Tuesday, November 12, 2024

കോൾഡ് ഹാർബർ - 16

തന്റെ ചെറിയ ബെഡ്‌റൂമിൽ എല്ലായിടത്തും ഒന്നോടിച്ചു നോക്കി ഒന്നും എടുക്കാൻ മറന്നിട്ടില്ല എന്നുറപ്പു വരുത്തിയിട്ട് അവൾ ജാലകത്തിനരികിൽ ചെന്നു. ഡാഡി ഇപ്പോഴും പൂന്തോട്ടത്തിലെ കളകൾ പറിച്ചുകൊണ്ടിരിക്കുകയാണ്. കൈയെത്താദൂരത്ത് ആയിരുന്നതു കൊണ്ടായിരിക്കുമോ അദ്ദേഹം ആൻ മേരിയെ  കൂടുതൽ സ്നേഹിച്ചത്? ആയിരിക്കണം കുടുംബത്തിലെ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തയായിരുന്നു താൻ. ചെറുപ്പം മുതൽക്കേ മാതാവിന്റെയും പിതാവിന്റെയും ബന്ധുക്കളോട് ഒട്ടും തന്നെ അടുപ്പമില്ല. മമത തോന്നിയിട്ടുള്ളത് മാതാവിന്റെ മൂത്ത സഹോദരി ഹോർടെൻസ് ആന്റിയോട് മാത്രമാണ്. വേറിട്ടൊരു വ്യക്തിത്വമായിരുന്നു അവർ.

 

ജനാല തുറന്ന് അവൾ തന്റെ പിതാവിനെ വിളിച്ചു. “മേജർ ഓസ്ബോൺ ലണ്ടനിലേക്ക് തിരിച്ചു പോകുകയാണ് വേണമെങ്കിൽ എനിക്ക് ലിഫ്റ്റ് തരാമെന്ന് പറഞ്ഞു

 

അദ്ദേഹം തലയുയർത്തി നോക്കി. “നല്ലൊരു മനസ്സിനുടമ ഞാനായിരുന്നെങ്കിൽ ആ വാഗ്ദാനം സ്വീകരിച്ചേനെ

 

അദ്ദേഹം വീണ്ടും തന്റെ ജോലിയിൽ മുഴുകി. ഒരു മണിക്കൂർ മുമ്പ് കണ്ടതിനേക്കാൾ ചുരുങ്ങിയത് ഒരു ഇരുപത് വയസ്സെങ്കിലും ഏറിയത് പോലെ തോന്നും ഇപ്പോൾ. അദ്ദേഹത്തിന്റെ പ്രീയപ്പെട്ട ആൻ മേരിയോടൊപ്പം കുഴിമാടത്തിലേക്ക് പോകാൻ തയ്യാറായി നിൽക്കുന്നത് പോലെ. ജനാല അടച്ച് അവസാനമായി ഒരുവട്ടം കൂടി മുറിയിൽ മൊത്തം ഒന്ന് നോക്കിയിട്ട് തന്റെ ബ്രീഫ്കെയ്സ് എടുത്ത് അവൾ പുറത്തിറങ്ങി. വാതിലിനരികിലെ കസേരയിൽ ഇരിക്കുകയായിരുന്ന ക്രെയ്ഗ് ഓസ്ബോൺ എഴുന്നേറ്റ് അവളുടെ കൈയിൽ നിന്നും ബ്രീഫ്കെയ്സ് വാങ്ങി. അപ്പോഴേക്കും ഏപ്രണിൽ കൈ തുടച്ചുകൊണ്ട് അടുക്കളയിൽ നിന്നും മിസ്സിസ് ട്രെംബത്തും എത്തി.

 

“ഞാൻ പോകുകയാണ് ഡാഡിയുടെ കാര്യങ്ങളിൽ ശ്രദ്ധ വേണം” ജെനിവീവ് അവരോട് പറഞ്ഞു.

 

“ഇത്രയും കാലം ഞാൻ ശ്രദ്ധിക്കാറില്ലെന്നാണോ?” അവളുടെ കവിളിൽ മുത്തം നൽകിക്കൊണ്ട് അവർ ചോദിച്ചു. “”നീ പൊയ്ക്കോളൂ കുട്ടീ ഇത് നിനക്ക് പറ്റിയ ഇടമല്ല ഒരിക്കലും ആയിരുന്നില്ല താനും

 

കാറിനടുത്തേക്ക് ചെന്ന ക്രെയ്ഗ് അവളുടെ ബ്രീഫ്കെയ്സ് പിൻസീറ്റിൽ വച്ചു. ഒരു ദീർഘശ്വാസം എടുത്തിട്ട് ജെനിവീവ് തന്റെ പിതാവിനരികിലേക്ക് ചെന്നു. അദ്ദേഹം തലയുയർത്തി നോക്കി. അവൾ അദ്ദേഹത്തിന്റെ കവിളിൽ ചുംബിച്ചു. “തിരികെ ഇനി എന്ന് വരുമെന്ന് അറിയില്ല ചെന്നിട്ട് ഞാൻ കത്തയയ്ക്കാം

 

അവളെ ഒന്ന് ഇറുകെ പുണർന്നിട്ട് അദ്ദേഹം പെട്ടെന്ന് അകന്നു മാറി. “നീ ഹോസ്പിറ്റലിലേക്ക് ചെല്ലൂ ജെനിവീവ് അവിടെയാണ് നിന്നെ വേണ്ടത് ശുശ്രൂഷ വേണ്ടുന്നവർ ധാരാളമുണ്ടാകും അവിടെ അവരെ സഹായിക്കാൻ നോക്കൂ

 

അവൾ കാറിനടുത്തേക്ക് നടന്നു. കൂടുതലൊന്നും പറയാതെ തന്നെ അവൾക്ക് മനസ്സിലാക്കാൻ കഴിയുന്നുണ്ടായിരുന്നു പിതാവിന് തന്നോടുള്ള അകൽച്ച. ക്രെയ്ഗ് അവൾക്ക് ഡോർ തുറന്നു കൊടുത്തു. ഡോർ അടച്ചതിന് ശേഷം മറുവശത്ത് ചെന്ന് ഡ്രൈവിങ്ങ് സീറ്റിൽ കയറിയ അദ്ദേഹം കാർ മുന്നോട്ടെടുത്തു.

 

കുറേ നേരം കഴിഞ്ഞപ്പോൾ അദ്ദേഹം ചോദിച്ചു. “ആർ യൂ ഓകെ?”

 

“വർഷങ്ങൾക്ക് ശേഷം ഇതാദ്യമായി സ്വതന്ത്രയായത് പോലെ തോന്നുന്നു എന്ന് പറഞ്ഞാൽ എനിക്ക് ഭ്രാന്താണെന്ന് കരുതുമോ നിങ്ങൾ?” അവൾ ചോദിച്ചു.

 

“ഇല്ല നിങ്ങളുടെ സഹോദരിയെ ഞാൻ മനസ്സിലാക്കിയിടത്തോളവും പിന്നെ ഇന്ന് രാവിലെ ഇവിടെ ഞാൻ കണ്ട കാര്യങ്ങളും വച്ച് നോക്കിയാൽ തീർച്ചയായും നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ടെന്ന് പറയേണ്ടി വരും

 

“എന്റെ സഹോദരിയെ എത്രത്തോളം നിങ്ങൾ മനസ്സിലാക്കി? അവൾ ആരാഞ്ഞു. “പരസ്പരം സ്നേഹത്തിലായിരുന്നുവല്ലേ നിങ്ങൾ?”

 

അദ്ദേഹം ഒന്ന് പുഞ്ചിരിച്ചു. “ഇതിനുള്ള ഉത്തരം ശരിയ്ക്കും നിങ്ങൾ പ്രതീക്ഷിക്കുന്നില്ലല്ലോ അല്ലേ?”

 

“എന്തുകൊണ്ട് പ്രതീക്ഷിച്ചു കൂടാ?”

 

“ഹെൽ, ഐ ഡോണ്ട് നോ സ്നേഹം എന്നൊക്കെ പറഞ്ഞാൽ തികച്ചും തെറ്റായ ഒരു പദമായിരിക്കും അത് ആൻ മേരി ഒരിക്കലും ആരെയും സ്നേഹിച്ചിട്ടില്ല ജീവിതത്തിൽ അവളെയല്ലാതെ

 

“അത് ശരിയാണ് അത്തരം സ്നേഹമല്ല ഞാൻ ഉദ്ദേശിച്ചത്, മേജർ മാംസനിബദ്ധമായ സ്നേഹം

 

ഒരു നിമിഷനേരത്തേക്ക് ദ്വേഷ്യമാണ് അദ്ദേഹത്തിന് തോന്നിയത്. കവിളിലെ പേശി വലിഞ്ഞു മുറുകുന്നത് പോലെ. “ഓകെ ലേഡി നിങ്ങളുടെ സഹോദരിയോടൊപ്പം ഒന്നോ രണ്ടോ തവണ ഞാൻ കിടക്ക പങ്കിട്ടിട്ടുണ്ട് ഇപ്പോൾ സമാധാനമായോ?”

 

അദ്ദേഹത്തിൽ നിന്നും മുഖം തിരിച്ച് അവൾ പുറത്തേക്ക് നോക്കി ഇരുന്നു. ഏതാണ്ട് പത്തു മൈൽ ദൂരത്തോളം ഇരുവരും ഒരക്ഷരം പോലും ഉരിയാടിയില്ല. ഒടുവിൽ ഒരു സിഗരറ്റ് പാക്കറ്റ് അവളുടെ നേർക്ക് നീട്ടിയിട്ട് അദ്ദേഹം പറഞ്ഞു. “ഇതിനെല്ലാം അതിന്റേതായ ചില ഗുണങ്ങളൊക്കെയുണ്ട്

 

“നോ, താങ്ക്സ്

 

ഒരു സിഗരറ്റിന് തീ കൊളുത്തിയിട്ട് അദ്ദേഹം വിൻഡോ ഗ്ലാസ് അല്പം താഴ്ത്തി. “നിങ്ങളുടെ പിതാവ് ഒരു നിസ്സാര വ്യക്തിയൊന്നുമല്ല അദ്ദേഹം നാട്ടിൻപുറത്തെ ഒരു ഡോക്ടറാണെങ്കിലും ഗേറ്റിൽ വച്ചിരിക്കുന്ന നെയിംബോർഡിൽ എഴുതിയിരിക്കുന്നത് റോയൽ കോളേജ് ഓഫ് സർജൻസിലെ ഒരു ഫെലോ ആണെന്നാണ്

 

“ഇവിടെ വരുന്നത് വരെ അക്കാര്യം നിങ്ങൾക്ക് അറിയില്ലായിരുന്നുവെന്നാണോ പറഞ്ഞു വരുന്നത്?”

 

“വളരെ കുറച്ചു മാത്രം” അദ്ദേഹം പറഞ്ഞു. “എല്ലാമൊന്നും അറിയില്ലായിരുന്നു എന്നോടുള്ള അവളുടെ സംഭാഷണങ്ങളിൽ നിങ്ങളോ പിതാവോ അധികമൊന്നും വിഷയമായിട്ടില്ല

 

കൈകൾ നെഞ്ചിന് താഴെ മടക്കി ഹെഡ്റെസ്റ്റിൽ തല വച്ച് അവൾ പിറകോട്ട് ചാരിയിരുന്നു. “കോൺവാളിന്റെ ഈ ഭാഗത്ത് കാലങ്ങളായി വസിച്ചു വരുന്നവരാണ് ട്രെവോൺസ് കുടുംബം നൂറ്റാണ്ടുകളായി കടലിൽ പോയ്ക്കൊണ്ടിരിക്കുന്ന കുടുംബ പാരമ്പര്യം ലംഘിച്ചത് എന്റെ പിതാവാണ് പകരം അദ്ദേഹം മെഡിക്കൽ സ്കൂളിൽ പഠിക്കുവാൻ പോയി 1914 ൽ എഡിൻബർഗ് യൂണിവേഴ്സിറ്റിയിൽ നിന്നും സർജറിയിൽ ബിരുദവുമായി പുറത്തിറങ്ങിയ അദ്ദേഹം തന്റെ കഴിവുകളെല്ലാം പ്രയോജനപ്പെടുത്തിയത് ഫ്രാൻസിലെ പടിഞ്ഞാറൻ യുദ്ധനിരയിലുള്ള ഫീൽഡ് ഹോസ്പിറ്റലുകളിലായിരുന്നു

 

“അവിടെ വച്ചായിരിക്കുമല്ലേ അദ്ദേഹം പോസ്റ്റ് ഗ്രാജ്വേഷൻ ചെയ്തത്? എനിക്ക് ഊഹിക്കാനാവും ശരിയ്ക്കും ദുരിതപൂർണ്ണമായിരുന്നിരിക്കും അത്” ക്രെയ്ഗ് അഭിപ്രായപ്പെട്ടു.

 

“1918 ലെ വസന്തകാലത്തിലാണ് അദ്ദേഹത്തിന് പരിക്കേൽക്കുന്നത് വലതുകാലിൽ ഷെല്ലുകൾ തുളഞ്ഞു കയറി അദ്ദേഹം നടക്കുമ്പോഴുള്ള മുടന്ത് നിങ്ങൾ ശ്രദ്ധിച്ചുകാണുമല്ലോ മിലിട്ടറി ഓഫീസർമാർക്കുള്ള ചികിത്സയും പരിചരണവുമൊക്കെ അന്ന് നടത്തിയിരുന്നത് വോൺകോർട്ട് കൊട്ടാരത്തിൽ വച്ചായിരുന്നു വലിയൊരു കഥയുടെ ആരംഭം മണക്കുന്നില്ലേ നിങ്ങൾക്ക്?”

 

“തീർച്ചയായും” അദ്ദേഹം പറഞ്ഞു. “രസമുണ്ട് കേൾക്കാൻ തുടരൂ

 

“ഫ്രാൻസിലെ പുരാതനമായ പ്രഭുകുടുംബത്തിലെ പ്രഭ്വി പട്ടം അലങ്കരിക്കുന്ന വ്യക്തിയായിരുന്നു എന്റെ മുത്തശ്ശി അവർക്ക് രണ്ട് പെൺമക്കൾ മൂത്തവൾ ഹോർടെൻസ് എല്ലാം അടക്കി വാഴുന്നവൾ പിന്നെ, ഇളയവൾ, അതീവസുന്ദരിയും ബുദ്ധിശാലിയുമായ ഹെലൻ

 

“കോൺവാളിൽ നിന്നുമെത്തിയ ചെറുപ്പക്കാരനായ ആ ഡോക്ടറുമായി ഹെലൻ പ്രണയത്തിലാവുന്നു” ക്രെയ്ഗ് തല കുലുക്കി. “എനിക്ക് ഊഹിക്കാനാവുന്നു ആ ബന്ധം അംഗീകരിക്കാൻ പ്രഭ്വിയ്ക്ക് ഒരിക്കലും കഴിയുമായിരുന്നില്ല

 

“അതെ അവർ ശക്തിയുക്തം അതിനെയെതിർത്തു അതുകൊണ്ട് എന്തുണ്ടായി? ഒരു പാതിരാത്രിയിൽ അവളും ആ ഡോക്ടറും കൂടി ഒളിച്ചോടി ലണ്ടനിലെത്തിയ അവർ ഇരുവരും ശോഭനമായ ഒരു ജീവിതം തുടങ്ങി വച്ചു ഭാര്യയുടെ വീട്ടുകാരുമായുള്ള സകല ബന്ധങ്ങളും അദ്ദേഹം വിച്ഛേദിച്ചു

 

“സുന്ദരിയായ ഹെലൻ ഇരട്ടകൾക്ക് ജന്മം നൽകുന്നത് വരെ?”

 

“എക്സാക്റ്റ്‌ലി” ജെനിവീവ് തല കുലുക്കി. “രക്തത്തിന് വെള്ളത്തിനെക്കാൾ കട്ടി കൂടുതലാണെന്ന് ഒരു ചൊല്ലുണ്ടല്ലോ

 

“അങ്ങനെ ഫ്രാൻസിൽ അമ്മയുടെ കൊട്ടാരത്തിലേക്കുള്ള സന്ദർശനം പതിവായി?”

 

“അതെ അമ്മയും ആൻ മേരിയും പിന്നെ ഞാനും ഞങ്ങൾക്കിടയിൽ ഒരു പ്രശ്നവുമുണ്ടായിരുന്നില്ല വീട്ടിൽ ഫ്രഞ്ച് മാത്രമേ സംസാരിക്കാൻ പാടുള്ളൂ എന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു

 

“അപ്പോൾ നിങ്ങളുടെ പിതാവ്?”

 

“ഓ, അദ്ദേഹത്തിന് അത്ര പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല വീട്ടിൽ പക്ഷേ, പുറമെ നല്ല പേരായിരുന്നു അദ്ദേഹത്തിന് ഗൈസ് ഹോസ്പിറ്റലിലെ സീനിയർ സർജൻ ഹാർലേ സ്ട്രീറ്റിൽ പ്രൈവറ്റ് കൺസൾട്ടേഷൻ റൂമുകൾ അങ്ങനെയങ്ങനെ

 

“അപ്പോഴാണ് നിങ്ങളുടെ അമ്മ മരിക്കുന്നത്?”

 

“അതെ 1935 ൽ ന്യുമോണിയ ബാധിച്ച് ഞങ്ങൾക്കന്ന് പതിമൂന്ന് വയസ്സ് വിരലൊടിഞ്ഞ വർഷം എന്നാണ് ഞാനതിനെ വിശേഷിപ്പിക്കാറ്

 

“ആൻ മേരി അതിന് ശേഷം ഫ്രാൻസിൽ തങ്ങുവാൻ തീരുമാനിച്ചു നിങ്ങൾ പിതാവിനോടൊപ്പം ഇവിടെയും അതെന്തായിരുന്നു അങ്ങനെ?”

 

“ലളിതം” ജെനിവീവ് ചുമൽ വെട്ടിച്ചു. ഇപ്പോൾ അവളെ കണ്ടാൽ തനി ഒരു ഫ്രഞ്ചുകാരിയെ പോലെയുണ്ട്. “മുത്തശ്ശി മരണമടയുന്നത് ആയിടെയാണ് ഷാൾമാഗ്നെയുടെ കാലം മുതൽ പിന്തുടരുന്ന ഒരു കീഴ്‌വഴക്കമുണ്ട് വോൺകോർട്ട് കുടുംബത്തിലെ ഏറ്റവും മുതിർന്ന പെൺതരിയാണ് പ്രഭ്വി സ്ഥാനത്തിന് അർഹയാകുക എന്നത് അങ്ങനെ ഹോർടെൻസ് ആന്റി പുതിയ പ്രഭ്വിയായി നിരവധി വിവാഹം കഴിച്ചതിന് ശേഷമാണ് അവർക്ക് കുട്ടികളൊന്നും ഉണ്ടാവില്ലെന്ന് മനസ്സിലായത്

 

“സ്വാഭാവികമായും അപ്പോൾ പ്രഭ്വി സ്ഥാനത്തിന്റെ അനന്തരാവകാശി ആൻ മേരി ആയി മാറി അല്ലേ…?” ക്രെയ്ഗ് ചോദിച്ചു.

 

“പതിനൊന്ന് മിനിറ്റിന്റെ മൂപ്പ് അവൾക്കാണ് ഹോർടെൻസ് ആന്റിയ്ക്ക് ആ വിഷയത്തിൽ അങ്ങനെ നിർബന്ധമൊന്നും ഇല്ലായിരുന്നു പതിമൂന്ന് വയസ്സ് മാത്രമേ ആയുള്ളുവെങ്കിലും ഡാഡി എല്ലാം അവളുടെ തീരുമാനത്തിന് വിട്ടു

 

“ഒരു പക്ഷേ, ആ പദവി അവൾ തനിയ്ക്ക് തരുമെന്ന് അദ്ദേഹം പ്രതീക്ഷിച്ചു കാണും, അല്ലേ?”

 

“പാവം ഡാഡി” ജെനിവീവ് തലകുലുക്കി. “തന്റെ ഭാവിയെക്കുറിച്ച് വളരെ വ്യക്തമായ ധാരണയുണ്ടായിരുന്നു ആൻ മേരിയ്ക്ക് അവളുടെ നിരാസം താങ്ങാനാവുന്നതിലും അധികമായിരുന്നു അദ്ദേഹത്തിന് ലണ്ടനിലുള്ള സകലതും വിറ്റൊഴിച്ചിട്ട് തിരികെ സെന്റ് മാർട്ടിനിൽ എത്തിയ അദ്ദേഹം ഇപ്പോൾ താമസിക്കുന്ന ആ പഴയ ബംഗ്ലാവ് വിലയ്ക്ക് വാങ്ങി

 

“ഒരു സിനിമ എടുക്കാനുള്ള കഥയുണ്ട്” ക്രെയ്ഗ് പറഞ്ഞു. “ആൻ മേരിയായി അഭിനയിക്കാൻ ബെറ്റി ഡേവിസ് തന്നെ ആയിക്കോട്ടെ

 

“അപ്പോൾ എന്റെ റോളിൽ ആരാണ്?” ജെനിവീവ് ചോദിച്ചു.

 

“സംശയമുണ്ടോ, ബെറ്റി ഡേവിസ് തന്നെ” അദ്ദേഹം പൊട്ടിച്ചിരിച്ചു. “അല്ലാതാര്? ആട്ടെ, അവസാനമായി നിങ്ങൾ ആൻ മേരിയെ കണ്ടതെന്നാണ്?”

 

“1940 ൽ ഈസ്റ്ററിന് ഞാനും ഡാഡിയും കൂടിയാണ് അന്ന് വോൺകോർട്ട് കൊട്ടാരം സന്ദർശിച്ചത് ഡൺകിർക്ക് ഏറ്റുമുട്ടലിന് മുമ്പ് ഞങ്ങളോടൊപ്പം തിരികെ ഇംഗ്ലണ്ടിലേക്ക് വരാൻ അദ്ദേഹം അവളെ നിർബന്ധിച്ചു അദ്ദേഹത്തിനെന്താ ഭ്രാന്തുണ്ടോ എന്നാണവൾ ചോദിച്ചത് അദ്ദേഹത്തിന്റെ ആവശ്യം അവൾ പാടേ നിരസിച്ചു

 

“യെസ്, എനിക്ക് ഊഹിക്കാൻ കഴിയും” വിൻഡോഗ്ലാസ് താഴ്ത്തി അദ്ദേഹം സിഗരറ്റ് കുറ്റി പുറത്തേക്കെറിഞ്ഞു. “അങ്ങനെ, ഒടുവിൽ നിങ്ങളാണ് പ്രഭ്വിപട്ടത്തിന്റെ അടുത്ത അവകാശി

 

ജെനിവീവ് അദ്ദേഹത്തിന് നേർക്ക് തിരിഞ്ഞു. അവളുടെ മുഖം വിവർണ്ണമായിരുന്നു. “മൈ ഗോഡ്, ഈ നിമിഷം വരെയും അതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടു പോലും ഇല്ലായിരുന്നു

 

അദ്ദേഹം ഇടതുകൈ കൊണ്ട് അവളെ ചേർത്തു പിടിച്ചു. “ഹേയ്, കമോൺ സോൾജർ ഇറ്റ്സ് ഓകെ എനിക്ക് മനസ്സിലാവും

 

അവൾ വല്ലാതെ ക്ഷീണിതയായത് പോലെ തോന്നി. “നമ്മൾ എപ്പോഴാണ് ലണ്ടനിലെത്തുക?”

 

“ഭാഗ്യമുണ്ടെങ്കിൽ ഇരുട്ടുന്നതിന് മുമ്പ് തന്നെ

 

“എന്നിട്ടായിരിക്കും നിങ്ങളെന്നോട് സത്യം വെളിപ്പെടുത്തുക അല്ലേ? എന്തിനാണ് എന്നെത്തേടി എത്തിയതെന്ന്?”

 

അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ അദ്ദേഹം റോഡിൽത്തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. “യെസ് അക്കാര്യത്തിൽ ഞാൻ ഉറപ്പു തരുന്നു

 

“ഗുഡ്

 

പൊടുന്നനെ മഴ പെയ്യുവാനാരംഭിച്ചു. അദ്ദേഹം വൈപ്പറുകൾ ഓൺ ചെയ്തു. പതുക്കെ കണ്ണുകൾ അടച്ച് ഉറക്കത്തിലേക്ക് വഴുതിവീണ അവളുടെ ശിരസ്സ് അദ്ദേഹത്തിന്റെ ചുമൽ തലയിണയാക്കി.

 

അവൾ പൂശിയിരിക്കുന്ന പെർഫ്യൂമിന്റെ ഗന്ധം വേറെയായിരുന്നു. ആൻ മേരി തന്നെ എന്നാൽ ആൻ മേരി അല്ല താനും ഇതുപോലെ ഒരവസ്ഥ ജീവിതത്തിൽ ഇതാദ്യമായാണ് വിഷാദം നിറഞ്ഞ മനസ്സുമായി അദ്ദേഹം ലണ്ടനിലേക്കുള്ള ഡ്രൈവിങ്ങ് തുടർന്നു.

 

(തുടരും)

Tuesday, November 5, 2024

കോൾഡ് ഹാർബർ - 15

അദ്ദേഹത്തിന്റെ ട്രെഞ്ച്‌കോട്ട് വാങ്ങി അവൾ സ്വീകരണമുറിയുടെ വാതിൽ തുറന്നു കൊടുത്തു. “അകത്തേക്ക് കയറി ഇരിക്കൂ ഞാൻ ചായ ഉണ്ടാക്കാൻ പറയാം കോഫിയുടെ കാര്യം സംശയമാണ്

 

“ദാറ്റ്സ് വെരി കൈൻഡ് ഓഫ് യൂ” ക്രെയ്ഗ് ഓസ്ബോൺ പറഞ്ഞു.

 

അടുക്കളയുടെ വാതിൽ തുറന്ന് ഉള്ളിലേക്ക് നോക്കി അവൾ വിളിച്ചു പറഞ്ഞു. “രണ്ട് കപ്പ് ചായ എടുക്കാമോ മിസ്സിസ് ട്രെംബത്ത്? എനിക്കൊരു അതിഥിയുണ്ട് ഡാഡ് ദേവാലയത്തിലേക്ക് പോയിരിക്കുകയാണ് ഒരു ദുഃഖവാർത്തയുണ്ട് നമുക്ക്

 

സിങ്കിൽ പാത്രങ്ങൾ കഴുകുകയായിരുന്ന ആ സ്ത്രീ ഏപ്രണിൽ കൈ തുടച്ചിട്ട് തിരിഞ്ഞു. നീണ്ടു മെലിഞ്ഞ്, നീലക്കണ്ണുകളുള്ള ആ വനിത തെല്ല് സംശയത്തോടെ അവളെ നോക്കി. “ആൻ മേരിയുടെ കാര്യമല്ലേ?”

 

“അവൾ മരിച്ചു” ഒറ്റവാക്യത്തിൽ പറഞ്ഞിട്ട് ജെനിവീവ് വാതിലടച്ചു.

 

സ്വീകരണമുറിയിൽ എത്തിയ അവൾ കണ്ടത് ചുമരിലെ ഒരു ഫോട്ടോയിലേക്ക് നോക്കി നിൽക്കുന്ന ക്രെയ്ഗിനെയാണ്. താനും ആൻ മേരിയും കൂടി ഒരുമിച്ച് നിൽക്കുന്ന കുട്ടിക്കാലത്തെ ചിത്രം.

 

“അന്നും ഒരു വ്യത്യാസവുമില്ല പറയാതിരിക്കാനാവില്ല അത്” അദ്ദേഹം പറഞ്ഞു.

 

“നിങ്ങൾക്ക് എന്റെ സഹോദരിയുമായി നല്ല അടുപ്പമുണ്ടായിരുന്നു അല്ലേ?”

 

“യെസ് പാരീസിൽ വച്ചാണ് ഞാനവളെ ആദ്യമായി കണ്ടുമുട്ടുന്നത് 1940ൽ ഒരു ജേർണലിസ്റ്റ് ആയിരുന്നു ഞാൻ അന്ന് വളരെ പെട്ടെന്ന് തന്നെ ഞങ്ങൾ സുഹൃത്തുക്കളായി തന്റെ പിതാവ് ഇംഗ്ലീഷുകാരനാണെന്ന് പറഞ്ഞിരുന്നു പക്ഷേ, സത്യം പറയാമല്ലോ, നിങ്ങളെക്കുറിച്ച് ഒരു വാക്കു പോലും അവൾ സൂചിപ്പിച്ചിരുന്നില്ല ഇങ്ങനെയൊരു സഹോദരി ഉണ്ടെന്ന കാര്യം പോലും

 

ജെനിവീവ് ട്രെവോൺസ് മറുപടിയൊന്നും പറഞ്ഞില്ല. നെരിപ്പോടിനരികിലെ ചാരുകസേരയിൽ പോയി ഇരുന്നിട്ട് ശാന്തസ്വരത്തിൽ അവൾ ചോദിച്ചു. “വളരെ ദൂരെ നിന്നാണോ നിങ്ങൾ വരുന്നത്, മേജർ?”

 

“ലണ്ടനിൽ നിന്നും

 

“എ ലോങ്ങ് ഡ്രൈവ്

 

“ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല യുദ്ധകാലമായതിനാൽ റോഡിൽ തിരക്കൊന്നുമില്ലായിരുന്നു

 

ആർക്കും ഒന്നും പറയാനില്ലാത്തത് പോലെ മൗനം പരന്നു അവിടെ. എന്നാൽ അധികനേരം നീണ്ടു നിന്നില്ല അത്. “ശരിക്കും എങ്ങനെയാണ് എന്റെ സഹോദരി കൊല്ലപ്പെട്ടത്...?” അവൾ ചോദിച്ചു.

 

“ഒരു വിമാനാപകടത്തിൽ” ക്രെയ്ഗ് പറഞ്ഞു.

 

“ഫ്രാൻസിൽ വച്ച്?”

 

“ദാറ്റ്സ് റൈറ്റ്

 

“അത് നിങ്ങൾക്കെങ്ങനെ അറിയാം?” ജെനിവീവ് ചോദിച്ചു. “ഫ്രാൻസ് ഒരു ജർമ്മൻ അധിനിവേശ പ്രദേശമല്ലേ?”

 

“വിവരങ്ങളറിയാൻ ഞങ്ങൾക്ക് ചില പ്രത്യേക സ്രോതസ്സുകളുണ്ട് അവർക്ക് വേണ്ടിയാണ് ഞാൻ ജോലി ചെയ്യുന്നത്” അദ്ദേഹം പറഞ്ഞു.

 

“ശരി, ആരാണ് ഈ അവർ?”

 

വാതിൽ തുറന്ന് പ്രവേശിച്ച മിസ്സിസ് ട്രെംബത്ത് താൻ കൊണ്ടുവന്ന ട്രേ ശ്രദ്ധയോടെ മേശപ്പുറത്ത് വച്ചു. ശേഷം ഓസ്ബോണിനെ ഒന്ന് നോക്കിയിട്ട് തിരിച്ചു പോയി. ജെനിവീവ് കപ്പിലേക്ക് ചായ പകർന്നു.

 

“ഈ മരണവാർത്ത വളരെ പക്വതയോടെ തന്നെ നിങ്ങൾ ഉൾക്കൊണ്ടു എന്ന കാര്യം പറയാതിരിക്കാനാവില്ല” ഓസ്ബോൺ പറഞ്ഞു.

 

“എന്റെ ചോദ്യത്തിനുത്തരം നൽകാതെ അതിവിദഗ്ദ്ധമായി നിങ്ങൾ വഴുതി മാറി” ചായക്കപ്പ് അദ്ദേഹത്തിന് നൽകിക്കൊണ്ട് അവൾ തുടർന്നു. “സാരമില്ല, ഞാനും സഹോദരിയും തമ്മിൽ ഒരിക്കലും അടുപ്പത്തിലായിരുന്നില്ല

 

“ഇരട്ടകളെ സംബന്ധിച്ചിടത്തോളം തീർത്തും അസ്വാഭാവികമല്ലേ അത്?”

 

“1935ൽ ഞങ്ങളുടെ മാതാവിന്റെ മരണശേഷം അവൾ ഫ്രാൻസിലേക്ക് പോയി ഞാൻ പിതാവിനൊപ്പം ഇവിടെത്തന്നെ കൂടി തികച്ചും ലളിതം ഇനി വീണ്ടും ഞാൻ ചോദിക്കട്ടെ, ആർക്ക് വേണ്ടിയാണ് നിങ്ങൾ വർക്ക് ചെയ്യുന്നത്?”

 

“ഓഫീസ് ഓഫ് സ്ട്രാറ്റജിക് സർവ്വീസസ്” അദ്ദേഹം പറഞ്ഞു. “ഒരു പ്രത്യേക മേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയാണത്

 

അദ്ദേഹത്തിന്റെ യൂണിഫോമിലെ ചില പ്രത്യേകതകൾ അപ്പോഴാണവൾ ശ്രദ്ധിച്ചത്. വലതു കൈയിലെ സ്ലീവിൽ SF എന്ന് ആലേഖനം ചെയ്തിരിക്കുന്നു. സ്പെഷ്യൽ ഫോഴ്സസ് എന്നാണ് അതിന്റെ അർത്ഥമെന്ന് പിന്നീടാണ് അവൾക്ക് മനസ്സിലായത്. അതിന് തൊട്ടുതാഴെയായി ബ്രിട്ടീഷ് പാരാട്രൂപ്പേഴ്സിന്റെ മുദ്രയും അണിഞ്ഞിട്ടുണ്ട്.

 

“കമാൻഡോസ് ആണോ?”

 

“എന്ന് പറയാൻ പറ്റില്ല അധികസമയവും യൂണിഫോമിൽ ആയിരിക്കില്ല ഞങ്ങൾ വർക്ക് ചെയ്യുന്നത്

 

“അത്തരം ജോലിയിൽ ആയിരുന്നു എന്റെ സഹോദരിയും എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്?” അവൾ ചോദിച്ചു.

 

സിഗരറ്റ് പാക്കറ്റിൽ നിന്നും ഒരെണ്ണം എടുത്ത് അദ്ദേഹം അവൾക്ക് നീട്ടി. നിഷേധാർത്ഥത്തിൽ അവൾ തലയാട്ടി. “ഞാൻ പുക വലിക്കാറില്ല

 

“ഞാൻ വലിക്കുന്നത് കൊണ്ട് വിരോധമുണ്ടോ?”

 

“ഒരിക്കലുമില്ല

 

സിഗരറ്റിന് തീ കൊളുത്തിയിട്ട് അദ്ദേഹം ജാലകത്തിനരികിലേക്ക് നടന്നു. “1940ലെ വസന്തകാലത്താണ് നിങ്ങളുടെ സഹോദരിയെ ഞാൻ കണ്ടുമുട്ടുന്നത്  ലൈഫ് മാഗസിന് വേണ്ടി ജോലി ചെയ്യുകയായിരുന്നു ഞാനന്ന് സമുന്നതമായ ഒരു സ്ഥാനമായിരുന്നു സമൂഹത്തിൽ അവൾക്ക് പിന്നത്തെ കാര്യം ഊഹിക്കാമല്ലോ നിങ്ങൾക്ക്

 

“യെസ്

 

അദ്ദേഹം പുറത്ത് ഗാർഡനിലേക്ക് എത്തി നോക്കി. “വോൺകോർട്ട് കുടുംബത്തെക്കുറിച്ച് ഞാനൊരു ഫീച്ചർ തയ്യാറാക്കിയിരുന്നു പക്ഷേ, എന്തോ ചില കാരണങ്ങളാൽ അത് പ്രസിദ്ധീകരിക്കപ്പെട്ടില്ല ആ ഫീച്ചറിന് വേണ്ടി വോൺകോർട്ട് പ്രഭ്വിയുമായി ഒരു അഭിമുഖം ഞാൻ നടത്തിയിരുന്നു

 

“ഹോർടെൻസുമായോ?”

 

നൈമിഷികമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം തിരിഞ്ഞു. “എടുത്തു പറയത്തക്ക ഒരു വ്യക്തിത്വം തന്നെ അന്ന് അവരുടെ നാലാമത്തെ ഭർത്താവ് മരണമടഞ്ഞ സമയമായിരുന്നു ഒരു ഇൻഫൻട്രി ജനറൽ യുദ്ധനിരയിൽ വച്ച് കൊല്ലപ്പെടുകയായിരുന്നു

 

“അതെ, ആന്റിയുടെ കാര്യം എനിക്കറിയാം എന്റെ സഹോദരിയെക്കുറിച്ച് പറയൂ

 

“ഞങ്ങൾ” ക്രെയ്ഗ് ഒന്ന് നിർത്തി. “നല്ല സുഹൃത്തുക്കളായി മാറി” നെരിപ്പോടിനരികിലേക്ക് വന്ന് അദ്ദേഹം സോഫയിൽ ഇരുന്നു. ആ സമയത്താണ് ജർമ്മൻകാർ പാരീസിൽ അധിനിവേശം നടത്തുന്നത് ഒരു നിഷ്പക്ഷ രാഷ്ട്രത്തിലെ പൗരൻ എന്ന നിലയിൽ ആദ്യമൊന്നും അവരെന്നെ ശല്യപ്പെടുത്തിയില്ല എന്നാൽ പിന്നീട്, അവരുടെ കാഴ്ച്ചപ്പാടിൽ അനഭിമതരുമായി ബന്ധം പുലർത്തുന്നു എന്ന കാരണത്താൽ പെട്ടെന്ന് തന്നെ എനിക്ക് രംഗം വിടേണ്ടി വന്നു ഞാൻ ഇംഗ്ലണ്ടിലേക്ക് കടന്നു

 

“അപ്പോഴായിരിക്കും നിങ്ങൾ OSS ൽ ചേരുന്നത്?”

 

“അല്ല അന്ന് അമേരിക്ക ജർമ്മനിയുമായി യുദ്ധത്തിൽ ഏർപ്പെട്ടിട്ടില്ല ബ്രിട്ടീഷ് ചാരസംഘടനായ SOE യ്ക്ക് വേണ്ടിയാണ് ഞാൻ പ്രവർത്തിച്ചു കൊണ്ടിരുന്നത് പിന്നീടാണ് ഞങ്ങളുടെ സ്വന്തം OSS ലേക്ക് ഞാൻ മാറുന്നത്

 

“എങ്ങനെയാണ് എന്റെ സഹോദരി നിങ്ങളുടെ ചാരവലയത്തിൽ വന്നുചേരുന്നത്?”

 

“ജർമ്മൻ ഹൈക്കാമാൻഡ് നിങ്ങളുടെ ആന്റിയുടെ കൊട്ടാരം ഉപയോഗിക്കാൻ തുടങ്ങിയിരുന്നു ജനറൽമാർ തുടങ്ങിയ ഉന്നതോദ്യോഗസ്ഥർ വിശ്രമത്തിനും കോൺഫറൻസുകൾക്കും മറ്റുമായി അവിടം ഉപയോഗിച്ചു തുടങ്ങി

 

“അപ്പോൾ ആൻ മേരിയും ആന്റിയുമൊക്കെ?”

 

“ജർമ്മൻകാരോട് നല്ല രീതിയിൽ പെരുമാറുന്നിടത്തോളം കാലം അവിടെ താമസിക്കുവാൻ അനുവദിച്ചു നല്ല ആതിഥേയർ എന്ന നിലയിൽ വോൺകോർട്ട് പ്രഭ്വിയെയും ആൻ മേരിയെയും സമൂഹത്തിന് മുന്നിൽ ഉയർത്തിക്കാട്ടേണ്ടത് ജർമ്മൻ‌കാരുടെ ആവശ്യം കൂടിയായിരുന്നു

 

ജെനിവീവിന്റെ മുഖത്ത് ദ്വേഷ്യം ഇരച്ചു കയറി. “ഞാനിത് വിശ്വസിക്കണം അല്ലേ? തന്നെ ഇത്തരത്തിൽ ചൂഷണം ചെയ്യുവാൻ വോൺകോർട്ട് പ്രഭ്വി നിന്നുകൊടുക്കുമെന്ന്?”

 

“ഒരു മിനിറ്റ്, ഞാനൊന്ന് പറഞ്ഞോട്ടെ” ക്രെയ്ഗ് പറഞ്ഞു. “എപ്പോൾ വേണമെങ്കിലും പാരീസിലേക്ക് പോകാനും തിരിച്ചു വരുവാനും ജർമ്മൻകാർ നിങ്ങളുടെ സഹോദരിയ്ക്ക് അനുവാദം നൽകിയിരുന്നു പ്രതിരോധ പ്രസ്ഥാനത്തിന്റെ പാരീസിലെ പ്രവർത്തകരുമായി അവൾ ബന്ധം സ്ഥാപിച്ചു SOE യ്ക്ക് വേണ്ടി പ്രവർത്തിക്കുവാൻ കഴിയുമോ എന്ന് അവരാണ് ചോദിച്ചത് എന്തുകൊണ്ടും അതിന് കഴിവുള്ള വ്യക്തിയുമായിരുന്നു അവൾ

 

“അങ്ങനെ അവൾ ഒരു ഏജന്റ് ആയി” ജെനിവീവ് പറഞ്ഞു.

 

“നിങ്ങൾക്ക് ആശ്ചര്യമൊന്നും തോന്നുന്നില്ല?”

 

“ഇല്ല ഒരു ഗ്ലാമറസ് ജോലിയാണതെന്ന് അവൾക്ക് തോന്നിക്കാണും

 

“യുദ്ധം ഒരിക്കലും അതൊരു ഗ്ലാമറസ് വിഭാഗത്തിൽ പെടില്ല” ശാന്തസ്വരത്തിൽ ക്രെയ്ഗ് പറഞ്ഞു. “പിടിക്കപ്പെട്ടാൽ എന്താണ് കാത്തിരിക്കുന്നത് എന്ന് ആലോചിച്ചാൽ തീരുമായിരുന്നു അവൾക്ക് അതിനോടുള്ള കമ്പമെല്ലാം

 

“മേജർ, ഞാനൊരു കാര്യം പറയട്ടെ? ലണ്ടനിലെ സെന്റ് ബർത്തലോമ്യൂവ്സ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സാണ് ഞാൻ” ജെനിവീവ് പറഞ്ഞു. “മിലിട്ടറി വാർഡ് 10 ൽ ഞാൻ അവധിയിൽ പ്രവേശിക്കുന്നതിന് മുമ്പ് വ്യോമസേനയിലെ ഒരു യുവാവിനെ അവിടെ അഡ്മിറ്റ് ചെയ്തിരുന്നു B-17 ബോംബറിൽ എയർ ഗണ്ണർ ആയിരുന്ന അവന്റെ കൈകളിൽ അവശേഷിച്ചിരുന്ന ഭാഗം കൂടി മുറിച്ചു മാറ്റേണ്ടി വന്നു അതുകൊണ്ട് യുദ്ധത്തിന്റെ ഗ്ലാമറിനെക്കുറിച്ചൊന്നും എന്നോട് പറയണ്ട എനിക്ക് നന്നായിട്ടറിയാം നിങ്ങൾ അവകാശപ്പെടുന്നത് പോലെ എന്റെ സഹോദരിയെ ശരിയ്ക്കും മനസ്സിലാക്കിയിട്ടുണ്ടെങ്കിൽ ഞാനെന്താണ് ഉദ്ദേശിച്ചതെന്ന് നിങ്ങൾക്ക് മനസ്സിലാവും

 

മറുപടിയൊന്നും പറയാതെ അദ്ദേഹം മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നു. “നാസികൾ നടത്തുവാൻ പോകുന്ന ഒരു സ്പെഷ്യൽ കോൺഫറൻസിനെക്കുറിച്ച് ഞങ്ങൾക്ക് വിവരം ലഭിക്കുകയുണ്ടായി വളരെ പ്രധാനപ്പെട്ട ഒന്ന് അതുമായി ബന്ധപ്പെട്ട് SOE അധികാരികൾക്ക് ആൻ മേരിയുമായി നേരിൽ സംസാരിക്കണമായിരുന്നു പാരീസിലേക്ക് ഒരു ഹോളിഡേ ട്രിപ്പിന് പോകുന്നതായി ജർമ്മൻ അധികാരികളെ അവൾ ധരിപ്പിച്ചു അവളെ പിക്ക് ചെയ്യാൻ ഒരു ലൈസാൻഡർ ഞങ്ങൾ അയച്ചിരുന്നു ഇംഗ്ലണ്ടിലെ മീറ്റിങ്ങിന് ശേഷം തിരികെ ഫ്രാൻസിൽ കൊണ്ടുവിടാനായിരുന്നു പ്ലാൻ

 

“ഇതൊക്കെ പതിവുള്ളതാണോ?”

 

“അതെ ഷട്ടിൽ സർവ്വീസ് എന്ന് പറയാം പല തവണ ഞാനും പോയിട്ടുണ്ട് പാരീസിലേക്കുള്ള ട്രെയിൻ പിടിക്കുവാൻ സെന്റ് മോറീസ് സ്റ്റേഷനിലേക്ക് തന്റെ കാറിൽ പോകുകയാണെന്നാണ് അവൾ അവരോട് പറഞ്ഞത് എന്നാൽ വാസ്തവത്തിൽ കാർ ഒളിപ്പിച്ച് വച്ചിട്ട് ഒരു ട്രക്കിലാണ് ലൈസാൻഡർ ലാൻഡ് ചെയ്യുന്ന മൈതാനത്തേക്ക് അവൾ പോയത്

 

“പിന്നെ എവിടെയാണ് പിഴവ് പറ്റിയത്?”

 

“ടേക്ക് ഓഫ് ചെയ്തതും ഒരു ജർമ്മൻ നൈറ്റ് ഫൈറ്റർ അവരെ വെടിവച്ചിടുകയായിരുന്നു എന്നാണ് പ്രതിരോധ സേനയുടെ പ്രവർത്തകരിൽ നിന്നും ഞങ്ങൾക്ക് ലഭിച്ച വിവരം ലൈസാൻഡർ അപ്പാടെ കത്തിയമർന്നുവത്രെ

 

“ഐ സീ” അവൾ പറഞ്ഞു.

 

നടത്തം നിർത്തി അദ്ദേഹം ദ്വേഷ്യത്തോടെ അവളെ നോക്കി. “ഡോണ്ട് യൂ കെയർ? ഒരു വിഷമവുമില്ലേ നിങ്ങൾക്ക്?”

 

“മേജർ ഓസ്ബോൺ” അവൾ പറഞ്ഞു. “പതിമൂന്ന് വയസ്സുള്ളപ്പോഴാണ് എന്റെ വലതുകൈയിലെ തള്ളവിരൽ ആൻ മേരി ഒടിച്ചത് അതും രണ്ടിടത്ത്” അവൾ തന്റെ വിരൽ ഉയർത്തിക്കാണിച്ചു. “ഇതു കണ്ടോ, ഇപ്പോഴും വളഞ്ഞിരിക്കുന്നത്? എനിക്ക് എത്രമാത്രം വേദന സഹിക്കാനാവുമെന്ന് അവൾക്ക് അറിയണമായിരുന്നുവത്രെ വാൾനട്ടിന്റെ തോട് പൊട്ടിക്കുന്ന പ്ലെയർ പോലുള്ള ഉപകരണത്തിനുള്ളിൽ അമർത്തിപ്പിടിച്ചുകൊണ്ട് എത്ര വേദനയെടുത്താലും കരയാൻ പാടില്ലെന്ന് അവളെന്നോട് പറഞ്ഞു കാരണം, വോൺകോർട്ട് കുടുംബാംഗമായ ഞാൻ സഹനശക്തി ആർജ്ജിക്കണമത്രെ

 

“മൈ ഗോഡ്!” ക്രെയ്ഗ് മന്ത്രിച്ചു.

 

“ഞാൻ കരഞ്ഞില്ല വേദന സഹിക്കാൻ പറ്റാതെ ഞാൻ ബോധരഹിതയായി പക്ഷേ, അപ്പോഴേക്കും എന്റെ വിരലിന് കേടുപാട് സംഭവിച്ചു കഴിഞ്ഞിരുന്നു

 

“എന്നിട്ട്?”

 

“ഒന്നും സംഭവിച്ചില്ല കുട്ടിക്കളി അല്പം അതിര് കടന്നു പോയി എന്ന് പറഞ്ഞതല്ലാതെ അവളെ ഒന്ന് ശകാരിക്കാൻ പോലും ഞങ്ങളുടെ പിതാവ് മുതിർന്നില്ല അവൾ ഒരിക്കലും തെറ്റു ചെയ്യുകയില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്” ജെനിവീവ് തന്റെ കപ്പിലേക്ക് അല്പം കൂടി ചായ പകർന്നു. “ആട്ടെ, എന്നോട് പറഞ്ഞ വസ്തുതകളിൽ എത്രത്തോളം നിങ്ങൾ അദ്ദേഹത്തെ അറിയിച്ചു?”

 

“ഒരു കാർ ആക്സിഡന്റിൽ ആൻ മേരി കൊല്ലപ്പെട്ടതായി ഞങ്ങളുടെ ഇന്റലിജൻസ് വൃത്തങ്ങളിൽ നിന്ന് അറിയാൻ കഴിഞ്ഞുവെന്ന് മാത്രം പറഞ്ഞു

 

“എന്തുകൊണ്ടാണ് എല്ലാ വിവരങ്ങളും എന്നോട് പറയുകയും അദ്ദേഹത്തിൽ നിന്ന് മറച്ചു വയ്ക്കുകയും ചെയ്തത്?”

 

“കാരണം, നിങ്ങൾക്ക് അത് ഉൾക്കൊള്ളാൻ കഴിയുമെന്ന് തോന്നി അദ്ദേഹത്തിനത് സാധിക്കില്ലെന്നും

 

വാസ്തവത്തിൽ അതൊരു നുണയായിരുന്നു. അപ്പോൾത്തന്നെ അവൾക്കത് മനസ്സിലാവുകയും ചെയ്തു. ആ സമയത്താണ് അവളുടെ പിതാവ് പുറത്ത് ജനലിനരികിലൂടെ കടന്നു പോകുന്നത് കണ്ടത്. അവൾ ചാടിയെഴുന്നേറ്റു. “അദ്ദേഹത്തിന് എങ്ങനെയുണ്ടെന്ന് പോയി നോക്കട്ടെ

 

അവൾ വാതിൽ തുറന്ന് പുറത്തിറങ്ങവെ ക്രെയ്ഗ് പറഞ്ഞു. “എന്നെ സംബന്ധിക്കുന്ന കാര്യമല്ല, എങ്കിലും പറയുകയാണ് ഈ അവസരത്തിൽ അദ്ദേഹം കാണാൻ ആഗ്രഹിക്കുന്ന ഏറ്റവുമൊടുവിലത്തെ ആളായിരിക്കും നിങ്ങൾ” ആ പറഞ്ഞത് അവളുടെ ഹൃദയത്തിൽ കൊള്ളുക തന്നെ ചെയ്തു. കാരണം, അതാണ് സത്യമെന്ന് അവൾക്കറിയാമായിരുന്നു. “അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഒന്നുകൂടി മോശമാക്കാനേ നിങ്ങളുടെ സാമീപ്യം വഴിയൊരുക്കൂ” ക്രെയ്ഗ് മൃദുസ്വരത്തിൽ പറഞ്ഞു. “ഓരോ തവണ നിങ്ങളെ കാണുമ്പോഴും ഇത് ആൻ മേരിയല്ലേ എന്ന് ഒരു മാത്രനേരത്തേക്കെങ്കിലും അദ്ദേഹം സംശയിക്കും

 

“ശരിയാണ്, അദ്ദേഹത്തിന്റെ ദുഃഖം ഏറുകയേയുള്ളൂ നിങ്ങളുടെ മനസ്സിൽ എന്തെങ്കിലും പോംവഴി തോന്നുന്നുണ്ടോ മേജർ ഓസ്ബോൺ?” അവൾ ചോദിച്ചു.

 

“ഞാനിപ്പോൾ ലണ്ടനിലേക്ക് തിരിച്ചു പോകുകയാണ് വേണമെങ്കിൽ നിങ്ങൾക്ക് എന്നോടൊപ്പം വരാം

 

സംശയത്തിനിടയില്ലാത്ത വിധം അവൾക്ക് എല്ലാം വ്യക്തമായി. “അതുകൊണ്ടാണ് നിങ്ങൾ വന്നിരിക്കുന്നത് എന്നെത്തേടിയാണ് നിങ്ങൾ ഇവിടെ എത്തിയത് തന്നെ, ശരിയല്ലേ?”

 

“ദാറ്റ്സ് റൈറ്റ്, മിസ്സ് ട്രെവോൺസ്

 

അദ്ദേഹത്തെ അവിടെ വിട്ട്, പുറത്തിറങ്ങി അവൾ വാതിൽ ചാരി.

 

                                       ***

 

പാതിയിൽ നിർത്തിയ ജോലി വീണ്ടും തുടങ്ങിയിരുന്നു അവളുടെ പിതാവ്. പൂന്തോട്ടത്തിലെ കളകൾ പിഴുതെടുത്ത് ചെറിയ തള്ളുവണ്ടിയിലേക്ക് ഇടുകയാണ് അദ്ദേഹം. തെളിഞ്ഞ നീലാകാശത്തിൽ എരിയുന്ന സൂര്യൻ. പ്രത്യേകിച്ച് ഒന്നും തന്നെ സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പ്രസന്നമായ ഒരു ദിനം.

 

അവൾ അരികിലെത്തിയതും അദ്ദേഹം നിവർന്നു നിന്നു. “ഉച്ച തിരിഞ്ഞുള്ള ട്രെയിനിൽ തിരിച്ചു പോകുകയല്ലേ നീ?”

 

“കുറച്ചു ദിവസം കൂടി ഇവിടെ നിന്നാൽ ഡാഡിയ്ക്കൊരു ആശ്വാസമാകില്ലേ എന്ന് ചിന്തിക്കുകയായിരുന്നു ഞാൻ ഹോസ്പിറ്റലിലേക്ക് ഫോൺ ചെയ്ത് കാര്യങ്ങൾ പറയാം അവർ ലീവ് നീട്ടിത്തരാതിരിക്കില്ല

 

“അതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും മാറ്റം സംഭവിക്കുമോ?” പൈപ്പിലെ പുകയിലയ്ക്ക് തീ കൊളുത്തുമ്പോൾ അദ്ദേഹത്തിന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.

 

“ഇല്ല” ക്ഷീണസ്വരത്തിൽ ജെനിവീവ് പറഞ്ഞു. “നഷ്ടമായതൊന്നും തിരിച്ചു വരില്ല

 

“പിന്നെന്തിന് നീയിവിടെ നിൽക്കണം?” അദ്ദേഹം തന്റെ ജോലിയിലേക്ക് തിരിഞ്ഞു.

 

(തുടരും)


അടുത്ത ലക്കത്തിന് ഇവിടെ ക്ലിക്ക് ചെയ്യുക...