്ലാത്തതിനാൽ ബീച്ചിൽത്തന്നെ കയറ്റിയിട്ടിരിക്കുകയാണ് അവരുടെ ബോട്ടുകൾ. ചെറിയൊരു ബാറിൽ നിന്നും ഒഴുകിയെത്തുന്ന അക്കോഡിയൻ സംഗീതത്തിന്റെ നേർത്ത അലകൾ മാത്രമാണ് അവിടെ ആൾപ്പെരുമാറ്റം ഉണ്ടെന്നതിന്റെ ഏക സൂചന. ഉപയോഗശൂന്യമായി നിലകൊള്ളുന്ന ലൈറ്റ്‌ഹൗസിന് അരികിലൂടെയുള്ള പരുക്കൻ പാതയിലൂടെ ആ ചെറിയ ബീച്ച് ലക്ഷ്യമാക്കി റിനേ ഡ്രൈവ് ചെയ്തു. കനത്ത മൂടൽമഞ്ഞ് കടലിൽ നിന്നും കരയിലേക്ക് കയറി വരുന്നുണ്ടായിരുന്നു. ഏതോ കപ്പലിന്റെ ഏകാന്തമായ ഫോഗ്‌ഹോൺ ദൂരെയെവിടെയോ മുഴങ്ങി. കാർ നിർത്തി കൈയിൽ ഒരു ടോർച്ചുമായി റിനേ ദിസ്സാർ പുറത്തിറങ്ങി കടൽത്തീരത്തേക്ക് നടന്നു.

 

“നീ അങ്ങോട്ട് വരണമെന്നില്ല ഷൂവിൽ ചെളിയാകും കാറിൽത്തന്നെ ഇരുന്നോളൂ” ക്രെയ്ഗ് ഓസ്ബോൺ ആൻ മേരിയോട് പറഞ്ഞു.

 

ഷൂസ് ഊരി കാറിനുള്ളിൽ ഇട്ടിട്ട് അവൾ പുറത്തിറങ്ങി. “നിങ്ങൾ പറഞ്ഞത് ശരിയാണ് എന്തായാലും എന്റെ നാസി സുഹൃത്തുക്കളോട് നന്ദി പറയാതിരിക്കാനാവില്ല ആവശ്യത്തിലധികം സിൽക്ക് സ്റ്റോക്കിങ്ങ്സ് എനിക്ക് എത്തിച്ചു തന്നിട്ടുണ്ടവർ നമ്മുടെ സൗഹൃദത്തിന് വേണ്ടി അതിലൊന്ന് ചീത്തയാക്കുന്നതിൽ ഒരു നഷ്ടവുമില്ല

 

റിനേ പോയ ഇടം ലക്ഷ്യമാക്കി നടന്നു തുടങ്ങിയ ഓസ്ബോണിനൊപ്പമെത്തി അവൾ അദ്ദേഹത്തിന്റെ കരം കവർന്നു. “സൗഹൃദം?” ക്രെയ്ഗ് ചോദിച്ചു. “എന്റെ ഓർമ്മ ശരിയാണെങ്കിൽ, നമ്മൾ പാരീസിൽ ആയിരുന്നപ്പോൾ അതിനുമപ്പുറം ആയിരുന്നല്ലോ

 

“അതൊക്കെ ഒരു കാലം മറക്കുന്നതാണ് നല്ലത്, ഡാർലിങ്ങ്

 

അവൾ അദ്ദേഹത്തിന്റെ കൈയിലെ പിടി മുറുക്കി. മുറിവിന്റെ വേദനയാൽ അദ്ദേഹം ചെറുതായൊന്നു ഞരങ്ങി. ആൻ മേരി തല ചരിച്ച് അദ്ദേഹത്തെ നോക്കി. “ആർ യൂ ഓൾറൈറ്റ്?”

 

“നാശം, ഈ കൈ വേദനിച്ചു തുടങ്ങിയിട്ടുണ്ട്

 

പതിഞ്ഞ സംസാരം കേട്ട് ഇരുവരും നടത്തം നിർത്തി. റിനേയും ഒരു അപരിചിതനും കൂടി ചെറിയ ഒരു ഡിങ്കിബോട്ടിന് സമീപം നിൽക്കുന്നുണ്ടായിരുന്നു. അതിന്റെ പിൻഭാഗത്ത് ഒരു ഔട്ട്ബോർഡ് എഞ്ചിനും വച്ചിട്ടുണ്ട്.

 

“ഇതാണ് ഞാൻ നേരത്തെ പറഞ്ഞ ബ്ലേരിയോ” റിനേ പറഞ്ഞു.

 

“മദാം” സല്യൂട്ട് നൽകി അയാൾ ആൻ മേരിയെ അഭിവാദ്യം ചെയ്തു.

 

“ഇതാണല്ലേ ആ ബോട്ട്?” ക്രെയ്ഗ് ചോദിച്ചു. “ഇതും കൊണ്ട് ഞാൻ എന്ത് ചെയ്യണമെന്നാണ് പറയുന്നത്?”

 

“പിക്കപ്പ് പോയിന്റിന് അടുത്തെത്തുമ്പോൾ താങ്കൾക്ക് ഗ്രോസ്നെസ് ലൈറ്റ് കാണുവാൻ സാധിക്കും മൊസ്യേ

 

“ഈ മൂടൽമഞ്ഞിലോ?”

 

“മഞ്ഞ് കടൽനിരപ്പിൽ മാത്രമേയുള്ളൂ” ബ്ലേരിയോ ചുമൽ വെട്ടിച്ചു. “മാത്രമല്ല, ഞാനിതിൽ ഒരു സിഗ്നലിങ്ങ് ലാമ്പും ഘടിപ്പിച്ചിട്ടുണ്ട് കൂടാതെ, ഇതും കൂടിയുണ്ട്” പോക്കറ്റിൽ നിന്നും ഒരു ലൂമിനസ് സിഗ്നൽ ബോൾ എടുത്തു കാണിച്ചുകൊണ്ട് അയാൾ പറഞ്ഞു. “SOE യുടെ സപ്ലൈ ആണിത് വെള്ളത്തിൽ വീണാലും പ്രവർത്തിക്കും

 

“കാലാവസ്ഥ കണ്ടിട്ട് ഞാൻ കടലിൽ മുങ്ങുന്ന ലക്ഷണമാണ് കാണുന്നത്” ആക്രാന്തത്തോടെ കരയിലേക്കടിച്ചു കയറുന്ന തിരമാലകളെ നോക്കിക്കൊണ്ട് ക്രെയ്ഗ് പറഞ്ഞു.

 

ബ്ലേരിയോ ഡിങ്കിയിൽ നിന്നും ഒരു ലൈഫ്ജാക്കറ്റ് എടുത്ത് അദ്ദേഹത്തെ അണിയുവാൻ സഹായിച്ചു. “താങ്കൾക്ക് മുന്നിൽ വേറെ മാർഗ്ഗമില്ല മൊസ്യേ പോയേ തീരൂ താങ്കളെ പിടികൂടാനായി ഈ ബ്രിറ്റനി മുഴുവൻ അവർ സെർച്ച് ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് ഗ്രാൻഡ് പിയർ പറഞ്ഞത്

 

ബ്ലേരിയോ അദ്ദേഹത്തിന്റെ ലൈഫ്ജാക്കറ്റിന്റെ സ്ട്രാപ്പ് കെട്ടിക്കൊടുത്തു. “ആരെയെങ്കിലും അവർ തടവുകാരായി പിടികൂടിയിട്ടുണ്ടോ?” ക്രെയ്ഗ് ഓസ്ബോൺ ചോദിച്ചു.

 

“തീർച്ചയായും മേയറെയും ഫാദർ പോളിനെയും അടക്കം സെന്റ് മോറിസിൽ നിന്നും പത്തു പേരെ പിടിച്ചുകൊണ്ടുപോയി പിന്നെ കൃഷിയിടങ്ങളുടെ പരിസരത്ത് നിന്നും വേറെ പത്തു പേരെയും

 

“മൈ ഗോഡ്!” ക്രെയ്ഗ് മന്ത്രിച്ചു.

 

ഒരു സിഗരറ്റിന് തീ കൊളുത്തി ആൻ മേരി അദ്ദേഹത്തിന് നൽകി. “ദി നെയിം ഓഫ് ദി ഗെയിം, ലവർ അത് നമുക്ക് രണ്ടുപേർക്കും അറിയാം നിങ്ങളെ സംബന്ധിക്കുന്ന വിഷയമേയല്ല അത്

 

“നീ പറഞ്ഞത് ഉൾക്കൊള്ളാനായെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു” അദ്ദേഹം അവളോട് പറഞ്ഞു. റിനേയും ബ്ലേരിയോയും ചേർന്ന് ആ ഡിങ്കി തള്ളി വെള്ളത്തിലേക്കിറക്കി. ശേഷം ബ്ലേരിയോ അതിനുള്ളിൽ കയറി ഔട്ട്ബോർഡ് എഞ്ചിൻ സ്റ്റാർട്ട് ചെയ്തിട്ട് പുറത്തിറങ്ങി.

 

ക്രെയ്ഗിന് ഒരു ചുടുചുംബനം നൽകിയിട്ട് ആൻ മേരി പറഞ്ഞു. “ഒരു നല്ല കുട്ടിയായി പെട്ടെന്ന് പോകാൻ നോക്കൂ അവിടെ ചെന്നിട്ട് കരോൾ ഗിബ്സൺസിനോട് എന്റെ അന്വേഷണവും പറഞ്ഞേക്കൂ

 

ഡിങ്കിയ്ക്കുള്ളിൽ കയറി എഞ്ചിന്റെ റഡ്ഡറിൽ കൈ വച്ചിട്ട് ക്രെയ്ഗ് തിരിഞ്ഞു. “പിക്ക് ചെയ്യാൻ മോട്ടോർ ടോർപിഡോ ബോട്ട് വരുമെന്നല്ലേ പറഞ്ഞത്?” അദ്ദേഹം ബ്ലേരിയോയോട് ചോദിച്ചു.

 

“അല്ലെങ്കിൽ ഗൺബോട്ട് ബ്രിട്ടീഷ് നേവിയുടെ അല്ലെങ്കിൽ സ്വതന്ത്ര ഫ്രഞ്ച് സേനയുടെയോ  ഏതെങ്കിലും ഒന്ന് അവരവിടെ ഉണ്ടാവും മൊസ്യേ ഒരിക്കലും അവർ ഞങ്ങളെ നിരാശപ്പെടുത്തിയിട്ടില്ല

 

“റിനേ, ആൻ മേരിയെ നോക്കിക്കൊള്ളണേ” ഇരുവരും ചേർന്ന് ആ ഡിങ്കിയെ ആഞ്ഞടിക്കുന്ന തിരമാലകൾക്ക് മുകളിലേക്ക് തള്ളി വിടവെ ക്രെയ്ഗ് വിളിച്ചു പറഞ്ഞു. ആ ചെറിയ ഔട്ട്ബോർഡ് എഞ്ചിന്റെ ശക്തിയിൽ ഡിങ്കി പുറംകടലിലേക്ക് കുതിച്ചു.  

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Wednesday, August 21, 2024

കോൾഡ് ഹാർബർ - 05



താഴ്ന്ന് കിടക്കുന്ന മരച്ചില്ലകൾ മുഖത്ത് തട്ടാതിരിക്കാൻ ഇരുകൈകളും ഉയർത്തി മറയാക്കി പിടിച്ചു കൊണ്ട് ക്രെയ്ഗ് ഓസ്ബോൺ അതിവേഗം ഓടി. ഒന്നോർത്താൽ ഇങ്ങനെ ഓടിയിട്ടും വലിയ കാര്യമൊന്നുമില്ല. വാഹനമൊന്നും ഇല്ലാത്ത ഈ മലമ്പ്രദേശത്തു കൂടി ഓടിയിട്ട് എങ്ങോട്ട് എത്തിപ്പെടാൻ തന്നെ പിക്ക് ചെയ്യാനുള്ള ലൈസാൻഡർ വിമാനത്തിനടുത്ത് എത്താമെന്ന ഒരു പ്രതീക്ഷയുമില്ല ഇപ്പോൾ. ഒരു ഊരാക്കുടുക്കിലാണ് താൻ അകപ്പെട്ടിരിക്കുന്നതെന്ന് പറയാം. ഡീട്രിച്ചിനെ കൊലപ്പെടുത്താൻ സാധിച്ചു എന്നത് മാത്രമാണ് ഏക ആശ്വാസം.

 

താഴ്‌വാരത്ത് ഒരു റോഡ് കാണാനുണ്ട്. അതിനപ്പുറം വീണ്ടും വനം തന്നെ. മരക്കൂട്ടങ്ങൾക്ക് ഇടയിലൂടെ അതിവേഗം താഴോട്ടിറങ്ങിയ ഓസ്ബോൺ കാലിടറി ചെറിയൊരു കുഴിയിലേക്ക് വീണു. അവിടെ നിന്നും ചാടിയെഴുന്നേറ്റ അദ്ദേഹം ഓട്ടം തുടർന്നു. റോഡിനരികിലെത്തിയ അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളവിനപ്പുറത്തു നിന്നും പാഞ്ഞെത്തിയ ഒരു റോൾസ് റോയ്സ് ലിമോസിൻ അരികിൽ വന്ന് ബ്രേക്ക് ചെയ്തു.

 

യൂണിഫോമണിഞ്ഞ്,  ഒരു കണ്ണിന് മേലെ കറുത്ത പാഡ് ധരിച്ച റിനേ ദിസ്സാർ ആയിരുന്നു ഡ്രൈവർ സീറ്റിൽ. പിന്നിലെ ഡോർ തുറന്ന് ആൻ മേരി പുറത്തേക്ക് എത്തി നോക്കി. “എന്താണിത് ക്രെയ്ഗ്, വീണ്ടും ഹീറോ കളിക്കുകയാണോ നിങ്ങൾ? നിങ്ങൾക്കൊരു മാറ്റവുമില്ല അല്ലേ? വന്ന് കാറിൽ കയറൂ പെട്ടെന്നിവിടെ നിന്ന് പുറത്ത് കടക്കാൻ നോക്കാം

 

                                                    ***

 

റോൾസ് റോയ്സ് മുന്നോട്ട് നീങ്ങവെ അദ്ദേഹത്തിന്റെ യൂണിഫോമിന്റെ കൈ രക്തത്തിൽ കുതിർന്നിരിക്കുന്നത് കണ്ട ആൻ മേരി ചോദിച്ചു. “വലിയ മുറിവാണോ?”

 

“എന്ന് തോന്നുന്നില്ല” ഓസ്ബോൺ കർച്ചീഫ് എടുത്ത് പരിക്കേറ്റ ഭാഗത്തേക്ക് തിരുകി വച്ചു. “അല്ല, നീ എന്തു ചെയ്യുകയാണ് ഇവിടെ?”

 

“ഗ്രാൻഡ് പിയർ വിളിച്ചിരുന്നു പതിവ് പോലെ ഫോണിൽ ഇതുവരെയും അയാളെ നേരിൽ കാണാൻ സാധിച്ചിട്ടില്ല

 

“ഞാൻ കണ്ടിട്ടുണ്ട്” ക്രെയ്ഗ് പറഞ്ഞു. “അയാളെ നേരിൽ കാണുമ്പോൾ ഞെട്ടാൻ തയ്യാറായി ഇരുന്നോളൂ

 

“അങ്ങനെയാണോ? നിങ്ങളെ പിക്ക് ചെയ്യാനുള്ള ലൈസാൻഡർ ഇനിയും പുറപ്പെട്ടിട്ടില്ല എന്നാണ് അയാൾ പറഞ്ഞത് അറ്റ്‌ലാന്റിക്കിൽ നിന്നും കനത്ത മഞ്ഞും മഴയും കരയിലേക്ക് നീങ്ങുന്നുണ്ടെന്നാണ് വെതർ സ്റ്റേഷന്റെ അറിയിപ്പ് ഇക്കാര്യം നിങ്ങളെ അറിയിക്കാനായി ഫാമിൽ കാത്തു നിൽക്കാനായിരുന്നു എനിക്ക് കിട്ടിയ നിർദ്ദേശം എന്തുകൊണ്ടോ, ഈ ദൗത്യം വിജയിക്കുമോയെന്ന് തുടക്കം മുതൽക്കേ എനിക്ക് ആശങ്കയുണ്ടായിരുന്നു അതുകൊണ്ട് തന്നെ ആ പരിസരത്ത് വന്ന് നേരിൽ കാണാൻ ഞാൻ തീരുമാനിച്ചു ഗ്രാമത്തിന്റെ മറുഭാഗത്ത് എത്തിയതേ ഉണ്ടായിരുന്നുള്ളൂ ഞങ്ങൾ.  അപ്പോഴാണ് വെടിയൊച്ച കേട്ടതും കുന്നിൻമുകളിലേക്ക് നിങ്ങൾ ഓടിക്കയറുന്നത് കണ്ടതും

 

“എന്റെ ഭാഗ്യം” ഓസ്ബോൺ പറഞ്ഞു.

 

“അതെ കാരണം ഇത് എന്റെ തീരുമാനമായിരുന്നില്ല റിനേയാണ് പറഞ്ഞത് നിങ്ങൾ ഈ വഴി ഇറങ്ങി വരാൻ സാദ്ധ്യതയുണ്ടെന്ന്

 

ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അവൾ കാലിന്മേൽ കാൽ കയറ്റി വച്ച് ഇരുന്നു. അലുക്കുകളുള്ള വൈറ്റ് ബ്ലൗസും ബ്ലാക്ക് സ്യൂട്ടും സിൽക്ക് സ്റ്റോക്കിങ്ങ്സും അണിഞ്ഞ അവൾ പതിവ് പോലെ മനോഹരിയായി കാണപ്പെട്ടു. ഭംഗിയായി വെട്ടിയൊതുക്കി നെറ്റിത്തടത്തിലേക്ക് വീണുകിടക്കുന്ന കറുത്ത തലമുടി. ഉയർന്ന കവിളെല്ലുകളും അല്പം നീണ്ട താടിയെല്ലും ഒരു പ്രത്യേക ആകർഷണം തീർക്കുന്നു.

 

“എന്താണ് ഇത്ര തുറിച്ചു നോക്കാൻ?” തെല്ല് ശുണ്ഠിയോടെ അവൾ ചോദിച്ചു.

 

“നിന്നെത്തന്നെ” അദ്ദേഹം പറഞ്ഞു. “ലിപ്‌സ്റ്റിക്ക് അല്പം കൂടിപ്പോയി എന്നതൊഴിച്ചാൽ സുന്ദരി തന്നെ

 

“വായടച്ച് വച്ച് ആ സീറ്റിനടിയിൽ കയറി കിടക്കാൻ നോക്ക്” അവൾ പറഞ്ഞു.

 

അവൾ തന്റെ കാലുകൾ ഒരു വശത്തേക്ക് ഒതുക്കി വച്ചു. ക്രെയ്ഗ് സീറ്റിനടിയിലെ ഫ്ലാപ്പ് താഴോട്ട് വലിച്ച് താഴ്ത്തി. സീറ്റിനടിയിലേക്ക് വലിഞ്ഞ് കയറി കിടന്നതിന് ശേഷം അദ്ദേഹം ആ ഫ്ലാപ്പ് പൂർവ്വസ്ഥിതിയിലേക്ക് വലിച്ചു വച്ചു. ഒരു നിമിഷം കഴിഞ്ഞ് ഒരു വളവ് തിരിഞ്ഞ് അവരെത്തിയത് റോഡ് ബ്ലോക്ക് ചെയ്ത് കിടക്കുന്ന ഒരു ക്യൂബൽവാഗണിന്റെ മുന്നിലേക്കായിരുന്നു. അര ഡസനോളം SS സേനാംഗങ്ങൾ അതിനരികിൽ നിൽക്കുന്നുണ്ട്.

 

“സംശയം തോന്നാത്ത വിധത്തിൽ സ്ലോ ചെയ്ത് നിർത്തിക്കോളൂ റിനേ” അവൾ പറഞ്ഞു.

 

“എന്തെങ്കിലും പ്രശ്നമുണ്ടോ?” സീറ്റിനടിയിൽ നിന്നും പതിഞ്ഞ സ്വരത്തിൽ ക്രെയ്ഗ് ഓസ്ബോൺ ചോദിച്ചു.

 

“ഏയ്, ഒന്നും പേടിക്കാനില്ല ആ ഓഫീസറെ എനിക്ക് പരിചയമുണ്ട് കുറച്ചു കാലം ഞങ്ങളുടെ കൊട്ടാരത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്നയാളാണ്

 

അവർക്കരികിൽ എത്തിയതും റിനേ ദിസ്സാർ ആ റോൾസ് റോയ്സ് നിർത്തി. ചെറുപ്പക്കാരനായ ഒരു ലെഫ്റ്റനന്റ് കൈയിൽ പിസ്റ്റളുമായി മുന്നോട്ട് വന്നു. അവളെ കണ്ടതും പ്രസന്നവദനനായി അയാൾ പിസ്റ്റൾ ഉറയിലിട്ടു. “മദ്മോയ്സെൽ ട്രെവോൺസ് അപ്രതീക്ഷിതമായിട്ടാണല്ലോ കണ്ടതിൽ വളരെ സന്തോഷം

 

“ലെഫ്റ്റനന്റ് ഷുൾട്സ്” ഡോർ തുറന്ന് അവൾ നീട്ടിയ കൈയിൽ അയാൾ മുത്തം നൽകി. “എന്താണിവിടെ റോഡ് ബ്ലോക്ക് ചെയ്തിരിക്കുന്നത്?”

 

“ഒരു ഭീകരാക്രമണം നടന്നിരിക്കുന്നു അല്പം മുമ്പ് സെന്റ് മോറിസിൽ വച്ച് ജനറൽ ഡീട്രിച്ചിന് ഒരു തീവ്രവാദിയുടെ വെടിയേറ്റു

 

“വെടിയൊച്ച ഞാനും കേട്ടിരുന്നു ആ ഭാഗത്ത് നിന്ന്” അവൾ പറഞ്ഞു. “എന്നിട്ട്, ജനറലിന് ഇപ്പോൾ എങ്ങനെയുണ്ട്?”

 

“കൊല്ലപ്പെട്ടു, മദ്മോയ്സെൽ” ഷുൾട്സ് പറഞ്ഞു. “മൃതശരീരം ഞാൻ നേരിൽ കണ്ടു ഭീഭത്സം എന്നേ പറയാനാവൂ ദേവാലയത്തിൽ കുമ്പസരിക്കുമ്പോഴാണ് കൊലപ്പെടുത്തിയത്” അയാൾ തലയാട്ടി. “ഇതുപോലത്തെ മനുഷ്യരുമുണ്ടല്ലോ ഈ ലോകത്ത് എന്നോർക്കുമ്പോൾ വിശ്വസിക്കാനാവുന്നില്ല

 

“നിങ്ങളുടെ ദുഃഖത്തിൽ പങ്കു ചേരുന്നു” സഹതാപപൂർവ്വം അവൾ അയാളുടെ കൈയിൽ അമർത്തി. “സമയം കിട്ടുമ്പോൾ ഞങ്ങളുടെ കൊട്ടാരത്തിലേക്ക് വരൂ പ്രഭ്വിയ്ക്ക് നിങ്ങളെ ഏറെ ഇഷ്ടമായിരുന്നു നിങ്ങൾ പോയതിൽ ശരിയ്ക്കും സങ്കടമുണ്ടായിരുന്നു ഞങ്ങൾക്ക്

 

ഷുൾട്സിന്റെ മുഖം ചുവന്ന് തുടുത്തു. “പ്രഭ്വിയോട് എന്റെ അന്വേഷണം പറയൂ നിങ്ങളുടെ യാത്രയ്ക്ക് തടസ്സമുണ്ടാക്കിയതിൽ ക്ഷമ ചോദിക്കുന്നു

 

അയാൾ തന്റെ സഹപ്രവർത്തകർക്ക് ഉച്ചത്തിൽ നിർദ്ദേശം നൽകി. അവരിലൊരാൾ ആ ക്യൂബൽവാഗൺ പിറകോട്ടെടുത്തു. ഷുൾട്സ് ആൻ മേരിയ്ക്ക് സല്യൂട്ട് നൽകി. റിനേ ദിസ്സാർ വാഹനം മുന്നോട്ടെടുത്ത് ഓടിച്ചുപോയി.

 

“പതിവ് പോലെ, എവിടെ പോയാലും ചെകുത്താന്റെ ഭാഗ്യമാണ് മദാമിനോടൊപ്പമുള്ളത്” റിനേ പറഞ്ഞു. ആൻ മേരി ട്രെവോൺസ് വീണ്ടും ഒരു സിഗരറ്റിന് തീ കൊളുത്തി. സീറ്റിനടിയിൽ നിന്നും ക്രെയ്ഗ് ഓസ്ബോൺ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. “നിങ്ങൾക്ക് തെറ്റു പറ്റി സുഹൃത്തേ ഇവൾ തന്നെയാണ് ആ ചെകുത്താൻ

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...



Thursday, August 15, 2024

കോൾഡ് ഹാർബർ - 04

അദ്ധ്യായം – രണ്ട്

 

അധിനിവേശ ഫ്രാൻസിലുള്ള സെന്റ് മോറിസ് ഗ്രാമത്തിലെ ദേവാലയത്തിന് സമീപം എത്തിയ നേരത്താണ് ഒന്നിലധികം റൈഫിളുകളിൽ നിന്നും ഒരേ സമയം വെടിയുതിരുന്ന ശബ്ദം ക്രെയ്ഗ് ഓസ്ബോൺ കേട്ടത്. ബീച്ച് മരങ്ങളുടെ ശാഖകളിൽ നിന്നും ഒരു കൂട്ടം കാക്കകൾ കലപില ശബ്ദം കൂട്ടിക്കൊണ്ട് പറന്നുയർന്നു. ജീപ്പിന് സമാനമായി ജർമ്മൻ ആർമി ഉപയോഗിച്ചു വരുന്ന ക്യൂബൽവാഗൺ ആയിരുന്നു അദ്ദേഹം ഡ്രൈവ് ചെയ്തിരുന്നത്. ഏത് ദുർഘടമായ പ്രതലത്തിലൂടെയും ഓടിക്കാൻ പറ്റുന്ന വാഹനം. സെമിത്തേരിയുടെ കമാനാകൃതിയിലുള്ള കവാടത്തിന് സമീപം പാർക്ക് ചെയ്തിട്ട് അദ്ദേഹം പുറത്തിറങ്ങി. SS സായുധസേനയിലെ സ്റ്റാൻഡർടൻഫ്യൂറർമാരുടെ ഗ്രേ നിറത്തിലുള്ള പ്രൗഢഗംഭീരമായ ഫീൽഡ് യൂണിഫോം ആയിരുന്നു അദ്ദേഹത്തിന്റെ വേഷം.

 

ചെറിയ ചാറ്റൽമഴ ഉണ്ടായിരുന്നതിനാൽ അദ്ദേഹം പിൻസീറ്റിൽ കിടന്നിരുന്ന ലെതറിന്റെ കറുത്ത ഗ്രേറ്റ് കോട്ട് എടുത്തണിഞ്ഞു. മുന്നിലുള്ള ചത്വരത്തിൽ അസ്വാഭാവികമായി എന്തോ നടക്കുകയാണെന്ന് തോന്നുന്നു, ഏതാനും ഗ്രാമീണർ കൂട്ടം കൂടി നിൽക്കുന്നുണ്ട്. കൈകൾ പിറകിൽ കൂട്ടിക്കെട്ടിയ നിലിയിൽ നിസ്സഹായരായ രണ്ട് തടവുകാരുമായി നിൽക്കുന്ന ഒരു SS ഫയറിങ്ങ് സ്ക്വാഡിനെ അദ്ദേഹം ശ്രദ്ധിച്ചു. മൂന്നാമതൊരാൾ മതിലിനരികിൽ കല്ലുപാകിയ നിലത്ത് കമഴ്ന്നു കിടക്കുന്നു. ഇതെല്ലാം വീക്ഷിച്ചു കൊണ്ട് തെല്ലകലെ നിൽക്കുന്ന പൊലീസ് വേഷധാരിയായ ഗാർഡിനരികിലേക്ക് അദ്ദേഹം നടന്നു ചെന്നു. ഓസ്ബോൺ നോക്കി നിൽക്കവെ SS സേനയിലെ ജനറൽ റാങ്കിലുള്ളവർ ഉപയോഗിക്കുന്ന തരം ഇറക്കമുള്ള ഗ്രേറ്റ്കോട്ട് ധരിച്ച അല്പം പ്രായമുള്ള ഒരു ഓഫീസർ അവിടെയെത്തി. ശേഷം, ഉറയിൽ നിന്നും പിസ്റ്റൾ എടുത്ത് അല്പം കുനിഞ്ഞ്, നിലത്ത് കിടക്കുന്നയാളുടെ തലയുടെ പിൻഭാഗത്തേക്ക് നിറയൊഴിച്ചു.

 

“അത് ജനറൽ ഡീട്രിച്ച് ആണെന്ന് തോന്നുന്നു?” ശുദ്ധമായ ഫ്രഞ്ച് ഭാഷയിൽ ഓസ്ബോൺ ആ ഗാർഡിനോട് ചോദിച്ചു.

 

“അങ്ങേര് തന്നെ എല്ലാവരെയും തന്റെ കൈ കൊണ്ട് തന്നെ തീർത്താലേ അങ്ങേർക്ക് തൃപ്തിയാകൂ” മറുപടി പറഞ്ഞു കഴിഞ്ഞിട്ടാണ് അയാൾ തിരിഞ്ഞു നോക്കിയത്. ക്രെയ്ഗ് ഓസ്ബോണിന്റെ യൂണിഫോം കണ്ടതും അയാൾ കാലുകൾ അമർത്തിച്ചവിട്ടി അറ്റൻഷനായി നിന്നു. “ക്ഷമിക്കണം കേണൽ, ഞാൻ ഒന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല

 

“ഏയ്, അത് സാരമില്ല ഒന്നുമില്ലെങ്കിലും നമ്മളൊക്കെ ഒരേ നാട്ടുകാരല്ലേ” ഓസ്ബോൺ തന്റെ ഇടതു കൈയുടെ സ്ലീവ് ഉയർത്തിക്കാണിച്ചു. French Charlemagne Brigade, Waffen-SS എന്ന് ആലേഖനം ചെയ്തിരിക്കുന്ന കഫ് ടൈറ്റ്ൽ അപ്പോഴാണ് അയാൾ ശ്രദ്ധിച്ചത്.

 

“ഒരു സിഗരറ്റ് വലിക്കുന്നോ?” ഓസ്ബോൺ വെള്ളി നിറമുള്ള സിഗരറ്റ് കെയ്സ് അയാൾക്ക് നേരെ നീട്ടി. നിർവ്വികാരനായി അയാൾ അതിനുള്ളിൽ നിന്നും ഒരെണ്ണം എടുത്തു. ജർമ്മൻകാർക്ക് വേണ്ടി പ്രവർത്തിക്കുന്ന തന്റെ സ്വന്തം നാട്ടുകാരെക്കുറിച്ച് ഉള്ളിലുള്ള വികാരം എന്തായിരുന്നാലും അയാളത് പുറത്തു കാണിച്ചില്ല.

 

“ഇത് ഇവിടെ പതിവുള്ളതാണോ?” സിഗരറ്റിന് തീ കൊളുത്തിക്കൊടുത്തു കൊണ്ട് ഓസ്ബോൺ ചോദിച്ചു. തെല്ല് സംശയത്തോടെ നോക്കിയ അയാളെ പ്രോത്സാഹിപ്പിക്കുന്ന മട്ടിൽ ഓസ്ബോൺ തല കുലുക്കി. “ഉള്ളിലുള്ളത് എന്താണെന്ന് വച്ചാൽ പറയൂ സുഹൃത്തേ ഒരു പക്ഷേ, എന്റെ ഈ വേഷം നിങ്ങൾക്ക് ദഹിക്കുന്നുണ്ടാവില്ല എന്തൊക്കെയായാലും നമ്മൾ ഫ്രഞ്ചുകാരല്ലേ

 

അയാളുടെ മുഖത്ത് ദ്വേഷ്യവും സങ്കടവും നിസ്സഹായതയും എല്ലാം തെളിഞ്ഞു വന്നു. “ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ ഇവിടെ മാത്രമല്ല, മറ്റിടങ്ങളിലും കാപാലികനാണയാൾ

 

ഊഴം കാത്തു നിന്നിരുന്നവരിൽ ഒരാളെ ആ സൈനികർ മതിലിനോട് ചേർത്തു നിർത്തി. ഉച്ചത്തിലുള്ള കമാൻഡിനൊപ്പം തോക്ക് ഗർജ്ജിച്ചു. “താങ്കൾ ശ്രദ്ധിച്ചില്ലേ കേണൽ, അവർക്ക് അന്ത്യകൂദാശ പോലും നിഷേധിച്ചിരിക്കുകയാണ് ഒരു വൈദികൻ പോലും സന്നിഹിതനായിട്ടില്ല ഇവിടെ എല്ലാം കഴിയുമ്പോൾ ഒരു നല്ല കത്തോലിക്കനെപ്പോലെ ഫാദർ പോളിന്റെയടുത്ത് ചെന്ന് അയാൾ കുമ്പസരിക്കും എന്നിട്ട് കഫേയിൽ നിന്ന് സുഭിക്ഷമായ ഉച്ചഭക്ഷണവും കഴിച്ച് സ്ഥലം വിടും

 

“ശരിയാണ്, ഞാൻ കേട്ടിട്ടുണ്ട്” ഓസ്ബോൺ പറഞ്ഞു.

 

അദ്ദേഹം തിരിഞ്ഞ് ദേവാലയത്തിന് നേർക്ക് നടന്നു. അത് നോക്കി ആശ്ചര്യത്തോടെ നിന്ന ആ ഗാർഡ് തിരിഞ്ഞ് വീണ്ടും ചത്വരത്തിലേക്ക് നോക്കി. അടുത്തയാളെ വധശിക്ഷയ്ക്ക് വിധേയനാക്കുവാനായി പിസ്റ്റളും കൊണ്ട് ജനറൽ ഡീട്രിച്ച് മുന്നോട്ട് നീങ്ങുന്നുണ്ടായിരുന്നു.

 

സ്മാരകശിലകൾക്കിടയിലെ പാതയിലൂടെ മുന്നോട്ട് നടന്ന ക്രെയ്ഗ് ഓസ്ബോൺ ദേവാലയത്തിന്റെ വലിയ ഓക്ക് വാതിൽ തുറന്ന് ഉള്ളിൽ പ്രവേശിച്ചു. ഇരുട്ടായിരുന്നു ഉള്ളിലെങ്ങും. പുരാതനമായ ജാലകങ്ങളുടെ കറപിടിച്ച ചില്ലുകൾക്കിടയിലൂടെ അരിച്ചെത്തുന്ന നേരിയ വെട്ടം മാത്രം. കുന്തിരിക്കത്തിന്റെയും അൾത്താരയിൽ മുനിഞ്ഞു കത്തുന്ന മെഴുകുതിരിയുടെയും ഗന്ധം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം. ഓസ്ബോൺ അൾത്താരയുടെ സമീപത്തേക്ക് അടുക്കവെ പൂജാവസ്തുക്കൾ സൂക്ഷിക്കുന്ന മുറിയുടെ വാതിൽ തുറന്ന് തല മുഴുവനും നരച്ച ഒരു വൃദ്ധവൈദികൻ പുറത്തേക്ക് വന്നു. ശുഭ്രവർണ്ണത്തിലുള്ള ളോഹയും വയലറ്റ് നിറമുള്ള അങ്കിയുമാണ് അദ്ദേഹത്തിന്റെ വേഷം. അപ്രതീക്ഷിതമായി ഒരാളെ മുന്നിൽ കണ്ട അദ്ദേഹം അത്ഭുതഭാവത്തിൽ ഒരു നിമിഷം നിന്നു.

 

“എന്തെങ്കിലും സഹായം ഞാൻ ചെയ്യേണ്ടതുണ്ടോ?” അദ്ദേഹം ആരാഞ്ഞു.

 

“വേണ്ടി വന്നേക്കാം ഫാദർ ഇവിടെയല്ല, ആ മുറിയ്ക്കുള്ളിൽ” ഓസ്ബോൺ പറഞ്ഞു.

 

ആ വൃദ്ധവൈദികൻ അമ്പരന്നു. “ഇപ്പോൾ പറ്റില്ല കേണൽ കുമ്പസാരം കേൾക്കുവാനുള്ള സമയമായി

 

വിജനമായ ആ ദേവാലയത്തിനുള്ളിലെ ഒഴിഞ്ഞ കുമ്പസാരക്കൂടുകൾക്ക് നേരെ ഓസ്ബോൺ നോക്കി. “കുമ്പസാരത്തിനായി ഇപ്പോൾ ആരും വരാനില്ലല്ലോ ഫാദർ പ്രത്യേകിച്ചും ആ കാപാലികൻ ഡീട്രിച്ച് ഏതു നിമിഷവും ഇവിടെ എത്താൻ സാദ്ധ്യതയുള്ളപ്പോൾ” അദ്ദേഹം ആ വൈദികന്റെ നെഞ്ചിൽ കൈ വച്ചു. “മുറിയ്ക്കുള്ളിലേക്ക്, പ്ലീസ്

 

അമ്പരപ്പോടെ ആ വൈദികൻ പിറകോട്ട് ചുവട് വച്ച് മുറിയ്ക്കുള്ളിൽ കയറി. “ആരാണ് നിങ്ങൾ?”

 

അദ്ദേഹത്തെ തള്ളി മേശയ്ക്കരികിലുള്ള കസേരയിൽ ഇരുത്തിയിട്ട് ഓസ്ബോൺ തന്റെ കോട്ടിന്റെ പോക്കറ്റിൽ നിന്നും ഒരു ചുരുൾ ചരട് എടുത്തു. “കൂടുതൽ അറിയാതിരിക്കുന്നതാണ് താങ്കൾക്ക് നല്ലത് ഫാദർകാണുന്നത് പോലെയൊന്നുമല്ല കാര്യങ്ങൾ എന്ന് മാത്രം കരുതിയാൽ മതി ഇനി കൈകൾ പിറകിലേക്ക് നീട്ടൂ” ആ വൃദ്ധന്റെ കൈകൾ അദ്ദേഹം കൂട്ടിക്കെട്ടി. “നോക്കൂ ഫാദർ, ഞാൻ താങ്കൾക്ക് പാപവിമുക്തി നൽകുകയാണ് ഇവിടെ ഇനി നടക്കാൻ പോകുന്ന കാര്യത്തിൽ താങ്കൾക്ക് യാതൊരു പങ്കുമില്ല ഞാൻ നമ്മുടെ ജർമ്മൻ സുഹൃത്തുക്കളുമായുള്ള ചില കണക്കുകൾ തീർക്കുകയാണ് അത്ര മാത്രം

 

ഓസ്ബോൺ തന്റെ ഹാൻഡ്കർച്ചീഫ് എടുത്തു.. “മകനേ, എന്താണ് നിങ്ങളുടെ ഉദ്ദേശ്യം എന്നെനിക്കറിയില്ല ഇതൊരു ദേവാലയമാണെന്ന കാര്യം മറക്കരുത്” ആ വൃദ്ധവൈദികൻ പറഞ്ഞു

 

“തീർച്ചയായും ദൈവത്തിന്റെ അഭീഷ്ടപ്രകാരമുള്ള ഒരു പ്രവൃത്തിയാണ് ഞാൻ ചെയ്യാൻ പോകുന്നതെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം” ക്രെയ്ഗ് ഓസ്ബോൺ ആ കൈലേസ് അദ്ദേഹത്തിന്റെ വായ്ക്കുള്ളിൽ തിരുകി.

 

ആ വൃദ്ധനെ അവിടെ വിട്ട് ഓസ്ബോൺ വാതിൽ ചാരി കുമ്പസാരക്കൂടുകൾക്ക് നേരെ നീങ്ങി. ഒന്നാമത്തെ വാതിലിന് മുകളിലെ ചെറിയ ലൈറ്റ് ഓൺ ചെയ്തിട്ട് അദ്ദേഹം അതിനുള്ളിലേക്ക് കയറി. ശേഷം വാൾട്ടർ പിസ്റ്റൾ എടുത്ത് അതിന്റെ ബാരലിൽ സൈലൻസർ ഘടിപ്പിച്ച് സ്ക്രൂ മുറുക്കി. എന്നിട്ട് ദേവാലയത്തിന്റെ കവാടത്തിലൂടെ ആരെങ്കിലും വരുന്നുണ്ടെങ്കിൽ കാണാൻ പാകത്തിൽ വാതിൽ അല്പം തുറന്ന് വച്ച് കാത്തിരുന്നു.

 

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു SS ക്യാപ്റ്റനോടൊപ്പം ജനറൽ ഡീട്രിച്ച് പോർച്ചിൽ നിന്നും ഉള്ളിലേക്ക് പ്രവേശിച്ചു. ഒരു നിമിഷം തമ്മിൽ എന്തോ സംസാരിച്ചു നിന്നിട്ട് ആ ക്യാപ്റ്റൻ തിരികെ പുറത്തേക്ക് പോയി. തന്റെ കോട്ടിന്റെ ബട്ടണുകൾ അഴിച്ചുകൊണ്ട് ജനറൽ ഡീട്രിച്ച് ചാരുബെഞ്ചുകൾക്കരികിലെ ഇടനാഴിയിലൂടെ കുമ്പസാരക്കൂടുകൾക്ക് നേർക്ക് നീങ്ങി. ഒന്ന് നിന്നിട്ട് തലയിൽ നിന്നും ക്യാപ് എടുത്തു മാറ്റി കുമ്പസാരക്കൂട്ടിനുള്ളിൽ കയറി അയാൾ ഇരുന്നു. ഓസ്ബോൺ ആ കൂട്ടിനുള്ളിലെ ലൈറ്റിന്റെ സ്വിച്ച് ഓൺ ചെയ്തതോടെ ഗ്രില്ലിനപ്പുറം ആ ജർമ്മൻകാരന്റെ മുഖം പ്രകാശപൂരിതമായി. ഓസ്ബോൺ ഇരിക്കുന്ന മുറിയിൽ അപ്പോഴും ഇരുട്ട് തന്നെയായിരുന്നു.

 

“ഗുഡ്മോണിങ്ങ് ഫാദർ” വികലമായ ഫ്രഞ്ച് ഭാഷയിൽ ഡ്രീട്രിച്ച് പറഞ്ഞു. “ഞാൻ ചെയ്ത പാപങ്ങളിൽ നിന്നും എന്നെ മോചിപ്പിച്ചാലും

 

“തീർച്ചയായും, ബാസ്റ്റർഡ്” സൈലൻസർ ഘടിപ്പിച്ച ബാരൽ ഗ്രില്ലുകൾക്കിടയിലൂടെ കടത്തിയിട്ട് അയാളുടെ ഇരുകണ്ണുകളുടെയും ഇടയിൽ നെറ്റിയിലേക്ക് അദ്ദേഹം നിറയൊഴിച്ചു.

 

മുറിയിൽ നിന്നും പുറത്തിറങ്ങിയ ഓസ്ബോൺ കണ്ടത് ദേവാലയത്തിന്റെ വാതിൽ തുറന്ന് എത്തി നോക്കുന്ന SS ക്യാപ്റ്റനെയാണ്. തലച്ചോർ ചിന്നിച്ചിതറിയ നിലയിൽ രക്തത്തിൽ കുളിച്ച് ഇരിക്കുന്ന ജനറൽ ഡീട്രിച്ചിനെയും അയാൾക്കരികിൽ നിൽക്കുന്ന ഓസ്ബോണിനെയും കണ്ട ചെറുപ്പക്കാരനായ ആ ക്യാപ്റ്റൻ പിസ്റ്റൾ പുറത്തെടുത്ത് അദ്ദേഹത്തിന് നേർക്ക് രണ്ടു തവണ വെടിയുതിർത്തു. കാതടപ്പിക്കുന്ന വെടിയൊച്ച അവിടെങ്ങും പ്രകമ്പനം കൊണ്ടു. തിരികെ നിറയൊഴിച്ച ഒസ്ബോണിന്റെ വെടിയുണ്ട അയാളുടെ നെഞ്ചിലാണ് തുളഞ്ഞു കയറിയത്. പിറകോട്ട് തെറിച്ച് അയാൾ ചാരുബെഞ്ചുകൾക്കിടയിലേക്ക് വീണു. ഒട്ടും സമയം കളയാതെ ഓസ്ബോൺ ദേവാലയത്തിന്റെ കവാടം ലക്ഷ്യമാക്കി ഓടി.

 

ഗേറ്റിന് സമീപം ഡീട്രിച്ചിന്റെ കാർ കിടക്കുന്നുണ്ട്. അതിനുമപ്പുറമാണ് തന്റെ ക്യൂബൽവാഗൺ പാർക്ക് ചെയ്തിരിക്കുന്നത്. അങ്ങോട്ട് ഓടെയെത്താനുള്ള സമയമില്ല. ദേവാലയത്തിനുള്ളിൽ നിന്നും മുഴങ്ങിയ വെടിയൊച്ച കേട്ട് SS സേനയുടെ ഒരു സ്ക്വാഡ് അങ്ങോട്ട് ഓടി വരുന്നുണ്ട്.

 

തിരിഞ്ഞോടിയ ഓസ്ബോൺ പൂജാവസ്തുക്കൾ വയ്ക്കുന്ന മുറിയുടെ സമീപത്തുള്ള പിൻവാതിലിലൂടെ പുറത്ത് കടന്ന് സെമിത്തേരിയിലൂടെ പിറകുവശത്തെ മതിലിനരികിലേക്ക് അതിവേഗം ഓടി. ഉയരം കുറഞ്ഞ ആ മതിൽ ചാടിക്കടന്ന് കുന്നിൻമുകളിലെ മരക്കൂട്ടം ലക്ഷ്യമാക്കി നീങ്ങി.

 

പാതിദൂരം പിന്നിട്ടപ്പോഴേക്കും അവർ വെടിയുതിർക്കുവാൻ തുടങ്ങിയിരുന്നു. അതിൽ നിന്നും രക്ഷപെടുവാനായി അദ്ദേഹം വളഞ്ഞ് പുളഞ്ഞ് ഓടുവാൻ ശ്രമിച്ചു. മരക്കൂട്ടങ്ങൾക്കരികിൽ എത്താറായപ്പോഴാണ് ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ ഇടതുകൈയിൽ വന്നു തട്ടിയത്. അതിന്റെ ആഘാതത്തിൽ അദ്ദേഹം ഒരു വശത്തേക്ക് ഇടറി മുട്ടുകുത്തി വീണു. അടുത്ത നിമിഷം തന്നെ ചാടിയെഴുന്നേറ്റ് കുന്നിന്റെ മുകളിലേക്ക് കുതിച്ച ഓസ്ബോൺ മറുവശത്തെ മരക്കൂട്ടങ്ങൾക്കിടയിലേക്ക് മറഞ്ഞു.

 

(തുടരും)

 

അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...


Tuesday, August 6, 2024

കോൾഡ് ഹാർബർ - 03



വൈറ്റ് ഹൗസിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബേസ്മെന്റ് കവാടത്തിന് മുന്നിൽ ആ ലിമോസിൻ വന്നു നിന്നു. നൈറ്റ് ഷിഫ്റ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന സീക്രട്ട് ഏജന്റ്സിന്റെയടുത്ത് മൺറോ തന്റെ പാസ് കാണിച്ചു. അവരിലൊരാൾ ഫോൺ എടുത്ത് ആരെയോ വിളിച്ച് ഏതാനും നിമിഷങ്ങൾ കഴിഞ്ഞതും പ്രൗഢമായ യൂണിഫോം ധരിച്ച ചെറുപ്പക്കാരനായ ഒരു നേവൽ ലെഫ്റ്റനന്റ് അവിടെയെത്തി.

 

“ബ്രിഗേഡിയർ” മൺറോയെ സ്വാഗതം ചെയ്തിട്ട് അയാൾ ഹെയറിന് നേർക്ക് തിരിഞ്ഞ് തികച്ചും ഔപചാരികമായി അയാളെ സല്യൂട്ട് ചെയ്തു. “താങ്കളെ സന്ധിക്കാനായത് ഒരു ബഹുമതിയായി ഞാൻ കണക്കാക്കുന്നു സർ

 

ചെറിയൊരു ചമ്മലോടെ ഹെയർ പ്രത്യഭിവാദ്യം ചെയ്തു.

 

“ജെന്റിൽമെൻ, എന്റെയൊപ്പം വരൂ, പ്രസിഡന്റ് നിങ്ങളെയും കാത്തിരിക്കുകയാണ്” ആ ചെറുപ്പക്കാരൻ പറഞ്ഞു.

 

                                                    ***

 

ഓവൽ ആകൃതിയിലുള്ള ആ ഓഫീസിനുള്ളിൽ അരണ്ട വെട്ടമേ ഉണ്ടായിരുന്നുള്ളൂ. പേപ്പറുകൾ ചിതറിക്കിടക്കുന്ന ആ മേശയിൽ വച്ചിരിക്കുന്ന വിളക്ക് മാത്രമായിരുന്നു വെളിച്ചത്തിന്റെ ഏക ഉറവിടം. ജാലകത്തിനരികിൽ പുറത്തേക്ക് നോക്കി തന്റെ വീൽചെയറിൽ ഇരിക്കുന്ന പ്രസിഡന്റ് റൂസ്‌വെൽറ്റിന്റെ ചുണ്ടിലെ നീളമുള്ള പൈപ്പിൽ എരിയുന്ന സിഗരറ്റ് ഇരുട്ടിൽ തിളങ്ങി.

 

തന്റെ വീൽചെയർ വെട്ടിത്തിരിച്ച് അദ്ദേഹം അവരെ അഭിമുഖീകരിച്ചു. “ദേർ യൂ ആർ, ബ്രിഗേഡിയർ

 

“മിസ്റ്റർ പ്രസിഡന്റ്

 

“ഇതാണോ ലെഫ്റ്റനന്റ് കമാൻഡർ ഹെയർ?” ഹസ്തദാനത്തിനായി അദ്ദേഹം കൈ നീട്ടി. “നിങ്ങൾ രാജ്യത്തിന് ഒരു മുതൽക്കൂട്ടാണ് സർപ്രസിഡന്റ് എന്ന നിലയിൽ നിങ്ങൾക്ക് ഞാൻ നന്ദി പറയുന്നു ആ ടുലുഗുവിലെ ഓപ്പറേഷൻ ഒരു സംഭവം തന്നെയായിരുന്നു

 

“എന്നെക്കാൾ അംഗീകാരം അർഹിക്കുന്നത് ആ കപ്പൽ തകർക്കുന്നതിനിടയിൽ ജീവൻ വെടിഞ്ഞ എന്റെ സഹപ്രവർത്തകരാണ്, മിസ്റ്റർ പ്രസിഡന്റ്

 

“എനിക്കറിയാം മകനേ” റൂസ്‌വെൽറ്റ് ഇരുകൈകളാലും ഹെയറിന്റെ കരം കവർന്നു. “ശരിയാണ്, രാജ്യത്തിനു വേണ്ടി ജീവൻ ബലികൊടുത്തുകൊണ്ടിരിക്കുന്ന നമ്മുടെ സൈനികരാണ് നമ്മളെക്കാൾ അതിനർഹർ എങ്കിലും കഴിവിന്റെ പരമാവധി നമ്മളും രാജ്യത്തിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കണം” പുതിയൊരു സിഗരറ്റ് എടുത്ത് അദ്ദേഹം പൈപ്പ് ഹോൾഡറിൽ വച്ചു. “കോൾഡ് ഹാർബർ വിഷയത്തെക്കുറിച്ച് ബ്രിഗേഡിയർ നിങ്ങളോട് പറഞ്ഞുവോ? അതേക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം?”

 

മൺറോയെ ഒന്ന് നോക്കി, തെല്ല് സംശയിച്ചിട്ട് ഹെയർ പറഞ്ഞു. “കേട്ടിട്ട് വളരെ ഇന്ററസ്റ്റിങ്ങ് ആയി തോന്നുന്നു, മിസ്റ്റർ പ്രസിഡന്റ്

 

റുസ്‌വെൽറ്റ് തല പിറകോട്ട് ചരിച്ച് പൊട്ടിച്ചിരിച്ചു. “നിങ്ങളുടെ മറുപടി എനിക്കിഷ്ടപ്പെട്ടു” വീൽചെയർ ഉരുട്ടി അദ്ദേഹം മേശയുടെ സമീപത്ത് എത്തി തിരിഞ്ഞു. “ശത്രുരാജ്യത്തിന്റെ യൂണിഫോം ധരിക്കുക എന്നത് ജനീവ കൺവെൻഷന്റെ നിബന്ധനകൾക്ക് കടകവിരുദ്ധമാണ് നിങ്ങൾക്കറിയില്ലേ അത്?”

 

“യെസ്, മിസ്റ്റർ പ്രസിഡന്റ്

 

റൂസ്‌വെൽറ്റ് മുകളിലെ സീലിങ്ങിലേക്ക് നോക്കി. “ചരിത്രത്തിലുള്ള എന്റെ അറിവ് തെറ്റാണെങ്കിൽ പറയണം, ബ്രിഗേഡിയർ നെപ്പോളിയൻ കാലഘട്ടത്തിലെ യുദ്ധങ്ങളിൽ ബ്രിട്ടീഷ് നേവി ചിലപ്പോഴൊക്കെ ഫ്രഞ്ച് പതാക വഹിച്ചുകൊണ്ട് ആക്രമണം നടത്തിയിരുന്നില്ലേ?”

 

“ശരിയാണ്, മിസ്റ്റർ പ്രസിഡന്റ് പ്രത്യേകിച്ചും യുദ്ധത്തിൽ പിടിച്ചെടുത്ത ഫ്രഞ്ച് കപ്പലുകളുമായി മടങ്ങുമ്പോൾ പിന്നീട് അവ ബ്രീട്ടീഷ് നേവിയുടെ ഭാഗമായി റീകമ്മീഷൻ ചെയ്യുകയായിരുന്നു പതിവ്

 

“അപ്പോൾ ഇത്തരം കൗശലങ്ങൾ നിയമാനുസൃതമായി ഇതിനു മുമ്പും നടത്തിയിട്ടുള്ള ചരിത്രമുണ്ട്” റൂസ്‌വെൽറ്റ് പറഞ്ഞു.

 

“തീർച്ചയായും, മിസ്റ്റർ പ്രസിഡന്റ്

 

“ഇവിടെ ഒരു കാര്യം പ്രത്യേകം പറയേണ്ടതുണ്ടെന്ന് തോന്നുന്നു” ഹെയർ പറഞ്ഞു. “അത്തരം ദൗത്യങ്ങളിൽ ആക്രമണം ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സ്വന്തം പതാക ഉയർത്തണമെന്നത് ബ്രിട്ടീഷുകാരുടെ കീഴ്വഴക്കമായിരുന്നു

 

“ഐ ലൈക്ക് ദാറ്റ്” റൂസ്‌വെൽറ്റ് തല കുലുക്കി. “അതെനിക്ക് മനസ്സിലാവും ഒരാൾ മരിക്കുന്നുവെങ്കിൽ അത് അയാളുടെ സ്വന്തം പതാകയുടെ കീഴിലായിരിക്കണം” അദ്ദേഹം ഹെയറിന് നേരെ നോക്കി. “ഇത് കമാൻഡർ ഇൻ ചീഫിന്റെ ഡയറക്റ്റ് ഓർഡറാണ് ഇപ്പറയുന്ന E-ബോട്ടിൽ ഒരു അമേരിക്കൻ പതാക എപ്പോഴും നിങ്ങളോടൊപ്പമുണ്ടായിരിക്കണം എപ്പോഴെങ്കിലും ഒരു ആക്രമണത്തിലേക്ക് നീങ്ങുന്നു എന്ന് തോന്നിയാൽ ക്രീഗ്സ്മറീൻ പതാകയ്ക്ക് പകരം നിങ്ങൾ അമേരിക്കൻ പതാക ഉയർത്തണം മനസ്സിലായോ?”

 

“ഉറപ്പായും, മിസ്റ്റർ പ്രസിഡന്റ്

 

റൂസ്‌വെൽറ്റ് വീണ്ടും കൈ നീട്ടി. “ഗുഡ് വിജയാശംസകൾ നേരാൻ മാത്രമേ എനിക്കാവൂ

 

അവർ ഇരുവരും പ്രസിഡന്റിന് ഹസ്തദാനം നൽകി. പൊടുന്നനെ നിഴലുകൾക്കിടയിൽ നിന്നും വീണ്ടും പ്രത്യക്ഷപ്പെട്ട  ചെറുപ്പക്കാരനായ ആ ലെഫ്റ്റനന്റ് അവരെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോയി.

 

കോൺസ്റ്റിറ്റ്യൂഷണൽ അവന്യൂ  താണ്ടി ലിമോസിൻ മുന്നോട്ട് നീങ്ങവെ ഹെയർ പറഞ്ഞു. “എ റിമാർക്കബ്‌ൾ മാൻ

 

“എന്ന് പറഞ്ഞാൽ തീരെ കുറഞ്ഞു പോകും” മൺറോ പറഞ്ഞു. “അദ്ദേഹവും ചർച്ചിലും കൂടി കൈവരിച്ച നേട്ടങ്ങൾ അത്ഭുതാവഹമാണ്” അദ്ദേഹം ഒരു നെടുവീർപ്പിട്ടു. “പക്ഷേ, എത്ര കാലത്തേക്ക്! ചരിത്രം മാറ്റിയെഴുതുന്നവർ ഈ നേട്ടങ്ങളുടെ പ്രാധാന്യമെല്ലാം തമസ്കരിക്കുന്നത് വരെ മാത്രം

 

“പേരെടുക്കുക എന്നത് മാത്രം ലക്ഷ്യമുള്ള രണ്ടാംകിട പണ്ഡിതന്മാർ…?” ഹെയർ ചോദിച്ചു. “നമ്മളെപ്പോലെ?”

 

“എക്സാക്റ്റ്‌ലി” പ്രകാശമാനമായ തെരുവുകളിലേക്ക് മൺറോ നോക്കി. “ഈ നഗരത്തെ ശരിയ്ക്കും ഞാൻ മിസ് ചെയ്യും ലണ്ടനിൽ ചെല്ലുമ്പോൾ നിങ്ങൾക്കത് മനസ്സിലാവും രാത്രി കാലങ്ങളിലെ ബ്ലാക്കൗട്ട് അതിനിടയിൽ ബോംബിങ്ങിനായി പറന്നെത്തുന്ന ലുഫ്ത്‌വാഫ് ഫൈറ്ററുകൾ

 

സീറ്റിൽ പിറകിലേക്ക് ചാരിയിരുന്ന് ഹെയർ കണ്ണടച്ചു. ക്ഷീണം കൊണ്ടായിരുന്നില്ല അത്. പൈശാചികമായ ഒരു ഉന്മാദം ഉള്ളിൽ നുരയുന്നത് അയാൾ അറിയുന്നുണ്ടായിരുന്നു. നീണ്ട ഒരു ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്നത് പോലെ.

 

                                                ***

 

അമേരിക്കൻ എയർഫോഴ്സിന്റെ ലണ്ടനിലുള്ള എട്ടാം സ്ക്വാഡ്രണിൽ ചേരുവാനായി പോകുന്ന ഏറ്റവും പുതിയ ഒരു B-17 ബോംബർ ആയിരുന്നു അത്. ആർമി ബ്ലാങ്കറ്റുകളും തലയിണകളും തെർമോസ് ഫ്ലാസ്കുകളും ഒക്കെ നൽകി മൺറോയുടെയും ഹെയറിന്റെയും യാത്ര കഴിയുന്നതും സുഖകരമാക്കുവാൻ വിമാനത്തിന്റെ ക്രൂ ശ്രദ്ധിച്ചു. ന്യൂ ഇംഗ്ലണ്ട് തീരം കടന്ന് വിമാനം അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളിലേക്ക് പ്രവേശിക്കവെ ഹെയർ ഫ്ലാസ്ക് തുറന്നു. “അല്പം കോഫി ആയാലോ?”

 

“നോ താങ്ക്സ്” തലയ്ക്ക് പിറകിലേക്ക് ഒരു തലയിണ എടുത്ത് വച്ചിട്ട് മൺറോ ബ്ലാങ്കറ്റ് എടുത്തു. “ഞാനൊരു ചായ പ്രിയനാണ്

 

“ഈ ലോകം അവർക്കും കൂടിയുള്ളതാണ്” ഹെയർ അല്പം ചൂടു കോഫി നുകർന്നു.

 

“അണിയറയിൽ ചില നീക്കങ്ങളൊക്കെ നടക്കുന്നുണ്ടെന്ന് എനിക്ക് സംശയം തോന്നിയിരുന്നു ” മൺറോ പറഞ്ഞു. “നിങ്ങളോടത് പറയാൻ മറന്നു ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങളുടെ വെളിച്ചത്തിൽ ഒരു പ്രൊമോഷൻ തരുവാൻ നിങ്ങളുടെ നേവി തീരുമാനിച്ചിരിക്കുന്നു

 

“ഫുൾ കമാൻഡർ ആയിട്ടാണോ?” ഹെയർ ആശ്ചര്യം കൂറി.

 

“അല്ല ഫ്രെഗാറ്റൻ‌കപ്പിറ്റാൻ* ആയിട്ട്” ബ്ലാങ്കറ്റ് കഴുത്തറ്റം മൂടിയിട്ട് മൺറോ ഉറങ്ങാൻ കിടന്നു.

 

(തുടരും)

 

ഫ്രെഗാറ്റൻകപ്പിറ്റാൻ* -  ക്രീഗ്സ്മറീനിൽ (ജർമ്മൻ നേവി) കോർവെറ്റൻ‌കപ്പിറ്റാന് (ലെഫ്റ്റനന്റ് കമാൻഡർ) മുകളിലും കപ്പിറ്റാൻ സുർ സീയുടെ (ക്യാപ്റ്റൻ) തൊട്ടു താഴെയും ഉള്ള പദവി.


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...